2020, ജൂൺ 6, ശനിയാഴ്‌ച

മാഫിഫുല്ലൂസ് #എന്റെറാസ്‌അൽഖൈമവിശേഷങ്ങൾ

ഒരു ടാക്സിഡ്രൈവറാണെന്നു,
ഞാന്‍ എന്നെ തന്നെ
ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്ന,
റാസ്‌ അല്‍ ഖൈമയിലെ എന്റെ ആദ്യ ദിവസങ്ങള്‍.പലപ്പോഴും,
ഒരു ഡ്രൈവറാണെന്നത്‌ എന്നെ അലോസരപെടുത്തിയിരുന്നു.
ഞാന്‍ ഒരിക്കലും ആയിത്തീരാന്‍ പാടില്ലാത്ത ഒന്നാണതെന്നു ഞാന്‍ കരുതി.
പരിചയക്കാരുടെ കണ്ണിലും,
വാക്കിലും പരിഹാസമുള്ളതായി എനിക്കു തോന്നി.ഒരു ടാക്സി ഡ്രൈവറാകാന്‍ മാത്രമായിട്ടാണോ ഞാനിത്രയും ദൂരേ ഈ മണല്‍ക്കാട്ടിലെത്തിയത്‌.എന്റെ വഴി എഴുതിന്റെതും,വരയുടേതും ആയിരുന്നു ടാക്സി വിസയിലേക്ക് മാറുന്നു എന്നറിഞ്ഞപ്പോൾ ഏറ്റവും വിഷമം ഹിത്തിനായിരുന്നു.
വല്യേട്ടൻ ഒരു ടാക്സി ഡ്രൈവർ മാത്രമായി മാറരുതെന്ന് എല്ലാ എഴുത്തിലും അവൻ ഓർമിപ്പിച്ചു.
ഇവിടെ പക്ഷെ നമ്മുടെ ഇഷ്ടങ്ങൾക്ക് നിലനിൽപ്പില്ല..വന്നു കിട്ടുന്ന അവസരം അതിനൊത്തു രൂപം മാറുകയാണ് വഴി.
ഞാനിപ്പോൾ പരിണാമത്തിന്റെ ആ കഠിനവഴികളിലൂടെ പോയിക്കൊണ്ടിരിക്കാണ്.
എനിക്കീ ജോലി മടുപ്പും,മുഷിപ്പും നിറഞ്ഞതായി.ഷാര്‍ജയിലെ പഴയ
അഡ്വേർടൈസിഗ്‌ ജോലിയിലേക്കു
തന്നെ തിരിചു പോകാന്‍ ഞാന്‍ ആഗ്രഹിചു.അതു പക്ഷെ അത്ര എളുപ്പമായിരുന്നില്ല.ടാക്സി ജോലിയെന്നത് ഇത് വരെയുള്ള
ജോലികളിൽ നിന്നുംവ്യത്യസ്തമായ
ഒന്നാണ്.പ്രത്യേകിച്ചും ഗൾഫിൽ.
അവിടെ ടാക്സി യാത്രക്കാരെ തേടി ഓടിക്കൊണ്ടിരിക്കും
ഗലികളിലൂടെ നഗരപാതകളിലൂടെ ഷാബിയകളിലൂടെ..യാത്രക്കാർ വഴിയിൽ കാത്തുനിൽക്കും.
മെമ്മുറയില്‍ നിന്നും പാസ്പോര്‍ട്ട്‌ ഓഫീസിലേക്കു പൊകും വഴി,റാസ്‌ അല്‍ ഖൈമ ജയിലിനു അരികിൽ
ആയിട്ടായിരുന്നു ആ ഈജിപ്ഷ്യൻ സ്കൂൾ.കുറച്ചു ഉള്ളിലേക്ക് ഇറങ്ങി,
ഒരു ചെറിയ ഇടവഴിയുടെ അറ്റത്ത്.
സ്ക്കൂളിനരികില്‍ നിന്നും ഒരു മിസ്സ്രി
(ഈജിപ്ഷ്യന്‍) കൈ കാണിച്ച്‌ ഓടി വന്നു.അറബിപെണ്ണുങ്ങളിൽ നിന്നും ഇവരുടെ വേഷം വ്യത്യസ്തമാണ്.നീണ്ട ഒരുടുപ്പും
മഫ്തയുമാണ് അവരുടെ വേഷം.
കറുപ്പ് പർദ്ദ ഉണ്ടാവില്ല.
ക്ലിയോപാട്രയുടെ പിന്മുറക്കാർ.
അഴകും ഉടൽ വടിവുകളും
ഉള്ളവർ.
സിര്‍, റാസ്‌ അല്‍ ഖൈമ
കയറിയ ഉടനെ അവര്‍ പറഞ്ഞു.
സിര്‍ എന്നു അറബിയില്‍ പറഞ്ഞാല്‍ പോകൂ എന്നാണെന്ന് ഞാന്‍ അതിനകം പഠിച്ചിരുന്നു.
ടാക്സി ഡ്രൈവറാകുന്നതിന്റെ ആദ്യഘട്ടം അറബ്‌ പറയാൻ പഠിക്കുകയെന്നതായിരുന്നു
ഓയിന്‍ സിര്‍(എവിടെ പോകണം)
ഖൈഫഹാല്‍(സുഖമാണോ)
തമാം(നല്ലത്‌)..
എന്നിങ്ങനെ വളരെകുറചായിരുന്നു
അറബിയില്‍ എന്റെ അറിവ്.
പലപ്പോഴും ആംഗ്യങ്ങൾ ആയിരുന്നു പതിവ്.ഇസാർ,യെമിൻ
സീത..ഏറ്റവും അത്യാവശ്യമായ
വാക്കുകൾ അതായിരുന്നു.
റാസ്‌ അൽ ഖൈമ പുഴ കടന്ന് അക്കരെ ആയിരുന്നു.പുഴയെന്നു
വിളിക്കാൻ കഴിയാത്ത ഒരു കനാൽ നഖീലിനെയും റാസ്‌ അൽ
ഖൈമയെയും വേർതിരിച്ചുനിർത്തി
ദുബായ് ക്രീക്ക് പോലെ.
അവിടെയാണ് റാസ്‌ അൽ
ഖൈമയിലെ പ്രധാനപെട്ട
മാർക്കറ്റുകൾ ഉള്ളത്.കുവൈറ്റി
ബസാർ അറബ് സ്ത്രീകളുടെ കൂടുതൽ എത്തുന്ന ഒരിടമാണ്.
നഖീലിൽ കൂടി പോയാൽ കൂടുതൽ സിഗ്നലുകൾ ഉള്ളതിനാൽ എളുപ്പത്തിന് ഞാന്‍ കാര്‍ മേരീസു വഴി തിരിച്ചു.ഒരു ഒഴിഞ്ഞ
മൈതാനം ചുറ്റിയാല്‍,തിരക്ക് കുറഞ്ഞ പാതയിലൂടെ പാലത്തിനടുത്തേക്ക്‌ ഒരു എളുപ്പവഴിയുണ്ടായിരുന്നു.
ശിസ്മാ..,
അവര്‍ പിന്നെയും ചോദിചു
മിസ്രികള്‍ മുഖം മറയ്കില്ലായിരുന്നു
മഫ്ത മാത്രമേ ഉണ്ടാവൂ.അവര്‍ 30/35 വയസ്സു വരുന്ന ഒരു സ്ത്രീയായിരുന്നു.സുന്ദരിയെന്നു
പറയാന്‍ വയ്യെങ്കിലും,മയ്യെഴുതിയ
വശീകരണ ശക്തിയുള്ള കണ്ണുകൾ
ചായം തേച്ച്‌ ചുവപ്പിച്ച ചുണ്ടുകള്‍.
റിയര്‍ വ്യൂ മിററില്‍ എനിക്കത്രയെ അവരെ കാണാന്‍ പറ്റിയിരുന്നുള്ളൂ.
ഞാന്‍ പേരുപറഞ്ഞു.
ഇന്ത ഹബീബി
അവർ പറഞ്ഞു.
എനിക്കതിന്റെ അർത്ഥം
മനസ്സിലായില്ലെങ്കിലും ഞാൻ മൂളി.
ഒഴിഞ്ഞ ഗലികളിലൂടെ കാര്‍ ഓടികൊണ്ടിരുന്നു.പിന്നെയും അവർ പറഞ്ഞുകൊണ്ടിരുന്നു. അവര്‍ പറഞ്ഞത്‌ ഒന്നും എനിക്ക്‌ മനസ്സില്ലാകുന്നില്ലായിരുന്നു.ഞാന്‍ തിരിഞ്ഞു നോക്കി,എനിക്ക്‌ അറബിയറിയില്ലെന്നു അവരെ പറഞ്ഞു മനസ്സിലാക്കണം,
അതിനു നല്ലത്‌,ആംഗ്യ ഭാഷയാണു.
മുന്‍പും പലപ്പോഴായി ഞാനത്‌ പ്രയോഗത്തില്‍ വരുത്തിയിട്ടുള്ളതാണ്.
തിരിഞ്ഞു നോക്കിയപ്പോള്‍ എന്റെ ഉടലിലൂടെ ഒരു വിറ കയറി പടര്‍ന്നു.
പിന്‍സീറ്റില്‍ ,അവര്‍ അവരുടെ ഉടുപ്പു തുടകള്‍ക്കു മീതേയ്ക്കു ചുരുട്ടിവെച്ച്‌,കാലില്‍മേലുള്ള
അവരുടെ സ്റ്റൊക്കിങ്ങ്സ്‌ വലിചു കയറ്റുകയാണു,അല്ലെങ്കില്‍ ഞാന്‍ മനസ്സിലാക്കിയത്‌ അങ്ങിനെയാണ്.ഒന്നുകിൽ അവർ
മനഃപൂർവം ഞാൻ കാണാൻവേണ്ടി
ചെയ്യുന്നതാണ്.അല്ലെങ്കിൽ അവർ
പ്രതീക്ഷയ് ക്കാത്ത നേരത്തു
ഞാൻ അവരെ തിരിഞ്ഞു നോക്കിയതാവാം.ഞാന്‍ വിറയലോടെ ചുറ്റും നോക്കി.
ദൈവമേ,അഛനും,ഉണ്ണ്യേട്ടനും,സുരേഷേട്ടനും എപ്പോഴും പോകുന്ന വഴികളാണിതു.അവരാരെങ്കിലും എന്നെ ഇവര്‍ക്കൊപ്പം ഇങ്ങിനെ കണ്ടാല്‍...അവര്‍ പിന്നെയും എന്നെ വിളിചു.ഞാന്‍ തിരിഞ്ഞുനോക്കാതെ എനിക്ക്‌ അറബി അറിയില്ലെന്നു അവരോടു പറഞ്ഞു.
