2020, ഏപ്രിൽ 27, തിങ്കളാഴ്‌ച

പ്രണയത്തിന്റെ ഡയറിക്കുറിപ്പുകൾ

ജനുവരി

എന്റെ മൊബൈലിൽ
ആദ്യ പ്രണയത്തിന്റെ
സ്വരചില്ലുകൾ
തളിർത്തത്
ഏതു വർഷത്തിന്റെ
മൃതിനിമിഷത്തിലായിരുന്നു

ഫെബ്രുവരി
എന്നും
മൗനത്തിന്റേതായിരുന്നു
യാത്രാരംഭങ്ങളിലെ
കാഴ്ചകളിൽ നിന്ന്
ഇരുളിലേയ്ക്കും
മൗനത്തിലേയ്ക്കും
പിറവിയുടെ
ഇരുട്ടു തേടുന്ന
വാൽനക്ഷത്രക്കതിരു പോലെ
പിൻവാങ്ങലിന്റെ
യാത്രാമുഖം

മാർച്ച്
ഗ്രീഷ്മത്തിൽ
നിന്റെ
അസാന്നിധ്യത്തിന്റ
താപസമൃദ്ധിയിൽ
ഒരു വാക്കിന്റെ
മഴ മേഘം
പ്രണയം
വെറും നാട്യങ്ങളുടെ
അസംബന്ധമെന്നു
നിന്റെ കുറിപ്പിന്റെ
നീലത്താൾ

ഏപ്രിൽ
കുയിൽ നാദങ്ങളുടെയും
മഞ്ഞപ്പൂക്കളുടെയും പ്രണയമാസം
നിന്റെ സാമീപ്യത്തിൽ
പിന്നെയും തളിർത്ത
മന്ദാരം

മെയ്
ചുവന്ന പൂക്കളുടെ
കുരുതി മാസം
വേദനിപ്പിക്കാൻ വയ്യെ
നിക്കെന്റെ
വേദനകളെന്റെ
സിരാബന്ധങ്ങളെയെന്റെ
രക്തത്തെയെന്റെ
യേന്റെയെന്നു
നിന്റെ
പിൻവാങ്ങലിന്റെ
പവിത്രനീരിറ്റു വീണ
പ്രണയബലി

ജൂൺ
പെയ്തൊഴിയാത്ത മഴയുടെ
ഇരുണ്ട വേദനകൾ
തിങ്ങിയ ആകാശം
നിശ്ശബ്ദം
പിന്നെ
ജൂലായ്
ആഗ്സ്റ്
ആവണിലാവിന്റെ
സെപ്തംബെർ

ഒറ്റച്ചിറകും
ഒഴിഞ്ഞ ആകാശവും
മറന്നേ പോവുക
നീയെന്റെ പ്രണയത്തിന്റെ
ഇലയറ്റ
ചില്ലകളെ

ഡയറിത്താളുകളിലൂടെ
നീ പകർന്ന
വേദനകളിൽ നിന്ന്
ഞാനൊരുപാട് ദൂരം
യാത്രയായിരിക്കുന്നു

നവംബറിന്
കരഞ്ഞു കലങ്ങിയ മിഴികളുള്ള
പ്രണയിനിയുടെ ഛായ യെന്ന്
നിന്റെ നിറകൺചിരി

ഇനിയും
ഈ ഡിസംബറിൽ
നിന്റെ വ്യഥിത യാത്രകൾക്ക്
പൊഴിഞ്ഞുതിരുന്ന
വർഷങ്ങളുടെ
മഞ്ഞച്ച ഇലകളുടെ
ശവഗന്ധത്തിന്
നിന്റെ പ്രണയത്തിന്
ഈ ഡയറി മാത്രം..
മറുപടിയില്ലെങ്കിലും
നീ കണ്ടുവെന്ന്
അറിയിക്കുന്ന
നീല ചിഹ്നങ്ങളാണ്
ഇന്നെന്റെ
ആശ്വാസം

എനിക്കറിയാം
എല്ലാവരെയും പോലെ
നീയും ഇത് വായിക്കും
അപ്പോൾ
വരികൾക്കിടയിൽ നിന്ന്
ഒരു വാക്ക് മാത്രം
നിന്നെ വന്നു തൊടും
നിന്റെ വിരൽ പിടിച്ചു
ചുവന്ന പൂക്കൾ വീണു കിടക്കുന്ന
ഇടവഴിയിലൂടെ
അത് പിറകിലേക്ക് നടക്കും
കൽപടവുകളിൽ
ചേർന്നിരിക്കും
ഒഴിഞ്ഞ ഇടനാഴിയുടെ ഇരുളിൽ
ഒരുമ്മയിൽ പൂത്ത് 
നിൽക്കും
യാത്ര പറയാതെ
പെട്ടെന്നൊരു കവിതയുടെ
മൗനത്തിൽ പൊതിഞ്ഞു
വീട് വിട്ടുപോകും

കവിത മൗനമാകും.
കവിതയുടെ വഴികൾ

റാസ്‌ അൽ ഖൈമയിലെ
കവിയരങ്ങിന്റെ രാത്രി
ഷാജി കവിത വായിക്കു കയായിരുന്നു

മുറി
അലസമായ ഒരു കോട്ടുവായ ഒതുക്കി
ചാഞ്ഞിരുന്നു
ഉദാസീനമായ മൗനം
ഇടയ്ക്ക്
മൊബൈൽ കിളിയൊച്ചകൾ
സ്വകാര്യ സീൽക്കാരങ്ങൾ
ഒരു നിശ്വാസം

മുറിയുടെ 
സ്വകാര്യതയിലൂടെ
വീഡിയോ ക്യാമറയുടെ
ചാരക്കണ്ണുകൾ

ഇടനാഴിയിൽ
പുകവളയങ്ങൾ
പരിചയകിലുക്കങ്ങൾ
ഒരല്പം
ശൃഗാരം

ചില്ലു ജാലകത്തിനപ്പുറം
നീലരാത്രിയുടെ
ഞരമ്പുകൾ

ക്യാറ്റ് വാക്കിന്റെ ചലനവുമായി
റാമ്പിലിറങ്ങിയ സുന്ദരി
ഷാമ്പൂ ചെയ്ത മുടിയുടെ
സുഗന്ധം
ലിപ്സ്റ്റിക്
"..തണുക്കുന്നൊരീ രാത്രിയിൽ
കവിതയ്ക്കെന്തു കാര്യം."
അലസം ചിരിച്ച്
അവൾ തിരിഞ്ഞു നടക്കുമ്പോൾ
വായിക്കാത്തൊരു കവിതയിൽ
 ഞാനുണർന്നു പോകുന്നു

ചിരിയൊച്ചകൾ
ചില്ലുപാത്രമുടയുന്ന
സ്വരമൂർച്ചകൾ

രസനയിൽ
ലിപ്സ്റ്റിക്കിന്റെ ചവർപ്പ്

മുരടിച്ചൊരീ 
മരങ്ങൾക്കിടയിലൂടെ
പ്രവാസചന്ദ്രികയും
തിണർത്ത  ഞെരമ്പുകളുമായ്
നമുക്കൊന്ന്
നടന്നുവരാം

