2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

ശീമക്കൊന്ന

ഷാര്‍ജ പാസ്പോര്‍ട്‌ ഓഫീസ്സിന്റെ മതില്‍ കെട്ടിനുള്ളില്‍ കണ്ട,(യു എ യ്‌ യില്‍ അവിടെ മാത്രമെ ഞാന്‍ കണ്ടിട്ടുള്ളൂ)ശീമക്കൊന്ന,ഒരുപ്പാടു കാലത്തിനു ശേഷം കണ്ട ചങ്ങാതിയെ പോലെ എന്നെ ആഹ്ലാദിപ്പിചതിന്റെ ഓര്‍മയ്ക്ക്‌...

പടര്‍ന്ന്
സര്‍വെ കല്ലിന്റെ
നേര്‍ രേഖ ലംഘിച
ചില്ലകളാല്‍
വേരുകളാല്‍
ഇലപൊഴിചലുകളാല്‍
വേലിപ്പത്തലുകളുടെ
ചേര്‍ത്തുകെട്ടിയ കബുകള്‍ക്കിടയിലൂടെ
പാറിയ നോട്ടത്താല്‍
ചിരിയാല്‍
വിരല്‍ സ്പര്‍ശത്താല്‍
വഴക്കുകളുടെ
അതിര്‍ത്തിവരബുകളിലായിരുന്നു
എന്നും

മണമില്ലാത്ത പൂക്കളാല്‍
ഇലകളുടെ
ചന്തമില്ലായ്മയാല്‍
മുറ്റത്തെയ്ക്കടുപ്പിക്കാത്ത
പുറമ്പറംബിലെ
ദലിതത്വം

എന്നിട്ടും
ഇവിടെ
പരിചയം ഭാവിക്കാതെ
ചിരിക്കാതെ
ഒരേ മഴ നനഞ്ഞ ഓര്‍മ
പകുക്കാതെ
കണാത്തമട്ടില്‍ പോകെ
മുന്നിലേയ്ക്ക്‌
മണമില്ലാത്ത പൂക്കൂട താഴ്ത്തി
ചിരിചു നീ
അറിയാത്ത നഗരത്തിരക്കില്‍
മുന്നിലെത്തിയ
കളിചങ്ങാതിയെ
കണ്ട പോലെ

2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

ഉപ്പുപാടങ്ങള്‍്

പ്രണയം
നിലക്കുമ്പോള്‍
നാം
രണ്ട് ഒച്ചകളാകുന്നു
അതുവരെ പറഞ്ഞ വാക്കുകള്‍
തുമ്പികളാകുന്നു
കാലടയാളങ്ങള്‍
കടലെടുക്കുന്നു
കരയില്‍
നാമിരുന്ന തണല്‍
വേരറ്റു വീഴുന്നു
കാറ്റിനു
സുഗന്ധങ്ങള്‍ നഷ്ടമാകുന്നു
പരസ്പരം നിറഞ്ഞതിന്റെ
ശേഷിപ്പുകളാവാം
ഉടലിലുപ്പായ്‌ രുചിക്കുന്നത്‌

കടല്‍ കയറിയതിന്റെ
ഓര്‍മകളുള്ള
ഉപ്പുപാടം പോലെ

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

ഒറ്റക്കണ്ണ്

വാതില്‍
തുറക്കും മുന്‍പ്‌
പലകയില്‍
നെറ്റിമുട്ടിചു
ഒറ്റകണ്ണിലൂടെ
തുറിചു നോക്കുന്നു
ആരാണു
പുറത്തു

ബന്ധു/ശത്രു
ഇര/വേട്ടക്കാരന്‍
പലിശ/പത്രം
ഒറ്റുകാരന്‍/ജാരന്‍

തിരിചറിഞ്ഞെന്നു
കരുതുന്ന
നിമിഷം,
വാതിലിന്റെ
ഒറ്റക്കണ്ണു
ഭേദിക്കുന്നു
ഉന്നം
തെറ്റാതെ
ഒരു
വെടിയുണ്ട

2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

ഇല്ലം കടത്തല്‍

മുരള്‍ചയോടെ നില്‍ക്കുന്നവ
നടു വളചു,വാലുയര്‍ത്തി
പ്രതിഷേധിക്കുന്നവ
നഖം കൂര്‍പ്പിചു
മാന്തുന്നവ
പിടിക്കാന്‍ ചെല്ലുബോള്‍
ഭീതിയോടെ ചുരുണ്ടുകൂടുന്നവ
സങ്കടത്തോടെ പിന്‍ വാങ്ങുന്നവ
പിഞ്ചിയില്‍ പിടിചു
ചാക്കിലിടുന്നതോടെ
വായകെട്ടിയ നിലവിളിയുടെ
അമര്‍ന്ന മുരള്‍ചകള്‍ മാത്രം
ഒഴിഞ്ഞ ഇടവഴിയുടെ
ഇരുട്ടിലുപേക്ഷിചു
വളഞ്ഞ വഴികളിലൂടെ വീടെത്തി
വാതില്‍ തുറക്കുബോള്‍
പിന്നെയുമെത്തുന്നു
വാലുയര്‍ത്തി
കാലിന്മേലുരുമ്മി
ഇല്ലം കടത്തിയ
ഓര്‍മകള്‍

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

ദിഗ്‌ ഡാക്കയിലെ ആട്ടിടയന്‍

കാനനചോലകളില
ഹരിതനീലംപടര്‍ന്ന
കാനനഛായകളും
വെയില്ച്ചുട്ടിക്കുത്തുന്ന
മണല്‍ക്കുന്നുകള്‍
ജലനാഡി തിരഞ്ഞുപോകുന്ന
വേരുകള്‍്
ചുടുക്കാറ്റ്
ജീവിതം പോലെ
മുരടിച്ച മുള്‍മരങ്ങള്‍
ഓടകുഴലും
പ്രണയവുമില്ലാതെ
വിട്ടുപോന്ന ഓര്മകളില്
ഒരാട്ടിടയന്‍

2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

ഇക്കോ ഫ്രെന്റ്ലി

ഇവിടെയുണ്ടു സാര്‍
ജീവിതംതേടി,പണ്ടു
നിങ്ങള്‍
നാടുവിട്ടപ്പോഴുപേക്ഷിചതെല്ലാം
പഴയ പാട്ടുകള്‍,പാടം
ആറ്റിറബുകള്‍,കുന്നു
പൂട്ടിഞ്ഞവര്‍ത്ത കണ്ടത്തിന്റെ
ചേറുമണം
ഞാറ്റുപാട്ടുകള്‍
നെല്ലിന്‍പ്പൂമണം
മുനക്കൂര്‍പ്പിക്കും വിത്തിന്‍ പുതുമണം
കൊറ്റികള്‍,പൊന്മാന്‍
നാട്ടിടവഴിയിലെ മിണ്ടാപ്രണയത്തിന്റെ
കൈതപ്പൂമണം

ഇവിടെയുണ്ട്‌ സാര്‍
പറയാതെ പോയ വാക്കുകളുടെ
കനം പേറി നിങ്ങള്‍
നടന്നു തീര്‍ത്ത
പാടവരബുകള്‍
അരയാല്‍ത്തണലുകള്‍
മഴത്തണുപ്പുമ്മായുള്ളം കാലടിയില്‍
പതുക്കെയമരുന്ന
കറുകതലപ്പുകള്‍
മണ്‍ വിരലുകള്‍
മാബൂമണങ്ങള്‍

ഇവിടെയുണ്ട്‌ സാര്‍
പണ്ടു കാണാതായ ഞാറ്റുകണ്ടം
വിലങ്ങന്‍,ത്രിക്കുന്നു
വെള്ളിനൂലായി വറ്റിയ പുഴ
കര്‍ക്കിടകപെയ്ത്തുകള്‍
ആവണിപ്പൂത്തട്ടുകളൊക്കെയും

ഇവിടെയുണ്ട്‌ സാര്‍
ശീതീകരിച ഇടനാഴികള്‍
കൈതപ്പൂമണങ്ങള്‍
നാഗരികതയുടെ നീലരാവുകള്‍
വിയര്‍പ്പും,ചെളിയും മണക്കാത്ത
നക്ഷത്രതെരുവുകള്‍

ഇവിടെയുണ്ട്‌ സാര്‍
ലഹരിയുടെ സിരകളില്‍
നീലനാഗമിഴയുബോള്‍
നേര്‍ത്തൊരിരുട്ടില്‍
അറിഞ്ഞുമറിയാതെയും
ഇണകളെ പരസ്പരം മാറുവാന്‍
പഴകിയ ജീവിതരീതികളില്‍ നിന്നും
പുതുമയുടെ
പുതുരീതികളുമുണ്ടു സാര്‍

ഇവിടെയുണ്ട്‌ സാര്‍, പണ്ടു
ജീവിതം കളഞ്ഞു നിങ്ങള്‍
തേടിനടന്നതൊക്കെയും

2010, സെപ്റ്റംബർ 1, ബുധനാഴ്‌ച

വായിക്കുബോള്‍

നിബന്ധനകള്‍
ഒന്നുമുണ്ടായിരുന്നില്ല
സൂചകങ്ങളും
എങ്ങിനെയും
വായിചെട്ക്കാം
കിടന്നോ
ഇരുന്നോ
നടന്നോ
യാത്രയില്‍
സഹയാത്രികന്റെ
വാല്മീകമൗനത്തിലൊ
രണ്ടിടങ്ങള്‍ക്കിടയിലെ
നഷ്ടപെടലുകളിലൊ
ആവാം
ഇതൊന്നുമല്ലാതെ
ഒരൊറ്റ
നിമിഷം കൊണ്ടു
നീ
കണ്ണുകളില്‍നിന്നു
എന്നെ
വായിചെടുത്ത പോലെയും
ആകാം

2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

ശവഗന്ധം

വായനയ്ക്കിടയില്‍
മനസ്സില്‍
വെടിയേറ്റു വീണൊരാ
വാക്കിന്‍
തോലുരിചൂ
റയ്ക്കിട്ടുണക്കി
പുതുനൂലിട്ടു
മറ്റൊരുടല്‍ നെയ്യെ
വിരലിലവശേഷിക്കുന്നെത്ര
സോപ്പിട്ടുകഴുകിയിട്ടും
ഡെറ്റോളൊഴിചുരചിട്ടും
പോകാതെയൊരു
ശവഗന്ധം
കൊന്നതാരായിരിക്കാം
ആവാക്കിനെയിനി
ഞാനോ
അതോ

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

നഗരമഴ

മുഖം തിരിചുപോകുന്ന
പൂര്‍വകാമിനി
മിഴികളില്‍
അപരിചിതത്വത്തിന്റെ
ഇരുണ്ട ആകാശചെരിവുകളുള്ള
അയല്‍ക്കാരന്‍
മഴനനയാതെ ഇത്തിരിദൂരം
കുടക്കീഴില്‍ നിന്നു
അപ്പുറം കടന്നോടി പോകുന്ന
പഴയ സഹപാടി
തെരുവിലെ ഇരുട്ടില്‍
മഞ്ഞവെളിചം വീഴാത്ത
മടകളുടെ
അഴുകിയ ക്ഷണത്തിലേയ്ക്കു
ആര്‍ത്തിരബും
മഴപ്പാറ്റകള്‍
വീഴ്ചയുടെ
ആഴങ്ങളോര്‍ക്കാതെ
ഫ്ലാറ്റിന്റെ അറ്റമില്ലാ
ഉയരങ്ങളിലേയ്ക്കു പായുന്ന
വെള്ളിക്കബിയഴികളുള്ള
ലിഫ്റ്റിന്റെ
തടവറ
അരികിലറ്റുവീണ
ഉടല്‍പിടചിലറിഞ്ഞതായി
നടിക്കാതെ
തിരക്കാണേറെ
തിരക്കാണെനിക്കെന്നു
പിന്തിരിഞ്ഞു നോക്കാതെ പോകുന്ന
നഗര സൗഹ്രുദം