ശൂഫ്ഫ്‌..(നോക്കൂ...)
അവര്‍ കല്‍പ്പിചു.
നോക്കാതിരിക്കാന്‍ എനിക്കും പറ്റില്ലായിരുന്നു.ഈജിപ്ഷ്യന്‍ സൗന്ദര്യത്തിന്റെ നിറവും,
മാദകത്വവും ഞാന്‍ കണ്ടു.
ഞാനൊന്നും മിണ്ടിയില്ല,
അല്ലെങ്കില്‍ എന്റെ വാക്കുകള്‍ മരുക്കാറ്റു ഏറ്റപോലെ തൊണ്ടയില്‍ തന്നെ കരിഞ്ഞു വീണിരിക്കണം.തീക്കാറ്റ് എന്റെ
ഉടലാകെ മൂടി.എസിയിലും ഞാൻ വിയർത്തു കുളിച്ചു.
അവര്‍ പിന്നെയും അറബിയില്‍ എന്തൊക്കെയോ എന്നോടു ആവശ്യപെട്ടുകൊണ്ടിരുന്നു.
എനിക്കൊന്നും മനസ്സിലായില്ല.
ഒടുവില്‍ ഒരു പാടു കാലങ്ങള്‍ക്കു ശേഷമെന്നു എനിക്കു തോന്നിച്ച ഒരു യാത്രക്കു ശേഷം,
മണ്‍ചുവരുകളുള്ള ഒരു പഴയ വില്ലയ്ക്കു മുന്‍പില്‍ ആ യാത്ര അവസാനിച്ചു.അപ്പോഴും ഞാനവരെ തിരിഞ്ഞു നോക്കിയില്ല.
ഗൗരവത്തോടെയും പ്രൗഢമായ
ചലനങ്ങളോടെയും അവര്‍ കാറില്‍ നിന്നിറങ്ങി,ഡ്രൈവര്‍ സീറ്റിനരികിലെത്തി.
മാഫി ഫുല്ലൂസ്‌
പൈസയില്ല..
അവര്‍ പഴയ ഗൈറ്റ്‌ തള്ളി തുറന്നു വില്ലയിലേക്ക്‌ കയറിപ്പോയി.ഒരു നിമിഷത്തിനു ശേഷം തിരിച്ചു വന്ന്
എന്നെ ഒന്നു കൂടി നോക്കി,
പിന്നെ ഗൈയ്റ്റ്‌ വലിചടച്ചു.
തിരിച്ചു വരുമ്പോൾ ഞാൻ ആ സ്ത്രീയെകുറിച്ചാണ് ആലോചിച്ചത്.5 ദിർഹം ടാക്സി ചാർജ്തരാൻ അവരുടെ കയ്യിൽ ഇല്ലായിരുന്നു.
അതിന്റെ ഗതികേടിൽ ആവണം അതിനു പകരം അവർ സ്വന്തം ഉടലൊരു ഉപാധിയായി കണ്ടത്.
നിലനിൽപ്പിന്റെ പ്രാചീനമായ മറ്റൊരു രീതി.കാലങ്ങളായി നമുക്കിടയിൽ ഉള്ളത്.
ഉടൽ വടിവുകളെക്കാൾ അപ്പോൾ
അവരുടെ ആ ദയനീയതയാണ്
എനിക്കുള്ളിൽ അവശേഷിച്ചത്.

2020, ജൂൺ 2, ചൊവ്വാഴ്ച

എന്റെ റാസ് അല്‍ ഖൈമ വിശേഷങ്ങള്‍

ഉം അൽ ഖുവൈനിലെ കടലോരത്തുള്ള വില്ലയ്ക്ക് പിറകിൽ കാണുന്ന നീല നിറമുള്ള മലനിരകളെ കുറിച്ച് ചോദിച്ചപ്പോഴാണ് ആ പേര് ആദ്യം കേൾക്കുന്നത്.റാസ്‌ അൽ ഖൈമ
നാട്ടിൽ കാണാത്ത ആകൃതികളോടെ ചന്ദ്രനുദിക്കുന്ന നേരങ്ങളിലാണ് മലനിരകൾ തെളിഞ്ഞു വരിക...പകൽ അവ്യക്തമായ നിഴൽ ചിത്രങ്ങളായി അവ എപ്പോഴും അവിടെയുണ്ടായിരുന്നെങ്കിലും.
പരിചയക്കാരും ബന്ധുക്കളും പക്ഷെ അധികവും ഷാർജയിലും ദുബായിലും ആയതിനാൽ റാസ്‌ അൽ ഖൈമ യാത്രകളിലൊന്നും വന്നില്ല...ഇരുണ്ട നിഴൽനിരകളായി അവ മനസ്സിലെവിടെയോ മറഞ്ഞുകിടന്നു
അച്ഛന് ഒരു വിസകാര്യം വന്നപ്പോഴാണ്.,റാസ്‌ അൽ ഖൈമയിൽ നിന്നും സുരേഷേട്ടൻ വിളിച്ചത്.പരിചയമുള്ള ഒരു അറബിയുടെ ടാക്സി ഒഴിവുണ്ടെന്നും വേണേൽ നമ്മുക്ക് ആ വിസ എടുക്കാമെന്നും.നീ സൗകര്യം പോലെ ഇവിടെക്കൊന്നു വരാനും പറഞ്ഞതോടെ റാസ്‌ അൽ ഖൈമയിലേക്കുള്ള യാത്രയ്ക്കുള്ള സമയമായി.
വ്യാഴായ്ച വൈകീട്ട് ഷാർജയിൽ നിന്നും ടാക്സിയിൽ ഉം അൽ ഖുവൈനിലെ എത്തുക.അവിടെ നിന്നും ദുബായ് റാസ്‌ അൽ ഖൈമ ഹൈവെയിൽ നിന്നാൽ റാസ് അൽ ഖൈമയിലേക്ക് പോകുന്ന ഏതെങ്കിലും വണ്ടിയിൽ ലിഫ്റ്റ് കിട്ടും..അതാണ് എളുപ്പം.ഷാർജയിൽ നിന്നും നേരിട്ട് റാസ്‌ അൽ ഖൈമയ്ക്ക് ഷെയർ ടാക്സി കിട്ടാൻ പാടാണ്.. യാത്രക്കാർ തീരെ കുറവായിരിക്കും.കേട്ടിടത്തോളം ആരും ഒഴിവു ദിവസങ്ങളിൽ പോകാൻ ആഗ്രഹിക്കാത്ത പഴയ ഒരു നാട്ടിൻപ്പുറം പോലെയുള്ള ഒരു എമിറേറ്റ് ആണത്.ചുണ്ണാമ്പ് മലകളുടെ നാട്...റാസ്‌ അൽ ഖൈമ.വലിയ പാറ കല്ലുകൾ ട്രക്കുകളിൽ അവിടെ നിന്നും യുഎ ഇയുടെ പല എമിറേറ്റുകളിലേയ്ക്കും കൊണ്ട് പോകുന്നത് കാണാം.ആകർഷണീയമായി ഒന്നും അവിടെയുള്ളതായി ആരും അതുവരെ പറഞ്ഞു കേട്ടിട്ടില്ല
അന്ന് ഷാർജയിൽ ഒരു അഡ്വേർടൈസിംഗ് കമ്പനിയിൽ ആയിരുന്നു ജോലി.വ്യാഴാഴ്ച വൈകീട്ട്
കുറച്ചു നേരത്തെ ഇറങ്ങി ഉം അൽ ഖുവൈൻ എത്തിയിട്ടും കുറെ നേരം നിന്നതിനു ശേഷാണ്
ഒരു പാകിസ്താനിയുടെ പിക്‌അപ്പ് കിട്ടിയത്.അയാൾ ദുബൈയിൽ നിന്നും പുല്ലുകെട്ടുകളും കൊണ്ട് വരായിരുന്നു.അയാൾ കൈനീട്ടി ഡോർ തുറന്നു തന്നു..പിന്നെ ചിരിച്ചു കൊണ്ട് മലബാറി എന്നും.
സുഖമാണോ
കൊഞ്ചിയ മലയാളത്തിൽ അയാൾ എന്നെ അത്ഭുതപ്പെടുത്താനുള്ള ശ്രമമാണ്‌.ഞാൻ ചിരിച്ചു.
അതെ.ഗൾഫിൽ വന്നതിനുശേഷം മലയാളം പറഞ്ഞു എന്നെ അത്ഭുതപ്പെടുത്തുന്ന രണ്ടാമത്തെ
പാക്കിസ്ഥാനി ആണിയാൾ.മുൻപ് ഉം അൽ ഖുവൈനിലെ ഡ്രൈവിംഗ് ഉസ്താദ്.,
പേരിപ്പോൾ ഓർമയില്ല.
കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നതും സീറ്റ് ബെൽറ്റ് ഇടൂ..അയാൾ പറഞ്ഞു.
ഞാൻ ബെൽറ്റ് ഇട്ടു.
നാട്ടിൽ എവിടെ
തൃശൂർ...
ഉം.അയാൾ മൂളി.
ഞാൻ തിരുവനന്തപുരം അയാൾ പറഞ്ഞു.
ഞാൻ തല കുലുക്കി.വണ്ടി ഓടി തുടങ്ങിയപ്പോൾ
അയാൾ പാട്ടു വെച്ചു..
"നിൻ തുമ്പു കെട്ടിയിട്ട ചുരുൾ
മുടിയിൽ..,"അയാൾ പാട്ടിനൊപ്പം പാടി..
മമ്മുട്ടിയെയോ മോഹൻലാലിനെയോ ഇഷ്ടം
അയാൾ ചോദിച്ചു..എനിക്ക് മോഹൻലാൽ ആണ്
പിന്നെ അയാൾ കണ്ണീർ പൂവിന്റെ കവിളിൽ...എന്ന്
പാട്ടു മൂളാൻ തുടങ്ങി..പിന്നെ എന്നെ നോക്കി
കണ്ണിറുക്കി ചിരിച്ചു ഞാൻ ബലൂചി ആണ്...അത്
ഞാൻ ആദ്യം കേൾക്കുന്ന പേരായിരുന്നു.എന്താണ്
ബലൂച്ചി യെന്ന് എനിക്കറിയില്ലായിരുന്നു.എങ്കിലും
ഞാൻ ചിരിച്ചു.അയാളും..പിന്നെ വൈകീട്ട്
അച്ഛനാണ് ഉസ്താദ് ബലൂചിയേകുറിച്ചു പറഞ്ഞു തന്നത്.
