2013, നവംബർ 6, ബുധനാഴ്‌ച

ഒരുവൾ 

ഒരുവൾ
രാവിലെ തന്നെ
വേറെപണിയൊന്നും ഉണ്ടാകില്ല്യ
പ്രണയനൈരാശ്യമായിരിക്കാം 
അതുമല്ലെങ്കിൽ
ആരെങ്കിലും കൊണ്ടിട്ടതാകും 
പീഡനം
ഇപ്പൊഴത്തെ 
ഒരു ട്രെന്റ്‌ അതാണല്ലോ
ഭർത്താവിനെ വിട്ടു
വല്ലോന്റെം ഒപ്പരം പോയതാവും
വീട്ടു വഴക്കായിരിക്കും
കണ്ടിട്ട്‌ നല്ല വീട്ടിലെതാന്നു
തോന്നുന്നു
സ്ത്രീധനമാകൂന്നെ
പൊയികൊണ്ട്വാ ബാക്കീന്നും
പറഞ്ഞു
ഇറക്കി വിട്ടതാവും.
വീട്ടുകാരെ ധിക്കരിച്‌
കാമുകനൊപ്പം ഇറങ്ങിയതാവും
അവൻ പെൺ വാണിഭമായിരിക്കും
അടിവയർ വീർത്തിരിക്കണ
കണ്ടില്ലെ
നല്ല നെറം
ഷേപ്പുംണ്ട്‌
തലമാത്രെ ചിതറി
പോയുള്ളൂ
ഭാഗ്യം...
എൻകൗണ്ടർ

അവന്റെ പേരു അങ്ങിനെയായതുകൊണ്ടുമാത്രം

അറസ്റ്റ്‌ 
കാരണം എന്തുമാകാം
ഒരെഴുത്ത്‌
അവന്റെ നാടിന്റെ പിൻ കോഡിൽ നിന്ന്
ഒരു ഇമെയിൽ
അവൻ പ്രണയം കുറിചിരുന്ന
കമ്പുട്ടറിൽ നിന്നായിരിക്കാം
അതുമല്ലെങ്കിൽ
അവന്റെ കവിതയിൽ
അവരങ്ങിനെയൊരു
ആകാശവും
കണ്ടെത്തിയെക്കാം.

ഒരപകടം
അവനെയെപ്പോഴും
പിന്തുടരുന്നുണ്ട്‌

പിന്നീട്‌
ഫ്ലാഷ്‌ ലൈറ്റുകൾക്കും
ടിവി ക്യാമറകൾക്കും
മുൻപിൽ
വെടിയേറ്റ്കിടക്കുമ്പോള്‍
എന്താണു സംഭവിചത്‌
എന്നറിയാതെ
അവന്റെ കണ്ണുകൾ
വെടിയുണ്ടയെത്തിയ വഴിയിലേയ്ക്ക്‌
അബരപ്പോടെ
നോക്കുന്നുണ്ടാവാം.

ഭ്രൂണരക്തം
മണക്കുന്നൊരു കാറ്റ്‌
അവനെ
തെരുവിൽ നിന്നും
ചുഴറ്റിയെടുത്തേയ്ക്കാം

അവന്‍റെ പേരു
അങ്ങിനെയായതുകൊണ്ടു മാത്രം

2013, നവംബർ 5, ചൊവ്വാഴ്ച

പചനിറം കൊണ്ടു പെണ്ണിനെ വരയ്ക്കുബോൾ സംഭവിക്കുന്നത്‌.

അവളുടെ വാക്കുകളിൽ 
കൊടുങ്കാറ്റ്‌ കൂടുവെക്കുന്നു
സ്പർശത്തിൻ തൂവൽ പൊഴിച്‌
ഒരു കിളി പറന്നു പോകുന്നു
ദേശാടന ദൂരങ്ങളിൽ നിന്ന്
കാറ്റിനൊപ്പം
അടയിരുന്നു മുട്ടവിരിയിക്കാൻ
ഒരോർമയെത്തുന്നു
മെലിഞ്ഞ ശ്വാസത്തിൽ
ജീവനുലഞ്ഞു കത്തുന്നു

അവളുടെ ചലനങ്ങളിൽ
ജലഗീതികളുണരുന്നു
ആലിംഗനങ്ങളിൽ
പുതുമഴപെരുക്കങ്ങൾ
ഉത്‌ ഭ്രന്തമായ ജലപല്ലവി
ആദ്യരതിയുടെ
ഉഷ്ണപ്രവാഹങ്ങൾ നിറഞ്ഞ
ഉടൽ

ജലഞരബ് തേടി
അവളുടെയുടലിൽ
വേരുകൾ നീളുന്നു
മഴവെള്ളം നിറഞ്ഞ കോളിനു കുറുകെ
താറാവു വഞ്ചിക്കാരുടെ കൂവൽ പോലെ
ബാല്യത്തിലേയ്ക്കു തിരിചോടുന്നു
കറുകമണം നിറഞ്ഞ ഒരോർമ

അവളുടെ മുടി
ഭൂമി പിർന്നു താഴ്‌ന്ന
മുറിവിനെ മൂടുന്നു
കൈതണ്ടിൽ ഭൂമി സ്പന്ദിക്കുന്നൊരു
പച ഞരബു തെളിയുന്നു
ആദ്യമഴയെറ്റു ശമിച മണ്ണിന്റെ
മണമേറ്റ്‌
പഴയ പ്രണയത്തിലേയ്ക്ക്‌
മുലക്കണ്ണുകളുണരുന്നു
നീലിമപടർന്നു
അവളുടെ മിഴികളിൽ
ആകാശമുദിക്കുന്നു
ഇലമുളചിയെ പോലെ
ഉടൽ നിറയെ വേരുകളാഴ്ത്തി പടരുന്നു
മരണം