കവിതയുടെ വഴികൾ
ഇരുളിലെവിടെയോ മുറിഞ്ഞു പോകുന്നു
പ്രണയിക്കുന്നവർ

പ്രണയിക്കുന്നവർ
ഒരു സ്വപ്നം കൊണ്ട്
പരസ്പരം
മുറിപ്പെടുത്തുകയാണ്

നിന്റെ ഹൃദയത്തിനു മീതെ
ഞാനെന്റെ ഹൃദയം
പണയപ്പെടുത്തുകയാണ്
നിന്റെയധരത്തെ
എന്റെയധരങ്ങളാൽ
മുദ്രവെക്കുകയാണ്

വിശുദ്ധമായ
നിന്റെ ശരീരം കൊണ്ട്
പാപം നിറഞ്ഞൊരുടലിനെ
സ്നാനപ്പെടുത്തുകയാണ്

പ്രണയിക്കുന്നവർ
പരസ്പരം
തീവ്രമായ വേദനയുടെ
കുരിശിലേറ്റപെടുകയാണ്
നിന്റെ വേദനയുടെ
മഞ്ഞുവീണു നനഞ്ഞ 
വാക്കുകൾ
മൗനം
ഒരു ദീർഘനിശ്വാസം
റ്റെലിഫോണിൽ
നിന്റെയുള്ളിലെ
സങ്കടപെരുങ്കടൽ
എനിക്കാവുന്നില്ല
ഒരു വിരൽസ്പർശത്താൽ
നിന്റെയുള്ളിലെ
കനലുകൾക്കു മീതെ
പെരുമഴപോലെ
കനത്തു പെയ്യാൻ
നിന്റെ വ്യഥകനത്ത
ഹൃദയത്തിനു മീതെ
ഒരാർദ്രമായ ആലിംഗനം കൊണ്ട്
പൂത്തുലയാൻ

ദൂരെയാണ് ഞാൻ
നിന്റെ വ്യഥകളെയറിഞ്ഞു
നിന്റെ ചിരിക്കുപിറകിലെ
നോവുകളറിഞ്ഞു
ഒന്നിനും കഴിയാതെ
ദൂരെ
എവിടെനിന്നാണ്
കവിത വരുന്നത്

ഓരോർമയുടെ
കൂർത്തശിഖരത്തിൽ നിന്നൊ
പ്രണയവിരാമത്തിന്റെ
മഞ്ഞച്ച ഇലകളിൽ നിന്നോ
മരണത്തിന്റെ ശൂന്യമായ 
മൗനത്തിൽ നിന്നൊ

എവിടെ നിന്നാണ്
കവിത വരുന്നത്

കളിപറമ്പുകളിലെ ഒറ്റപ്പെടലുകളിൽ
ചുമൽ ചേർത്ത്
അക്ഷരങ്ങൾക്കും
അറിയാവഴികൾക്കും
വിരൽകോർത്ത ചങ്ങാതിയെ
ഒറ്റുകൊടുത്ത 
അവസാനത്തെ
അത്താഴരാത്രിയിൽ നിന്നൊ

എവിടെ നിന്നാണ്
തിരിമുറിയാ പ്രളയ പെരുമാരിയായി
കവിത പെയ്തൊഴിഞ്ഞത്

കടും ചവർപ്പിന്റ
നീല വെളിച്ചത്തിൽ
നഗരത്തിരക്കിൽ
പ്രണയിച്ചൊപ്പം വന്ന പെണ്ണിനെ
കൂട്ടികൊടുത്തു
കൊടുംവിഷത്തിന്റെ
പാനപാത്രം പങ്കുവെച്ച്
വഴി വിളക്കിന്റെ
അന്ധമിഴികൾക്കു കീഴെ
കുരുതിക്കഴിച്ച
വിലാപരാത്രിയിലോ

എന്റെയെന്റെയെന്നു
എല്ലാമടക്കിപ്പിടിച്ച്‌
ഒന്നുമില്ലായ്മയുടെ
കിനാവിലചൂടി
ഭ്രാന്തിന്റെ
പെരുമഴ നനഞ്ഞു
ഭ്രഷ്ടനായി
നഗ്നനും അനാഥനുമായി
തെരുവിൽ
കുരിശിലേറ്റപ്പെട്ടവന്റെ
മരണരാത്രിയിലോ

എവിടെ നിന്നാണ്
കവിത വരുന്നത്

എണ്ണതീർന്ന
നിലവിളക്കിൽ,സന്ധ്യക്ക്
കരിന്തിരി കത്തും മണം
ചുട്ടുപൊള്ളുന്നൊരു നെഞ്ചിൽ
കണ്ണുനീരിറ്റു വീണുരുകും
മണം
അരിവേവും മണം
അറിയാതെ തിളച്ചുതൂവിയ
പാൽ മണം

കാവികടലാസുറയിൽ
ആഴ്ച്ചതോറുമെത്തും
വേവലാതിനിറഞ്ഞ കത്തിൽ
വേദന വേവും മണം
കാറ്റിൽ
നെഞ്ചിലെ മുറിവിലൂടെ
വ്യഥയുടെ നിശ്വാസമുതിർക്കും
മുളങ്കാട് പൂക്കും മണം
വാകപൂ വീണു തണുത്ത
കുളത്തിലെ
പായൽമണം

ഒടുവിലെന്നിട്ടും
അമ്മയെയോർക്കുമ്പോൾ
ഉള്ളിൽ
എരിഞ്ഞടങ്ങുന്നൊരു ചിത നിറയുന്നു 
ചുറ്റും 
അമ്മയുടെ മണം പരക്കുന്നു
റാസ്‌ അൽ ഖൈമ സ്കെചെസ്

കാദർ,വയസ്സ് 32
വിവാഹിതൻ 
മൂന്നു കുട്ടികളുടെ ഉപ്പ
കഫ്റ്റീരിയായിൽ അടരുകളാക്കി
കമ്പിയിലടുക്കിയ ഇറച്ചി
ഷവർമയാക്കുബോഴും
പൊരയില്ലാത്ത
പൊല്ലാപ്പുകൾ മാത്രം
മനസ്സിലുള്ളവൻ
ചോരുന്ന വീടിന്റെ മൂലയിൽ
എണീക്കാനാകാത്ത ഉമ്മയെയോർത്തു
കനൽ 
ഉള്ളിൽ നീറി പുകയുന്നവൻ
കണ്ണീരു തോരാത്ത 
പെണ്ണിന്റെ
നനഞ്ഞ അക്ഷരങ്ങൾക്ക് മീതെ
വിരലോടിച്ചു
പാതിരായിൽ തിരിച്ചെത്തിയിട്ടും
ഉറങ്ങാതിരിക്കുന്നവൻ
അക്ഷരങ്ങളിലൂടെ
അതിലെ അറിയാവാക്കിന്റെ 
വേദനയിലൂടെ
പെണ്ണിന്റെ മിഴിനീര് തൊട്ട്
ഉറക്കമില്ലാത്തവളുടെ 
പാതിവെന്ത രാത്രിയിലൂടെ
ഒലിച്ചൊലിച്ചു പോകുന്നവൻ