എവിടെ ജോലി..
പാക്കിസ്ഥാനി വിടാൻ ഭാവമില്ല
ഒറ്റയ്ക്കിരുന്നു മുഷിഞ്ഞതിന്റെ മടുപ്പുണ്ടായിരിക്കാം
അയാൾക്ക്.ഞാൻ ജോലി പറഞ്ഞു..
."ഷാദി.."
ഇല്ലെന്നു പറഞ്ഞപ്പോൾ അയാളുടെ മുഖത്തു
അവിശ്വാസനീയത് നിറഞ്ഞു.അയാൾ പിന്നെ
അയാളുടെ കുടുംബത്തെക്കുറിച്ചു പറയാൻ
തുടങ്ങി..പിന്നെ അയാളുടെ ഗാവ് നെ കുറിച്ച് നാടിനെ കുറിച്ച് ഞാൻ ശ്രെദ്ധിക്കുന്നുണ്ടോ എന്നത്
അയാൾക്കൊരു വിഷയമേ അല്ലായിരുന്നു.ദീർഘ
മായ യാത്രകളിൽ അതൊരു പക്ഷെ അവരുടെ ശീല
മായിരിക്കാം..തനിച്ചു സംസാരിക്കുക..മറ്റൊരാളോട്
ആണെങ്കിൽ പോലും തനിച്ചെന്നവണ്ണം
സംസാരിക്കുക.ഞാൻ പിറകിലേക്ക് ഓടി മറയുന്ന
മണല്പരപ്പിന്റെ കാഴ്ചകളിൽ ആയിരുന്നു.തിരമാല
പോലെ നീണ്ടു കിടക്കുന്ന മരുക്കടൽ.
പോക്കുവെയിലിൽ മണൽക്കാട് വശ്യമായൊരു
കാഴ്ചയാണ്..സ്വർണ്ണതിരമാലകളുടെ ഒരു കടൽ.
റാസ് അൽ ഖൈമയുടെ ടാക്സി സ്റ്റാൻഡിന് അരികിൽ അയാൾ വണ്ടിയൊതുക്കി.എനിക്ക്
പോകേണ്ട സ്ഥലം അയാൾ ആദ്യമേ ചോദിച്ചറിഞ്ഞിരുന്നു.അയാൾ ആ വഴി അല്ലെന്നും
ദിഗ്‌ദാക്കയിൽ ശൈഖിന്റെ ഫാർമിലേയ്ക്കുള്ള
പുല്ലാണിതെന്നും അയാൾ പറഞ്ഞിരുന്നു.പിന്നെ
എനിക്ക് പോകേണ്ട സ്ഥലത്തേയ്ക്ക് എങ്ങിനെ
എത്താമെന്നും..
ഗുദാഫീസ്.. അയാൾ കൈകൾ നീട്ടി..ഞാനും.
ടാക്സി സ്റ്റാൻഡിൽ നിന്നും കയറിയാൽ അവർ
നഖീലിൽ ഇറക്കും..അവിടെ നിന്നും ടാക്സിയിൽ
ഫയർ സ്റ്റേഷൻ ന്റെ അരികിൽ,അൽ വാദി സ്റ്റുഡിയോ എന്ന് പറഞ്ഞാൽ മതി..ഞാൻ ഇവിടെ
ഉണ്ടാകും.വഴി പറഞ്ഞു തന്ന് സുരേഷേട്ടൻ ഫോൺ
വെച്ച്..നഖീലിലേയ്ക്കുള്ള ഷെയർ ടാക്സി കാത്ത്
ഞാൻ റോഡരികിൽ നിന്നു.
പഴയ നരച്ച ഒരു നാട്ടിൻപ്പുറം പോലെ.,റാസ് അൽ
ഖൈമ.മഞ്ഞച്ച ചായമടിച്ച 3/ 4 നിലയുള്ള കെട്ടിടങ്ങൾ ഷാർജയിൽ നിന്നും വന്ന എന്നെ
നിരാശപ്പെടുത്തി.പ്രായമായ കുറച്ചു അറബികൾ ടാക്സി സ്റ്റാൻഡിന് അരികിൽ ഹുക്ക വലിച്ചു ഇരിക്കുന്നുണ്ട്.അവരാണ് ദുബൈയിലേക്ക് ഉള്ള
യാത്രക്കാരെ കൊണ്ട് പോകുന്നത്.പിന്നെ കുറച്ചു
പാഠാണികൾ.അവരും ടാക്സി തന്നെ.
തിരക്കൊഴിഞ്ഞ പാത.കുറച്ചു നേരത്തിനുള്ളിൽ
ടാക്സി കിട്ടി
ഒറ്റപ്പെട്ട കെട്ടിടങ്ങൾ.ഗ്രോസറികൾ..പിന്നെയും ചെറിയ തെരുവുകൾ,ഇടയ്ക്ക് വണ്ടി നിർത്തുമ്പോൾ മസാല നിറച്ച ഇറച്ചി വേവുന്ന
മണം..തിരക്കുക്കൂട്ടി നീങ്ങുന്ന ആൾക്കൂട്ടം.
അതിനിടയിൽ ഒരു പാലവും.ഗൾഫിൽ ഏറ്റവും കുറവുള്ള കാര്യമായി തോന്നിയിട്ടുള്ളത്
അതാണ്.പാലങ്ങൾ.നമ്മുടെ
നാടിനെ വെച്ച് നോക്കുമ്പോൾ.,പ്രത്യേകിച്ചും.
നഖീൽ
ഇവിടെ കടന്നു പോന്നതിൽ വെച്ച് ഭേദപ്പെട്ട ഒരു
ബസാർ ആണ്.കുറേക്കൂടി ആളുകൾ.കൂടുതലും
മലയാളികൾ..പട്ടണത്തിനു നടുവിൽ തന്നെ ഒരു
സിനിമ ടാകീസ്‌ .അടുത്ത് കണ്ട കടയിൽ കയറി മത്താഫി എവിടെയെന്ന് തിരക്കി.പരിചയമില്ലെന്നു കൊണ്ടാവാം അയാൾ അടുത്തുള്ള ടാക്സിക്കാരനെ എനിക്ക് വേണ്ടി ഏർപ്പാടാക്കി.നഖീലിൽ നിന്നും അധികം ദൂരെയല്ല ജൂലാൻ.ദുബൈയിൽ നിന്നാണോ..ടാക്സിക്കാരൻ
മലയാളി ആയിരുന്നു.കുന്നംകുളത്തുകാരൻ.
അയാൾ കൃത്യം അൽ വാദിയുടെ മുൻപിൽ കൊണ്ട്
ചെന്ന് നിർത്തി തന്നു....
അലസമായ ഒരു നാട്ടിൻപ്പുറം പോലെ ജൂലാൻ.
അകത്തെ ഡാർക്ക് റൂമിന് അരികിൽ,സുരേഷേട്ടൻ
ഏതോ ഫോട്ടോയുടെ ഫിനിഷിങ് തിരക്കിലായിരുന്നു
അതിനിടയിലും വിശേഷങ്ങളും.,നാട്ടുകാര്യങ്ങളും
അച്ഛന്റെ സുഖ വിവരങ്ങളും..ഫോട്ടോ തയ്യാറാക്കി
ബിജുവിനെ ഏൽപ്പിച്ചു.,നമ്മുക്കെന്നാ ഇറങ്ങിയാലോ.,എന്നായി സുരേഷേട്ടൻ.ആദ്യമേ
അറബിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു.ഇന്ന്
വൈകിയാലും പാസ്പോർട്ട് കോപിയുമായി ചെല്ലാമെന്നും ഏറ്റിരുന്നു.റംസിലാണ് അറബിയുടെ
വീട്.നല്ല മനുഷ്യനാണ്.ഇടയ്ക്ക് കുറെ തൈരും
കൊണ്ട് കടയിൽ വരും.സുരേഷേട്ടൻ വളരെ നാളായി റാസ് അൽ ഖൈമയിലാണ്.സ്റ്റുഡിയോ
ആണ്.അറബികൾക്കിടയിലും അൽ വാദി സ്റ്റുഡിയോ പ്രശസ്തമാണ്. നന്നായി അറബ് സംസാരിക്കും.സുരേഷേട്ടന്റെ ക്ലയന്റ് ആണ് ഈ അറബി.
റാസ് അൽ ഖൈമയിലെ രാത്രി.യുഎ ഇ യുടെ
പൗരാണിക മുഖമാണ് റാസ്‌ അൽ ഖൈമയുടേത്.
പഴക്കം ചെന്ന കോട്ടകളും നൂറ്റാണ്ടുകൾക്ക്
മുൻപുള്ള ജന സംസ്കൃതികളും ഉള്ള നാട്.
പുറത്തു ഇരുട്ട് പരന്നിരുന്നു.വിളർത്തു നനഞ്ഞ ഇരുട്ട്.തിളങ്ങുന്ന പാതകൾ.വീണ്ടും ഹൈവേ..അത്
നേരെ ഷാമിലേയ്ക്കും അവിടെ നിന്ന് ഒമാനിലേക്കും
പോകുന്നുവെന്നു സുരേഷേട്ടൻ പറഞ്ഞു.
ഇരുട്ടിനു കുറേക്കൂടി കനം വെച്ചിരുന്നു
മലനിരകൾ ഇപ്പോൾ വളരെ അടുത്താണ്.
റോഡിനപ്പുറം അത് കരുത്തിരുണ്ടു ഭീമാകാരമായി
നിന്ന്..ഇടയ്ക്കു വരുന്ന സമതലങ്ങളിൽ ഇടവിട്ട്
കുറ്റിക്കാട്..വളർച്ച മുരടിച്ച പോലെ ഉയരമില്ലാത്ത
മരങ്ങൾ.ഇടയ്ക്കിടയ്ക്ക് അറബികളുടെ പാർപ്പിടങ്ങൾ..ഷാബിയകൾ.പല വഴികളായി
പിരിയുന്ന വിളക്ക് കാലുകൾ.
വിജനമായ പാതയിലൂടെ കുറച്ചു ദൂരം വന്നിരിക്കണം.വീണ്ടും മറ്റൊരു ഷാബിയ.പെട്രോൾ
പമ്പ്.ചെറിയ ഗ്രാമ പാതയിലൂടെ ഓടി വണ്ടി കുറച്ചു വീടുകൾ നിറഞ്ഞ ഒരുൾവഴിയിലേക്ക് കയറി.
