2020, ജൂൺ 6, ശനിയാഴ്‌ച

മാഫിഫുല്ലൂസ് #എന്റെറാസ്‌അൽഖൈമവിശേഷങ്ങൾ

ഒരു ടാക്സിഡ്രൈവറാണെന്നു,
ഞാന്‍ എന്നെ തന്നെ
ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്ന,
റാസ്‌ അല്‍ ഖൈമയിലെ എന്റെ ആദ്യ ദിവസങ്ങള്‍.പലപ്പോഴും,
ഒരു ഡ്രൈവറാണെന്നത്‌ എന്നെ അലോസരപെടുത്തിയിരുന്നു.
ഞാന്‍ ഒരിക്കലും ആയിത്തീരാന്‍ പാടില്ലാത്ത ഒന്നാണതെന്നു ഞാന്‍ കരുതി.
പരിചയക്കാരുടെ കണ്ണിലും,
വാക്കിലും പരിഹാസമുള്ളതായി എനിക്കു തോന്നി.ഒരു ടാക്സി ഡ്രൈവറാകാന്‍ മാത്രമായിട്ടാണോ ഞാനിത്രയും ദൂരേ ഈ മണല്‍ക്കാട്ടിലെത്തിയത്‌.എന്റെ വഴി എഴുതിന്റെതും,വരയുടേതും ആയിരുന്നു ടാക്സി വിസയിലേക്ക് മാറുന്നു എന്നറിഞ്ഞപ്പോൾ ഏറ്റവും വിഷമം ഹിത്തിനായിരുന്നു.
വല്യേട്ടൻ ഒരു ടാക്സി ഡ്രൈവർ മാത്രമായി മാറരുതെന്ന് എല്ലാ എഴുത്തിലും അവൻ ഓർമിപ്പിച്ചു.
ഇവിടെ പക്ഷെ നമ്മുടെ ഇഷ്ടങ്ങൾക്ക് നിലനിൽപ്പില്ല..വന്നു കിട്ടുന്ന അവസരം അതിനൊത്തു രൂപം മാറുകയാണ് വഴി.
ഞാനിപ്പോൾ പരിണാമത്തിന്റെ ആ കഠിനവഴികളിലൂടെ പോയിക്കൊണ്ടിരിക്കാണ്.
എനിക്കീ ജോലി മടുപ്പും,മുഷിപ്പും നിറഞ്ഞതായി.ഷാര്‍ജയിലെ പഴയ
അഡ്വേർടൈസിഗ്‌ ജോലിയിലേക്കു
തന്നെ തിരിചു പോകാന്‍ ഞാന്‍ ആഗ്രഹിചു.അതു പക്ഷെ അത്ര എളുപ്പമായിരുന്നില്ല.ടാക്സി ജോലിയെന്നത് ഇത് വരെയുള്ള
ജോലികളിൽ നിന്നുംവ്യത്യസ്തമായ
ഒന്നാണ്.പ്രത്യേകിച്ചും ഗൾഫിൽ.
അവിടെ ടാക്സി യാത്രക്കാരെ തേടി ഓടിക്കൊണ്ടിരിക്കും
ഗലികളിലൂടെ നഗരപാതകളിലൂടെ ഷാബിയകളിലൂടെ..യാത്രക്കാർ വഴിയിൽ കാത്തുനിൽക്കും.
മെമ്മുറയില്‍ നിന്നും പാസ്പോര്‍ട്ട്‌ ഓഫീസിലേക്കു പൊകും വഴി,റാസ്‌ അല്‍ ഖൈമ ജയിലിനു അരികിൽ
ആയിട്ടായിരുന്നു ആ ഈജിപ്ഷ്യൻ സ്കൂൾ.കുറച്ചു ഉള്ളിലേക്ക് ഇറങ്ങി,
ഒരു ചെറിയ ഇടവഴിയുടെ അറ്റത്ത്.
സ്ക്കൂളിനരികില്‍ നിന്നും ഒരു മിസ്സ്രി
(ഈജിപ്ഷ്യന്‍) കൈ കാണിച്ച്‌ ഓടി വന്നു.അറബിപെണ്ണുങ്ങളിൽ നിന്നും ഇവരുടെ വേഷം വ്യത്യസ്തമാണ്.നീണ്ട ഒരുടുപ്പും
മഫ്തയുമാണ് അവരുടെ വേഷം.
കറുപ്പ് പർദ്ദ ഉണ്ടാവില്ല.
ക്ലിയോപാട്രയുടെ പിന്മുറക്കാർ.
അഴകും ഉടൽ വടിവുകളും
ഉള്ളവർ.
സിര്‍, റാസ്‌ അല്‍ ഖൈമ
കയറിയ ഉടനെ അവര്‍ പറഞ്ഞു.