2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

വലുതും,ചെറുതും

വലുതാകേണ്ടിയിരുന്നില്ലെന്നു തോന്നും
ചിലപ്പോള്‍,
നമ്മളൊക്കെയും.
പഴയപോലെയിരുന്നാല്‍
മതിയായിരുന്നു.
നീയെത്ര മാറി
ഞാനും
ചുറ്റും
ചെറു ചെറുങ്ങനെ
ചെറുതായി
ലോകമെത്ര
വലുതാക്കി കളഞ്ഞു
നമ്മെ,
ആയിരുന്നതിനേക്കാള്‍
ആശിചിരുന്നതിനേക്കാള്‍
വലുതാവേണ്ടിയിരുന്നില്ലയിത്രയും
നമ്മള്‍
സ്വയമിത്രയും
ചെറുതായിട്ടു

2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

ആരായിരിക്കും

കണ്ണുപൊട്ടിയ
വഴിവിളക്കിന്‍ കീഴെ
മുറിവേറ്റ
ഒരുടലിനോടു
ഇണചേരെ
എനിക്കെന്റെ
രക്തം മണക്കുന്നു
ഇരുളിന്‍
ശിരോ വസ്ത്രകീഴില്‍
ആരായിരിക്കാമിത്‌
നൂറുമക്കളുടെ ഓര്‍മയില്‍
വേവുന്നൊരമ്മയോ
നഗരങ്ങള്‍ തോറും
വിറ്റുപോകുന്ന
പെങ്ങളോ
ഭ്രാന്തിന്റെ
പെരുമഴ നനയുന്ന
മകളോ
ആരായിരിക്കും
ആരായിരിക്കും

2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

മഴ നനഞ്ഞു ഒരാള്‍

പതിനഞ്ചു വര്‍ഷം മുന്‍പുള്ള
ഓര്‍മയില്‍
മഴ നനഞ്ഞു നടക്കെ
പൊടുന്നനെ
തെരുവു
ആളൊഴിയാന്‍ തുടങ്ങി
ഷട്ടര്‍ താഴ്ത്തി,കടക്കാര്‍
തുരുത്തുരാ ഹോണടിച്‌
ഓട്ടോറിക്ഷക്കാര്‍
കടല
കപ്പലണ്ടി വില്‍പനക്കാര്‍
കാല്‍നട യാത്രക്കാര്‍
ധ്രുതി പിടിച ചലനങ്ങളോടെ
എല്ലാവരും
മഴയും

സോഡിയം വേപ്പര്‍ ലാമ്പിന്റെ
പിത്തരസം പടര്‍ന്ന റോഡ്‌
പൊടുന്നനെ വിളക്കിന്റെ
ഒറ്റക്കണ്ണടഞ്ഞു
ലൈറ്റിടാതെ ഒരു കാര്‍
ബ്രേയ്ക്കു ഉരചു അരികില്‍ നിന്നു
അതേ ധ്രുതിയില്‍
ടയര്‍ ഉരച്‌ പാഞ്ഞുപോയി


ധ്രുതിയില്‍ മഴ നിന്നു
വെളിച്ചം വന്നു
ചുവപ്പും,മഞ്ഞയും പടരുന്ന
മഴവെള്ളത്തില്‍
പതിനഞ്ഞു വര്‍ഷത്തിനിപ്പുറം പെയ്ത
മഴ
മുഴുവന്‍ നനഞ്ഞ്‌
അയാള്‍ മാത്രം

2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

ഓട്ടക്കീശ

അപ്പചന്റെതെന്നും
ഓട്ടക്കീശയായിരുന്നു
എന്നിട്ടും
അതില്‍ ചോര്‍ന്നുപോകാതെ
എനിയ്ക്കായി പലതും
ബാക്കിയാവാറുണ്ടായിരുന്നു

ഏലത്തരികള്‍ക്കും
കുരുമുളകുമണികള്‍ക്കുമൊപ്പം
വിയര്‍പ്പു മണക്കുന്ന
നാരങ്ങാ മിട്ടായികള്‍
സഹകരണ സംഘത്തിലെ
പണയപണ്ട രസീത്‌
പുതിയ കീടനാശിനിയുടെ
കളര്‍ നോട്ടീസ്‌
കാപ്പിപ്പൂക്കളുടെ
ഉണങ്ങിയ മണം
താഴെ പുഴക്കടവില്‍
വീര്‍ത്തു പൊങ്ങിയ
പേക്കാചി തവളയെ പോലെ
മേരിപെങ്ങളെ കണ്ടനാള്‍
അപ്പചന്‍ പൊട്ടിചെറിഞ്ഞ
കൊന്ത

അപ്പചന്റെ കീശ
നിറഞ്ഞിരുന്ന നേരം കുറവായിരുന്നു
താഴത്തങ്ങാടിയില്‍
കുരുമുളക്‌ വിറ്റുവരുബോഴോ
പന്നിയും,ആനയും തിന്നാതെ
നെല്ലു കൊയ്തു തീര്‍ന്നാലോ
മഴക്കാലത്തെ പുഴ പോലെ
അല്‍പനേരം
അതു നിറഞ്ഞിരുന്നു,
വട്ടിപണയക്കാരുടെ
നോട്ടങ്ങള്‍ക്കു മുന്‍പിലെത്തും വരെ മാത്രം

ഈയിടെയായി
അപ്പചന്റെ കീശ
രസീതുകളും
ബാങ്കു നോട്ടീസുകളും
ലേലക്കുറിപ്പുകളും കൊണ്ടു
നിറഞ്ഞിരുന്നു

അപ്പചന്റെ കീശയിപ്പോള്‍
ഓട്ടക്കീശയല്ലെന്ന
അമ്മചിയുടെ കനല്‍ ചിരിയോടു
അപ്പചനന്നു
കലഹിചില്ല
പിറ്റേന്നു മരിക്കുവാന്‍
നിശ്‌ ചയിചവന്റെ മുഖത്തോടെ
ഒന്നു നോക്കുകയല്ലാതെ

ഫാനില്‍ നിന്നിറക്കി കിടത്തിയ
അപ്പചനു ഉടുപ്പില്ലായിരുന്നു
നരച മാറില്‍
ചരടു പിഞ്ഞിയ
കൊന്ത മാത്രം
രക്ഷിയ്ക്കാനാവാതെ
സ്വയം കുരിശിലേറിയവന്റെ
കുറ്റബോധം നിറഞ്ഞ നോട്ടമുള്ള
പഴയ അതേ കൊന്ത

ചുമരിലെ ആണിയില്‍
കാപ്പിപ്പൂക്കളുടെയും
കീടനാശിനിയില്‍ മുളപ്പിച
പുതിയ നെല്‍ വിത്തുകളുടെയും
മണമുള്ള
ഉടുപ്പിന്റെ കീശയില്‍
ഒഴിയേണ്ട വീടിന്റെയോ
കൊടുത്തു തീര്‍ക്കേണ്ട
കടങ്ങളുടെയോ
വിവരങ്ങള്‍ എഴുതിയിരിയ്ക്കാവുന്ന
നോട്ടുപുസ്തകത്തിലെ,
ജീവിതം പോലെ,
ആര്‍ക്കു വേണമെങ്കിലും
കീറിയെടുക്കാവുന്ന
ഒരു പേജു മാത്രം

2010, ജൂലൈ 25, ഞായറാഴ്‌ച

നിന്നെ പോലെ

മതിലിനു മീതെ
അയല്‍ക്കാരന്റെ തല
പൂക്കള്‍ക്കും,ഇലകള്‍ക്കും ഇടയില്‍
ഒരു താലത്തില്‍
അരുമയോടെ ആരോ
എടുത്തു തരും പോലെ

കനിവൂറുന്ന കണ്ണുകള്‍
ചുണ്ടിന്‍ കോണിലൂടെ
ഒലിചിറങ്ങുന്ന മന്ദഹാസം
ഇന്നലെ വിളിച
തെറികളും,
പുലയാട്ടുമിലാതെ
വെറിപിടിച ഭാവങ്ങളില്ലാതെ
ശാന്തമായ മുഖം

പറഞ്ഞതൊക്കെയും തെറ്റി
പൊറുക്കണം
അതിരില്‍
കൈയ്യേറി നീ കുഴിചിട്ട
തൈകളൊക്കെയും
നിങ്ങളുടേതു
വടക്കെപ്പുറത്തെ പ്രിയോര്‍
അതിരിലെ മുളംക്കാട്‌
കുളത്തിലേയ്ക്ക്‌
മഴ കൊണ്ടുവരുന്ന മണ്ണു
വെള്ളം
എല്ലാം നിങ്ങളുടേതു

ദൈവമെ
ഒരൊറ്റ രാത്രികൊണ്ടു
മനുഷ്യരിങ്ങനെ മാറുമോ
ക്വട്ടഷന്‍ പ്രേമനു
കൊടുത്ത കാശു വെറുതെയായോ

പശ്ചാത്താപ വിവശതയോടെ നില്‍ക്കെ
മൊബെയിലില്‍ പ്രെമന്‍ ചിലചു

അണ്ണാ
മതിലിന്മേല്‍ വെചിട്ടുണ്ട്‌
രാവിലെ കണികാണാന്‍
ബാക്കിയെത്തിക്കണം,വേഗം
മറക്കേണ്ട

2010, ജൂലൈ 23, വെള്ളിയാഴ്‌ച

ഉടല്‍പ്പാതി

ഉടല്‍പ്പാതി
അന്തിക്കാടിന്റെ
ചെമ്മണ്‍ വഴികളിലൂടെ
ഇടവപ്പാതിയ്ക്കൊപ്പം
ചേബിലചൂടി
പുതുമണ്ണിനെയുണര്‍ത്തി
മറുപാതി
നാല്‍പത്തെട്ടു ഡിഗ്രിയുടെ
പനിചൂടുള്ള
മണല്‍നെഞ്ചില്‍
പോള്ളിതിണര്‍ത്ത
ഒരുടലിന്റെ
നിമ്ന്നോന്നതങ്ങളിലൂടെ
ഉഷ്ണക്കാറ്റുപോലെ

ഒരു പകുതി
കൊലമുറി സമരത്തിന്റെ
വീര്യം നിറഞ്ഞ ഓര്‍മയിലുരുകി
നാട്ടുവഴികളിലൂടെ
സ്വയം കലഹിചു
മറുപകുതി
നവംബെര്‍ വിപ്ലവത്തിന്റെ
ലഹരിയിറങ്ങിയ
മുഴുത്ത മാറില്‍
ഞരബുകളഴിഞ്ഞു,
വോഡ്ക തികട്ടിയ ചുംബനത്തിന്റെ
കയ്പ്പിറക്കി
ദേരയിലെ
പഴയ ഫ്ലാറ്റില്‍

ഒരു പാതി
ലേബര്‍ ക്യാമ്പില്‍ നിന്നും
ചെറിയ പഴുതിലൂടെ
തലനീട്ടി
ആകാശം കണ്ടു,
സൈറ്റിലേയ്ക്കു
മറുപാതി
കണ്ടശ്ശാംകടവിലെ
ഞായറാഴ്ച ചന്തയിലേയ്ക്ക്‌
കൊബുകെട്ടി കൊണ്ടുപോകുന്ന
ഉരുക്കളെകണ്ടു
പെരുംബുഴപ്പാലത്തില്‍

