2020, ജൂൺ 2, ചൊവ്വാഴ്ച

ഡെവിൾസ് അമ്പലക്കാടും അമ്പലക്കാട് വൈശാഖി കലാസാഹിതിയും

ഡെവിൾസ് അമ്പലക്കാടും
അമ്പലക്കാട് വൈശാഖി കലാസാഹിതിയും തമ്മിലുള്ള വൈരം കത്തിനിൽക്കുന്ന കാലം.
ഞങ്ങൾ ,ഡെവിൾസ് അമ്പലക്കാട്.
കപിൽസ് ഡെവിൾസ് 83 ഇൽ ക്രിക്കറ്റ് വേൾഡ് കപ്പ് ഉയർത്തിയപ്പോൾ അമ്പലക്കാട് ഒരു പുതിയ കളിയും.,ഒരു ടീമും
പൊട്ടി വളർന്നു.അത് വരെ അമ്പലക്കാട്ടുകാർ ഫുട്ബോളിലും,
വോളിബോളിലും മാത്രം കൈയും
കാലും വെച്ച് നടന്നപ്പോൾ മൂന്ന് കുറ്റിയും.,കവണ മടൽ കൊണ്ടുണ്ടാക്കിയ ഒരു ബാറ്റും,ഒരു പഴയ കോർക്ക് ബോളുമായി ഞങ്ങൾ അമ്പലക്കാട്ടിൽ
അവതരിച്ചു.ദാസന്റെ വടക്കേപ്പുറത്തെ കുളത്തിനു
മീതെ പൂളത്തടികൊണ്ട് ഒരു തട്ട് കെട്ടിയുണ്ടാക്കി അതിന് ഡെവിൾസ് അമ്പലക്കാട് എന്ന് പേരുമിട്ടു.അത് ഒരു യുദ്ധത്തിന്റെ ആരംഭം കൂടിയായിരുന്നു.
അതുവരെ എന്തിനും ഏതിനും വൈശാഖി എന്ന നിലയിൽ നിന്ന് ഡെവിൾസ് അമ്പലക്കാട് എന്നും
കൂടി കേട്ട് തുടങ്ങിയതോടെ തുടങ്ങിയ ഒരു യുദ്ധം
അംഗസംഖ്യയിൽ ഞങ്ങൾ വൈശാഖിയെക്കാളും
വളരെ താഴെയാണ്.അല്ലെങ്കിൽ ഞങ്ങൾ ഒരു ക്രിക്കറ്റ് ടീമിനുള്ള ആളൊഴിച്ച്‌ ബാക്കി
അമ്പലക്കാട്ടുകാരൊക്കെ വൈശാഖിയിൽ അംഗങ്ങൾ ആണ്.
ഞങ്ങളെ എന്തോ അവർ ഒപ്പം
ചേർത്തില്ല.അതിനു ശേഷമുള്ള
ഓരോ ആഘോഷങ്ങളും ഞങ്ങൾ
തമ്മിൽ പറയാതെയുള്ള കുരിശു യുദ്ധത്തിന്റേത് കൂടിയായിരുന്നു.
അവർ ഒരു പരിപാടി അനൗൺസ് ചെയ്‌താൽ അതിനു മുൻപ്
ഞങ്ങൾ ഒരെണ്ണം തട്ടിക്കൂട്ടും.
അല്ലെങ്കിൽ നേരെ തിരിച്ചും.
ന്യൂ ഇയറിനു വ്യത്യസ്തമായി എന്ത് ചെയ്യാൻ പറ്റും എന്ന ആലോചനയിൽ നിന്നാണ്
ഓരോ വീട്ടിലേക്കും
ഓരോ ഗ്രീറ്റിംഗ് കാർഡ് അയക്കണമെന്ന് ഐഡിയ
തോന്നിയത്.കാർഡ് വാങ്ങിച്ചു അയക്കാൻ ഒരുപാട് കാശ് ചിലവുണ്ട്.കുറഞ്ഞ ചിലവിൽ എങ്ങിനെ എന്ന ആലോചനയായി പിന്നെ.സുനിക്കാണ് മിന്നിയത്
പോസ്റ്റ് കാർഡ് വാങ്ങുക..നീ വരയ്ക്കുക.അവന്റെ മിന്നൽ ഏറ്റത് എനിക്കായിരുന്നു.ദാലിയുടെ പ്രശസ്തമായ പെയിന്റിംഗ്.,
ജനലിൽ കൂടി കടൽ നോക്കി
നിൽക്കുന്ന പെൺകുട്ടിയെ എല്ലാ കാര്ഡിലും വരച്ചു
അത് അമ്പൽക്കാട്ടിലെ വീട്ടുകാർക്കൊക്കെ പോസ്റ്റ്
ചെയ്തു.അവരുടെയെല്ലാം വീടുകളിൽ കാർഡ് കിട്ടിയപ്പോഴേ വൈശാഖിക്കാർക്ക് കത്തിയുള്ളൂ..