സിര്‍ എന്നു അറബിയില്‍ പറഞ്ഞാല്‍ പോകൂ എന്നാണെന്ന് ഞാന്‍ അതിനകം പഠിച്ചിരുന്നു.
ടാക്സി ഡ്രൈവറാകുന്നതിന്റെ ആദ്യഘട്ടം അറബ്‌ പറയാൻ പഠിക്കുകയെന്നതായിരുന്നു
ഓയിന്‍ സിര്‍(എവിടെ പോകണം)
ഖൈഫഹാല്‍(സുഖമാണോ)
തമാം(നല്ലത്‌)..
എന്നിങ്ങനെ വളരെകുറചായിരുന്നു
അറബിയില്‍ എന്റെ അറിവ്.
പലപ്പോഴും ആംഗ്യങ്ങൾ ആയിരുന്നു പതിവ്.ഇസാർ,യെമിൻ
സീത..ഏറ്റവും അത്യാവശ്യമായ
വാക്കുകൾ അതായിരുന്നു.
റാസ്‌ അൽ ഖൈമ പുഴ കടന്ന് അക്കരെ ആയിരുന്നു.പുഴയെന്നു
വിളിക്കാൻ കഴിയാത്ത ഒരു കനാൽ നഖീലിനെയും റാസ്‌ അൽ
ഖൈമയെയും വേർതിരിച്ചുനിർത്തി
ദുബായ് ക്രീക്ക് പോലെ.
അവിടെയാണ് റാസ്‌ അൽ
ഖൈമയിലെ പ്രധാനപെട്ട
മാർക്കറ്റുകൾ ഉള്ളത്.കുവൈറ്റി
ബസാർ അറബ് സ്ത്രീകളുടെ കൂടുതൽ എത്തുന്ന ഒരിടമാണ്.
നഖീലിൽ കൂടി പോയാൽ കൂടുതൽ സിഗ്നലുകൾ ഉള്ളതിനാൽ എളുപ്പത്തിന് ഞാന്‍ കാര്‍ മേരീസു വഴി തിരിച്ചു.ഒരു ഒഴിഞ്ഞ
മൈതാനം ചുറ്റിയാല്‍,തിരക്ക് കുറഞ്ഞ പാതയിലൂടെ പാലത്തിനടുത്തേക്ക്‌ ഒരു എളുപ്പവഴിയുണ്ടായിരുന്നു.
ശിസ്മാ..,
അവര്‍ പിന്നെയും ചോദിചു
മിസ്രികള്‍ മുഖം മറയ്കില്ലായിരുന്നു
മഫ്ത മാത്രമേ ഉണ്ടാവൂ.അവര്‍ 30/35 വയസ്സു വരുന്ന ഒരു സ്ത്രീയായിരുന്നു.സുന്ദരിയെന്നു
പറയാന്‍ വയ്യെങ്കിലും,മയ്യെഴുതിയ
വശീകരണ ശക്തിയുള്ള കണ്ണുകൾ
ചായം തേച്ച്‌ ചുവപ്പിച്ച ചുണ്ടുകള്‍.
റിയര്‍ വ്യൂ മിററില്‍ എനിക്കത്രയെ അവരെ കാണാന്‍ പറ്റിയിരുന്നുള്ളൂ.
ഞാന്‍ പേരുപറഞ്ഞു.
ഇന്ത ഹബീബി
അവർ പറഞ്ഞു.
എനിക്കതിന്റെ അർത്ഥം
മനസ്സിലായില്ലെങ്കിലും ഞാൻ മൂളി.
ഒഴിഞ്ഞ ഗലികളിലൂടെ കാര്‍ ഓടികൊണ്ടിരുന്നു.പിന്നെയും അവർ പറഞ്ഞുകൊണ്ടിരുന്നു. അവര്‍ പറഞ്ഞത്‌ ഒന്നും എനിക്ക്‌ മനസ്സില്ലാകുന്നില്ലായിരുന്നു.ഞാന്‍ തിരിഞ്ഞു നോക്കി,എനിക്ക്‌ അറബിയറിയില്ലെന്നു അവരെ പറഞ്ഞു മനസ്സിലാക്കണം,
അതിനു നല്ലത്‌,ആംഗ്യ ഭാഷയാണു.
മുന്‍പും പലപ്പോഴായി ഞാനത്‌ പ്രയോഗത്തില്‍ വരുത്തിയിട്ടുള്ളതാണ്.
തിരിഞ്ഞു നോക്കിയപ്പോള്‍ എന്റെ ഉടലിലൂടെ ഒരു വിറ കയറി പടര്‍ന്നു.