പാതിയുടല്‍
ചുരമാന്തി
ചങ്ങലയഷിഞ്ഞു
സ്വപ്നസ്കലനത്തിന്റെ
മണല്‍ക്കിടക്കയില്‍
മറുപാതി
ഊറകിട്ട തുകല്‍ പോലെ
വലിഞ്ഞു മുറുകി

പാതി വിവാഹിതനും
മറുപാതി
അവിവാഹിതനുമായ
പ്രവാസമൃഗം

2010, ജൂലൈ 20, ചൊവ്വാഴ്ച

അപരിചിതര്‍

പ്രണയം
യാത്ര പറയും മുന്‍പെ
നിന്റെ ചുണ്ടുകളേറ്റു തിണര്‍ത്ത
ജീവിതം പോലെ
പൊള്ളുന്ന ഒരോര്‍മ
നിലത്തുവീണു ചിതറിയ
കണ്ണാടി പോലെ
നിന്നെ മാത്രം
നെഞ്ചേറ്റി കിടക്കുന്ന
മനസ്സു
എന്നിട്ടും
പറയാത്ത ഒരു വാക്കിന്റെ
പ്രണയമൗനം കൊണ്ടു
നാം
നമുക്ക്‌ അപരിചിതര്‍

പ്രണയത്തിന്റെ ദിശാസൂചികള്‍

ഈ മരുഭൂമിയുടെ വിരസത
വിരഹത്തിന്റെയീ
ശരത്കാലരാത്രി
പ്രണയം
ഒരു ഉന്മാദമാണു
സാന്ത്വനവും
നിന്റെ വാക്കുകള്‍
തീ പിടിച മനസ്സിനുമീതെ
പെരുമഴപ്പെരുക്കങ്ങളാണു
വഴിതെറ്റിയ
നാവികനു
പ്രണയത്തിന്റെ ദിശാസൂചികള്‍

ചിലപ്പോള്‍
മഴ
തിരിചറിയുന്നുണ്ടാവില്ല
അതിന്റെ സ്പര്‍ശങ്ങളില്‍
തണുക്കുന്ന
ഭൂമിയുടെ
ഉള്‍ത്തടങ്ങളെക്കുറിച്‌,
നിന്നെപ്പൊലെ

2010, ജൂലൈ 17, ശനിയാഴ്‌ച

തീരെ ലളിതമല്ലാത്ത ചില കാര്യങ്ങള്‍

ലളിതമായിരുന്നു
അന്നചന്റെ ഉത്തരങ്ങള്‍
തുബി,കിളി,പശു
മരം,മല,കാടു
പുഴ,കടല്‍,ആകാശം

ഉടല്‍ നിറയെ
പൊത്തുകളുള്ള
ഒറ്റത്തടിമരങ്ങളുടെ
നഗരം
തുബികള്‍ പറക്കാത്ത
ആകാശം
മണല്‍ പുഴ
കിളികള്‍ ചേയ്ക്കേറാത്ത
അലങ്കാര വൃക്ഷങ്ങള്‍
റ്റിവിയില്‍
പൊട്ടിതെറിക്കുന്ന
ഒരു മകന്‍
തീപിടിചോടുന്ന ഒരമ്മ

മകനോടെന്തുത്തരം
പറയേണ്ടൂ എന്നറിയാതെ
ഞാന്‍

2010, ജൂലൈ 11, ഞായറാഴ്‌ച

മണല്‍ഘടികാരം

ഏകാന്തമായ
ഒരു ജന്മത്തിനു മീതെ
യാത്രാമൊഴിയുടെ
മഞ്ഞു മാത്രം
ബാക്കിയാവുന്നു
ഓര്‍മകളുടെ
അവശിഷ്ടങ്ങള്‍ക്കിടയില്‍
പ്രണയിചുതീരാത്ത
ഒരു ഹ്രുദയം
പൗരാണികമായൊരു
മൗനത്തിലേയ്ക്കു
ഉപേക്ഷിക്കപെടുന്നു
തിരിഞ്ഞു നോക്കാതെ
നീ യാത്രയാകുന്നു
ഞാന്‍
രന്ധ്രങ്ങള്‍ അടഞ്ഞുപോയ
ഒരു മണല്‍ ഘടികാരം

2010, ജൂൺ 28, തിങ്കളാഴ്‌ച

മഴ

ചുമരും ചാരി നില്‍ക്കുംബോള്‍
കണ്ടതെങ്ങിനെയാണാവോ

മാവിന്‍ ചില്ലകള്‍കൊണ്ടു
നെഞ്ചത്തടിചാര്‍ത്ത്‌
കോളില്‍ നിന്നു
മരണ്വീട്ടിലേയ്ക്കെന്ന പൊലെ വന്നു
മുറ്റത്തു കിടന്നുരുണ്ടു
കരഞ്ഞു
വിരല്‍ നീട്ടിതൊട്ടു
കവിളില്‍
നെറുകയില്‍
ഉടലില്‍

നീരണിഞ്ഞു നില്‍ക്കെ
അകത്തു നിന്നാരോ വിലക്കി

ശീതനടിക്കേണ്ട
ഒരുപാടു കാലമായി
മഴ കൊള്ളാത്തതല്ലെ

കേള്‍ക്കാതിരുന്നതിനാലാവാം
കറാച്ചില്‍ അമ്മയുടേതെന്നു
തിരിചറിയാനായില്ലാര്‍ക്കും
അടുകളക്കരിയില്ലാത്തതിനാല്‍
മനസില്ലായില്ല
ചിതയിലെരിഞ്ഞ
വിരലുകളെയും

2010, ജൂൺ 7, തിങ്കളാഴ്‌ച

പെഴ്സ്‌

പെഴ്സ്‌
ഒരാളുടെ
നെടുകെയുള്ള
ചേദമാണു
അതിന്റെ മണം
വിട്ടുപോന്ന
ഇടങ്ങളിലേയ്ക്ക്‌
പിന്നെയും
പ്രേരിപ്പിക്കുന്നു
ഒഴിഞ്ഞ അറകള്‍
തലവേദനയ്കുള്ള
ഗുളിക
മരുന്നിന്റെ
കുറിപ്പടികള്‍
ബാക്കി കുറിചുതന്ന
ടിക്കറ്റ്‌
ഒളിചുവെയ്ക്കുന്ന
പഴയ
പ്രണയക്കുറിപ്പ്‌
നിറം മങ്ങി
തിരിചറിയാതെയായ
ബ്ലാക്കേന്റ്വൈറ്റ്‌ ചിത്രത്തിലെ
ബാല്യം
കിനാവും
ധാര്‍ഷ്ട്യവുമുള്ള
വിവാഹഫോട്ടോ
പഴയ സ്റ്റാപുകള്‍
ആരുടെയോ
വിലാസം കുറിച
ദയറിത്താള്‍
മൂഷിഞ്ഞൊട്ടിയ
കുറചു നോട്ടുകള്‍

നഷ്ടപെടുബോള്‍
ഇല്ലാത്തിനെ പ്രതിയുള്ള
ഉത്കണ്ട
ഏതു വറുതിയിലും
പറ്റിചേര്‍ന്നു
വിയര്‍ത്തൊട്ടി
ഒരേ ഗന്ധത്തോടെ

2010, ജൂൺ 5, ശനിയാഴ്‌ച

ഞാന്‍

ചെറുവിരലിനോളം
വലുപ്പത്തില്‍
തിരുവള്ളുവര്‍
നഖത്തിനോളം
വിവേകാനന്ദപ്പാറ
ഇവിടെ നിന്നു നോക്കുബോള്‍
അത്രയെയുള്ളു
ബോട്ടിലേറി
കടല്‍ കടന്നു ചെന്നാല്‍
ചെറുതാകും,ഞാന്‍
ചെറുനഖത്തിനേക്കാളും
അതുകൊണ്ടു
കരയില്‍ നിന്നു മാത്രം കണ്ടു

2010, മേയ് 16, ഞായറാഴ്‌ച

വൃത്തിയാക്കല്‍

മുന്‍പു
ഓലമേയാന്‍
വീടു പൊളിക്കുബൊഴായിരുന്നു
വൃത്തിയാക്കല്‍

തട്ടിന്‍പ്പുറം
പത്തായം
കട്ടിലനടിയിലേയ്ക്കു
തള്ളിവെച
സിബുപോയ പഴയ ബാഗ്‌

സമയ സൂചികള്‍ പോയ
കളിവാചു
ത്രിശൂര്‍ പൂരത്തിനു വാങ്ങിയ
വട്ടം ചുറ്റുന്ന പാവ
ടയറു പോയ്യ
പോലീസുജീപ്പു
ഗോട്ടിക്കുരു

വലുതാകും തോറും
തിരിചു കിട്ടുന്നവയുടെ
സ്വഭാവം മാറിവന്നു.

സുകന്യ തന്ന
ചെംബകപൂവിന്റെ
ഇതള്‍ ഉണങ്ങിപിടിച
ഖസാക്കിന്റെ ഇതിഹാസം
ഓട്ടോഗ്രാഫ്‌
വാലന്‍പുഴു തിന്ന
പഴയ ഗ്രൂപ്‌ ഫോട്ടോ

തിരിചുകിട്ടുന്നവ
പിറകിലേയ്ക്കു തിരിയുന്ന
ക്ഖടികാരം പോലെ
കാലത്തിലൂടെ
തിരിചു നടത്തുമായിരുന്നു.

ഇപ്പോള്‍
മറ്റുള്ളവര്‍
എന്നെ വൃത്തിയാക്കുകയാണു

കൊടുത്തതൊന്നും
തിരിഛു കിട്ടിയിട്ടില്ലെന്നഛന്‍
ചുമല്‍ ചേര്‍ന്നു നടന്ന വഴികളീല്‍
ഉപേക്ഷിചു
പോയതാണെന്നു ചങ്ങാതി
പുറം കാത്തതിനു
കിട്ടിയത്‌
പകയുടെ കത്തിമുനയെന്നു
സഹോദരന്‍

ഇതുവരെയും
പ്രണയിക്കാത്ത ഹ്രുദയം
ഭാര്യ കുഴിചെടുക്കുന്നു

ഒടുവിലൊരാള്‍
പഴകിയ വിചാരങ്ങള്‍ക്കും
അഴുകിയ ഓര്‍മകള്‍ക്കും
ഇടയില്‍ നിന്നു
പഴയൊരായെന്നെ
തിരഞ്ഞെടുത്തെങ്കിലെന്നു
മോഹിചു ഞാനും.