അവർക്ക് വേറെ വഴിയൊന്നുമില്ല പകരം അവർ പപ്പടത്തിൽ സ്ക്രീൻപ്രിന്റ് ചെയ്തു ഓരോ വീട്ടിലും രാത്രി കൊണ്ടിട്ടു..
ഞങ്ങൾ ചെയ്തതിന് പിറകെ ആയതിനാൽ അവർ കോപ്പി അടിച്ചതാണെന്നു,നാട്ടുകാർക്ക്
തോന്നേം ചെയ്തു.അവർക്കത് വലിയ നാണക്കേടായി.എപ്പോ വേണേലുംഞങ്ങൾക്ക്..,പ്രേത്യേകിച്ചും എനിക്കും സുനിക്കും അടി വീഴാമെന്ന അവസ്ഥ.ഒരു പ്രാവശ്യം സഞ്ചേട്ടൻ കേറി തടഞ്ഞത്കൊണ്ട്
മാത്രമാണ് അനിചേട്ടൻ എന്നെ വെറുതെ വിട്ടത്.
അങ്ങിനെ ആകെ പുകഞ്ഞു കൊണ്ടിരിക്കുന്ന സമയത്താണ് വിഷു എത്തുന്നത്.വിഷുക്കണി
എങ്ങിനെ സൂപ്പർ ആകാം എന്നതായി പിന്നത്തെ ചർച്ച.
വൈശാഖി എന്തായാലുംഉണ്ടാകും.,
അതുറപ്പാണ്.അപ്പോൾ അവർ ചെയ്യുന്നതിലും സൂപ്പർ ആകണം.,
അവരെക്കാൾ വേഗം അവർ
പോകുന്ന വീടുകളിലൊക്കെ
കണി കാണിക്കേം വേണം.
പ്രത്യേകിച്ചും സുന്ദരികളായ പെൺകുട്ടികൾ ഉള്ള വീടുകൾ.
കണിയുടെഏറ്റവും സുന്ദരമായ മുഹൂർത്തവും അതിന്റെ
അടിസ്ഥാന കാരണവുംഅതൊന്ന് മാത്രമായിരുന്നു.ധൈര്യമായി
അവരുടെയൊക്കെ വീടുകളിൽ പോകാം.അവർ അറിയാതെ അവർ കണി കാണുന്നത്
കണ്ടുനിൽക്കാം.ചിലപ്പോഴോല്ലാം കണി കൊണ്ട് വെച്ചവരെ തിരഞ്ഞു അവരുടെ കണ്ണുകൾ ഇരുട്ടിൽ പരതുന്നതും കാണാം..അതിൽ തന്നെ ഒരാളെ നോക്കുന്ന ഒന്നിൽ
അധികം പേർ രണ്ടിടത്തും ഉണ്ടായിരുന്നു.അതാണ് സത്യത്തിൽ ഈ കുടിപകയുടെ പ്രധാന കാരണവും..
വിഷുക്കണി തകർക്കാൻ ഞങ്ങളും
ഒരുക്കം തുടങ്ങി.അന്ന് വരെ മര കസേരയിൽ കൊണ്ട് നടന്നിരുന്ന കണി ഞങ്ങൾ
ഉരുളിയിലേക്ക് മാറ്റി
(അത് തന്നെ അവരും ചെയ്തു എന്നത് ഒടുവിലെ രഹസ്യവും..)