അതാണ് നമ്മുടെ അറബിയുടെ വീടുള്ള ഷാബിയ.
ആടുകളുടെ പുഴുക്ക മണം നിറഞ്ഞ ഒരിടം
എല്ലാ വീടുകൾക്കും മുൻപിൽ വലിയ കൂടുകൾ.
വണ്ടി ഒതുക്കി നിർത്തി ഇറങ്ങുമ്പോൾ മുന്നിലെ
വീടിന്റെ ഉയർത്തികെട്ടിയ നമ്മുടെ നാട്ടിലെ ഇറയം
പോലെയുള്ള ഭാഗതിരിക്കുന്ന ഒരു പ്രായമുള്ള
അറബിയുടെ നേരെ ചിരിച്ചു സുരേഷേട്ടൻ പറഞ്ഞു.
പിന്നെ ചിരിച്ചു കൊണ്ട് സലാം പറഞ്ഞു..ഞാനും
ഇതാണ് നമ്മുടെ അറബി.അബ്‌ദുല്ല.
അറബി ചിരിച്ചുകൊണ്ട് എണീറ്റു.. സലാം പറഞ്ഞു
കൈനീട്ടി.
കൈഫാലക്ക്...സുരേഷേട്ടൻ അറബിയിൽ
തന്നെ അതിനു മറുപടി പറഞ്ഞു.അറബിയുടെ
അരികിൽ ഇരുന്നു.എന്നോടും ഇരിക്കാൻ പറഞ്ഞു
ആദ്യമായിട്ടായിരുന്നു ഒരു അറബിയുടെ വീട്ടിൽ.
ചുറ്റും ചെറുതും വലുതുമായി കുറച്ചു വീടുകൾ
ഇടയ്ക്ക് തലമൂടിയ അറബി പെണ്ണുങ്ങളും
സിലോണികളും കൈയിൽ പാത്രങ്ങളുമായി വീടുകൾക്കിടയിലെ ഇരുട്ടിലൂടെ അയൽ വീടുകളിലേക്ക് പൊയ്കൊണ്ടിരുന്നു..ചില വീടുകളുടെ മുൻപിൽ ഒട്ടകങ്ങൾ വലിയ കണ്ണുകൾ മിഴിച്ചു രാത്രിയിലേക്ക് നോക്കി കിടന്നു.
കുറച്ചു നേരം സുരേഷേട്ടനും അറബിയും തമ്മിൽ
സംസാരം തുടർന്നു. അകത്തു നിന്നും ഒരു പയ്യൻ
വന്നു അറബിയുടെ അടുത്തിരുന്നു.അലി.
അരികിൽ നിന്നിരുന്ന വീട്ടു ഡ്രൈവറോട് അറബി
എന്തോ മന്ത്രിച്ചു.അയാൾ അകത്തേക്ക് പോയി.
പിറകെ അലിയും.മുറ്റത്തുള്ള,പുളിമരം പോലെ തോന്നിച്ച മരത്തിനിടയിലൂടെ നിലാവ് വീഴാൻ
തുടങ്ങിയിരുന്നു.അറബിയും സുരേഷേട്ടനും
വേറെ എന്തൊക്കെയോ കാര്യങ്ങളിലാണ് സംസാരം
കൈയും ആംഗ്യവും കാട്ടിയാണ് അറബിയുടെ
സംസാരം.ഞാൻ ചുറ്റും നോക്കിയിരുന്നു.
നിഴലുകൾ കൂടുതൽ ഇരുണ്ടു.അകത്തു
പോയ ആൾ ഒരു ട്രേയിൽ രണ്ടു ഗ്ളാസ്സുകളുമായി
വന്നു.അറബി അതെടുത്തു എനിക്കും സുരേഷേട്ടനും നീട്ടി..അറബിയിൽ എന്തോ പറഞ്ഞു
സുരേഷേട്ടൻ ഗ്ളാസ്സിൽ നിന്നും കുറച്ചു മാത്രം
മറ്റൊരു ഗ്ളാസ്സിലേയ്ക്ക് പകർന്നു.പിന്നെ കുടിക്കൂ
എന്ന് എന്നോടും.നേർത്ത് തണുപ്പുള്ള ഗ്ലാസ്സ്.
വല്ലാത്തൊരു വാടയുള്ള ഗ്ലാസ്സ് നിറയെ പുളിയും
രുചിയും തോന്നാത്ത എന്തോ ഒരു കൊഴുത്ത ദ്രാവകം.കണ്ണടച്ചു മുഴുവൻ വലിച്ചു കുടിച്ചപ്പോൾ
അറബിക്ക് കൂടുതൽ ചിരി.ഇനിയും വേണോ
എന്ന് സുരേഷേട്ടനോട് എന്നോട് ചോദിക്കാൻ
പറയുന്നത് അറബി അറിയാതെ പോലും എനിക്ക്
മനസ്സിലായി.എന്റെ ദയനീയഭാവം സുരേഷേട്ടന്
പിടികിട്ടിയത് കൊണ്ട് മാത്രം..ഞാൻ രക്ഷപെട്ടു
സുരേഷേട്ടൻ എണീറ്റു.., അറബിയും.പിന്നെയും
കൈകൾ നീട്ടി യാത്ര പറഞ്ഞു.‌
തിരിച്ചു വരുമ്പോൾ മലനിരകൾക്ക് കൂടുതൽ
ഭംഗി തോന്നി.മലനിരകൾക്ക് മീതെ നാട്ടിൽ
കാണാത്തത്രയും വലുപ്പത്തിൽ പൂർണ്ണ ചന്ദ്രൻ.
അച്ഛന്റെ വിസ കാര്യം ശരിയായ സന്തോഷം ഉള്ളിൽ
ഉള്ളതിനാൽ എനിക്ക് ആ നിലാവുള്ള രാത്രി ഏറെ
പ്രിയപ്പെട്ടതാണ്.പിറ്റേന്ന് തിരിച്ചു വരുമ്പോൾ
റാസ്‌ അൽ ഖൈമ എന്നിൽ നഷ്ടബോധമൊന്നും
ഉണർത്തിയില്ല.ഷാർജയുടെ ഒതുക്കത്തിനും
ദുബായുടെ പ്രലോഭങ്ങൾക്കും മീതെ എന്റെ മനസ്സ്
കീഴടക്കാൻ മാത്രം ഒന്നും അപ്പോൾ റാസ് അൽ ഖൈമയിൽ ഉണ്ടായിരുന്നില്ല..
പിന്നെയും അവിടേക്ക് തിരിച്ചു വരാനും.,ജീവിതത്തിലെ ഏറ്റവും വേദനാഭരിതവും
സ്നേഹഭരിതവുമായ വർഷങ്ങൾ അവിടെ ചിലവഴിക്കാനും ഇട വരുമെന്ന് എന്റെ ഭ്രാന്തൻ
സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിരുന്നുമില്ല.
ജീവിതം എപ്പോഴും കരുതി വെക്കുന്നത് അത്തരം
ട്വിസ്റ്റുകൾ ആയിരുന്നിട്ടുപോലും

എന്റെ റാസ്അൽഖൈമ വിശേഷങ്ങള്‍

."നീയിതെവെടെയാടാ...കുറെയായി ഞാൻ വിളിക്കുന്നു.."
ലാൻഡ് ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും ഭാസ്യെട്ടന്റെ ഒച്ചപ്പാട്..ശകാരം.
"ആരാ..."പാതിമുറിഞ്ഞ ഉച്ചയുറക്കത്തിന്റെ ആലസ്യവും
കനവും ഉണ്ടായിരുന്നിരിക്കണം എന്റെ സ്വരത്തിൽ.
"നിന്റെ അമ്മായപ്പൻ.,ഇത് ഞാൻഡാ
പള്ളി ഭാസി..."
"എന്നെത്തി നാട്ടീന്ന്.."
"ഞാനിന്ന് എത്യേയുള്ളൂ..നിനക്ക് ഒന്ന് രണ്ടു എഴുത്തുകളുണ്ട്.. പിന്നെ പുസ്തകങ്ങളും.ഞാൻ നാളെ ജോയിൻ ചെയ്യൂ.നീയിന്നു വാ.വേഗം."
"ഞാൻ വരണോ ഭാസിയേട്ടാ..എഴുത്തു പോസ്റ്റ് ചെയ്‌താൽ മതി.പുസ്തകം വാങ്ങാനും.,വിശേഷങ്ങൾ കേൾക്കാനും ഞാൻ അടുത്ത് തന്നെ
വരേം ചെയ്യാം..അത് പോരെ.."
"ഹിത്തിന്റെയും,അനുവിന്റെയും എഴുത്തുകൾ പോസ്റ്റ് ചെയ്താലും
അമ്മയുടെ എഴുതെന്ത് ചെയ്യും.അത്
വാങ്ങാൻ നീ വര്വന്നെ വേണം..ആ
കവറിനുള്ളിൽ എന്തൊക്കെയോ ഉണ്ട്.അത് മാത്രല്ല..നാളെ നിന്റെ
പിറന്നാൾ ആണെന്നും അതിനും
മുൻപെ ഇത് നേരിട്ട് കൊടുക്കണം
ന്നും എത്തനേച്ചി പ്രത്യേകം പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് നീ
യെത്രേം വേഗം വാ..."
ഇപ്പോഴേ ഇറങ്ങിയാൽ രാത്രിയോടെ
തിരിച്ചു വരാം.ഉച്ച കഴിഞ്ഞു വരില്ല
എന്ന് സുദേഷ്ണയെ വിളിച്ചു പറഞ്ഞാൽ ഓഫീസിൽ കയറാതെ
ഇവിടുന്നെ തിരിക്കാം..ബംഗാളി
നോവലുകളെക്കുറിച്ചു അറിയുമെന്ന
കാരണത്താൽ സുദേഷ്ണയ്ക്ക്
എന്നെ കുറച്ചു കാര്യവുമാണ്.
ആശാപൂർണാദേവിയുടെ പ്രഥമപ്രതിശ്രുതി മാതൃഭൂമി
ആഴ്ചപ്പതിപ്പിൽ വന്നിരുന്നപ്പോൾ
അതിന് എ. എസ് വരച്ച മുഖത്തെ
ഓര്മിപ്പിക്കുന്നതാണ് സുദേഷ്ണയുടെ വട്ടമുഖം.
