2020, ഏപ്രിൽ 27, തിങ്കളാഴ്‌ച

പ്രണയത്തിന്റെ ഡയറിക്കുറിപ്പുകൾ

ജനുവരി

എന്റെ മൊബൈലിൽ
ആദ്യ പ്രണയത്തിന്റെ
സ്വരചില്ലുകൾ
തളിർത്തത്
ഏതു വർഷത്തിന്റെ
മൃതിനിമിഷത്തിലായിരുന്നു

ഫെബ്രുവരി
എന്നും
മൗനത്തിന്റേതായിരുന്നു
യാത്രാരംഭങ്ങളിലെ
കാഴ്ചകളിൽ നിന്ന്
ഇരുളിലേയ്ക്കും
മൗനത്തിലേയ്ക്കും
പിറവിയുടെ
ഇരുട്ടു തേടുന്ന
വാൽനക്ഷത്രക്കതിരു പോലെ
പിൻവാങ്ങലിന്റെ
യാത്രാമുഖം

മാർച്ച്
ഗ്രീഷ്മത്തിൽ
നിന്റെ
അസാന്നിധ്യത്തിന്റ
താപസമൃദ്ധിയിൽ
ഒരു വാക്കിന്റെ
മഴ മേഘം
പ്രണയം
വെറും നാട്യങ്ങളുടെ
അസംബന്ധമെന്നു
നിന്റെ കുറിപ്പിന്റെ
നീലത്താൾ

ഏപ്രിൽ
കുയിൽ നാദങ്ങളുടെയും
മഞ്ഞപ്പൂക്കളുടെയും പ്രണയമാസം
നിന്റെ സാമീപ്യത്തിൽ
പിന്നെയും തളിർത്ത
മന്ദാരം

മെയ്
ചുവന്ന പൂക്കളുടെ
കുരുതി മാസം
വേദനിപ്പിക്കാൻ വയ്യെ
നിക്കെന്റെ
വേദനകളെന്റെ
സിരാബന്ധങ്ങളെയെന്റെ
രക്തത്തെയെന്റെ
യേന്റെയെന്നു
നിന്റെ
പിൻവാങ്ങലിന്റെ
പവിത്രനീരിറ്റു വീണ
പ്രണയബലി

ജൂൺ
പെയ്തൊഴിയാത്ത മഴയുടെ
ഇരുണ്ട വേദനകൾ
തിങ്ങിയ ആകാശം
നിശ്ശബ്ദം
പിന്നെ
ജൂലായ്
ആഗ്സ്റ്
ആവണിലാവിന്റെ
സെപ്തംബെർ

ഒറ്റച്ചിറകും
ഒഴിഞ്ഞ ആകാശവും
മറന്നേ പോവുക
നീയെന്റെ പ്രണയത്തിന്റെ
ഇലയറ്റ
ചില്ലകളെ

ഡയറിത്താളുകളിലൂടെ
നീ പകർന്ന
വേദനകളിൽ നിന്ന്
ഞാനൊരുപാട് ദൂരം
യാത്രയായിരിക്കുന്നു

നവംബറിന്
കരഞ്ഞു കലങ്ങിയ മിഴികളുള്ള
പ്രണയിനിയുടെ ഛായ യെന്ന്
നിന്റെ നിറകൺചിരി

ഇനിയും
ഈ ഡിസംബറിൽ
നിന്റെ വ്യഥിത യാത്രകൾക്ക്
പൊഴിഞ്ഞുതിരുന്ന
വർഷങ്ങളുടെ
മഞ്ഞച്ച ഇലകളുടെ
ശവഗന്ധത്തിന്
നിന്റെ പ്രണയത്തിന്
ഈ ഡയറി മാത്രം..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