2020, ജൂൺ 2, ചൊവ്വാഴ്ച

എന്റെ റാസ്അൽഖൈമ വിശേഷങ്ങള്‍

."നീയിതെവെടെയാടാ...കുറെയായി ഞാൻ വിളിക്കുന്നു.."
ലാൻഡ് ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും ഭാസ്യെട്ടന്റെ ഒച്ചപ്പാട്..ശകാരം.
"ആരാ..."പാതിമുറിഞ്ഞ ഉച്ചയുറക്കത്തിന്റെ ആലസ്യവും
കനവും ഉണ്ടായിരുന്നിരിക്കണം എന്റെ സ്വരത്തിൽ.
"നിന്റെ അമ്മായപ്പൻ.,ഇത് ഞാൻഡാ
പള്ളി ഭാസി..."
"എന്നെത്തി നാട്ടീന്ന്.."
"ഞാനിന്ന് എത്യേയുള്ളൂ..നിനക്ക് ഒന്ന് രണ്ടു എഴുത്തുകളുണ്ട്.. പിന്നെ പുസ്തകങ്ങളും.ഞാൻ നാളെ ജോയിൻ ചെയ്യൂ.നീയിന്നു വാ.വേഗം."
"ഞാൻ വരണോ ഭാസിയേട്ടാ..എഴുത്തു പോസ്റ്റ് ചെയ്‌താൽ മതി.പുസ്തകം വാങ്ങാനും.,വിശേഷങ്ങൾ കേൾക്കാനും ഞാൻ അടുത്ത് തന്നെ
വരേം ചെയ്യാം..അത് പോരെ.."
"ഹിത്തിന്റെയും,അനുവിന്റെയും എഴുത്തുകൾ പോസ്റ്റ് ചെയ്താലും
അമ്മയുടെ എഴുതെന്ത് ചെയ്യും.അത്
വാങ്ങാൻ നീ വര്വന്നെ വേണം..ആ
കവറിനുള്ളിൽ എന്തൊക്കെയോ ഉണ്ട്.അത് മാത്രല്ല..നാളെ നിന്റെ
പിറന്നാൾ ആണെന്നും അതിനും
മുൻപെ ഇത് നേരിട്ട് കൊടുക്കണം
ന്നും എത്തനേച്ചി പ്രത്യേകം പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് നീ
യെത്രേം വേഗം വാ..."
ഇപ്പോഴേ ഇറങ്ങിയാൽ രാത്രിയോടെ
തിരിച്ചു വരാം.ഉച്ച കഴിഞ്ഞു വരില്ല
എന്ന് സുദേഷ്ണയെ വിളിച്ചു പറഞ്ഞാൽ ഓഫീസിൽ കയറാതെ
ഇവിടുന്നെ തിരിക്കാം..ബംഗാളി
നോവലുകളെക്കുറിച്ചു അറിയുമെന്ന
കാരണത്താൽ സുദേഷ്ണയ്ക്ക്
എന്നെ കുറച്ചു കാര്യവുമാണ്.
ആശാപൂർണാദേവിയുടെ പ്രഥമപ്രതിശ്രുതി മാതൃഭൂമി
ആഴ്ചപ്പതിപ്പിൽ വന്നിരുന്നപ്പോൾ
അതിന് എ. എസ് വരച്ച മുഖത്തെ
ഓര്മിപ്പിക്കുന്നതാണ് സുദേഷ്ണയുടെ വട്ടമുഖം.
രണ്ടു പ്രാവശ്യം റിങ് ചെയ്തതിനു ശേഷം.,ഭാഗ്യം ഫോൺ എടുത്തത്
അവൾ തന്നെയായിരുന്നു.താമസം
റോളയിൽ ആയിരുന്നതിനാൽ
ലഞ്ച് ബ്രേക്ക് അവൾ ഓഫീസിൽ
തന്നെയായിരുന്നു.ഉപചാരങ്ങൾക്ക്
ശേഷം സ്വരം തിരിച്ചറിഞ്ഞപ്പോൾ
അവൾ ചിരിച്ചു.
"ഇന്നെവിടെയ്ക്കാണ് മുങ്ങൽ..
മുൻപ് ഷാർജ സ്റ്റേഡിയത്തിൽ ഇന്ത്യ
പാക്കിസ്ഥാൻ ക്രിക്കറ്റ് കാണാൻ
പോയതിന്റെ കള്ളി പൊളിഞ്ഞത്
ഓർത്താണ് ചിരി.അന്ന് കമ്പനിയിൽ
എല്ലാവര്ക്കും ഫുഡ് പോയ്സൺ
ആയിരുന്നു..പിറ്റേന്ന് ഓഫിസിൽ
നിരത്തി നിർത്തിയപ്പോൾ മാത്രമാണ്
ഒരേ കാരണമാണ് എല്ലാവരും പറഞ്ഞത് എന്ന് തിരിച്ചറിഞ്ഞതും.