രണ്ടു പ്രാവശ്യം റിങ് ചെയ്തതിനു ശേഷം.,ഭാഗ്യം ഫോൺ എടുത്തത്
അവൾ തന്നെയായിരുന്നു.താമസം
റോളയിൽ ആയിരുന്നതിനാൽ
ലഞ്ച് ബ്രേക്ക് അവൾ ഓഫീസിൽ
തന്നെയായിരുന്നു.ഉപചാരങ്ങൾക്ക്
ശേഷം സ്വരം തിരിച്ചറിഞ്ഞപ്പോൾ
അവൾ ചിരിച്ചു.
"ഇന്നെവിടെയ്ക്കാണ് മുങ്ങൽ..
മുൻപ് ഷാർജ സ്റ്റേഡിയത്തിൽ ഇന്ത്യ
പാക്കിസ്ഥാൻ ക്രിക്കറ്റ് കാണാൻ
പോയതിന്റെ കള്ളി പൊളിഞ്ഞത്
ഓർത്താണ് ചിരി.അന്ന് കമ്പനിയിൽ
എല്ലാവര്ക്കും ഫുഡ് പോയ്സൺ
ആയിരുന്നു..പിറ്റേന്ന് ഓഫിസിൽ
നിരത്തി നിർത്തിയപ്പോൾ മാത്രമാണ്
ഒരേ കാരണമാണ് എല്ലാവരും പറഞ്ഞത് എന്ന് തിരിച്ചറിഞ്ഞതും.
നുണ പറയാൻ നിന്നില്ല..അപ്പോൾ
അമ്മ തന്നയച്ചത് അവൾക്കും വേണ മെന്നായി.
"അമ്മ നൽകുന്നത് ഒരുമ്മ ആണെങ്കിലോ.."
കുസൃതിയോടെ അവൾ ചിരിച്ചു
"അമ്മ തരുന്ന പോലെ തന്നോളൂ..."
ഷാർജയിൽ നിന്നും ഒരുമണിക്കൂറിൽ
കൂടുതൽ യാത്രയുണ്ട് റാസ്‌ അൽ
ഖൈമയിലെത്താൻ.ഉം അൽ ഖുവൈൻ കഴിഞ്ഞപ്പോൾ റോഡ് വിജനമായി.ഇടയ്ക്ക് മാത്രം വലിയ
പാറക്കല്ലുകൾ കയറ്റിയ ട്രക്കുകൾ
മാത്രം.റോഡ് അലസം മണല്കുന്നുകൾക്കിടയിലൂടെ നീണ്ടു
കിടന്നു.വെയിൽ ചായാൻ തുടങ്ങി.
പൊക്കുവെയിലിൽ മണൽ
കുന്നുകൾ പൊൻ നിറമാർന്നു തുടുത്തു.ഇടയ്ക്ക് റോഡ് മുറിച്ചു
കടക്കുന്ന ഒട്ടക കൂട്ടങ്ങൾ..
അമ്മ എന്തായിരിക്കും കൊടുത്ത്
അയച്ചിരിക്കുന്നത്.ഉണ്ണിയപ്പവും
അലുവയുമായിരിക്കില്ല.എഴുത്തിന്റെ
ഉള്ളിലിട്ടു കൊടുത്തയാക്കാൻ മാത്രം
എന്തായിരിക്കും ഇത്ര വിശേഷായിട്ടു.
ഓർത്തു നോക്കിയിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.
വിചാരിച്ചതിലും വേഗം കാറാനിൽ
എത്തി. ബെൽ അമർത്തി കൈയെടുക്കും മുൻപ്
വലിയൊരു ചിരിയോടെ വാതിൽ തുറന്ന് ,പഴയൊരാ ഇഷ്ടത്തോടെ
ഭാസിയേട്ടൻ ചുമലിൽ പിടിച്ചു..
"നിന്റെ വിശേഷങ്ങൾ എന്താടാ..."
"അത് ശരി., നാട്ടിൽ നിന്നും വന്ന
ആളോട് ഞാനെന്തു വിശേഷാണ്
പറയുന്നത്..വൈശാഖീം.,തോറ്റോം
പൂരങ്ങളും..പറയാൻ ഭാസിയേട്ടനല്ലേ
ഒരുപാടുള്ളത്."
"നാട്ടിലാണ്ടാ..സുഖം.സത്യത്തിൽ ഒരു
ടെൻഷനും ഇല്ല.സാധനങ്ങൾക്ക്
ഇത്തിരി വിളകൂടുതൽ ഉണ്ടെന്നു
മാത്രം.4 മാസം പോയതറിഞ്ഞില്ല
ഞാൻ.തോറ്റങ്ങൾക്ക് ഒക്കെ പോയില്ല..കൊല്ലാറ സഞ്ജു ഇല്ലാതെ
സുഖായില്ല..,പകരം സുരേഷാ തുള്ളിയത്.പഴേ പോലെ വരുന്നവരൊക്കെ തുള്ളോ എന്നൊരു പേടിയുണ്ടായിരുന്നു രാഘവച്ചാച്ചാന്. അതുണ്ടായില്ല ഭാഗ്യത്തിന്.
കൊല്ലാടിയിൽ ദാസനും മഡൂം
നോക്കിയെങ്കിലും നമ്മുടെ
അരവിന്ദേട്ടനല്ലേ ആള്ഒരെണ്ണതിനെ
ആ വഴി അടുപ്പിച്ചില്ല..മൂപ്പർ തന്നെ
തുള്ളി."
സംസാരം മുറിയാതെ ഭാസിയേട്ടൻ
എണീറ്റ് പോയി,എഴുത്തുകളും
പുസ്തകങ്ങളും എടുത്തു വന്നു
ഒയെൻവിയുടെ ഉജ്ജയിനിയും,
രണ്ടാമൂഴത്തിന്റെ പുതിയ പതിപ്പും.
പുസ്തകം കൊടുത്തയക്കുബോൾ
പോലും അമ്മയ്‌ക്കെന്റെ മനസ്സ് കൃത്യമായിട്ടറിയാം.
"നീയെഴുതു നോക്കുമ്പോഴേക്കും
ഞാനോരോ സുലൈമാനിയിട്ടു
വരാം."
അനുവിന്റെയും,ഹിത്തിന്റെയും കത്തുകൾ ഞാൻ പുസ്തകത്തിനിടയിൽ തിരുകി വെച്ച്
അമ്മയുടെ എഴുത്തിന്റെ അരികു കീറി.അതിനുള്ളിൽ എന്താണെന്ന്
തിരിച്ചറിയാൻ പറ്റുന്നില്ലായിരുന്നു.
ഉരുണ്ട..ചെറിയ എന്തോ ഒന്ന്,പണ്ട്
പള്ളിക്കുന്നന്റെ കടയിൽ നിന്നും
വാങ്ങാറുണ്ടായിരുന്ന കമർകെട്ട്
മിഠായി പോലെ..ഇനിയൊരു പക്ഷെ
അത് തന്നെയാവാനും മതി.അമ്മ
പലപ്പോഴും അങ്ങനെയായിരുന്നു.
എനിക്കിഷ്ടമുള്ള.,എന്നാൽ നിസ്സാരങ്ങളെന്നു കാണുന്നവർക്ക്
തോന്നുന്ന പലതും ഓർത്തു വെച്ച്
കൊടുത്തയക്കും.ഒരിക്കൽ നമ്മുടെ
വടക്കേപ്പുറത്തെ മാവിൽ ആദ്യം കായ്ചതാണെന്നു പറഞ്ഞു ഒരു മാങ്ങ.,ഇടയ്ക്കിതിരി അണ്ടി പരിപ്പ്
നമ്മുടെ തറവാട്ടു പറമ്പിലേതെന്നു.
അല്ലെങ്കിൽ അതിരിലെ കൈതയിൽ
നിന്ന് പഴുക്കാറായ ഒരു കൈതച്ചക്ക
അങ്ങിനെയങ്ങിനെ എന്തും.
അല്ലെങ്കിൽ കാഡ്ബറീസ് ആകാം,
പിറന്നാളായിട്ടു.ഇന്നാളൊരിക്കൽ
ദാസേട്ടന്റെ കയ്യിൽ കൊടുത്തയച്ച
ചോക്‌ളൈറ്റ് ആകെയുരുകി ഉരുകിയിരുന്നു.കവർ ചെരിച്ചപ്പോൾ
ആദ്യം വന്നത് രണ്ടു കാവി കടലാസ്
കവറുകൾ ആയിരുന്നു.മെഡികൽ
ഷോപ്പിൽ നിന്നും കിട്ടുന്ന പോലെ
ഉള്ളത്.പിറകെ എഴുത്തും.
"നീയിനിയും നോക്കി തീർന്നില്ലേ.."
ചെറിയ ചായ കപ്പ് അരികിൽ വെച്ച്
ഭാസിയേട്ടൻ തിരക്ക് കൂട്ടി..
നീയാ കവറിൽ എന്താണെന്നു നോക്കേടാ..."
ഞാൻ മെല്ലെ കൈവെള്ളയിലേക്ക്
കവർ ചെരിച്ചു.ഉള്ളിൽ എന്താണെന്ന്
എനിക്കപ്പോഴേക്കും ചെറിയൊരു
സൂചന കിട്ടിയിരുന്നു.
മൂന്നു നാല് ചെറിയ കടും പച്ച നിറമുള്ള നെല്ലിക്കകൾ എന്റെ കൈയ്യിൽ വീണുരുണ്ടു..
ഭാസിയേട്ടൻ ഉറക്കെ ചിരിച്ചു.
"ഞാനെന്തോ അമൂല്യായ എന്തോ
ആയിരിക്കുമെന്നല്ലേ കരുത്യേത്..
ഇതായിരുന്നെൻകിൽ എത്തനേച്ചിയോട് ഞാനവന് ഒരു കിലോ വാങ്ങികൊടുക്കാന്ന് ഏറ്റേനല്ലോ.. ഇതിപ്പോ..."
നീ നട്ടു പോയ നെല്ലിയിൽ ആദ്യം ഉണ്ടായ കായ്കളാണെന്ന അമ്മയുടെ
വരികളിൽ ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കുകയും ചെയ്യുന്ന
ഇഷ്ടങ്ങൾ പക്ഷെ ഭാസിയേട്ടനു മനസ്സിലാവുന്നതായിരുന്നില്ല..

ഡെവിൾസ് അമ്പലക്കാടും അമ്പലക്കാട് വൈശാഖി കലാസാഹിതിയും

ഡെവിൾസ് അമ്പലക്കാടും
അമ്പലക്കാട് വൈശാഖി കലാസാഹിതിയും തമ്മിലുള്ള വൈരം കത്തിനിൽക്കുന്ന കാലം.
ഞങ്ങൾ ,ഡെവിൾസ് അമ്പലക്കാട്.