വവ്വാല്‍

പക്ഷിയും
മൃഗവുമല്ലാത്ത
ഹിജഡ
ചിറകുകളുള്ളതിനാല്‍
ഭൂമിയില്‍ നിന്നും
നാടുകടത്തപെട്ടവര്‍
പക്ഷികള്‍
രാത്രിയിലേയ്ക്ക്‌
കൊത്തിയാട്ടിയവര്‍
ഒറ്റുകൊടുക്കപെടുന്നവര്‍
അഭയാര്‍ത്ധി
അലങ്കാരക്കൂടുകള്‍ക്കും
പ്രദര്‍ശനശാലകള്‍ക്കും
അനഭിമതന്‍
വേതാളജന്മം
ഇല പൊഴിഞ്ഞ അരയാലിന്റെ
കറുത്തതളിരുകള്‍
മചകത്തെയിരുട്ടിലെ
പ്രേതസാന്നിധ്യം

തലകീഴായി കിടന്നു
തലതിരിയാത്ത
ഒരു ലോകത്തെ
അവര്‍ സ്വപ്നം കാണുകയാവാം
കാഴ്ചയില്ലാതെ പറന്നു
തിമിരം ബാധിക്കാത്ത
പകലിനെയും
തിരിചെത്തുന്ന സന്ദേശങ്ങളാല്‍
തിരിചു വരാത്തവരുടെ വേദന
അവര്‍ക്കറിയാം

2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

പുതിയ വീട്ടില്‍,അമ്മയില്ലാതെ

പരിചയമില്ലാതെ
പുറം തിരിയുന്ന വാതില്‍
അപരിചിതനാരെന്നു
മുഖപടം മാറ്റിനോക്കും
ചില്ലു ജാലകങ്ങള്‍

ഞാനടുക്കളയിലായിരു-
ന്നലക്കുകയായിരുന്നു
അതിരിലാദ്യം പൂത്ത
മാവിഞ്ചോട്ടില്ലായിരു-
ന്നയല്‍ പക്കത്തായിരുന്നെന്നു
പറഞ്ഞമ്മ വന്നില്ല
വാതില്‍ തുറന്നിങ്ങെത്തിയോ
നീയിതിത്ര വേഗമെന്ന
കണ്‍നിറയും ചിരിയുമായി

ഇതു സ്വീകരണ മുറി-
യിതു പൂജാമുറിയിതു
ഡൈനിംഗ് ഹാളിതടുക്കള
ഇതു ചുറ്റുഗോവണി
ഗ്യാസ്‌,ഓവന്‍
പുതിയ കുക്കിംഗ്‌ റേഞ്ചു
ചുവരലമാരയില്‍
നോണ്‍സ്റ്റിക്ക്‌ പാത്രങ്ങള്‍
കരിപിടിക്കില്ല,കറയും
പുകമണക്കില്ലിനി
പചവിറകെരിഞ്ഞു നീറി
പുകയില്ല കണ്ണുകള്‍

ഇവിടെയുമില്ലമ്മ
പുളിയിട്ടുത്തേചിട്ടും
ക്ലാവുനിറം പോകാത്ത
ചെറിയ നിലവിളക്കില്ല
തിളചുത്തൂവിയ
പാല്‍മണമില്ല
ഇല്ല പാതികരിഞ്ഞ
പരിപ്പിന്‍ മണം
എണ്ണയില്ലാതൊഴിഞ്ഞ കുപ്പികളില്ല
ഇല്ല വേദനയുപ്പിലിട്ടുവെച
ഭരണികള്‍,ഇല്ല കരിപിടിച
പ്രാര്ബ്ധ ചെപ്പുകള്‍

എങ്കിലുമെവിടെയുമുണ്ടമ്മ
പനികിടക്കയില്‍,മൂര്‍ധാവില്‍
അദൃശൃ വിരലോടിച്‌
വൈകിയിട്ടും,അവനെത്തിയില്ലല്ലോയെന്ന
പരിഭ്രമ വഴികണ്ണുമായി
ഇറയത്തിരുട്ടിലൊറ്റ്യ്ക്ക്‌
ആര്‍ദ്രയായിട്ടങ്ങിനെയങ്ങിനെ
അമ്മ തൊട്ടുനില്‍ക്കുന്നിപ്പോഴും
പുതിയ വീട്ടിലരികിലെങ്കിലും
അറിയാ ദൂരെയായി

2010, ഏപ്രിൽ 5, തിങ്കളാഴ്‌ച

കണ്ണാടി

കണ്ണാടി
സത്യവും മിഥൃയുമാണു

വര്‍ത്തമാനത്തില്‍ നിന്നു
ഭാവിയിലേക്കും
ഭൂതത്തിലേക്കും
തുറക്കാവുന്ന
ജാലകം

മഴ പെയ്യുംബോള്‍
കണ്ണാടിയില്‍
നമ്രമുഖിയായ കന്യയുടെ
സ്വപ്നങ്ങള്‍
നനഞ്ഞൊലിക്കുന്നു

നിഴല്‍മൂലയിലെ കണ്ണാടി
വിധവയായ യുവതിയുടെ
സിന്ദൂരം മാഞ്ഞ മനസ്സാണു
ആദൃ നര വീണ യുവാവിന്റെ
വാര്‍ദ്ധകൃ ഭീതി നിഴലിക്കുന്ന
മിഴികളാണു
നരച മരചട്ടയ്ക്കുള്ളില്‍
അരകെട്ടിലെ രക്തക്കറ കാണുന്ന
മുനകൂര്‍ത്ത
ഒറ്റചില്ലു മാത്രം
ഉടല്‍ നിറയെ
പൗരുഷ ചിഹ്നങ്ങള്‍ പചക്കുത്തി
നിലത്തു വീണു നുറുങ്ങിയ
കണ്ണാടി നീ

ഭ്രാന്തന്റെ
പകച നോട്ടം പോലെ
പൊട്ടിയ ചില്ലോടിലൂടെ
അസ്തമയ സൂര്യന്‍

നിന്റെ മിഴികള്‍
മെര്‍ക്കുറിയടര്‍ന്ന
കണ്ണാടി പോലെ
എന്നെ
കാഴ്ചക്കു പുറത്താക്കുന്നു

കണ്ണാടി
സത്യവും മിഥൃയുമാണു
ഒരു ചിരിയ്ക്കു പിറകിലെ
ബലിപ്പാട്ടു
അതില്‍
നിഴലിക്കാറില്ല

2010, ഏപ്രിൽ 1, വ്യാഴാഴ്‌ച

മില്‍നയ്ക്ക്

പഴയ പഴയ
ചില്ലുജനലില്‍ വീഴുന്ന
പകലിരവുകള്‍
ഒചകടക്കാത്ത
മുറിയില്‍ നിന്നും നോക്കുബോള്‍
ലോകം
നിശ്ശബ്ദ ചലചിത്രമാകുന്നു
ജനല്‍ തുറക്കുബോള്‍
ആര്‍ത്തിപിടിച
ഒചകള്‍
മണം
നോട്ടം

നിന്റെയരികില്‍
കാറിലൊരലങ്കാര വസ്തുവായി
നഗരവീഥികള്‍
പാര്‍ട്ടികള്‍
ഉല്ലാസയാത്രകള്‍ മാത്രം

കണങ്കാല്‍ പൂഴും
നാട്ടുവഴിയിലൂടെ
നടന്നതത്രയും മറന്നു
കൊയ്തുമെതിച
നെല്ലിന്ക്കൂനകളിലെ
ഇഴുകല്‍
വൈക്കോല്‍ക്കന്നുകള്‍ക്കിടയിലെ
പുഴുക്കമണം
ആറുമാസചെടികളുടെ കിരീടം
തുബികളുടെ
മുണ്ടകന്‍ പാടം
മാങ്ങാ ചുണ
കശുമാവിന്‍ചില്ലയിലെ ഊഞ്ഞാലാട്ടം
ഒക്കെയും മറന്നു ഞാന്‍

നാരങ്ങാ നീരു കണ്ണിലിറ്റിച്‌
ഞാനറിയുന്നു
പൂരക്കാലത്തിന്റെ
ഓര്‍മചന്തങ്ങള്

2010, മാർച്ച് 21, ഞായറാഴ്‌ച

വീട്‌

വീട്‌
ഒരായിരം വീടുകളാകുന്നു
നിറയെ മുറികള്‍
വരാന്തകള്‍
ഗോവണികള്‍,ഇടനാഴികള്‍
അപരിചിതര്‍
വീട്‌ നഗരമാകുന്നു
ഇല്ലാതാകുന്നു
തിണ്ണയില്‍
ആകാശം നോക്കിയുള്ള
കിടപ്പ്‌
സംസാരം,ചിരി
നനവുള്ള വാക്കുകള്‍
മസ്രുണമായ നോട്ടങ്ങള്‍

തിരിചറിയുന്നില്ല
ആരെയും
അപരിചിതമായ സ്വരങ്ങള്‍
മുഖങ്ങള്‍
മൗനം കൊണ്ടു
മുറിഞ്ഞു പോകുന്നവര്‍
നോട്ടം കൊണ്ടു
ഇടഞ്ഞു പോകുന്നവര്‍
നെറ്റ്‌ വര്‍ക്കില്ലാത്ത
ബന്ധങ്ങളുടെ
നഗരം

ഓരോ മുറിയും
പരസ്പരം പ്രെതിരോധിച്‌
സിഗ്നലുകളില്ലാതെ

ഒരാള്‍ക്കുള്ളില്‍
ഒരാള്‍ക്കൂട്ടം
നഗരത്തിനുള്ളില്‍
നഗരം

വീട്‌
വേരുകളില്ലാതെ
പേരുകള്‍ മറന്നു
പരസ്പരം മറന്നു
മൊബെയില്‍ മുഖങ്ങളുടെ
അപരിചിത നഗരം
നരകം

ശവക്കൂന

ഇലകളില്‍
പുല്ലില്‍ വീണുരുണ്ട്‌
പഴയ ഇടവഴികളുടെ
മാഞ്ഞുപോയ
ഓര്‍മകളിലൂടെ
ആര്‍ത്തലചുവന്ന്
മറവുചയ്ത
കുളത്തിന്റെ
നെഞ്ചുതാണ
ശവക്കൂനയില്‍
കരഞ്ഞു കലങ്ങി
കിടന്നു
മഴ

2010, മാർച്ച് 15, തിങ്കളാഴ്‌ച

അവധിക്കാല സ്കെചുകള്‍

പഴയ വഴികള്‍
ഇരുബന്‍പ്പുളി പൂക്കളുടെ
വയലറ്റു നിറം പടര്‍ന്ന നാവു
കൈതപൂവിന്റെ
തോടിറബു
വയല്‍ ചുള്ളി
മുക്കുറ്റി
പന്ത്രണ്ടു വര്‍ഷങ്ങള്‍
മുന്‍പെന്ന പോലെ
പരിചയം മുറിയാതെ
ഒരോ ഇലയും
കാറ്റും
മഴയും

വാതിലില്‍ മുട്ടുബോള്‍
ഒരു അപരിചിതന്‍
വാതില്‍ തുറക്കുന്നു

പന്ത്രണ്ടു വര്‍ഷം
തൊലി ചുളിഞ്ഞു
മുടി പൊഴിഞ്ഞു
പരസ്പരം
തിരയുന്നു

ആരാ...

2010, മാർച്ച് 4, വ്യാഴാഴ്‌ച

പച്ചക്കുതിരയുടെ മരണം

ആദ്യത്തെ നിലവിളി
കാക്കകളുടേതു തന്നെയായിരുന്നു
പിന്നെ
കരിയിലക്കിളികളും
മൈനകളുമെത്തി
കയറുവഴിയിറങ്ങി
കണ്ണുകള്‍ നോക്കി
ഉറുബുകള്‍
മരണം
സ്ഥിതീകരിചു

ഒടുവിലാണു പക്ഷെ
പച്ചക്കുതിരയെത്തിയത്.