വിഷുവിന്റെ തലേ രാത്രി ഞങ്ങൾ ഇറങ്ങിയ
അതേസമയം അവരും ഇറങ്ങി..ഓരോ വീടും ആവേശത്തോടെ കയറിയിറങ്ങി
അവർ നോക്കി വെച്ച വീടുകളിൽ ഞങ്ങൾ ആദ്യം കണി കാണിച്ചു.ഞങ്ങൾ നോക്കി വെച്ച ഇടങ്ങളിൽ അവരും.ഇതൊന്നും അറിയാതെ മൂന്നാമത് വേറെ
ഏതോ ഒരു ടീമും.വാശിയേറിയ മത്സരം..
കണി ഹാജിയാരുടെ വീടും കഴിഞ്ഞു.ഇനിയുള്ളത്
ഇപ്പോഴും ആ ചേട്ടന്റെ പേര് പെട്ടെന്ന് ഓർമയിൽ വരില്ല.(എന്റെ ഭാഗ്യം..)ആ ഭാഗത്തു നിന്നും ദേവി
നടേ എന്ന് വിളിക്കുന്നത് കേൾക്കാം..ആരാണെന്ന്
തിരിവായതിനാൽ അറിയാൻ കഴിയില്ല.ഞങ്ങൾ എത്തിയപ്പോൾ അവിടെയെങ്ങും ആരുമില്ല.
ഞങ്ങൾ കണി മുറ്റത്തു വെച്ച് മാറി നിന്ന്.. കണി കണിയെ എന്നും ദേവി നടേ നട എന്നും മാറി മാറിവിളിച്ചു.
ഒരു രക്ഷയും ഇല്ല.ലൈറ്റോ..
വാതിൽ തുറക്കുന്ന ഒച്ചയോ കേൾക്കാനില്ല..ന്നാ പൂവാം ആരോ പറഞ്ഞു..അതിനിടയിലാണ് ഒന്നുകൂടി നോക്കാം എന്ന് പറഞ്ഞു രഞ്ജി ഒരു ആനപടക്കം കത്തിച്ചു
ചവിട്ടു പടിയിലേക്ക് ഇട്ടത്.
ഇതോന്നും വേണ്ടടാ എന്ന് ജിത്ത് പറഞ്ഞത് ആരും കാര്യമായി
എടുത്തുമില്ല.
ഇതും കൂടി നോക്കാം ..എന്ന് ഞങ്ങളൊക്കെ കാത്തുനിൽക്കെ..,
പടക്കം പണി പറ്റിച്ചു.
പടക്കം പക്ഷെ ഞങ്ങൾ വിചാരിച്ചിടത്ത്‌ വീണ് അവിടെ
തന്നെ കിടക്കാതെ ഒന്നുകൂടി ചാടി
ഇറയത്ത് വാതിലിനു മുൻപിൽ ചെന്ന് വീണുപുകഞ്ഞു..
കിട്ടിയതെല്ലാം പെറുക്കിയെടുത്ത്
ഞങ്ങൾ കണ്ട വഴിയിലൂടെയൊക്കെ ഓടിപോന്നു.
അതെ സമയം വീട്ടുകാർ വാതിൽ തുറക്കുകയും പടക്കം അത്ര തന്നെ ടൈമിങ്ങോടെ ഒച്ചയിൽ പൊട്ടുകയും ചെയ്തത് ഞങ്ങൾ ആരും കണ്ടില്ല...അറിഞ്ഞുമില്ല.
ഞാനും കുറച്ചു പേരും ഓടിയത് പടിഞ്ഞാറോട്ടാണ്
തിരിവ് കഴിഞ്ഞപ്പോൾ കൂട്ടത്തിൽ ജിത്തിനെ കാണാനില്ല.ബാക്കി എല്ലാവരും ഒപ്പമുണ്ട്..ഞങ്ങൾ
മതിലിനു പിറകിൽ കുറച്ചു നേരം മിണ്ടാതിരുന്നു.