കപിൽസ് ഡെവിൾസ് 83 ഇൽ ക്രിക്കറ്റ് വേൾഡ് കപ്പ് ഉയർത്തിയപ്പോൾ അമ്പലക്കാട് ഒരു പുതിയ കളിയും.,ഒരു ടീമും
പൊട്ടി വളർന്നു.അത് വരെ അമ്പലക്കാട്ടുകാർ ഫുട്ബോളിലും,
വോളിബോളിലും മാത്രം കൈയും
കാലും വെച്ച് നടന്നപ്പോൾ മൂന്ന് കുറ്റിയും.,കവണ മടൽ കൊണ്ടുണ്ടാക്കിയ ഒരു ബാറ്റും,ഒരു പഴയ കോർക്ക് ബോളുമായി ഞങ്ങൾ അമ്പലക്കാട്ടിൽ
അവതരിച്ചു.ദാസന്റെ വടക്കേപ്പുറത്തെ കുളത്തിനു
മീതെ പൂളത്തടികൊണ്ട് ഒരു തട്ട് കെട്ടിയുണ്ടാക്കി അതിന് ഡെവിൾസ് അമ്പലക്കാട് എന്ന് പേരുമിട്ടു.അത് ഒരു യുദ്ധത്തിന്റെ ആരംഭം കൂടിയായിരുന്നു.
അതുവരെ എന്തിനും ഏതിനും വൈശാഖി എന്ന നിലയിൽ നിന്ന് ഡെവിൾസ് അമ്പലക്കാട് എന്നും
കൂടി കേട്ട് തുടങ്ങിയതോടെ തുടങ്ങിയ ഒരു യുദ്ധം
അംഗസംഖ്യയിൽ ഞങ്ങൾ വൈശാഖിയെക്കാളും
വളരെ താഴെയാണ്.അല്ലെങ്കിൽ ഞങ്ങൾ ഒരു ക്രിക്കറ്റ് ടീമിനുള്ള ആളൊഴിച്ച്‌ ബാക്കി
അമ്പലക്കാട്ടുകാരൊക്കെ വൈശാഖിയിൽ അംഗങ്ങൾ ആണ്.
ഞങ്ങളെ എന്തോ അവർ ഒപ്പം
ചേർത്തില്ല.അതിനു ശേഷമുള്ള
ഓരോ ആഘോഷങ്ങളും ഞങ്ങൾ
തമ്മിൽ പറയാതെയുള്ള കുരിശു യുദ്ധത്തിന്റേത് കൂടിയായിരുന്നു.
അവർ ഒരു പരിപാടി അനൗൺസ് ചെയ്‌താൽ അതിനു മുൻപ്
ഞങ്ങൾ ഒരെണ്ണം തട്ടിക്കൂട്ടും.
അല്ലെങ്കിൽ നേരെ തിരിച്ചും.
ന്യൂ ഇയറിനു വ്യത്യസ്തമായി എന്ത് ചെയ്യാൻ പറ്റും എന്ന ആലോചനയിൽ നിന്നാണ്
ഓരോ വീട്ടിലേക്കും
ഓരോ ഗ്രീറ്റിംഗ് കാർഡ് അയക്കണമെന്ന് ഐഡിയ
തോന്നിയത്.കാർഡ് വാങ്ങിച്ചു അയക്കാൻ ഒരുപാട് കാശ് ചിലവുണ്ട്.കുറഞ്ഞ ചിലവിൽ എങ്ങിനെ എന്ന ആലോചനയായി പിന്നെ.സുനിക്കാണ് മിന്നിയത്
പോസ്റ്റ് കാർഡ് വാങ്ങുക..നീ വരയ്ക്കുക.അവന്റെ മിന്നൽ ഏറ്റത് എനിക്കായിരുന്നു.ദാലിയുടെ പ്രശസ്തമായ പെയിന്റിംഗ്.,
ജനലിൽ കൂടി കടൽ നോക്കി
നിൽക്കുന്ന പെൺകുട്ടിയെ എല്ലാ കാര്ഡിലും വരച്ചു
അത് അമ്പൽക്കാട്ടിലെ വീട്ടുകാർക്കൊക്കെ പോസ്റ്റ്
ചെയ്തു.അവരുടെയെല്ലാം വീടുകളിൽ കാർഡ് കിട്ടിയപ്പോഴേ വൈശാഖിക്കാർക്ക് കത്തിയുള്ളൂ..
അവർക്ക് വേറെ വഴിയൊന്നുമില്ല പകരം അവർ പപ്പടത്തിൽ സ്ക്രീൻപ്രിന്റ് ചെയ്തു ഓരോ വീട്ടിലും രാത്രി കൊണ്ടിട്ടു..
ഞങ്ങൾ ചെയ്തതിന് പിറകെ ആയതിനാൽ അവർ കോപ്പി അടിച്ചതാണെന്നു,നാട്ടുകാർക്ക്
തോന്നേം ചെയ്തു.അവർക്കത് വലിയ നാണക്കേടായി.എപ്പോ വേണേലുംഞങ്ങൾക്ക്..,പ്രേത്യേകിച്ചും എനിക്കും സുനിക്കും അടി വീഴാമെന്ന അവസ്ഥ.ഒരു പ്രാവശ്യം സഞ്ചേട്ടൻ കേറി തടഞ്ഞത്കൊണ്ട്
മാത്രമാണ് അനിചേട്ടൻ എന്നെ വെറുതെ വിട്ടത്.
അങ്ങിനെ ആകെ പുകഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് വിഷു എത്തുന്നത്.വിഷുക്കണി
എങ്ങിനെ സൂപ്പർ ആകാം എന്നതായി പിന്നത്തെ ചർച്ച.
വൈശാഖി എന്തായാലുംഉണ്ടാകും.,
അതുറപ്പാണ്.അപ്പോൾ അവർ ചെയ്യുന്നതിലും സൂപ്പർ ആകണം.,
അവരെക്കാൾ വേഗം അവർ
പോകുന്ന വീടുകളിലൊക്കെ
കണി കാണിക്കേം വേണം.
പ്രത്യേകിച്ചും സുന്ദരികളായ പെൺകുട്ടികൾ ഉള്ള വീടുകൾ.
കണിയുടെഏറ്റവും സുന്ദരമായ മുഹൂർത്തവും അതിന്റെ
അടിസ്ഥാന കാരണവുംഅതൊന്ന് മാത്രമായിരുന്നു.ധൈര്യമായി
അവരുടെയൊക്കെ വീടുകളിൽ പോകാം.അവർ അറിയാതെ അവർ കണി കാണുന്നത്
കണ്ടുനിൽക്കാം.ചിലപ്പോഴോല്ലാം കണി കൊണ്ട് വെച്ചവരെ തിരഞ്ഞു അവരുടെ കണ്ണുകൾ ഇരുട്ടിൽ പരതുന്നതും കാണാം..അതിൽ തന്നെ ഒരാളെ നോക്കുന്ന ഒന്നിൽ
അധികം പേർ രണ്ടിടത്തും ഉണ്ടായിരുന്നു.അതാണ് സത്യത്തിൽ ഈ കുടിപകയുടെ പ്രധാന കാരണവും..
വിഷുക്കണി തകർക്കാൻ ഞങ്ങളും
ഒരുക്കം തുടങ്ങി.അന്ന് വരെ മര കസേരയിൽ കൊണ്ട് നടന്നിരുന്ന കണി ഞങ്ങൾ
ഉരുളിയിലേക്ക് മാറ്റി
(അത് തന്നെ അവരും ചെയ്തു എന്നത് ഒടുവിലെ രഹസ്യവും..)
വിഷുവിന്റെ തലേ രാത്രി ഞങ്ങൾ ഇറങ്ങിയ
അതേസമയം അവരും ഇറങ്ങി..ഓരോ വീടും ആവേശത്തോടെ കയറിയിറങ്ങി
അവർ നോക്കി വെച്ച വീടുകളിൽ ഞങ്ങൾ ആദ്യം കണി കാണിച്ചു.ഞങ്ങൾ നോക്കി വെച്ച ഇടങ്ങളിൽ അവരും.ഇതൊന്നും അറിയാതെ മൂന്നാമത് വേറെ
ഏതോ ഒരു ടീമും.വാശിയേറിയ മത്സരം..
കണി ഹാജിയാരുടെ വീടും കഴിഞ്ഞു.ഇനിയുള്ളത്
ഇപ്പോഴും ആ ചേട്ടന്റെ പേര് പെട്ടെന്ന് ഓർമയിൽ വരില്ല.(എന്റെ ഭാഗ്യം..)ആ ഭാഗത്തു നിന്നും ദേവി
നടേ എന്ന് വിളിക്കുന്നത് കേൾക്കാം..ആരാണെന്ന്
തിരിവായതിനാൽ അറിയാൻ കഴിയില്ല.ഞങ്ങൾ എത്തിയപ്പോൾ അവിടെയെങ്ങും ആരുമില്ല.
ഞങ്ങൾ കണി മുറ്റത്തു വെച്ച് മാറി നിന്ന്.. കണി കണിയെ എന്നും ദേവി നടേ നട എന്നും മാറി മാറിവിളിച്ചു.
ഒരു രക്ഷയും ഇല്ല.ലൈറ്റോ..
വാതിൽ തുറക്കുന്ന ഒച്ചയോ കേൾക്കാനില്ല..ന്നാ പൂവാം ആരോ പറഞ്ഞു..അതിനിടയിലാണ് ഒന്നുകൂടി നോക്കാം എന്ന് പറഞ്ഞു രഞ്ജി ഒരു ആനപടക്കം കത്തിച്ചു
ചവിട്ടു പടിയിലേക്ക് ഇട്ടത്.
ഇതോന്നും വേണ്ടടാ എന്ന് ജിത്ത് പറഞ്ഞത് ആരും കാര്യമായി
എടുത്തുമില്ല.
ഇതും കൂടി നോക്കാം ..എന്ന് ഞങ്ങളൊക്കെ കാത്തുനിൽക്കെ..,
പടക്കം പണി പറ്റിച്ചു.
പടക്കം പക്ഷെ ഞങ്ങൾ വിചാരിച്ചിടത്ത്‌ വീണ് അവിടെ
തന്നെ കിടക്കാതെ ഒന്നുകൂടി ചാടി
ഇറയത്ത് വാതിലിനു മുൻപിൽ ചെന്ന് വീണുപുകഞ്ഞു..
കിട്ടിയതെല്ലാം പെറുക്കിയെടുത്ത്
ഞങ്ങൾ കണ്ട വഴിയിലൂടെയൊക്കെ ഓടിപോന്നു.