നുണ പറയാൻ നിന്നില്ല..അപ്പോൾ
അമ്മ തന്നയച്ചത് അവൾക്കും വേണ മെന്നായി.
"അമ്മ നൽകുന്നത് ഒരുമ്മ ആണെങ്കിലോ.."
കുസൃതിയോടെ അവൾ ചിരിച്ചു
"അമ്മ തരുന്ന പോലെ തന്നോളൂ..."
ഷാർജയിൽ നിന്നും ഒരുമണിക്കൂറിൽ
കൂടുതൽ യാത്രയുണ്ട് റാസ്‌ അൽ
ഖൈമയിലെത്താൻ.ഉം അൽ ഖുവൈൻ കഴിഞ്ഞപ്പോൾ റോഡ് വിജനമായി.ഇടയ്ക്ക് മാത്രം വലിയ
പാറക്കല്ലുകൾ കയറ്റിയ ട്രക്കുകൾ
മാത്രം.റോഡ് അലസം മണല്കുന്നുകൾക്കിടയിലൂടെ നീണ്ടു
കിടന്നു.വെയിൽ ചായാൻ തുടങ്ങി.
പൊക്കുവെയിലിൽ മണൽ
കുന്നുകൾ പൊൻ നിറമാർന്നു തുടുത്തു.ഇടയ്ക്ക് റോഡ് മുറിച്ചു
കടക്കുന്ന ഒട്ടക കൂട്ടങ്ങൾ..
അമ്മ എന്തായിരിക്കും കൊടുത്ത്
അയച്ചിരിക്കുന്നത്.ഉണ്ണിയപ്പവും
അലുവയുമായിരിക്കില്ല.എഴുത്തിന്റെ
ഉള്ളിലിട്ടു കൊടുത്തയാക്കാൻ മാത്രം
എന്തായിരിക്കും ഇത്ര വിശേഷായിട്ടു.
ഓർത്തു നോക്കിയിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.
വിചാരിച്ചതിലും വേഗം കാറാനിൽ
എത്തി. ബെൽ അമർത്തി കൈയെടുക്കും മുൻപ്
വലിയൊരു ചിരിയോടെ വാതിൽ തുറന്ന് ,പഴയൊരാ ഇഷ്ടത്തോടെ
ഭാസിയേട്ടൻ ചുമലിൽ പിടിച്ചു..
"നിന്റെ വിശേഷങ്ങൾ എന്താടാ..."
"അത് ശരി., നാട്ടിൽ നിന്നും വന്ന
ആളോട് ഞാനെന്തു വിശേഷാണ്
പറയുന്നത്..വൈശാഖീം.,തോറ്റോം
പൂരങ്ങളും..പറയാൻ ഭാസിയേട്ടനല്ലേ
ഒരുപാടുള്ളത്."
"നാട്ടിലാണ്ടാ..സുഖം.സത്യത്തിൽ ഒരു
ടെൻഷനും ഇല്ല.സാധനങ്ങൾക്ക്
ഇത്തിരി വിളകൂടുതൽ ഉണ്ടെന്നു
മാത്രം.4 മാസം പോയതറിഞ്ഞില്ല
ഞാൻ.തോറ്റങ്ങൾക്ക് ഒക്കെ പോയില്ല..കൊല്ലാറ സഞ്ജു ഇല്ലാതെ
സുഖായില്ല..,പകരം സുരേഷാ തുള്ളിയത്.പഴേ പോലെ വരുന്നവരൊക്കെ തുള്ളോ എന്നൊരു പേടിയുണ്ടായിരുന്നു രാഘവച്ചാച്ചാന്. അതുണ്ടായില്ല ഭാഗ്യത്തിന്.
കൊല്ലാടിയിൽ ദാസനും മഡൂം
നോക്കിയെങ്കിലും നമ്മുടെ
അരവിന്ദേട്ടനല്ലേ ആള്ഒരെണ്ണതിനെ
ആ വഴി അടുപ്പിച്ചില്ല..മൂപ്പർ തന്നെ
തുള്ളി."
സംസാരം മുറിയാതെ ഭാസിയേട്ടൻ
എണീറ്റ് പോയി,എഴുത്തുകളും
പുസ്തകങ്ങളും എടുത്തു വന്നു
ഒയെൻവിയുടെ ഉജ്ജയിനിയും,
രണ്ടാമൂഴത്തിന്റെ പുതിയ പതിപ്പും.