പോലീസെത്തി
മരണക്കുറിപ്പുകളും
വിശദീകരണങ്ങളും
മക്കളുടെ
വിലാപങ്ങളും കഴിഞ്ഞ്,
പിറ്റേന്നു ഉച്ചക്കു
നെടുബാശ്ശേരിയിലിറങ്ങുന്ന
ഇളയ മകളുടെ
വരവിന്നായി
മുഖം തുടചു മിനുക്കി
പൗഡറിട്ടു
ജീവിതത്തിലാദ്യമായി
ചെളിമണമില്ലാതെ
ചേറു പുരളാത്ത കാലടികളോടെ
ഉലയാത്ത
ഉടുപ്പോടെ
മൊബെയില്‍ ഫ്രീസറില്‍
കിടക്കുബോള്‍
ആള്‍ തിരക്കിനിടയിലൂടെ
ഒടുവിലറിഞ്ഞവന്റെ
ഹ്രുദയവ്യഥ നിറഞ്ഞ
വെപ്രാളത്തോടെ
ജീവിതം മുഴോന്‍
ഒപ്പം നടന്നവന്റെ
വിലാപത്തോടെ
പചക്കുതിര വന്നത്‌
ഒടുവിലാണ്
ആദ്യ മഴത്തുള്ളികളേറ്റ
ഇലതലപ്പുകള്‍ക്കടിയിലെന്ന പോലെ
കിടക്കുന്ന
മുഖത്തിനു മീതെ
ചില്ലില്‍ ഇരുന്നതേ
അതിനോര്‍മയുള്ളൂ

അപ്പന്റെ ശവത്തേലും
ഈ തുള്ളനും,
ചീടും
ഉറുബും മാത്രെ ഉള്ളൂ
എന്നൊരു ആക്രോശം
മനസ്സിലാക്കാന്‍ മാത്രം
ലോകപരിചയം
അതിനില്ലാതെ പോയി .

2010, മാർച്ച് 3, ബുധനാഴ്‌ച

കിടപ്പിന്റെ നാനാര്‍ത്ഥങ്ങള്‍

കിടപ്പിനുമുണ്ട്‌
അര്‍ത്ഥങ്ങള്ളുംര്‍ത്ഥഭേദങ്ങളും

തുടകള്‍ക്കിടയില്‍ കൈതിരുകി
അമ്മയുടെ ഗര്‍ഭപാത്രത്തിലെന്ന
മിഥൃധാരണയില് ചുരുണ്ട്‌
പുലരിതണുപ്പിലുണരാന്‍ മടിച കിടപ്പുകള്‍

ഇനിയെന്നെ തൊടേണ്ടന്ന
പാതികമിഴ്‌ന്ന
തലയിണയില്‍ മുഖമമര്‍ത്തിയുള്ള
പ്രതിഷേധക്കിടപ്പുകള്‍

കണ്ണുകളടച്‌
ചുണ്ടിലൊരു ജീവിതവിരക്തിയുടെ
കയ്പുചിരിയൂറിയൊലിച്‌
കൈകള്‍ മാറിലടുക്കിവെച്‌
തീര്‍ന്നല്ലൊയീ
ചതുരംഗക്കളിയെന്ന
ആശ്വാസനാട്യത്തിലനങ്ങാതെ
ഒന്നുമറിയാതെയെന്നുള്ള
കിടപ്പുകള്‍

ഇടതും
വലതുമെന്ന
രാഷ്ട്രീയ കിടപ്പുകള്‍

കൈകള്‍ വിരിച്‌
കുരിശിലേറ്റിയ ഓര്‍മകളുമായി
തല പാതി ചെരിച്‌
ഒറ്റുകൊടുക്കപെട്ടവന്റെ
വ്യഥചിരിയുള്ള കിടപ്പ്‌

നിന്റെ ഇടതുകരം
എന്റെ തലയിണയായെങ്കില്‍
നിന്റെ വലതു കരം
എന്നെ ആലിംഗനം ചെയ്തിരുന്നെങ്കിലെന്ന
പ്രണയ കിടപ്പുകള്‍

മണലിലാഴ്‌ന്ന
പത്തേമാരിപോലെ
പാതി മുങ്ങി,
ദ്രവിച്‌
തിരിചു പോകുവാനാകാത്ത
ആഴങ്ങളെയും
ഒഴുക്കുകളെയും ഓര്‍ത്തു
ജല സമാധിയാവാതെ
ഉത്തരായനം കാത്തുള്ള
കിടപ്പുകളുമുണ്ട്‌

2010, ഫെബ്രുവരി 16, ചൊവ്വാഴ്ച

വ്യാഴായ്ച സന്ധ്യ

വ്യാഴായ്ച സന്ധ്യ
ഷൈക്‌ സായിദ്‌ റോഡ്‌,ദുബൈ

റോഡങ്ങറ്റം വരെ
ചുവന്ന കണ്ണുകള്‍
കത്തിയിഴയുകയാണു
വാലും,തലയുമില്ലാത്ത
ജീവിതം പോലൊരിഴജന്തു.

സെല്‍ഫോണില്‍ പചത്തിളക്കം
നാട്ടുവായ്ത്താരി
വിശെഷമൊന്നുമില്ല
സുകന്യയിപ്പോള്‍
പ്ലുസ്ട്ടുവിലേക്കായി
രാവിലെ പോയാല്‍
വരുന്നതേറെ വൈകി
സന്ധ്യ കഴിയും ചിലപ്പോള്‍
സ്പെഷല്‍ ക്ലാസ്സു,
സ്റ്റഡി ടൂര്‍
പേടിയുണ്ടെനിക്ക്‌
പേപിടിച കഥകളാണു ചുറ്റിലും
തലയും,മുലയും വളര്‍ന്നു
പെണ്ണിനു
പിടിചാര്‍കെങ്കിലും കൊടുത്താല്‍
പാതിതീര്‍ന്നിതാധികള്‍.

പുതു മണങ്ങളാണവള്‍ക്കു പ്രിയം
പുതിയ ഭാഷ,വേഷം
ചടുല വേഗങ്ങള്‍
ന്രുത്ത ചുവടുകള്‍
തനിചു താങ്ങുവാന്‍
വയ്യെനിക്കിനി
തണലൊഴിയുന്നൊരീ
ജീവിതപ്പാതയിലെ കാനല്‍
സുഖമല്ലെയെന്നൊരു
വ്യര്ഥ ചോദൃത്തിന്റെ
വേദനയില്ലൊന്നു ചിരിചു
മുറിയുന്നു
നാഢിയില്ലാ ഫോണിലെ
സ്വരകബനങ്ങള്‍

രാത്രി,
തൗവ്സന്റ്‌ വില്ല,ഷാര്‍ജ

അരണ്ട വെളിചം
ഒഴിവു ദിവസത്തിന്റെ ചാവുനിലം
പതിവു വീഞ്ഞുസല്‍ക്കാരം
കട്ടിലില്‍
തറയില്‍
ചുമര്‍ചാരി
നിഴലുകള്‍
രാഘവേട്ടനെന്തെയിത്ര വൈകി
വരില്ലെന്നു കരുതി
ഞങ്ങളിപ്പോഴെ തുടങ്ങി..
നിഴലിലൊന്നു
അഷറഫ് ആയിരിക്കണം
അല്ലെങ്കില്ലതു ജോസ്
മനസ്സിലിപ്പോഴും
മകളിഴഞ്ഞു നീന്തുന്നതിനാല്‍
മനസ്സിലാകുന്നില്ലയീ
പരിചിത സ്വരങ്ങളും

നോക്കു രാഘവേട്ടാ,
അവളുടെയുടല്‍ ചന്തം
പതിനാറെന്നു പറയില്ല
എത്രയൊതുക്കമീയരക്കെട്ടു
നിറമാറിലെയീ
നീലമറുകൊന്നു നോക്ക്‌
നോക്കവളുടെയൊടുക്കത്തെ നാണം
മുഖമുയര്‍ത്തുന്നില്ലയീ
കള്ള....
എരിയുന്ന തൊണ്ടയടഞ്ഞു
നിര്‍ത്തുന്നു അബ്ധുള്ള
വെള്ള്മൊഴിക്കാതെ മോന്തിയ
വീര്യം പോലെ വാക്കുകള്‍
നെഞ്ചിലൂടെ പൊള്ളിയിറങ്ങുന്നു .

തിരിഞ്ഞു നോക്കാതെയറിയാം
ടിവിയില്‍ ഉടുപ്പൂരുന്നതൊരു
യുവതിയായിരിക്കണം
അല്ലെങ്കില്‍.

നമ്മുടെ മോള്‍ക്കു
അറിയാത്ത സുഗന്ധങ്ങള്‍
രാഘവേട്ടാ
പതിനാറിനുടല്‍ ചന്തം
അവള്‍ക്കു പുതിയ ഭാഷയും
വേഷങ്ങളും

2010, ഫെബ്രുവരി 10, ബുധനാഴ്‌ച

വീടുമാറ്റം

രാത്രിയിലായിരുന്നു
ഞങ്ങാളുടെ വീടുമാറ്റം
എല്ലാ ശുഭമുഹൂര്‍തങ്ങള്‍ക്കും
ഒടുവില്‍
ഒരമാവാസിരാത്രിയില്‍
അതിധികളും
ആരവങ്ങളുമില്ലാതെ
നിശ്ശ്ബ്ദം
ഒരു കിളി തന്റെ കൂടൊഴിയുന്നതു പോലെ
ഏകാന്തം

ഒഴിഞ്ഞ മുറികള്‍
ഓര്‍മകളുടെ മുറിവടയാളം തടവി
തേങ്ങുകയാവാമെന്നു
അമ്മ തിരിഞ്ഞു നിന്നു
ഇടനാഴിയില്‍
നനഞ്ഞ ഇരുളില്‍
മരിചുപോയ പെങ്ങള്‍
കരഞ്ഞുവെന്നചന്‍
നെഞ്ചകം വിങ്ങി
എനിക്ക്‌
കളിക്കൂട്ടുകാരിയെ വേര്‍പെടുന്ന
വ്യധയായിരുന്നു
എന്റെയാദ്യ ചുവടിനു
ചുമല്‍ കുനിച ചുവരുകള്‍
ആദ്യ വീഴ്ചയില്‍
പൂമെത്തയായ നടുപ്പുര
ആദ്യ ചുംബനത്തിന്റെ
പൊള്ളുന്ന സിരകള്‍ നല്‍കിയ
മചകം.

ഇനിയുമെന്തോ
ഇനിയുമെന്തോ എന്നു
പടിയിറങ്ങാന്‍ വേദനിച്‌
അമ്മ വ്യര്‍തം
പഴയ വീടിന്റെ
ഉള്ളകം തിരയുന്നു
അചനോരോ ചുവടിലും
ആരുടെയൊക്കെയോ ഓര്‍മകളില്‍
ഹ്രുദയം കൊളുത്തിനില്‍ക്കുന്നു
മടിചു നില്‍ക്കും
അമ്മയെ
ചുമല്‍ ചേര്‍ത്തു
പടിയിറങ്ങുന്നു.

ഒഴിഞ്ഞ മുറിയില്‍
വേര്‍പെടുന്ന വേദനയോടെ
ഒരു കാറ്റ്ന്നെ പുണരുന്നു.

പുന്നെല്ലിന്‍ സുഗന്ധം
കൊയ്തുമെതിച നെല്ലില്‍ക്കൂനക്കരികില്‍
വൈക്കോലും
വിയര്‍പ്പും മണക്കുന്ന
ഒരുടലിന്റെ വശ്യസാമീപ്യം

ഉല്‍ത്സവനാളില്‍
മഞ്ഞളും നിലാവുമണിഞ്ഞു
തോറ്റം പാട്ടാടി
നന്തുണി മീട്ടി
നാഗകലിയുമായെന്നില്‍
നിറഞ്ഞാടി
കളം മായ്ച
രാത്രിയോര്‍ക്കുന്നു
കൂര്‍ത്ത നഖങ്ങളിലെന്നെ
ആരോ
കോര്‍ത്തെടുത്തു പറന്ന രാത്രിയില്‍
ആദ്യ മഴയേറ്റു ശമിച
ഭൂമിയെ മണക്കുന്നു,ഞാന്‍.