അതെ സമയം വീട്ടുകാർ വാതിൽ തുറക്കുകയും പടക്കം അത്ര തന്നെ ടൈമിങ്ങോടെ ഒച്ചയിൽ പൊട്ടുകയും ചെയ്തത് ഞങ്ങൾ ആരും കണ്ടില്ല...അറിഞ്ഞുമില്ല.
ഞാനും കുറച്ചു പേരും ഓടിയത് പടിഞ്ഞാറോട്ടാണ്
തിരിവ് കഴിഞ്ഞപ്പോൾ കൂട്ടത്തിൽ ജിത്തിനെ കാണാനില്ല.ബാക്കി എല്ലാവരും ഒപ്പമുണ്ട്..ഞങ്ങൾ
മതിലിനു പിറകിൽ കുറച്ചു നേരം മിണ്ടാതിരുന്നു.
പടിഞ്ഞാറ് നിന്നും അപ്പോൾ വൈശാഖിക്കാർ
കണീം അവസാനിപ്പിച്ചു ഉരുളിയും തലയിൽ കമഴ്ത്തി നടന്നു വരുന്നുണ്ടായിരുന്നു.അപ്പോഴവർ
ഞങ്ങളെ കണ്ടാൽ എല്ലാകൂടി ഞങ്ങളുടെ തലയിൽ
ആവുമെന്നൂഹിക്കാൻ വല്യ പഠിപ്പിന്റെയൊന്നും
ആവശ്യമില്ല..ഞങ്ങൾ പതുക്കെ പിറകിലെ പാടത്തിന്റെ കരയിലേക്ക് നടന്നു..പിന്നെ പാടം മുറിച്ചു കടന്നു ആ വീടിനു പിറകിലൂടെ കടന്നു വേണം ഞങ്ങൾക്ക് വീട്ടിലേയ്ക്കുള്ള വഴിയെത്താൻ
അവിടെ എത്തിയപ്പോഴാണ് പണി പാളിയെന്ന കാര്യം ബോധ്യമായത്.ജിത്തിനെ അവർ കൈയ്യോടെ പിടിച്ചിട്ടുണ്ടാവണം..നല്ല വഴക്ക് കേൾക്കാം..ഞങ്ങൾ മെല്ലെ മതിലിനരികിലൂടെ
നടന്ന് എത്തിനോക്കി..ജീവൻ കിട്ടിയത് അപ്പോൾ
മാത്രമായിരുന്നു..അവിടെ വൈശാഖിക്കാരെ
ആയിരുന്നു അവർ പിടിച്ചു നിർത്തിയത്..തലയിൽ കമഴ്ത്തിയ ഉരുളിയായിരുന്നു അവർക്ക് വിനയായത്..വാതിൽ തുറക്കുമ്പോൾ അവർ കണ്ട
കാഴ്ച ഉരുളിയും തലയിൽ വെച്ച് പടിഞ്ഞാറോട്ട്
ഓടിമറയുന്നവരെയായിരുന്നു.അതുകൊണ്ട് തന്നെ
അവർ പടിക്കൽ കാത്തു നിന്നു..എല്ലാം കഴിഞ്ഞു
ഉരുളിയും തലയിൽ വെച്ച മടങ്ങിവരുന്ന അവരെ
വീട്ടുകാർ കയ്യോടെ പൊക്കി...(പിറ്റേന്ന് അതൊക്കെ കുട്ടികളുടെ വിഷു കണി തമാശയായി ഒത്തുതീർപ്പാക്കപ്പെട്ടു.,എങ്കിലും അതൊരു തമാശ യായി ഞങ്ങൾ എടുത്തില്ല..പിന്നെയൊരിക്കലും
അങ്ങിനെ ഒരു തമാശ കാണിച്ചതുമില്ല...)
ഇടയ്ക്ക് സന്തോഷേട്ടൻ ഇപ്പോഴും ആ കണി വിശേഷം ഓർത്തു പറയും.കാരണം തലയിൽ
ഉരുളി വെച്ച് വന്നത് സന്തോഷേട്ടനായിരുന്നു.
അടുത്ത ടെൻഷൻ ജിത്ത് എവിടെ എന്നതായിരുന്നു.കുറെ തിരഞ്ഞു.നൊ രക്ഷ.ഇനി
വീട്ടിൽ മാത്രേ തിരയാൻ ഉള്ളൂ..അമ്മ അറിഞ്ഞാൽ
അടി ഉറപ്പാണ്.പിന്നെ അവനിത് എവിടെ പോയി
എന്ന ആധിയും. ഒച്ചയുണ്ടാകാതെ വീട്ടിലെത്തി
അമ്മയെ വിളിക്കുന്നതിനും മുൻപ് അടയ്ക്കാത്ത
ജനാലയുടെ മുകളിലെ പാതയിലൂടെ കൈയിട്ട്
അകത്തെ ലൈറ്റിട്ടു...
ജിത്തു അകത്തു സുഖമായി കിടന്നുറങ്ങുന്നുണ്ടായിരുന്നു..
പടക്കം പൊട്ടിയതോടെ അവൻ കിഴക്കോട്ട് ഓടി.ബാക്കിയുള്ളവരൊക്കെ പടിഞ്ഞാട്ടും.
കുറെ നേരം അവൻ സത്യേട്ടന്റെ തറവാടിന്റെ തിരിവിൽ ഞങ്ങളെ കാത്തു നിന്നു.പിന്നെ ബഹളം
കേട്ടപ്പോൾ നേരെ വീട്ടിലേയ്ക്ക് വണ്ടി വിട്ടു
രാത്രിയിലായിരുന്നു അയാൾ വിളിച്ചത്.9 മണി ആയിക്കാണും.
"അച്ഛൻ ഇതുവരെ എത്തിയിട്ടില്ല"
എനിക്ക് പെട്ടെന്ന് ആളെ മനസ്സിലായില്ല.ഞാൻ ബാബുവാണ്
രവിയേട്ടന്റെ റൂം മേറ്റ്..,ഞാൻ വരുമ്പോഴേക്കും കുളി കഴിഞ്ഞു
കിടക്കാറുള്ള ആളാ..ഇന്ന് ഞാൻ
കുറച്ചു നേരതെയാണ്..വന്നപ്പോൾ
മുറ്റത്തു ടാക്സിയും കാണാൻ ഇല്ല.
അതാ നിന്നെ വിളിച്ചത്.."
ഞാൻ വേഗം വരാം ചേട്ടാ..ന്നും പറഞ്ഞു ഫോൺ വെച്ചു. മില്ലറ്റിനെ
വിളിച്ചു കാര്യം പറഞ്ഞു.എനിക്ക്
ഉടൻ റാസ് അൽ ഖൈമയിൽ പോകണം.വണ്ടി വേണം.
കുറച്ചു നേരത്തിനുള്ളിൽ മില്ലെറ്റ് കാറുമായി എത്തി.,കൂടെ വരാനുള്ള
തയ്യാറെടുപ്പിലാണ് മില്ലെറ്റ്.
ഞാനും വരാം..
സാരമില്ല.,ഞാൻ പോയി നോക്കി വരാം.എന്തേലും ആവശ്യമുണ്ടേൽ വിളിക്കാം.
ശനിയാഴ്ച ആയിരുന്നതിനാൽ റാസ് അൽ ഖൈമയിലേക്ക് തിരക്ക് കുറവായിരിക്കും.വീക്കെൻഡിലാണ്
അങ്ങോട്ട് തിരക്ക്.കുറച്ചു ജോലി
തിരക്കായതിനാൽ ഈയാഴ്ച അച്ഛന്റെ അരികിൽ പോയിരുന്നില്ല.
വരുമെന്നു പറഞ്ഞിരുന്നു.പക്ഷെ വിചാരിച്ച പോലെ ജോലി തീർന്നില്ല
വെള്ളിയാഴ്ചയും കൂടി നിൽക്കേണ്ടി
വന്നു.അച്ഛന്റെ അരികിൽ നിന്ന്
വീണ്ടും ഷാർജയിലേക്ക് തന്നെ തിരിച്ചു പോന്നതിനു ശേഷം ഓരോ
വീക്കെൻഡും അച്ഛന്റെ അടുത്തേക്ക്
തന്നെ പോകും.റാസ്‌ അൽ ഖൈമ
എനിക്ക് അപ്പോഴേക്കും അന്തിക്കാട്
പോലെ പ്രിയപ്പെട്ടതായി തീർന്നിരുന്നു
അവിടെ ഉണ്ടായിരുന്ന 5 കൊല്ലവും
അച്ഛന്റെ ഒപ്പം,ഒരേ റൂമിൽ തന്നെ.
മിക്കവാറും ഞങ്ങൾ 2പേരും മാത്രം.
അച്ഛൻ ആരുമായും അത്ര വേഗം അടുക്കില്ല. ഇഷ്ടയാൽ അത് മാറുകയുമില്ല.അതിന് പ്രായ ഭേദമില്ലായിരുന്നു.എന്റെ അടുത്ത സുഹൃത്തുക്കൾ അച്ഛന്റെയും അടുത്ത ചങ്ങാതിമാർ
തന്നെയായിരുന്നു.
ഇവിടെ അച്ഛനൊപ്പം താമസിക്കാൻ
തുടങ്ങിയപ്പോഴാണ് ഞാനും അച്ഛനെ
തിരിച്ചറിയാൻ തുടങ്ങിയത്.നാട്ടിൽ
വല്ലപ്പോഴും 2 വര്ഷം കൂടുമ്പോൾ
ലീവിനെത്തുന്ന കർക്കശകാരനായ
അച്ഛനെയായിരുന്നു അത് വരെയും
എനിക്ക് പരിചയം.ഇവിടെ പക്ഷെ
എന്നെ കാത്തിരുന്നത് അച്ഛന്റെ മറ്റൊരു മുഖം.ചെറിയ കുട്ടിയെ എന്ന
പോലെ എനിക്ക് പഫാക്കും(ഏറ്റവും ചെറിയ കുഞ്ഞുങ്ങൾ കഴിക്കുന്നത്
ഗൾഫിൽ ഏറ്റവും പ്രചാരമുള്ള
ചിപ്സ്)ചോക്കലേറ്റസ് കൂൾ ഡ്രിങ്ക്സ്
നാട്ടിൽ അതുവരെ കണ്ടിട്ടില്ലാത്ത തരം പഴങ്ങൾ..ഞാൻ സ്കൂളിൽ ഒന്നിൽ ചേരുമ്പോൾ അച്ഛൻ ഇവിടെ
ആയിരുന്നു.അന്ന് അച്ഛന് ചെയ്യാൻ
കഴിയാതിരുന്നതൊക്കെ23വയസ്സിൽ അച്ഛൻ എനിക്കായി വാങ്ങിച്ചു തരികയാണെന്നു എനിക്ക് തോന്നി.