പടിഞ്ഞാറ് നിന്നും അപ്പോൾ വൈശാഖിക്കാർ
കണീം അവസാനിപ്പിച്ചു ഉരുളിയും തലയിൽ കമഴ്ത്തി നടന്നു വരുന്നുണ്ടായിരുന്നു.അപ്പോഴവർ
ഞങ്ങളെ കണ്ടാൽ എല്ലാകൂടി ഞങ്ങളുടെ തലയിൽ
ആവുമെന്നൂഹിക്കാൻ വല്യ പഠിപ്പിന്റെയൊന്നും
ആവശ്യമില്ല..ഞങ്ങൾ പതുക്കെ പിറകിലെ പാടത്തിന്റെ കരയിലേക്ക് നടന്നു..പിന്നെ പാടം മുറിച്ചു കടന്നു ആ വീടിനു പിറകിലൂടെ കടന്നു വേണം ഞങ്ങൾക്ക് വീട്ടിലേയ്ക്കുള്ള വഴിയെത്താൻ
അവിടെ എത്തിയപ്പോഴാണ് പണി പാളിയെന്ന കാര്യം ബോധ്യമായത്.ജിത്തിനെ അവർ കൈയ്യോടെ പിടിച്ചിട്ടുണ്ടാവണം..നല്ല വഴക്ക് കേൾക്കാം..ഞങ്ങൾ മെല്ലെ മതിലിനരികിലൂടെ
നടന്ന് എത്തിനോക്കി..ജീവൻ കിട്ടിയത് അപ്പോൾ
മാത്രമായിരുന്നു..അവിടെ വൈശാഖിക്കാരെ
ആയിരുന്നു അവർ പിടിച്ചു നിർത്തിയത്..തലയിൽ കമഴ്ത്തിയ ഉരുളിയായിരുന്നു അവർക്ക് വിനയായത്..വാതിൽ തുറക്കുമ്പോൾ അവർ കണ്ട
കാഴ്ച ഉരുളിയും തലയിൽ വെച്ച് പടിഞ്ഞാറോട്ട്
ഓടിമറയുന്നവരെയായിരുന്നു.അതുകൊണ്ട് തന്നെ
അവർ പടിക്കൽ കാത്തു നിന്നു..എല്ലാം കഴിഞ്ഞു
ഉരുളിയും തലയിൽ വെച്ച മടങ്ങിവരുന്ന അവരെ
വീട്ടുകാർ കയ്യോടെ പൊക്കി...(പിറ്റേന്ന് അതൊക്കെ കുട്ടികളുടെ വിഷു കണി തമാശയായി ഒത്തുതീർപ്പാക്കപ്പെട്ടു.,എങ്കിലും അതൊരു തമാശ യായി ഞങ്ങൾ എടുത്തില്ല..പിന്നെയൊരിക്കലും
അങ്ങിനെ ഒരു തമാശ കാണിച്ചതുമില്ല...)
ഇടയ്ക്ക് സന്തോഷേട്ടൻ ഇപ്പോഴും ആ കണി വിശേഷം ഓർത്തു പറയും.കാരണം തലയിൽ
ഉരുളി വെച്ച് വന്നത് സന്തോഷേട്ടനായിരുന്നു.
അടുത്ത ടെൻഷൻ ജിത്ത് എവിടെ എന്നതായിരുന്നു.കുറെ തിരഞ്ഞു.നൊ രക്ഷ.ഇനി
വീട്ടിൽ മാത്രേ തിരയാൻ ഉള്ളൂ..അമ്മ അറിഞ്ഞാൽ
അടി ഉറപ്പാണ്.പിന്നെ അവനിത് എവിടെ പോയി
എന്ന ആധിയും. ഒച്ചയുണ്ടാകാതെ വീട്ടിലെത്തി
അമ്മയെ വിളിക്കുന്നതിനും മുൻപ് അടയ്ക്കാത്ത
ജനാലയുടെ മുകളിലെ പാതയിലൂടെ കൈയിട്ട്
അകത്തെ ലൈറ്റിട്ടു...
ജിത്തു അകത്തു സുഖമായി കിടന്നുറങ്ങുന്നുണ്ടായിരുന്നു..
പടക്കം പൊട്ടിയതോടെ അവൻ കിഴക്കോട്ട് ഓടി.ബാക്കിയുള്ളവരൊക്കെ പടിഞ്ഞാട്ടും.
കുറെ നേരം അവൻ സത്യേട്ടന്റെ തറവാടിന്റെ തിരിവിൽ ഞങ്ങളെ കാത്തു നിന്നു.പിന്നെ ബഹളം
കേട്ടപ്പോൾ നേരെ വീട്ടിലേയ്ക്ക് വണ്ടി വിട്ടു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