പ്രവാസിയുടെ മുറി

വ്യത്യസ്ത  ദ്വീപുകളുടെ
സമുദ്രം
അറിയാത്ത പ്രവാഹങ്ങളുടെ
കപ്പൽ പാത
പല ഭാഷകളുടെ
ബാബേൽ
അപരിചിതരുടെ നഗരം
പല അയനങ്ങളിൽ 
കടന്നു പോകുന്ന
ആകാശം
ഓരോ പ്രാവശ്യവും
മാറുന്ന പുഴ
നീ ഓരോ കിനാവിലും
പൂത്തു നിൽക്കും ഇലഞ്ഞിമണം
പെരുവഴിയിലെങ്ങോ പൊഴിഞ്ഞ
കുന്നിമണി
മൈലാഞ്ചി ചുവപ്പുപടർന്ന
വിരലിൻ സാന്ദ്രസ്പർശം
നാവേറു പാടും
പുള്ളുവക്കുടത്തിനീണം

നിന്റെ മിഴിയിൽ പൂത്ത
മുരുക്കിൻ പൂക്കളിൽ
കുരുതി രക്തം
നിന്റെ ചിരിയിൽ
നിലാവിൻ ശൈത്യം
പാതിയിടിഞ്ഞ 
കുളക്കൽ പടവിലെ
ദുരന്ത സ്മൃതി നീ

കുങ്കുമം പടർന്ന നെറ്റിത്തടം
രക്താഭമായ ജലസമൃദ്ധി
മുളങ്കാടുകളിൽ ചേക്കേറിയ
നിലവിളി

സ്നേഹിച്ചു തീരാത്ത
ഓർമകളുടെ ഖനിയാണ് നീ
പൊട്ടി തകർന്ന
പളുങ്കു സ്വപ്നങ്ങളുടെ
ഏകാന്ത ശ്മശാനം
അനാഥമായ ജലപ്രവാഹങ്ങളും
ശംഖിന്റെ 
വെളുത്ത ചുണ്ണാമ്പ് കൊട്ടാരങ്ങളും
തീർത്ത സമുദ്രം 

നീ പിന്നെയും
ഇരുളിലേയ്ക്ക് പിൻവാങ്ങുന്നു

കാത്തിരിക്കുന്ന മനസ്സുകൾക്ക്
സ്മൃതിയുടെ
ഒരു വെയിൽ നാമ്പ്
സുഗന്ധങ്ങളുടെ പൂക്കൂട
ഗുൽമോഹർ പൂക്കളുടെ
ഓർമ്മകൾ ചിതറിയ
ഒഴിഞ്ഞ വഴിത്താര

ഞാൻ കൂടുതൽ ഏകാകിയാകുന്നു

ദുരിത മുനമ്പിലെ
അവസാന സന്ദർശകർ നാം
കടലുകൾക്ക് മീതെ
നിലാവിന്റെ  ശവക്കോടി
നിലവിളിച്ചാർക്കുന്ന തിരകൾ
പുലരും മുൻപേ വഴിപിരിയേണ്ട
സഞ്ചാരികൾ 
കടൽക്കാറ്റിൽ 
നിന്റെ ചുരുൾമുടി
വേർപിരിയാനാകാത്ത പോൽ
പിന്നെയും
പിന്നെയും
എന്നെ ചുറ്റുന്നു

നിന്റെ നാഡികളിൽ
പ്രണയജ്വരം പൂക്കുന്നു വീണ്ടും
സ്ഫടികപാത്രങ്ങളിൽ 
എരിയുന്ന ചുംബന ലഹരി 
നുരയുന്നു
പൊള്ളുന്ന ആശ്ലേഷങ്ങളിൽ
ഞാൻ
നിന്റെ ഉഷ്ണമാപിനി
കയ്പ്പുള്ള 
നിന്റെ കീഴ്ചുണ്ട് പോലെ
ഞാൻ ജീവിതം 
രുചിക്കുന്നു

നിലവിളിച്ചു തളർന്ന തിരകൾക്കു മീതെ
നീല രാവാട പൊഴിച്ച്
രാത്രി പിന്നെയും 
യാത്രയാകുന്നു

എന്റെ ജാലകത്തിലിപ്പോൾ
വേർപാടിന്റെ
ഒരു നീൾമിഴി മാത്രം
പൊള്ളുന്ന വാക്കുകളുടെ ശയ്യയിൽ
പനിച്ചു കിടക്കും മൗനം
തിരിച്ചെത്തും മുൻപേ 
അന്ധനാക്കപ്പെട്ട സഞ്ചാരി
തിരയെണ്ണിയെണ്ണം പിഴച്ച
ഭ്രാന്തൻ ചങ്ങാതി
വെളിച്ചനുറുങ്ങിൻ ഭാണ്ഡവുമായ്
തിരമുറിച്ചകലെക്കൊരാൾ
കുളമ്പടിച്ചു പോകുന്ന 
കറുത്ത യാത്രികൻ
ഇരുണ്ട നദിയ്ക്കക്കരെ
കാത്തിരിക്കുന്നവരുടെ നൗക

നിനക്ക് മുൻപേ
എന്റെ വിധിയിലേക്കിറങ്ങട്ടെ
ഞാൻ.

1
ഇത്ര നാളും അടച്ചിട്ട 
അകങ്ങളിലേയ്ക്ക്
കുറ്റബോധത്തോടെ എന്നവണ്ണം
ഞാൻ കടന്നു വരും

2
ശ്വാസനാളിയിൽ
കുരുങ്ങിയൊരു അവസാന ശ്വാസത്തിന്റ വെപ്രാളത്തോടെ
നീ
അരികിലേക്കോടി വരും

3
പതിനാല് ദിവസം
പട്ടിണികിടന്നവന്റെ ആർത്തിയോടെ
ഞാൻ നിന്നെ 
ഉമ്മവെയ്ക്കും

ഓരോ പ്രാവശ്യവും
അവൻ എനിക്കായി
കവിതകൾ എഴുതുന്നു
ഒരു വാക്കുകൊണ്ട്
എനിക്കൊരു ഊഞ്ഞാൽ കെട്ടുന്നു
സ്വപ്നങ്ങളിൽ നിന്നും
മഴവില്ലു തൊടാൻ
ആയത്തിലെന്നെ
ആട്ടിവിടുന്നു
അവൻ ഒരുമ്മ കൊണ്ട്
ഇല പൊഴിച്ച എന്റെയുടലിൽ
തളിരുകൾ നിറയ്ക്കുന്നു
വരണ്ടു പോയ ഉറവുകൾ
നനഞ്ഞു നിറയുന്നു

അവൻ 
എനിക്കായി വരയ്ക്കുന്നു
മേഘങ്ങൾക്ക് ചിറകുകൾ കിട്ടുന്നു
എനിക്കായി 
മിന്നലിൽ പുറത്തേറി
അവൻ മലനിരകൾ കടക്കുന്നു
ഉടൽ നിറയെ മിഴികളായി
ഞാൻ 
അവനെ തേടുന്നു
പുഴകൊണ്ട് അവൻ എനിക്കൊരു
അരഞ്ഞാണം വരയ്ക്കുന്നു