ഓര്‍മയുടെ മാറാപേറ്റി
പടിയിറങ്ങുന്നു ഞാന്‍
പിറകിലാരോ
മനം നൊന്തു തേങ്ങുന്നു
പഴയ വീടൊഴിഞ്ഞു പോകുന്നു ഞാന്‍
പഴയ ഓര്‍മകളെരിചു പോകുന്നു
പഴയ ഗന്ധങ്ങളൊഴിഞ്ഞു പോകുന്നു

എല്ലാ ശുഭമുഹൂര്‍ത്തങ്ങളും കഴിഞ്ഞു
രാത്രിയില്‍
ഞങ്ങള്‍
പുതിയ വീടു തിരഞ്ഞു പോകുന്നു
പുതിയ വീടെങ്ങെന്നു
തിരിചറിവില്ലാതെ പോകുന്നു

2010, ഫെബ്രുവരി 6, ശനിയാഴ്‌ച

അന്തിക്കാട്‌

അന്തിക്കാടിനെക്കുറിച്‌
എഴുതാന്‍ തുടങ്ങുബോള്‍
എനിക്കറിയാം
ചെത്തുസമരങ്ങളുടെ
വീര്യം നിറഞ്ഞ ഞരബുകളുള്ള,
വംശനാശഭീഷണിയുള്ള
ഏതെങ്കിലും
കമ്മുണിസ്റ്റ്കാരനില്‍ നിന്നാവണം
മുറിചാലില്‍ നിന്നുമാവുബോള്‍
തീര്‍ചയായും
പ്രതിഷേധങ്ങല്‍ കാണും

ആല്‍
മുറിചാല്‍ ആകുന്നതിനുമുന്‍പ്‌
ഒരിടവപ്പാതി പെരുമഴയില്‍
ആല്‍
വേരറ്റ്‌
ഉടലറ്റ്‌ വീഴുന്നതിനുമുന്‍പ്‌
അന്തിക്കാടിന്റെ സിരകളിലൂടെ
ഒഴുകിയെത്തുന്ന സമരവീര്യങ്ങള്‍
ആലിനുകീഴില്‍
പ്രളയമായി ചുവക്കുമായിരുന്നു
താരാസൗണ്ടിന്റെ
കോളാബിമൈക്കിലൂടെ
വയലാറിന്റെയും,ഓയെന്വിയുടെയും
വിപ്ലവഗീതികള്‍

ബുഢനാഴ്ചകളിലാണു
ആല്‍ സജീവമാകുന്നത്‌
പിരിവുകാര്‍
പലിശക്കാര്‍
ഉണക്കമീന്‍ കചവടക്കാര്‍
അന്നു ചെത്തുകാര്‍
സബന്നരായിരുന്നു
പറ്റുവരവുകള്‍ തീര്‍ത്ത്‌
പലവ്യജ്ഞനങ്ങളും
പചക്കറികളും
മൂത്തുപുളിച കള്ളിന്റെ
മണവുമായി
അവര്‍ വീടുകളിലേക്ക്‌
തിരിചു പോകും

തല്ലിത്തളര്‍ത്തിയ പൂക്കുലയുടെ
മദഗന്ധവും
കരുത്തുമായി
ആകാശത്തുനിന്നെന്നപോലെ
അവരിറങ്ങിവരും
ഇടനാഴിലിലൂടെ
പാടവരബിലൂടെ
തലയുയര്‍ത്തിപിടിച്‌
കത്തിയൊറയുടെ
അരമണിതാളത്തോടെ
നടന്നു പോകും.
പെണ്ണുങ്ങള്‍
വേലിമറക്കണ്ണിലൂടെ
ഇലതലപ്പുകള്‍ക്കു പിറകിലൂടെ
ആറാധനയോടെ,കാമത്തോടെ
അവരെ നോക്കിനില്‍ക്കും

പിന്നെ ചെത്തുകാര്‍
രൂപാന്തരപെടാന്‍ തുടങ്ങി
സൈക്കിളുകളിലും,
മോപെടുകളിലും
അവര്‍ വന്നിറങ്ങാന്‍ തുടങ്ങി
എല്ലൈസി,ആഴ്ചക്കുറി,ഇലക്ട്രീക്ഷ്യന്‍
തെങ്ങില്‍ കയറാതെ
അവര്‍ കള്ളുണ്ടാക്കാന്‍ പഠിചു
പൂക്കുല തല്ലിത്തളര്‍ത്തി
കള്ളുണ്ടാക്കിയ
കൈകരുത്തു പോയി
മൂര്‍ചയുള്ള വാക്കു പോയി
ഉടലിനു
പുളിച കള്ളിന്റെ മണം പോയി
പഴയ സമരചരിതങ്ങള്‍
കതയും,കവിതയും
ഓര്‍മക്കുറിപ്പുകളുമായി
ആല്‍ വേരറ്റ്‌ വീണു
മുറിചാലായി.
ബുധനാഴ്ചകളില്‍
മുറിചാലില്‍ ആളൊഴിഞ്ഞു

വിപ്ലവസമരകതകള്‍
പഴബുരാണങ്ങളായി
രക്ത സാക്ഷികളും
വിപ്ലവകാരികളും
തുരുബിച
ഇരുബുവേലിക്കപ്പുറത്തുനിന്നു
പിന്മുറക്കാരെ വേദനയോടെ നോക്കി
കണ്ണുകളില്‍ നിന്നു
രക്താഭമായ,മൂര്‍ചായുള്ളൊരു നോട്ടം,
മഴയും വെയിലുമേറ്റാവണം
അവര്‍ക്കും നഷ്ടപെട്ടിരുന്നു
ഒറ്റുവഴികളിലെ
നാണയകിലുക്കങ്ങളോട്‌
അന്തിക്കാട്ടുകാര്‍ക്കിപ്പോള്‍
പകയോ,രോഷമോ ഇല്ല.

അന്തിക്കാട്ടെ ചെത്തുക്കാര്‍
ഇപ്പോള്‍
സ്മാരകങ്ങള്‍ മാത്രമാണു
വാക്കും,വെളിചവും കെട്ട വീട്ടില്‍
മഴവിരലുകളുടെ
വിക്രുതചിത്രങ്ങളുള്ള ചുമരില്‍
ചുവപ്പു നിറം മങ്ങിയ
ഈയെമ്മസ്സിന്റെയും,ഏകെജിയുടെയും
കൃഷ്ണപിള്ളയുടെയും
ചിത്രങ്ങള്‍ക്കു കീഴെ
ചിതലരിച ചിത്രമാകാന്‍ പോലും
കഴിയാത്ത
രണസ്മാരകങ്ങള്‍

2010, ഫെബ്രുവരി 2, ചൊവ്വാഴ്ച

റോളസ്സ്കായറിലെ അരയാലുകള്‍

അടക്കം പറചിലുകളില്ല
ആരവങ്ങളും
വരുന്നില്ല,
തണലില്‍ ഇളവേല്‍ക്കാന്‍
കുഞ്ഞിരാമന്‍ നായരൊ
അന്തിയുറങ്ങാന്‍ ഒരയ്യപ്പനോ
താളപെരുക്കങ്ങളില്ല
കീഴെ,
അരമണികിലുക്കങ്ങളും
തീവെട്ടികളും
ആനചന്തങ്ങളുമില്ല
ഉള്ളത്‌
50 ഡിഗ്രിയുടെ
തീവെട്ടിയില്‍ നിന്നും
ഒരോര്‍മയുടെ
തണലു തേടുന്നവര്‍

നാളെയുടെ
മൃതി ചിഹ്നമായി
ഇലകളും
ശിഖരവുമില്ലാത്ത
കോണ്‍ക്രീറ്റ്മരത്തിന്റെ ശൂന്യത
പീരങ്കികളുടെ
മൗനയുധം
വ്യാഴായ്ചകളില്‍ അത്‌
ദൈവത്താല്‍
വിഭജിക്കപെട്ടവരുടെ
പൂരപ്പറബാകുന്നു

2010, ജനുവരി 30, ശനിയാഴ്‌ച

ലെബനോണ്‍ (നത എന്ന എന്റെ ചങ്ങാതിക്ക്‌)

ഒഴിഞ്ഞ പേജുകളുടെ
വ്യധമുദ്ര പോലെ
നിശ്ശബ്ദയാണിപ്പോള്‍
നത

റാസല്‍ ഖൈമയുടെ
മണല് രാത്രികളുടെ
പൊള്ളിതിണര്‍ത്തുപോയ ഓര്‍മകളും
ഷെമലിലേക്കുള്ള
പ്രണയ യാത്രകളും
അവളിപ്പോള്‍ സന്ദേശങ്ങളാക്കാറില്ല

മരുഭൂമിയില്‍
ബെല്ലിഡാന്‍സര്‍ക്കൊപ്പം
ചുവടുവെക്കുന്ന ചിത്രങ്ങളും
ജിബ്രാന്റെ വരികളുടെ
അടിക്കുറിപ്പുകളോടെ അവളിപ്പോള്‍
അയക്കാറില്ല

പൊട്ടിപൊളിഞ്ഞും
വിണ്ടുകീറിയും നില്‍ക്കുന്ന കെട്ടിടങ്ങാളെക്കുറിചും
പൊടിയും മരണവും മൂടിയ
കുഞ്ഞുങ്ങളെക്കുരിചും
അവളിപ്പോള്‍ പറയാറില്ല
അബായകൊണ്ടു കുഞ്ഞുങ്ങളെ
പൊതിഞ്ഞു നിലവിളിക്കുന്ന
അമ്മമാരെയും
അവളുപേക്ഷിചിരിക്കുന്നു

ഒഴിഞ്ഞ പേജുകളുടെ
വ്യഥമുദ്രയാണിപ്പോള് നത
എന്റെ നിസ്സംഗത
(അതോ ലോകത്തിന്റെയോ ?)
അവളെ മൗനിയാക്കിയിരിക്കുന്നു

നത
പൊടിഞ്ഞുതിര്‍ന്ന
ഒരു കെട്ടിടം പോലെ
എന്നെ മൂടികളയുന്നു

ജനറല്‍ കബാര്ടമ്ന്റ്

പല ഭാഷകളിലേക്ക്‌
ദൈവത്താല്‍
വിഭജിക്കപെട്ടവരുടെ നഗരം
മുഷിഞ്ഞവന്റെയും
മുറിവേറ്റവന്റെയും ബാബേല്‍
മടുപ്പിന്റെ തെരുവോരം
റിസര്‍വു ചെയ്യാത്ത ജീവിതങ്ങളുടെ
അപഹരിക്കപെട്ടവരുടെ
നാടുകടത്തപെടുന്നവരുടെ
സഞ്ചരിക്കുന്ന ജയില്‍

2010, ജനുവരി 22, വെള്ളിയാഴ്‌ച

അമ്മയുടെ ചിത്രം
ആത്മഹത്യയില്‍നിന്നും
തിരിചു വിളിച രാത്രിയില്‍
നിന്റെ
വേപ്പിന്‍പ്ഴ കയ്പ്പുള്ള
ചുംബനത്തിലേക്കു
തിരിചു വന്നതെന്തിനു
ഞാന്‍