പിന്‍സീറ്റില്‍ ,അവര്‍ അവരുടെ ഉടുപ്പു തുടകള്‍ക്കു മീതേയ്ക്കു ചുരുട്ടിവെച്ച്‌,കാലില്‍മേലുള്ള
അവരുടെ സ്റ്റൊക്കിങ്ങ്സ്‌ വലിചു കയറ്റുകയാണു,അല്ലെങ്കില്‍ ഞാന്‍ മനസ്സിലാക്കിയത്‌ അങ്ങിനെയാണ്.ഒന്നുകിൽ അവർ
മനഃപൂർവം ഞാൻ കാണാൻവേണ്ടി
ചെയ്യുന്നതാണ്.അല്ലെങ്കിൽ അവർ
പ്രതീക്ഷയ് ക്കാത്ത നേരത്തു
ഞാൻ അവരെ തിരിഞ്ഞു നോക്കിയതാവാം.ഞാന്‍ വിറയലോടെ ചുറ്റും നോക്കി.
ദൈവമേ,അഛനും,ഉണ്ണ്യേട്ടനും,സുരേഷേട്ടനും എപ്പോഴും പോകുന്ന വഴികളാണിതു.അവരാരെങ്കിലും എന്നെ ഇവര്‍ക്കൊപ്പം ഇങ്ങിനെ കണ്ടാല്‍...അവര്‍ പിന്നെയും എന്നെ വിളിചു.ഞാന്‍ തിരിഞ്ഞുനോക്കാതെ എനിക്ക്‌ അറബി അറിയില്ലെന്നു അവരോടു പറഞ്ഞു.
ശൂഫ്ഫ്‌..(നോക്കൂ...)
അവര്‍ കല്‍പ്പിചു.
നോക്കാതിരിക്കാന്‍ എനിക്കും പറ്റില്ലായിരുന്നു.ഈജിപ്ഷ്യന്‍ സൗന്ദര്യത്തിന്റെ നിറവും,
മാദകത്വവും ഞാന്‍ കണ്ടു.
ഞാനൊന്നും മിണ്ടിയില്ല,
അല്ലെങ്കില്‍ എന്റെ വാക്കുകള്‍ മരുക്കാറ്റു ഏറ്റപോലെ തൊണ്ടയില്‍ തന്നെ കരിഞ്ഞു വീണിരിക്കണം.തീക്കാറ്റ് എന്റെ
ഉടലാകെ മൂടി.എസിയിലും ഞാൻ വിയർത്തു കുളിച്ചു.
അവര്‍ പിന്നെയും അറബിയില്‍ എന്തൊക്കെയോ എന്നോടു ആവശ്യപെട്ടുകൊണ്ടിരുന്നു.
എനിക്കൊന്നും മനസ്സിലായില്ല.
ഒടുവില്‍ ഒരു പാടു കാലങ്ങള്‍ക്കു ശേഷമെന്നു എനിക്കു തോന്നിച്ച ഒരു യാത്രക്കു ശേഷം,
മണ്‍ചുവരുകളുള്ള ഒരു പഴയ വില്ലയ്ക്കു മുന്‍പില്‍ ആ യാത്ര അവസാനിച്ചു.അപ്പോഴും ഞാനവരെ തിരിഞ്ഞു നോക്കിയില്ല.
ഗൗരവത്തോടെയും പ്രൗഢമായ
ചലനങ്ങളോടെയും അവര്‍ കാറില്‍ നിന്നിറങ്ങി,ഡ്രൈവര്‍ സീറ്റിനരികിലെത്തി.
മാഫി ഫുല്ലൂസ്‌
പൈസയില്ല..
അവര്‍ പഴയ ഗൈറ്റ്‌ തള്ളി തുറന്നു വില്ലയിലേക്ക്‌ കയറിപ്പോയി.ഒരു നിമിഷത്തിനു ശേഷം തിരിച്ചു വന്ന്
എന്നെ ഒന്നു കൂടി നോക്കി,
പിന്നെ ഗൈയ്റ്റ്‌ വലിചടച്ചു.
തിരിച്ചു വരുമ്പോൾ ഞാൻ ആ സ്ത്രീയെകുറിച്ചാണ് ആലോചിച്ചത്.5 ദിർഹം ടാക്സി ചാർജ്തരാൻ അവരുടെ കയ്യിൽ ഇല്ലായിരുന്നു.
അതിന്റെ ഗതികേടിൽ ആവണം അതിനു പകരം അവർ സ്വന്തം ഉടലൊരു ഉപാധിയായി കണ്ടത്.
നിലനിൽപ്പിന്റെ പ്രാചീനമായ മറ്റൊരു രീതി.കാലങ്ങളായി നമുക്കിടയിൽ ഉള്ളത്.
ഉടൽ വടിവുകളെക്കാൾ അപ്പോൾ
അവരുടെ ആ ദയനീയതയാണ്
എനിക്കുള്ളിൽ അവശേഷിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