കാട് പോലെ
അവനെന്നെ കൊതിപ്പിക്കുന്ന
പാട്ടു മൂളുന്നു
അവനെ തേടി ഞാൻ
വഴികൾ മറക്കുന്നു
ഇരുണ്ട ഇലകൾ കൊണ്ട്
എനിക്കവനെ
കാണാതാകുന്നു
കാട്ടുവഴികളിലൂടെ
അവന്റെ മണം
പല ദിക്കുകളിലേയ്ക്ക്
ഒഴുകി പരക്കുന്നു

അവൻ വാക്കാകുന്നു
അവൻ മഴയാകുന്നു
അവൻ പാട്ടാകുന്നു
അവൻ മണമാകുന്നു
അവൻ നിറമാകുന്നു
അവന്റെ ചുറ്റും നിറയുന്ന
ഞാൻ തിരയുന്ന
പ്രണയമാകുന്നു
അവൻ ഞാനാകുന്നു

സ്കൂളിലേയ്ക്കുള്ള ഇടവഴി
മഴയുടേതായിരുന്നു
മൈലാഞ്ചി പടർപ്പുകളുടേതും
കാരപ്പഴങ്ങളുടേതും
ആയിരുന്നു

സ്കൂളിലേക്ക് ഉള്ള ഇടവഴി
നാട് കടത്തിയ പൂച്ചക്കുട്ടികളുടേതും
നായ്ക്കുട്ടികളുടേതും
ആയിരുന്നു

സ്കൂളിലേക്ക് ഉള്ള ഇടവഴി
മുട്ടറ്റം സാരി തെറുത്തു കേറ്റി നടക്കുന്ന
തങ്കേച്ചിയുടെയും
തിരിഞ്ഞു നോക്കി
തിരിഞ്ഞു നോക്കി
മുൻപേ നടക്കുന്ന
ജോസെപ്പേട്ടന്റെയുമായിരുന്നു

സ്കൂളിലേക്ക് ഉള്ള ഇടവഴി
ചത്തു കിടക്കുന്ന
നായ്ക്കുട്ടിയുടെയും
അതിലാർക്കുന്ന
ഈച്ചകളുടെയുമായിരുന്നു

സ്കൂളിലേക്ക് ഉള്ള ഇടവഴി
അരികിലൂടെ ഒഴുകുന്ന
ചെറിയ നീർച്ചാലിൽ
മുങ്ങിച്ചത്ത 
കടലാസ് വഞ്ചികളുടേതായിരുന്നു
ഇലകൾക്ക് മീതെ 
ഒഴുക്കി വിട്ട
പുളിയുറുമ്പുകളുടേതായിരുന്നു

സ്കൂളിലേക്ക് ഉള്ള ഇടവഴി
ഇടവപ്പാതിയിൽ
കുടയില്ലാതെയെന്ന പാട്ടിനൊപ്പം
നനഞ്ഞുതിർന്ന ഗീതയുടെ
മലർന്നു കീഴ്ചുണ്ടിന്റേതായിരുന്നു
ഒരൊറ്റ പുണരലിൽ
നിലം തച്ചുവീണ
കാർത്തിയുടേതായിരുന്നു
വഴിയരികിലെ പൊത്തിൽ
ഒളിപ്പിച്ചു വെച്ച
വെട്ടുകത്തിയുടേതായിരുന്നു

സ്കൂളിലേക്ക് ഉള്ള ഇടവഴി
ഇവ്വിദം
ഓർമകളുടേതായിരുന്നു
ഇനിയൊരിക്കൽ കൂടി
പോകാനാവാത്ത വിധം
ഇടവഴി നിറയെ
പഴയ ഓർമ്മകൾ 
പുതഞ്ഞു കിടന്നിരുന്നു
മൂന്നാം നാൾ
നിന്റെ
ഓർമയിലേക്ക് മാത്രം
ഞാൻ 
ഉയിർത്തെഴുന്നേൽക്കും
ഇരുട്ട് വീണ വഴിയിലൂടെയാണ്
മടക്കയാത്ര
നീ വരുന്നതിനും മുൻപേ
തിരി താഴ്ത്തി നിലാവ്
ഇലയനക്കങ്ങളില്ലാതെ
കറുത്ത മരങ്ങൾ
ഒച്ചയില്ലാതെ കാറ്റ്

അവർ നിന്റെ പിറകിലുണ്ടെന്ന്
ചിവീടുകൾ
വേഗം വേഗമെന്ന്
ഭീതിയോടെ തല ചുറ്റും
തിരിച്ചു നോക്കി
മൂങ്ങകൾ
ഉറയൂരിയിട്ടു 
പോവുകയെന്നു പാമ്പുകൾ
നിറം മാറുകയെന്നു ഓന്ത്
ഒച്ചവെക്കല്ലേ
ഒച്ചവെക്കല്ലേയെന്നു
പായൽ മൂടിയ കുളത്തിലെ
തവളകൾ
അഭയാർത്ഥികളെക്കുറിച്ചിനി
മിണ്ടാതിരിക്കെന്നു
കാക്കകൾ രാത്രിയിലേയ്ക്ക്
കൊത്തിയാട്ടിയ 
വവ്വാലുകൾ

ഇരുട്ട് കൂടുതൽ
ഇരുട്ടാകുന്നു
പാതകൾ നിലവിളിയുടെ
നിലവിളികളാൽ
നിശ്ശബ്ദമാകുന്നു
മൂർച്ച കൂട്ടി
മൂർച്ച കൂട്ടി
ഒരു വാൾത്തല മാത്രം
ഒച്ചയില്ലാതെ ചിരിക്കുന്നു

ചില വാക്കുകൾക്കൊപ്പം
മറ്റാർക്കും
മനസ്സിലാക്കാനാവാത്ത
അർത്ഥങ്ങളുണ്ട്
കേൾക്കാത്ത ഒച്ചകളുണ്ട്
പറഞ്ഞുതീർക്കാൻ
കഴിയാത്ത മൗനങ്ങളും

ചില നോട്ടങ്ങൾക്കൊപ്പം
അറിയാത്ത വിരൽ
സ്പർശങ്ങളുണ്ട്
കേൾക്കാനാവാത്ത നിലവിളികളും
മൗനം ചിറകറ്റു
വീഴുമ്പോൾ മുറിവേൽക്കുന്ന
ഏകാന്തത നിറഞ്ഞ
ആകാശവും.