ഇന്നു
കാറ്റു നിലചൊരീ ഫാനിലേക്കു
നീ
കസവുസാരിയാലെന്നെ
വലിചുയര്‍ത്തുബോള്‍
മേശമേല്‍
അമ്മയുടെ ചിത്രമില്ല
കാറ്റില്‍ മറിഞ്ഞു വീണു
നിന്നെ തിരിചു വിളിക്കാന്‍,
എന്നെയും

പ്രത്യുഷ വിവാഹത്തെകുറിച് പറയുമ്പോള്‍

വിവാഹം ഒരു ഉടംബടിയാണു
നിന്റെ തീര്‍പ്പുകള്‍ക്ക്‌
നിന്റെ ഉറച ശബ്ഢങ്ങള്‍ക്ക്‌
നിന്റെ വിയര്‍പ്പിനു
കാര്‍ക്കശ്യങ്ങള്‍ക്കു
നിന്റെ കാമത്തിനു
നിന്റെതായ എല്ലാ കീഴ്പെടുത്തലുകള്‍ക്കും
കനം കുറഞ്ഞ
ഒരൊപ്പിന്റെ
വിധേയത്വം നിറഞ്ഞ
ഒരുടംബടി

ആരും മോഹിക്കാത്ത
സ്പര്‍ശിക്കാത്ത
കാമിക്കാത്ത വധു
നിനക്കൊരു ശാഡ്യമാണു
കന്യകയായിരിക്കണമെന്നത്‌
നിന്റെ അവകാശവും

നിന്റെ ചെരിഞ്ഞു നോട്ടങ്ങള്‍
ഉടലിലൂടെയുള്ള
നിന്റെ പടയോട്ടങ്ങള്‍
ആദ്യ സ്പര്‍ശത്തിന്റെ
രക്തകറ പുരളുന്ന രാവാട

നീ നിന്റെ ചിഹ്നങ്ങള്‍ കൊണ്ടു
എന്നെയൊരു കോളനിയാക്കുന്നു
നിന്റെതു മാത്രമായ
ഒരു കബോളം
ഒരു പ്രദര്‍ശനശാല
നിന്റെ മാത്രമിഷ്ടങ്ങള്‍
സിന്ധൂരക്കുറി
താലി
അലങ്കാരചമയങ്ങള്‍
ഞാന്‍
നിന്റെ പതാകയേന്തുന്ന
കൊടിമരം മാത്രമാകുന്നു

വിവാഹം
ഒരധിനിവേശമാണു
മറ്റൊരു സംസ്കാരത്തിലേക്കു
രാജ്യത്തിലേക്കു
സ്വാതന്ത്ര്യത്തിലേക്കു

നീയെന്നെ
ചിഹ്നങ്ങളില്‍ നിന്നൊഴിവാക്കുക
ചടങ്ങുകളില്‍ നിന്നു
കീഴ്പെടുത്തലുകളില്‍ നിന്നും
പ്രദര്‍ശനങ്ങളില്‍ നിന്നും
ഒരുടബടിയുമില്ലാതെ
നിനകെന്റെ ജീവിതത്തിലേക്കു
കടന്നു വരാം
ഒരേ ഉയരത്തില്‍
നമ്മുടെ പതാകകള്‍
പാറുമെങ്ങില്‍ മാത്രം

എങ്കില്‍ മാത്രം.

2010, ജനുവരി 18, തിങ്കളാഴ്‌ച

മരണത്തെയും,ജീവിതത്തെയും കുറിച്‌ സുകന്യയുടെ കുറിപ്പുകള്‍

26 നവംബര്‍ 98

മരണം,
സന്ദര്‍ശനസമയം കഴിഞ്ഞു
പാതിത്തുറന്ന വാതിലിലൂടെ
ഒചയില്ലാതെ കടന്നു വരുന്ന
മെലിഞ്ഞ വെയില്‍
ഒഴിഞ്ഞ വരാന്തയില്‍
ഒളിചുകളിക്കുന്നൊരു
കുഞ്ഞു നിലവിളി

രാത്രിയില്‍
ജാലകത്തിനരികിലെ
അരയാല്‍ കൊബില്‍
മൂങ്ങയുടെ കനല്‍ക്കണ്ണുകള്‍

27 നവംബര്‍ 27
പകല്‍;ആശുപത്രി

നിന്റെ കണ്ണുകളില്‍
ഭ്രാന്തിന്റെ കനല്‍ത്തിളക്കം
എനിക്ക്‌
നിന്നെ ചുംബിക്കണമെന്നുത്തോന്നി
തണുത്ത സിരകളിലെക്ക്‌
ഒരു വൈദ്യുതകബ്ബനം
നിന്റെ ചുണ്ടുകള്‍ക്ക്‌
ഫ്രീസറിലെ ചെറിപ്പഴത്തിന്റെ
മരവിച ചവര്‍പ്പ്‌
കറുത്ത രക്തത്തിന്റെ
അഴുകിയ ഗന്ധം
നിന്നെ ചുംബിചതിന്റെ
ചവര്‍പ്പ്‌
ഞാനിനിയെത്ര ചര്‍ദിചു തീരണം

28,29 നവംബര്‍ 98
സുകന്യയുടെ ഡയറി
ആത്മഹത്യ ചെയ്ത
പെണ്‍കുട്ടിയുടെ ഓര്‍മപോലെ
ശൂന്യം

ഡിസംബറില്‍
സുകന്യ
മൗനത്തിന്റെ
തീര്‍ത്ധാടനത്തിലായിരുന്നു
ഇല പൊഴിയലിന്റെ
ആകാശങ്ങളെക്കുറിച്‌
ഒരക്കം മാത്രം മാറുന്ന
ആഘോഷത്തിന്റെ
അസംബന്ധരാവുകളെക്കുറിച്‌
സുകന്യ
മൗനം മാത്രം

ദിവസവും
തിയ്യതിയും തെറ്റി
പുതുവര്‍ഷത്തിന്റെ മൂന്നാംനാള്‍
സുകന്യ
ഇങ്ങിനെയെഴുതുന്നു

25 ഡിസെംബര്‍ 98
നിന്റെ പിറവിയുടെ
ആഘോഷരാത്രിയില്‍
(കുരിശിലേറ്റപെടുന്ന
നിന്റെ വിദിയോര്‍ത്തു കരയാന്‍
ആരുമില്ലാതെ..)
ആശുപത്രിയുടെ മട്ടുപ്പാവില്‍
നക്ഷത്ര വിളക്കുകളുടെ
വഴികള്‍ക്കൊടുവില്‍
ഞാനെത്തിചേര്‍ന്നത്‌
ഏതു പുല്‍ക്കൂടിനു മുന്‍പില്‍
പൊടുന്നനെ
വെളിചങ്ങളൊക്കെയണഞ്ഞു
ഘോഷങ്ങളൊക്കെ നിലചു
നക്ഷത്രങ്ങള്‍
രാത്രിയുടെ ചതുപ്പിലാഴ്‌ന്നു

മൗനത്തിന്റെ
മഞ്ഞുവീണു നനഞ്ഞ
ഒരുപാട്‌ രാത്രികള്‍ക്കു ശേഷം
തിയ്യതി കുറിക്കാതെ
വര്‍ഷവും സ്ധലവും
സമയവുമിലാതെ
സുകന്യ
ഇങ്ങിനെ കുറിക്കുന്നു;

ഓറഞ്ചുനീരിന്റെ
പനിമണത്തില്‍
അനാധമായ ഒരുറക്കത്തിന്റെ
ഏകാന്തതയില്‍
നീല ഞരബുപിണഞ്ഞ
നിന്റെ കൈത്തണ്ടയുടെ
വസന്ത സ്പര്‍ശത്തില്‍
ഞാന്‍
മരണത്തെ ഓര്‍ത്തുകിടന്നു

നാലുനിലകള്‍ക്കു താഴെ
അഴികളില്ലാത്ത
ഒരു ജനലിനു കീഴെ
ചിതറിപ്പോയ ഒരുടലിന്റെ
ഒടുവിലെ കംബനങ്ങളില്‍
നിനക്കു വായിചെടുക്കാനാവാത്ത
ഒരാത്മഹത്യാക്കുറിപ്പ്‌

സുകന്യയുടെ
ഡയറിയില്‍
മോര്‍ചറിയിലെ മൗനതിന്റെ
വിളര്‍ത്ത ശവക്കോടി മാത്രം

2010, ജനുവരി 12, ചൊവ്വാഴ്ച

തുരുത്തിപ്പുറത്തുനിന്നുള്ള എഴുത്തുകള്‍

16 ഡിസംബെര്‍ 2001
തുരുത്തിപ്പുറം

പകല്‍ മുഴുവന്‍
ചര്‍ദ്ദിയാണു
നിന്റെ ചുണ്ടിന്റെ കയ്പ്പു
വായിലൂറിനിറയും പോലെ
രാവിലെന്നിടും
അരികില്‍ നീയില്ലെന്ന വേദന
ഞാന്‍ കണ്ട കിനാവു മാത്രമോ നീ
ഓര്‍ത്തുകിടന്നു
എപ്പോഴോ ഉറങ്ങി

9 ഏപ്രില്‍ 2002
അന്തിക്കാടു

ഇന്നലെ
അന്തിക്കാട്ടേക്കു വന്നു
നീയില്ലാതെ ഒഴിഞ്ഞ മുറി
നീയന്നു തട്ടിതൂവിയ സിന്ധൂരം
ജാലകപടിയില്‍ അപ്പോഴുമുണ്ടായിരുന്നു
കുങ്കുമം പൂത്ത ഉടലോടെ
നിലക്കണ്ണാടിക്കുമുന്‍പില്‍
വയ്യ,
തനിചു നില്‍ക്കുവാന്‍
രാത്രിയില്‍
നീ വിളിചപ്പോഴേക്കും
ഞാനുറങ്ങിപ്പോയിരുന്നു


14 ജൂന്‍ 2002
തുരുത്തിപ്പുറം


മഴക്കാലമാണിവിടെ
എന്നെ കാണാന്‍ നീയാദ്ദ്യം കടന്ന പുഴ
നിറഞ്ഞൊഴുകുന്നു
കടത്തുവഞ്ചിയില്‍
നിലാവിന്റെ പുഴ കടക്കാന്‍
നീയെന്നു വരും
ഇടി മുഴങ്ങുബോള്‍
പേടിയോടെ കെട്ടിപിടിക്കാന്‍
എനിക്കു പിന്നെയും
പഴയ തലയിണ തന്നെ
മഴ പെയ്തു തീരുബോള്‍
നിന്റെ മണമാണു ചുറ്റിലും
എനിക്കു തണുക്കുന്നു


23 ജൂലായ്‌ 2002
തുരുത്തിപ്പുറം


എട്ടാം മാസമാണിതു
വയറിന്മേല്‍ ചവുട്ടികളിക്കയാണു
വികൃതി ചെക്കന്‍
നീ പറയും പോലെ
മയില്‍പ്പീലിക്കണ്ണുള്ള
അമ്മുക്കുട്ടിയായിരിക്കില്ല


12 ആഗസ്റ്റ്‌ 2002
തുരുത്തിപ്പുറം


കിടപ്പുമുറിയുടെ ജനലരികിലേക്കു
നീ നീക്കിവെച
നിശഗന്ധി പൂത്തു
ജനലശ്ഴികളില്‍ മുഖമമര്‍ത്തി
തനിയെ ഞാന്
തൊട്ടിലില്‍
അവനെപ്പോഴും ഉറക്കം
നിന്നെ മുറിചുവെചപ്പോലെയെന്നു
വെല്ല്യമ്മമാര്‍