റോഡ് വിജനമായിരുന്നു.ബാബേട്ടൻ
ഉറങ്ങിയിരുന്നില്ല.ചേട്ടൻ ചെറിയ രീതിയിൽ ഒരനേക്ഷണം നടത്തി
കിട്ടിയ കാര്യങ്ങൾ എന്നോട് പറഞ്ഞു
സ്ഥിരമായി 7 മാണി ആകുമ്പോൾ
അച്ഛൻ റൂമിലെത്തും.കുറച്ചു നേരം
ടിവി കാണും.സലാഡ് ഉണ്ടാക്കി കഴിക്കും.പിന്നെ കുളിച്ചു 9 മണി വരെ
പിന്നെയും ടിവി കാണും.കിടക്കും.
ഞാനും ഇവിടെ എത്തിയത് മുതൽ
കാണുന്ന അച്ഛന്റെ ശീലങ്ങൾ ഇതാ.
അതുകൊണ്ടു തന്നെ ഒരു റൂമിൽ
ഞങ്ങൾ മാത്രം.എന്നും ഭക്ഷണം
കഴിക്കാറുള്ള ഹോട്ടലിൽ അച്ഛൻ
വൈകീട്ട് ചെന്നിട്ടുണ്ട്.അവിടെ നിന്ന്
പിന്നെ എങ്ങോട്ട് പോയെന്നറിയില്ല.
പൊതുവെ ആരും ആരെയും കൂടുതൽ ശ്രെദ്ധിക്കാൻ നിൽക്കില്ല.
സമയമില്ല എന്നതാണ് വസ്തുത.
അവരവരുടെ ജോലി.,അതിന്റെ തിരക്കുകൾ,ടെൻഷൻ അതിനിടെ
റൂമിലെത്തുമ്പോൾ മാത്രമാണ് കുറച്ച
നേരം സംസാരിക്കാൻ കിട്ടുന്നത്.ആ
ശീലവും ഇല്ലാത്തവരാകുമ്പോൾ
എത്തിയോ ഇല്ലേ എന്ന് പോലും
ആരും അന്നേക്ഷിക്കാൻ മിനകെടില്ല
ബാബേട്ടനെ പോലെ ഇങ്ങിനെ ഇഷ്ടം കാണിക്കുന്നവരും ഉണ്ട്.
എവിടെ അനേക്ഷിക്കണം എന്നൊരു
പിടിയുമില്ലാതെ ഞാൻ കുറച്ചു നേരം
അവിടെയിരുന്നു.അച്ഛന് അങ്ങിനെ
സൗഹൃദങ്ങളും കുറവാണ്.ഇല്ലെന്നല്ല
പക്ഷെ രാത്രി ചെന്ന് നിൽക്കാൻ
മാത്രം ഒരിടവും ഇല്ല.ഒരിക്കലും
മറ്റൊരു റൂമിൽ ചെന്ന് രാത്രി നിൽക്കുന്നത് ഇത്രേം വർഷങ്ങളിൽ
ഞാൻ കണ്ടിട്ടുമില്ല.എത്ര ദൂരേക്ക്
യാത്ര വന്നാലും 7 മണി കഴിഞ്ഞാൽ
ഒരു കാരണവശാലും പോകില്ല.
അതുകൊണ്ടൊക്കെ തന്നെ വിളിച്ചു
ചോദിക്കാൻ ആരുമില്ല.ഒരു കാര്യം
എനിക്ക് ഉറപ്പായിരുന്നു അച്ഛന് എന്തോ പറ്റിയിട്ടുണ്ട്.എന്തോ ഒരു
അപകടം.പഴയ കൂട്ടുകാരൊക്കെ
അവിടെയുണ്ടെങ്കിലും ആരെയും
വിളിക്കാൻ തോന്നിയില്ല.വിളിച്ചാൽ
അവരെത്തും.പക്ഷെ ഈ രാത്രിയിൽ
അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു
കരുതി.എങ്ങിനെയെങ്കിലും ഒന്ന്
കിടന്നാൽ മതി എന്ന് കരുതി വരുന്ന
അവരുടെ അവസ്ഥ എനിക്കറിയാം.
ഞാൻ കാറുമെടുത്തു അച്ഛൻ സാധാരണ പോകുന്ന വഴികളിലൂടെ
പോയി നോക്കി.ഒഴിഞ്ഞ റോഡുകൾ
ആളൊഴിഞ്ഞ നഖീൽ..വിജനമായ മേരീസിലെ കടൽതീരങ്ങൾ..ഒഴിഞ്ഞ
വഴിയിലൂടെ തിരിച്ചു വരുമ്പോൾ
പിറകിൽ നിന്നും ഫ്ലാഷ് ലൈറ്റ് ചെയ്ത പോലീസ് വണ്ടി എന്നെ കടന്നു കുറുകെ നിർത്തി.ഞാൻ ഇറങ്ങി ചെന്ന്.എന്താ ഇവിടെ ഈ നേരത്തു..റെജിസ്ട്രേഷൻ ദുബായ്
ആയതുകൊണ്ടും കൂടിയാണ്.ഞാൻ
കാര്യം പറഞ്ഞു.അച്ഛനെ നോക്കി
നടക്കാണെന്നും.അവർ അച്ഛന്റെ
ടാക്സി നമ്പറും എന്റെ മൊബൈൽ
നമ്പറും വാങ്ങി..നാളെ രാവിലെ
മുറൂരിൽ (ട്രാഫിക് പോലീസ് )വന്ന്
കാണാനും.അയാളെന്റെ തോളത്തു
തട്ടി..ഒന്നും ഉണ്ടാവില്ല.വിഷമിക്കേണ്ട
പിന്നെ എന്തോ ഓർത്തു തിരിഞ്ഞു
നിന്നു ആശുപത്രിയിൽ തിരക്കിയോ
അതുവരെ ഞാൻ പിടിച്ചു നിർത്തിയ
ധൈര്യം ചോർന്നു.അയാൾ പിന്നെയും അരികിലേക്ക് വന്നു.
ഒന്നും ഉണ്ടാവില്ല..ധൈര്യമായിരിക്കു.
സമയം കുറെ ആയിട്ടുണ്ടായിരുന്നു
എങ്കിലും സാഖ്‌ർ ആശുപത്രിയിൽ മുൻപ് RAK യിൽ ഞാൻ ടാക്സി ഓടിക്കുമ്പോൾ സ്ഥിരം കൊണ്ട്
വിട്ടിരുന്നവരിൽ റാണിയെ വിളിച്ചു.
അവർ ഉറക്കം പിടിച്ചിരുന്നു.ഞാൻ
കാര്യം പറഞ്ഞു. റാണി ന്യൂട്രിഷൻ
ആണ്.അവരാണ് എനിക്ക് രമണി
സിസ്റ്റർടെ നമ്പർ തന്നത്.അവർക്ക്
ഒ. പി.യിലാണ് ഡ്യൂട്ടി.കുറെ നേരം
റിങ് ചെയ്തതിനു ശേഷാണ് അവർ
ഫോൺ എടുത്തത്.ഞാൻ പേര്
പറഞ്ഞു.പിന്നെ അച്ഛന്റെ കാര്യവും.
അങ്ങിനെ പേരിൽ ഒരാൾ അവിടെ അഡ്മിറ്റല്ല.എങ്കിലും ഞാൻ ഒന്ന്
കൂടി നോക്കി സ്മിത്തിനെ തിരിച്ചു
വിളിക്കാം.അവർ ഫോൺ വെച്ചു.
ബാബേട്ടൻ ഉറങ്ങിയിരുന്നു.ഞാൻ
മൊബൈലും മാറിൽ വെച്ച് അച്ഛന്റെ
കട്ടിലിൽ കിടന്നു.ചുറ്റും അച്ഛന്റെ മണം.ഇത്രേം നേരം അടക്കി നിർത്തിയ സങ്കടമെല്ലാം അണപൊട്ടി
എത്ര നേരം എന്നോർമയില്ല.
അതിനിടയിൽ ഒന്ന് മയങ്ങി കാണണം.രമണി സിസ്റ്റർടെ ഫോൺ
ആണ്.അവിടെ അങ്ങിനെയൊരു പേരിൽ ഒരാളെ അഡ്മിറ്റ് ചെയ്തിട്ടില്ല.ഒന്ന് നിർത്തി അവർ
പറഞ്ഞു.. സെയ്ഫിൽ ഒന്ന് വിളിച്ചു
ചോദിക്കായിരുന്നില്ലേ.നഖീലിൽ
ഉള്ള രണ്ടാമത്തെ ആശുപത്രിയാണ്
സെയ്ഫ്.അവിടെ പക്ഷെ അങ്ങിനെ അഡ്മിറ്റ് ആക്കോ.പെട്ടെന്ന് അവർ
ഒരു മറുപടിയും പറഞ്ഞില്ല.തെല്ല്
നേരത്തെ മൗനം.അവിടെയാണ് മോർച്ചറിയുള്ളത്.അവർ ഒട്ടൊരു വിഷമത്തിൽ പറഞ്ഞു വെച്ചു.
ഉള്ളിലൂടെ ഒരു ഇടിത്തീ പാഞ്ഞു..
അങ്ങനെയൊന്നും ഉണ്ടായിട്ടല്ല
എങ്കിലും ഒന്ന് അന്നേക്ഷിക്കണം.
ഞാൻ സജിയെ വിളിച്ചു.ഏതു നേരത്തും വിളിക്കാവുന്ന ഒരു അടുപ്പമുണ്ട് സജിയും ഷിബുവുമായി
രാത്രി ഏറെ വൈകിയിരുന്നു.ഒറ്റ റിങ്ങിൽ അവർ ഫോണെടുത്തു.
വിവരം പറഞ്ഞപ്പോൾ തിരിച്ചു വിളിക്കാമെന്നു പറഞ്ഞു ഫോൺ വെച്ചു.ലോകം നിശ്ചലമെന്നു അതിനു മുൻപ് ഒരിക്കലും എനിക്ക് ഇതു പോലെ ഫീൽ ചെയ്തിട്ടില്ല.
കുറച്ചു കഴിഞ്ഞു സജി വിളിച്ചു
അവിടെ അങ്ങിനെയാരും ഇല്ല.