ഓര്‍മ്മ

മരിച്ചവരുടെ മുറി
മെഴുക്കു പുരണ്ട 
ഓരോർമ്മയാണ്
അത്
തൊടുന്നിടത്തെല്ലാം
വിരലടയാളങ്ങൾ
ബാക്കിയാകുന്നു
ഓർമ്മകൾ കൊണ്ട്
കൂട്ടിതയ്ക്കാനാവുമോ
ജീവിതത്തെ
ആരെയോ ഒറ്റയ്ക്കാക്കി
വാതിലടയ്ക്കുന്നുണ്ട്
ഓരോ രാത്രിയും

ജീവിതം പ്രതീകങ്ങൾക്കായി കൊടുത്തു തീർക്കുമ്പോൾ

നമുക്ക്
പ്രതീകങ്ങൾ കൊണ്ട്
വേണമെങ്കിൽ സംസാരിക്കാം
ഒരു ജീവിതം മുഴുവൻ
പറയുന്ന വാക്കുകൾക്ക് പകരം
ഒരൊറ്റ ബിംബം മതിയാകും
ഒരൊറ്റൊരെണ്ണം മാത്രം

ജീവിതത്തെ
വേണമെങ്കിൽ
അങ്ങിനെയും ആറ്റികുറുക്കി എടുക്കാം
നിനക്ക് പെട്ടെന്ന് മനസ്സിലായെന്നു വരില്ല 
അതിന്റെ വഴികൾ
അതുള്ളിൽ ഒതുക്കുന്ന മൗനം
വിലാപം
നേർത്തു നേർത്തൊരാ
ശ്വാസം പോലും

പിന്നെ 
പൊടുന്നനെ നിനക്കെല്ലാം
മനസിലാകും
കടൽ 
അതിന്റ വിശാലത കൊണ്ട്
നിന്നെ നിശ്ശബ്ദനാക്കും
ആഴങ്ങളിലേക്ക്
പിൻവാങ്ങി പോകുന്ന
ഉപേക്ഷിക്കപ്പെട്ടവന്റെ
വേദന
തുഞ്ചത്ത് കുരുങ്ങിപോയ
പട്ടത്തിന്റെ 
നിലവിളി തൂങ്ങി കിടക്കുന്ന
ചാവോക്ക് മരങ്ങൾ
നിലയില്ലാത്ത
ആഴങ്ങളെ കുറിച്ച് 
തുരുമ്പിച്ചു പോയ
നങ്കൂരങ്ങൾ
ഉപേക്ഷിക്കപ്പെട്ട വല
മണ്ണിൽ വീണ
മീൻപിടച്ചിലുകളെ കുറിച്ചും

അപ്പോഴും
ഏകാന്തത നിന്റെ കണ്ണിൽ
നോക്കിയിരിക്കും
ജീവിതം പ്രതീകങ്ങൾക്കായി
കൊടുത്തു തീർത്ത കവിയെ പോലെ
നിശ്ശബ്ദം

ജീവിതം പ്രതീകങ്ങൾക്കായി കൊടുത്തു തീർക്കുമ്പോൾ

Inbox
x

smith mr smithumr@gmail.com

Thu, 16 Apr, 20:47 (11 days ago)
to me
നമുക്ക്
പ്രതീകങ്ങൾ കൊണ്ട്
വേണമെങ്കിൽ സംസാരിക്കാം
ഒരു ജീവിതം മുഴുവൻ
പറയുന്ന വാക്കുകൾക്ക് പകരം
ഒരൊറ്റ ബിംബം മതിയാകും
ഒരൊറ്റൊരെണ്ണം മാത്രം

ജീവിതത്തെ
വേണമെങ്കിൽ
അങ്ങിനെയും ആറ്റികുറുക്കി എടുക്കാം
നിനക്ക് പെട്ടെന്ന് മനസ്സിലായെന്നു വരില്ല 
അതിന്റെ വഴികൾ
അതുള്ളിൽ ഒതുക്കുന്ന മൗനം
വിലാപം
നേർത്തു നേർത്തൊരാ
ശ്വാസം പോലും

പിന്നെ 
പൊടുന്നനെ നിനക്കെല്ലാം
മനസിലാകും
കടൽ 
അതിന്റ വിശാലത കൊണ്ട്
നിന്നെ നിശ്ശബ്ദനാക്കും
ആഴങ്ങളിലേക്ക്
പിൻവാങ്ങി പോകുന്ന
ഉപേക്ഷിക്കപ്പെട്ടവന്റെ
വേദന
തുഞ്ചത്ത് കുരുങ്ങിപോയ
പട്ടത്തിന്റെ 
നിലവിളി തൂങ്ങി കിടക്കുന്ന
ചാവോക്ക് മരങ്ങൾ
നിലയില്ലാത്ത
ആഴങ്ങളെ കുറിച്ച് 
തുരുമ്പിച്ചു പോയ
നങ്കൂരങ്ങൾ
ഉപേക്ഷിക്കപ്പെട്ട വല
മണ്ണിൽ വീണ
മീൻപിടച്ചിലുകളെ കുറിച്ചും

അപ്പോഴും
ഏകാന്തത നിന്റെ കണ്ണിൽ
നോക്കിയിരിക്കും
ജീവിതം പ്രതീകങ്ങൾക്കായി
കൊടുത്തു തീർത്ത കവിയെ പോലെ
നിശ്ശബ്ദം

ഡയറി കുറിപ്പുകള്‍ 1

സുകന്യ.,
പുറത്ത് മഴ പെയ്യുകയാണ്...മരുഭൂമിയിൽ ഈ അറേബ്യൻ നാട്ടിൽ എന്റെ ആദ്യ മഴ..ഈ വില്ലയിലിരുന്നാൽ ദൂരെ കടപ്പുറം വരെ കാണാം..പിറകിലുള്ള ഉം അൽ ഖുവൈൻ പോർട്ടിലേക്കുള്ള പാത വർഷത്തിൽ അപൂർവമായി കിട്ടുന്ന മഴ നിശ്ശബ്ദം നനയുന്നുണ്ട്.. മഴയുടെ വെള്ളി തിരശ്ശിലയിലൂടെ നിഴൽ ചിത്രം പോലെ കടപ്പുറം കാണാം.ഒഴിഞ്ഞ റോഡ്...വെള്ളിയാഴ്ചകളിൽ മാത്രമേ ഈ പാത സജീവമായി കാണാറുള്ളൂ...

മഴ ഒരു സൗമ്യ സാന്നിധ്യമായി
ഉള്ളുണർത്തുന്നുണ്ട്..വിട്ടു പോന്ന ഹരിതഗന്ധങ്ങളിൽ നനുനനുതൊരു വിരൽ സ്പർശമായി മഴ പെയ്‌തു നിറയുമ്പോൾ നാട് പിന്നെയും ഓർമകളിൽ നനഞ്ഞു കുതിരുന്നു.

മുൻജന്മങ്ങളുടെ പ്രസന്നബാല്യത്തിലോ..കന്മഷം പുരണ്ട,രതിയുടെ പൊള്ളലേറ്റ കൗമാരത്തിലെ വിഹ്വല രാത്രികളിലെന്നോ ചില്ല് ജാലകങ്ങൾക്ക് പുറത്തു നൃതാന്ത്യത്തിലെ ഉൽഭ്രാന്ത ചുവടുകളിൽ ആടിത്തളർന്ന മഴയുടെ അടക്കിയസീൽക്കാരങ്ങൾ
മഴയൊതുങ്ങുമ്പോൾ,പിന്നെ ഇലതുമ്പുകളിൽ നിന്ന് മരം പെയ്യുമ്പോൾ ഓർമകളുടെ അവശിഷ്ട ചിഹ്നങ്ങളിൽ ആരുടെയോ വിരൽ കമ്പനങ്ങൾ തേടി പിന്നെയും വെറുതെ..,വെറുതെ സ്മൃതികളുടെ
മാറാലവഴികളിലൂടെ ഒരു യാത്ര കൂടി.