16 സെപ്റ്റെംബെര്‍ 2002
തുരുത്തിപ്പുറം

വിവാഹവാര്‍ഷികമായിരുന്നു
വിളിചപ്പോള്‍
നിന്റെ സ്വരത്തിലെന്തെ വിഷാദം
നീയില്ലാതെ ഒരോണവും കഴിഞ്ഞു
എന്നെ തിരിചറിഞ്ഞു
മോനിപ്പോള്‍ ചിരിക്കും

2 ഡിസംബര്‍ 2002
അന്തിക്കാട്‌

മോനോടൊപ്പം
ഇന്നലെ അന്തിക്കാട്ടേക്കുവന്നു
നീ പോയിട്ടൊരു വര്‍ഷം
എത്രയോ വര്‍ഷങ്ങളായെന്നു തോന്നും
ചിലപ്പോള്‍
യാത്രയുടെ ദിവസം
നിന്റെ കഴുത്തിലൊട്ടിപിടിച
എന്റെ പൊട്ടു
അലമാരയിലെ കണ്ണാടിക്കു മീതെ
ഞാനിന്നു ഒട്ടിചു വെചു
അതിനു കീഴെ
നമ്മുടെ പേരെഴുതി ഒപ്പിട്ടു

16 ഏപ്രില്‍ 2003
തുരുത്തിപ്പുറം

വിഷുവായിട്ടും
അന്തിക്കാട്ടേക്കു പോയില്ല
എനിക്കിപ്പോള്‍
ആഘോഷങ്ങളൊക്കെയും മടുത്തു
ജീവിതം തന്നെയും
എത്ര കാലം ഇനിയും കാത്തിരിക്കണം
നീ വരുന്നില്ലെങ്കില്‍
ഒരെഴുത്തിനൊപ്പം ഞാനും വരും
നീ വിളിക്കാതിരുന്നതെന്തേ
അവനെയുറക്കി
ഞാന്‍ കാത്തിരുന്നു
രാത്രി നീളെ

18 സെപ്തെംബെര്‍ 2003
തുരുത്തിപ്പുറം

16 നു വാര്‍ഷികമായിരുന്നു
ഞാനും മറന്നു
എനിക്കു ക്ഷീണമാണു
മോന്‍ മുല കുടിക്കുന്നതിനാല്‍
ഇടയ്ക്കു തലചുറ്റലുണ്ടു
ഫോട്ടോ അയചുതരാം
ഒന്നര മാസത്തിലേറയായി
നീയെഴുതിയിട്ടു
മറന്നുവോ എന്നെ,മോനെയും

29 ഒക്ടോബര്‍ 2003
തുരുത്തിപ്പുറം

ഒരു കുഞ്ഞുള്ളതിനാല്‍
വെറും പകല്‍ക്കിനാവായിരുന്നു
നീയെന്നു കരുതാനും
എനിക്കു കഴിയാതായി



നീലത്താളിനടിയില്‍
വേദനപോലെ മെലിഞ്ഞു
എന്റെ പേരിന്റെ വാലുമുറിഞ്ഞു
അവളുടെയൊപ്പ്‌

2010, ജനുവരി 7, വ്യാഴാഴ്‌ച

ട്രെയിന്‍ കുറിപ്പുകള്‍

ഒന്ന്;



ജനലരികില്‍
എകാകിയായിരുന്നു
പെണ്‍കുട്ടി സിനിമ കാണുന്നു
ഇരുപത്തിനാല് ഫ്രെയിമിന്റെ
കണ്ക്കുമുറിച്ചു
ദൃശ്യങ്ങള്‍
നിശബ്ദമാക്കപെടുന്ന ഒച്ചകള്‍
വിരല്തുംബുപെക്ഷിച്ച സ്പരശ്ങ്ങള്

കാറ്റുകൊണ്ടുപ്പോയ വാക്കുകള്‍
വേഗങ്ങള്‍
ജനലരികിലിരുന്നു
വിട്ടുപ്പോന്ന ഓര്‍മകളില്‍
ഒറ്റയായി
പെണ്‍കുട്ടി
ജീവിതം അഭിനയിക്കുന്നു

ട്രെയിന്‍ കുറിപ്പുകള്‍

രണ്ടു;

വിരമിക്കപെട്ട ഓര്മകളുമായി
യാത്ര ചെയ്യരുത്
ബെര്ത്തില്നിന്നും തലനീട്ടി
വയസ്സനുറ്ക്കെ ചിരിച്ചു

ഞാനിപ്പോള്
പഴയകാലത്തേക്ക്
യാത്രയാക്കപ്പെട്ടവന്റെ
ബലിചോറുപ്പോലെയാണ്
നനഞ്ഞ കൈക്കൊട്ടി
കാത്തിരിക്കയാണ്
ജീവിതം ചികഞ്ഞിട്ട
കറുത്തുതിളങ്ങുന്ന ചിറകുകള്‍

ട്രെയിന്‍ കുറിപ്പുകള്‍

മൂന്നു;

നിന്റെ കണ്ണുകള്‍
നാരങ്ങാ നീരിന്റെ
നീറ്റലിറ്റിച്ചു ചുവപ്പിച്ചത്
ആരുടെ
യാത്രാമൊഴിയാണ്
രണ്ടു;

തിരിച്ചു വന്നിട്ടില്ല,ഇനിയും
കറുത്ത കൂണ്‍ വിടര്‍ന്ന
ആകാശത്തുനിന്നും
ഭക്ഷ്ണപ്പൊതികള്
പൊഴിയുന്നതും
നോക്കി
ഈന്തപ്പനതോട്ടങ്ങളുടെ
തണല് വിട്ടുപ്പോയ
കുട്ടികള്‍

മേല്‍വിലാസമില്ലാത്ത കവിതകള്‍

ഒന്ന്;

കാലം
മണല്കാറ്റ്പോലെ
ഒരടയാളവും
ബാക്കിവെക്കില്ല
ഓരോര്മയും
തിരികെതരില്ല

2010, ജനുവരി 6, ബുധനാഴ്‌ച

നാല്; കത്തില്‍,ഒരു ശൈത്യകാലരാത്രി

ചുടുനീരുറവ
ചുണ്ണാബുമലകളുടെ
പ്രാചീനമൌനം
ലവണസ്മൃതികള്
ആദിമസ്പരശ്ങ്ങള്
ഉറഞ്ഞു പോയ
അടരുകളുടെ
അശാന്തസാഗരം
സത്രച്ചുമരില്‍
നീണ്ടും കുറുകിയും
പിണയുന്ന നിഴല്‍
നീലക്കണ്ണു്കള്
വോഡ്കയുടെ
എരിവുള്ള ചുണ്ടുകള്‍
നവംബര്‍ വിപ്ലവത്തിനും
ഡോളര്‍ തിളക്കതിനുമിടയില്‍
അരക്കെട്ടോളം താഴ്ത്തികെട്ടിയ
ചെങ്കൊടി

മൂന്ന്‍; ജൂലാനിലെ ഉരുപണിക്കാര്‍

അവരുടെ സ്വപ്നങ്ങളില്‍
കടലൊഴുക്കുകളും
തിരയെടുക്കാത്ത
ഇരുന്ടകരകളും മാത്രം
മുങ്ങാത്ത ഉരു പണിയുന്നവന്റെ
ഓര്‍മയില്‍ ഒരിടവപ്പാതിയും
ജീവിതം പോലെ നനഞ്ഞുമുങ്ങുന്ന
കടലാസുത്തോണിയുമുണ്ട്
വേലിയേറ്റ്ങ്ങളും
ഉഷ്നപ്രവാഹങ്ങളും നിറഞ്ഞ
വര്ത്തമാനത്തിലൂടെ അവര്‍
കപ്പല്ചേതങ്ങളില്ലാത്ത
പുതിയ കടല്പ്പാതകള്‍ തേടുന്നു
നക്ഷ്ത്രങ്ങളിലാത്ത്ത
രാത്രിയുടെ ഏകാന്തതയിലൂടെ
വേരുകളരിഞ്ഞിട്ട മരത്തിന്റെ
ഓര്മപോലെ
വിട്ടുപോന്ന മണ്ണിന്റെ

നനവ്‌ തേടിപോകുന്നു

2010, ജനുവരി 2, ശനിയാഴ്‌ച

പെണ്മരം

മുടിയഴിച്ചിട്ട്
കൈകള്‍ വിടര്‍ത്തി
നിലവിളിക്കുന്ന പെണ്മരം

ഇരുബുപ്പാള്ങ്ങള്ക്കുമീതെ
ചിതറിപോകുന്ന
പെണ്ണുടല്
വാതിലിലൂടെ
പാളങ്ങളിലെക്
ഒരു പെണ്‍കുഞ്ഞു

മുറിവേറ്റ മകളെയും ചേര്ത്തു
തീവണ്ടിക്കെതിരെ
മുടിയഴിചിട്ടോരമ്മ

ട്രെയിന്‍ കടന്നുപോകുമ്പോള്‍
മുടിയഴിച്ചിട്ട് കൈകള്‍
ആകാശ്ത്തഎക്ക് വിടര്‍ത്തി
മരം നിലവിളിക്കുന്നത്
ഈ ഓര്‍മ്കളാലാവണം

ഭ്രാന്തന്‍

ഉറക്കെ ചിരിച്ച
വര്ത്തമാനം പറഞ്ഞ
കൈയാന്ഗ്യം കാട്ടി
വഴിയില്‍ ഒരാള്‍
ജാനിങ്ങനെ വിചാരിച്ചു
മൊബൈലില്‍
വേറെ ആരുടെയോ പെണ്ണിനോട്
ആരോ
തിരിങ്ങ്യു നോക്കിയ
എന്നോടും അയാള്‍ ചിരിച്ചു
ഭ്രാന്തന്‍

2010, ജനുവരി 1, വെള്ളിയാഴ്‌ച

ചാവേര്‍

മഴ വന്നത്
പെട്ടന്നായിരുന്നു
തീരെ പ്രതീക്ഷിക്കാതെ
നഗരത്തിരക്കില്‍
ഒരു ചാവേര്‍
പൊട്ടിതെറിക്കുന്നപോലെ
അവള്‍ പറഞ്ഞു
അത്ര മാത്രം അവിശ്വസനീയത
മഴയുടെ കാര്യത്തിലെന്തിനു
തര്‍ക്കിച്ചതിന്‍
കയര്ത്തില്ലവള്‍്
എല്ലാവരും ഓടുന്നത്
ഞങ്ങള്‍ നോക്കിനിന്നു
തലങ്ങും വിലങ്ങും
ആളുകള്‍ ഓടി
കൈയിലുണ്ടായിരുന്നതൊക്കെ
മഴയ്ക്ക് മറയായി പിടിച്ചു
മഴ നിന്നതും
പെട്ടെന്ന്‍
നനഞ്ഞ റോഡും
ചിതറിയ ആള്‍കൂട്ടവും

അവശിഷ്ടങ്ങള്‍ മാത്രം

കിലോമീറ്ററുകളോളം
എന്റെ ഇറാഖി സ്നേഹിത
പറഞ്ഞു
ഉടലുകളിലും

തെരുവിലും പിന്നെ മനസ്സിലും
ഇങ്ങിനെ
അവശിഷ്ടങ്ങള്‍ മാത്രം