പുസ്തകം കൊടുത്തയക്കുബോൾ
പോലും അമ്മയ്‌ക്കെന്റെ മനസ്സ് കൃത്യമായിട്ടറിയാം.
"നീയെഴുതു നോക്കുമ്പോഴേക്കും
ഞാനോരോ സുലൈമാനിയിട്ടു
വരാം."
അനുവിന്റെയും,ഹിത്തിന്റെയും കത്തുകൾ ഞാൻ പുസ്തകത്തിനിടയിൽ തിരുകി വെച്ച്
അമ്മയുടെ എഴുത്തിന്റെ അരികു കീറി.അതിനുള്ളിൽ എന്താണെന്ന്
തിരിച്ചറിയാൻ പറ്റുന്നില്ലായിരുന്നു.
ഉരുണ്ട..ചെറിയ എന്തോ ഒന്ന്,പണ്ട്
പള്ളിക്കുന്നന്റെ കടയിൽ നിന്നും
വാങ്ങാറുണ്ടായിരുന്ന കമർകെട്ട്
മിഠായി പോലെ..ഇനിയൊരു പക്ഷെ
അത് തന്നെയാവാനും മതി.അമ്മ
പലപ്പോഴും അങ്ങനെയായിരുന്നു.
എനിക്കിഷ്ടമുള്ള.,എന്നാൽ നിസ്സാരങ്ങളെന്നു കാണുന്നവർക്ക്
തോന്നുന്ന പലതും ഓർത്തു വെച്ച്
കൊടുത്തയക്കും.ഒരിക്കൽ നമ്മുടെ
വടക്കേപ്പുറത്തെ മാവിൽ ആദ്യം കായ്ചതാണെന്നു പറഞ്ഞു ഒരു മാങ്ങ.,ഇടയ്ക്കിതിരി അണ്ടി പരിപ്പ്
നമ്മുടെ തറവാട്ടു പറമ്പിലേതെന്നു.
അല്ലെങ്കിൽ അതിരിലെ കൈതയിൽ
നിന്ന് പഴുക്കാറായ ഒരു കൈതച്ചക്ക
അങ്ങിനെയങ്ങിനെ എന്തും.
അല്ലെങ്കിൽ കാഡ്ബറീസ് ആകാം,
പിറന്നാളായിട്ടു.ഇന്നാളൊരിക്കൽ
ദാസേട്ടന്റെ കയ്യിൽ കൊടുത്തയച്ച
ചോക്‌ളൈറ്റ് ആകെയുരുകി ഉരുകിയിരുന്നു.കവർ ചെരിച്ചപ്പോൾ
ആദ്യം വന്നത് രണ്ടു കാവി കടലാസ്
കവറുകൾ ആയിരുന്നു.മെഡികൽ
ഷോപ്പിൽ നിന്നും കിട്ടുന്ന പോലെ
ഉള്ളത്.പിറകെ എഴുത്തും.
"നീയിനിയും നോക്കി തീർന്നില്ലേ.."
ചെറിയ ചായ കപ്പ് അരികിൽ വെച്ച്
ഭാസിയേട്ടൻ തിരക്ക് കൂട്ടി..
നീയാ കവറിൽ എന്താണെന്നു നോക്കേടാ..."
ഞാൻ മെല്ലെ കൈവെള്ളയിലേക്ക്
കവർ ചെരിച്ചു.ഉള്ളിൽ എന്താണെന്ന്
എനിക്കപ്പോഴേക്കും ചെറിയൊരു
സൂചന കിട്ടിയിരുന്നു.
മൂന്നു നാല് ചെറിയ കടും പച്ച നിറമുള്ള നെല്ലിക്കകൾ എന്റെ കൈയ്യിൽ വീണുരുണ്ടു..
ഭാസിയേട്ടൻ ഉറക്കെ ചിരിച്ചു.
"ഞാനെന്തോ അമൂല്യായ എന്തോ
ആയിരിക്കുമെന്നല്ലേ കരുത്യേത്..
ഇതായിരുന്നെൻകിൽ എത്തനേച്ചിയോട് ഞാനവന് ഒരു കിലോ വാങ്ങികൊടുക്കാന്ന് ഏറ്റേനല്ലോ.. ഇതിപ്പോ..."
നീ നട്ടു പോയ നെല്ലിയിൽ ആദ്യം ഉണ്ടായ കായ്കളാണെന്ന അമ്മയുടെ
വരികളിൽ ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കുകയും ചെയ്യുന്ന
ഇഷ്ടങ്ങൾ പക്ഷെ ഭാസിയേട്ടനു മനസ്സിലാവുന്നതായിരുന്നില്ല..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