കൗമാര പ്രണയങ്ങളുടെ ഉന്മാദമായി പിന്നെ മഴയുടെ പ്രളയകാലം.പാടങ്ങളും., കുളങ്ങളും നിറഞ്ഞു തുളുമ്പുന്ന ജലസമൃദ്ധി.മഴ പ്രണയത്തിന്റെ കൂടി ചിഹ്നമാകുന്നുവോ.മഴ നാം ആരോപിക്കുന്ന ഓരോ വികാരങ്ങളുടെയും  നനഞ്ഞ ചിഹ്നമാകാറുണ്ടെന്നു തോന്നുന്നു,ഇപ്പോൾ.
ഇറയത്തിരിക്കെ മഴയുടെ നേർത്ത തിരശ്ശിലയ്ക്കപ്പുറം നനഞ്ഞൊട്ടുന്ന പാവാടത്തുമ്പ്
ഒരല്പം ചെരിച്ചു പിടിച്ച കുടശീലക്കടിയിലൂടെ പാറി വീഴുന്ന നോട്ടത്തിന്റെ പൂമ്പൊടികൾ.അവയ്ക്ക്
കാത്തിരിക്കുമ്പോൾ മഴ പ്രണയമായിരുന്നു.

ഇവിടെഎത്തിയപ്പോൾ മാത്രമാണ് മഴ ഒരു അപൂർവ
കാഴ്ചയായത്..,അനുഭവമായത്.ഡിസംബർ ജനുവരി മാസങ്ങളിലാണ് ഇവിടെ മഴ പെയ്യുന്നത്.
മരുഭൂമിയിലെ മഴ ഭംഗിയുള്ള ഒരു കാഴ്ചയല്ല..
ഒഴിഞ്ഞ മണൽ പരപ്പിനു മീതെ അത് നിർവികാരം 
പെയ്തൊഴിഞ്ഞു. പക്ഷെ മഴ നനഞ്ഞ ഭൂമിക്ക്
എവിടെയും ഒരേ മണമായിരുന്നു.മദമടങ്ങിയ മണ്ണിനും പെണ്ണിനും ഒരേ മണമായിരുന്നു.ഓരോ സ്പർശിനിയിലൂടെയും,ഓരോ ശ്വാസത്തിലൂടെയും
ഉന്മാദിയാക്കുന്ന മണം.

സ്മിത്ത്
05 jan 94
Umm al quwain
ചിത്രങ്ങളിൽ നിന്ന്
അവസാന മെഴുതിരിയും
ഉരുകിത്തീർന്നപ്പോൾ
ഇരുളിന്റെ
കനം കുറഞ്ഞ തൂവലുകളണിഞ്ഞു
അവൾ
കാലൊച്ചയില്ലാതെ വന്നു
അവളുടെ പൊള്ളുന്ന
ചുണ്ടുകളേറ്റ്
എന്റെയുടലാകെ തിണർത്തിരുന്നു
അവളുടെ അഗ്നിവിരലുകളാൽ
ശ്വാസത്തിനു തീപിടിച്ചിരുന്നു
രക്തം മണക്കുന്നൊരു
കാറ്റ്
ഞങ്ങളുടെ ഉടലുകൾക്കിടയിൽ
ഒരറ തേടുന്ന മൃഗമായി
ഉരുകി തീർന്ന മെഴുതിരി പോലെ
ഞാനവളിൽ
പൊള്ളി വീണു.

ശ്രീനിവാസൻ ( നടൻ തന്നെ ) ചതിച്ചാശാനെ.....


80 കളുടെ അവസാനത്തിലോ..,90 കളുടെ ആരംഭത്തിലോ ആണ്.. കഥയുടെ ആരംഭം.സിനിമകൾക്ക്
പിറകിൽ നമ്മളറിയാതെ ഒരുപാട്
പേരുടെ കഠിനപ്രയത്നം കൂടിയുണ്ട്
എന്നറിഞ്ഞു തുടങ്ങിയ നാളുകൾ.
അങ്ങിനെ കൂടുതൽ സിനിമ കഥകൾ
കേൾക്കാൻ മറ്റൊരു കാരണം കൂടി
ഉണ്ടായിരുന്നു.അച്ഛൻ വീട്ടിൽ വന്നു
പറയുന്ന സിനിമയുടെ പിന്നണി
കഥകൾ.അച്ഛൻ പറയുന്ന കഥകൾ
ഒക്കെയും അച്ഛന്റെ കൂട്ടുകാരന്റെ
അനിയനെ കുറിച്ചായിരുന്നു..
നാട്ടുകാരൻ കൂടിയായ സത്യൻ
അന്തിക്കാട് ആയിരുന്നു..ആ സിനിമാക്കാരൻ. എന്നെ ഒന്നിൽ ചേർക്കുമ്പോഴേ അച്ഛൻ ഗൾഫിൽ
ആയിരുന്നു..employ in persia എന്നോ മറ്റോ ആണ്..എന്റെ sslc ബുക്കിൽ
അച്ഛന്റെ ജോലിയുടെ കോളത്തിൽ
എഴുതിയിരിക്കുന്നത്.88 ഇൽ അച്ഛൻ
അബുദാബിയിലെ ജോലി നഷ്ടമായി
നാട്ടിൽ തിരിച്ചെത്തിയുരുന്നു.
ഞങ്ങൾ നാലുപേരും പഠിക്കുന്ന കാലം.അന്നൊക്കെ ഗൾഫിൽ നിന്ന്
ജോലി പോയി വന്നാലും അവർ പഴയ ഓരോർമയിൽ തന്നെ നാട്ടിലും
നടക്കും.അടുത്ത് തന്നെ വരുന്ന
മറ്റൊരു വിസയെക്കുറിച്ചു മാത്രേ
അവർ എപ്പോഴും പറയുകയുള്ളൂ..
പിന്നെ വിട്ടുപോന്ന നാടിന്റെ ഗുണങ്ങളും.,അവിടെത്തെ വീര സാഹസിക ജീവിതവും.മോശം പറയരുതല്ലോ അന്ന് നാട്ടിൽ തീരെ
മോശമില്ലാത്ത തരത്തിൽ അവർക്ക്
കേൾവിക്കാരും ഉണ്ടായിരുന്നു.
അച്ഛനാണെങ്കിൽ സിനിമ ഏറ്റവും
അധികം കാണുന്ന കൂട്ടത്തിലും.
വൈകീട്ട് മോഹനാമ്മനെ കണ്ട്.,
സത്യേട്ടന് വന്ന ഏതെലുമൊക്ക സിനിമ വാരികയുടെ പഴയ ലക്കങ്ങളും എടുത്ത് അച്ഛൻ വീട്ടിലെത്തും.അന്ന് ഇപ്പോഴത്തെ
പോലെ വീട്ടുകാർ സന്ധ്യ ആവുമ്പോഴേ മൊബൈലും കൊണ്ട്
വീടുകളുടെ ഓരോരോ മൂലകളിൽ
സ്ഥാനം പിടിക്കാരില്ലായിരുന്നു..
ഞങ്ങൾ ഊണ് കഴിക്കാൻ അമ്മ വിളിക്കുന്നത് വരെ പഠിക്കുകയും
ശേഷം എല്ലാവരും കൂടി ഇറയത്ത്
ഉറക്കം വരുന്നത് വരെ വിശേഷങ്ങൾ
പറഞ്ഞിരിക്കുകയും ചെയ്യും.
അതിനിടയിലാവും അച്ഛൻ സത്യേട്ടന്റ വിശേഷങ്ങൾ പറയുന്നത്.
പുതിയ സിനിമകൾ..മമ്മുട്ടിയുടെയും
മോഹൻലാലിന്റേയും.,യേശുദാസിന്റെയും ഒപ്പമുള്ള ഫോട്ടോകൾ
മോഹനാമ്മൻ കാണിച്ചു കൊടുത്തത്.,ഒക്കെ പറയുന്നത്.
കൂടെ അച്ഛന്റെ ഏറ്റവും വലിയ ഒരു
മോഹവും.ഇനീം ഗൾഫിൽ പോയി
കാശുണ്ടാക്കി ഒരു പടം പിടിക്കണം
അതിന്റെ സംവിധാനം സത്യൻ
ആകണം..അച്ഛന്റെ സ്വപ്നങ്ങൾ
ചില നേരങ്ങളിൽ അപ്പുറത്തിരുന്നു
പഠിക്കുന്ന എനിക്കും ചിറകകൾ നൽകി.കൂടെ സത്യേട്ടന് എങ്ങിനെ
അന്തിക്കാട് നിന്നും സിനിമയിൽ
എത്തിപ്പെട്ടു എന്നതിന്റെ വിവരണങ്ങളും.സത്യേട്ടന് അതൊക്കെ പറയുന്നതിനും എഴുതുന്നതിനു മുൻപേ എനിക്ക് മനപാഠമായിരുന്നു,അതൊക്കെയും.
കുറെ സാമ്യങ്ങൾ ഞങ്ങൾക്ക് ഉള്ളതായി എനിക്ക് തോന്നി..
മാതൃഭൂമിയിലെ
ബാലപംക്തിയിൽ ഞാനും കഥകൾ
എഴുതി പ്രസിദ്ധീകരിക്കാൻ തുടങ്ങിയിരുന്നു..ശ്രീകൃഷ്ണ വായനശാലയിൽ ഞാനും പോയി തുടങ്ങിയിരുന്നു.പോരാത്തതിന് അതിന്റെ ലൈബ്രേറിയനും കൂടിയാണ് ഞാൻ.ഞാൻ സിനിമ സ്വപ്നം കാണാൻ തുടങ്ങിയിരുന്നു
വഴികൾ ഒരുപാട് ആലോചിച്ചു നോക്കി.ഗുരു സത്യേട്ടൻ തന്നെ.
അതിൽ സംശയം ഒന്നുമില്ല.സത്യേട്ടനോട് എങ്ങിനെ അവതരിപ്പിക്കും എന്നതിലാണ് ആശയക്കുഴപ്പം.ഏറ്റവും എളുപ്പം
അച്ഛൻ ആണ്.മോഹനാമ്മൻ വഴിയോ.,സത്യേട്ടനോട് നേരിട്ട് തന്നെയോ പറയാം.സൗഹൃദവും.,
നാട്ടുകാരെന്ന അടുപ്പവും തുണയാകും.പക്ഷെ അതിൽ മറ്റൊരു അപകടവും കൂടിയുണ്ട്.സത്യേട്ടന് എന്തേലും അസൗകര്യമുണ്ടേൽ അത് പറയാൻ
വിഷമം തോന്നാം..അപ്പോൾ പിന്നെ
മറുപടി പറയാതെ ഒഴിഞ്ഞു മാറൽ
ആണ്.അത് അവരുടെ സൗഹൃദം
തന്നെ അപകടത്തിൽ ആക്കാനും
വഴിയുണ്ട്.അപ്പോൾ അത് വേണ്ട.
പിന്നെ നിമ്മയേച്ചയോട് അമ്മ വഴി
പറയാം.അതിനും ഉണ്ട് വിഷമങ്ങൾ
ഏറെ.അതിനേക്കാളൊക്കെ ഞാൻ
സംവിധാനം പഠിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വീട്ടിൽ പറയേണ്ടി വരും.നീയോ എന്ന് ഒരു
ചിരിയോടെ വീട്ടിലെ അത് തള്ളിപോയാൽ പിന്നെ എന്റെ കാര്യം
എല്ലാംകൂടി ആലോചിച്ചപ്പോൾ ഇനി
ഒരു വഴിയേ ബാക്കിയുള്ളൂ..
സാക്ഷാൽ സത്യൻ അന്തിക്കാട്
കാണിച്ചു തന്ന വഴി..ഒരില്ലന്റിൽ
കാര്യം കഴിയും.വേറെ ഒരു കുഞ്ഞു
പോലും ഒന്നും അറിയില്ല.എനിക്ക്
പിന്നെയും പാന്തോട് നിന്ന് അഭിമാന
പ്രേശ്നങ്ങൾ ഒന്നുമില്ലാതെ തന്നെ
വീട്ടിലേയ്ക്ക് നടന്നെത്താം.
കാഞ്ഞാണിയിൽ നിന്ന് തന്നെ ഇൻലന്റ് വാങ്ങി..അതിലിന്റെ ആവശ്യം എങ്ങനെയൊക്കെയോ
എഴുതി നിറച്ചു..ഇനി ഇതിനു മറുപടി
നൊ എന്നാണെങ്കിലും അത്‌ തമ്മിൽ
കാണുബോഴുള്ള അവരുടെ ചിരിയെ
ബാധിക്കരുതെന്നു nb എന്ന് അടിയിലും എഴുതിതീർത്തു..
അഡ്രസ് അറിയാവുന്നത് ആയിരുന്നതിനാൽ എളുപ്പമായി.
ഫ്രം വെച്ചില്ല..പോസ്റ്മാൻ കാണും
വീട്ടിൽ കൊണ്ട് കൊടുക്കുമ്പോൾ
സത്യേട്ടൻ ഇല്ലെങ്കിൽ നിമ്മ്യേച്ചി
കാണും..ഫ്രം ഇല്ലെങ്കിൽ സത്യേട്ടന്
ദിവസവും വരുന്ന കത്തുകളിൽ ഒന്ന്
ആരും ഒന്നുമറിയുന്നില്ല.
കത്ത് കാഞ്ഞാണിയിൽ നിന്ന് തന്നെ പോസ്റ്റ് ചെയ്തു.അന്തിക്കാട്ടെ പോസ്റ്റുമാൻ അറിയുന്ന ആളാണ്
അത് തന്നെയുമല്ല മുൻപ് ഒരു
പുതുവർഷത്തിനു നാട്ടിൽ ഞങ്ങളുടെ ഡെവിൾസ് അമ്പലകാട് എന്ന ക്ലമ്പിനു വേണ്ടി വീടിന് അടുത്തുള്ള വീട്ടുകാർക്ക് മുഴുവൻ പോസ്റ്റ് കാർഡിൽ ആശംസാ കാർഡ് വരച്ചു അയച്ചിരുന്നു..വൈശാഖി ക്ലബ് ആയിരുന്നു ഞങ്ങളുടെ
എതിരാളികൾ.അവർ അറിഞ്ഞാൽ
ഇത് പോലെ അവരും ചെയ്താലോ
എന്നൊരു ഭീഷണി ഉണ്ടായിരുന്നു.
അത് പൊളിക്കാനായിരുന്നു ഇങ്ങിനെ ഒരു വഴി നോക്കിയത്.
പൊളിച്ചത് പക്ഷെ പോസ്റ്റ് മാൻ ചേട്ടനായിരുന്നു..അവനു ഇതൊക്കെ
നേരിട്ടാ വീടുകളിൽ കൊടുത്താൽ
മതിയായിരുന്നില്ലേ..എന്നെ ഇങ്ങിനെ
നടത്തിക്കാതെ എന്ന് അമ്മയോട്
തന്നെ ചെന്ന് ചോദിച്ചു..മൂപ്പർ തന്നെ
അതൊക്കെ കൊടുത്തു തീർത്തെങ്കിലും.അത് കൊണ്ട്
കാഞ്ഞാണി തന്നെയാണ് സേഫ്.
2/3 ദിവസമാണ് കണക്ക്.ആനിയും
നസീമ്മും ഒക്കെ അയക്കുന്ന കത്തുകൾ അതിനുള്ളിൽ കിട്ടാറുണ്ട്
ഇത് 2/3 ദിവസം കഴിഞ്ഞു..ഒരാഴ്ച
കഴിഞ്ഞു..അതിലും അധികമായി.
ഇനി കിട്ടാതെ ആണോ..ഞാൻ ഫിലിം ഡയറക്ടർ എന്ന് വെച്ചിരുന്നില്ല..അതുകൊണ്ടു പോസ്റ്റ്മാൻ വേറെ ആർക്കെങ്കികും
കൊണ്ട് കൊടുത്തോ..
അതോ ഇവൻ വേണ്ടെന്ന്
സത്യേട്ടൻ തീരുമാനിച്ചോ.ഒരു
അറിവുമില്ല.പാന്തോടു ബസ്സിറങ്ങി കിഴക്കോട്ട് നടക്കാൻ എനിക്ക് മടിയായി.. ഞാൻ ശ്രീശങ്കരയുടെ അവിടെ നിന്നും പഴയ വഴിയിലൂടെ
പിന്നെയും വരാൻ തുടങ്ങി..
ഒഴിവാക്കാൻ ആവാതെ ഈ വഴി വരുമ്പോൾ സത്യേട്ടന്റെ പടിക്കൽ എത്തും മുൻപേ അവിടെ ആരുമില്ലെന്ന് ആദ്യമേ നോക്കി ഉറപ്പിക്കും..ആരെങ്കിലുമുണ്ടെങ്കിൽ
വേറെ എന്തോ ഗൗരവമായ ആലോചനകളിൽ ആണ് ഞാനെന്ന ഭാവത്തിൽ വേഗം നടക്കും.പിന്നെ
പിന്നെ എനിക്ക് ഉറപ്പായി അത് കിട്ടിയിട്ടുണ്ടാകില്ല..അല്ലെങ്കിൽ
എന്തേലും ഒരു സൂചന കിട്ടിയേനെ.
മെല്ലെ ഞാനും അത് മറന്നു.
ഒരു ദിവസം വൈകീട്ട് എപ്പോഴോ
അമ്മയും ഞാനും വർത്താനം
പറഞ്ഞിരിക്കുന്നതിനിടയിൽ
അമ്മ പറഞ്ഞ ഒരു വരി ഞാൻ
എവിടെയോ കേട്ടപോലെ ഒരു
തോന്നൽ..അമ്മയുടെ മുഖത്തേക്ക്
ഒന്ന് പാളി നോക്കിയപ്പോൾ ഒരു
കള്ള ചിരിയുടെ അലകളും..
സംഭവം ചീറ്റിയെന്നു അപ്പോഴേ കത്തി.അമ്മ തന്നെ കാര്യങ്ങൾ
വിശദമാക്കി.
നിമ്മ്യേച്ചിയാണ് അമ്മയോട് പറഞ്ഞത്.കത്ത് കൃത്യായിട്ട്
സത്യേട്ടന് തന്നെ കിട്ടി.ആളെ മനസ്സിലായപ്പോൾ കത്തിന്റെ കാര്യം സത്യേട്ടൻ നിമ്മ്യേച്ചിയോട് പറഞ്ഞു
എല്ലാം കേട്ടപ്പോൾ നിമ്മ്യേച്ചി തന്നെ
എനിക്ക് വേണ്ടി ശുപാർശയായി.
പക്ഷെ ശ്രീനിവാസൻ ആയിരുന്നു
എന്റെ പാര.ശ്രീനിവാസൻ അളിയന്
വേണ്ടി ഓനെ,മോഹനനെ,
സത്യേട്ടന്റെ സഹസംവിധായകൻ
ആക്കിയില്ലെങ്കിൽ ഇനി മുതൽ സ്ക്രിപ്റ്റ് എഴുതില്ലാന്നും സത്യേട്ടന്റെ പടത്തിൽ അഭിനയിക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു.അതുകൊണ്ട്..അതുകൊണ്ട് മാത്രം അന്തിക്കാടിന് ഒരു സംവിധായകനെ
നഷ്ടമായി..അതുകൊണ്ടും കൂടിയാണ് ശ്രീനിവാസൻ അന്തിക്കാട് വരുമ്പോൾ ഇപ്പോഴും
അന്തിക്കാട്ടുകാർ അദ്ദേഹത്തെ
അറിയില്ലെന്ന് അഭിനയിക്കുന്നത്.അല്ലാതെ അറിയാതെയല്ല.
പാവം മോഹനന് പിന്നെ ഇതിൽ കുറ്റബോധം തോന്നുകയും..
ആദ്യ സിനിമയിൽ തന്നെ
എന്റെ വീട്ടുപേർ
പാട്ടിലൂടെയെങ്കികും പറഞ്ഞു ഒന്ന്
സോപ്പ് ഇടാൻ ശ്രമിച്ചതും പിൻകാല ചരിത്രം.,ഞാൻ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ
"മാമ്പുള്ളി കാവിൽ..."
എന്ന പാട്ട് അതിനു വേണ്ടി മാത്രം ഉണ്ടാക്കിയതാണ്...
ഈ കോവിഡ്‌ കാലത്ത് ഞാൻ എന്ത് കൊണ്ട് ഒരു സംവിധായകൻ
ആയില്ലെന്നു ചോദിച്ചപ്പോൾ.,
പിന്നെയും ഓർക്കേണ്ടി വന്നു..
ശ്രീനിവാസൻ
ഊതികേടുത്തിയ ഒരു പ്രതിഭയെ..