2020, ഏപ്രിൽ 27, തിങ്കളാഴ്‌ച

21 മാർച്ച് 94
സുകന്യ.,
രാത്രിയിൽ എപ്പോഴോ ആണ് ടെലിഫോൺ അടിച്ചത്.
ആരായിരിക്കും ഈ നേരതെന്നൊരു
അസഹ്യതയായിരുന്നു മനസ്സിൽ.മഞ്ജുന്റെ നേർത്ത സ്വരം
റിസീവറിലൂടെ രാത്രിയുടെ നിശ്ശബ്ദതയിൽ കനത്തു..പാതി മയക്കത്തിൽ ആയതിനാലോ
കേട്ട വാക്കുകളോടുള്ള അവിശ്വനീയതയോ..? വാക്കുകൾ
ഒന്നുകൂടി പെറുക്കി വെച്ചപ്പോൾ
ഒരു നിലവിളി മനസ്സിലെങ്ങോ
തിടം വെച്ചു. ഒരു മരവിപ്പ് കണ്ണുകൾ
അറിയാതെ നിറഞ്ഞു. എല്ലാം
പ്രതീക്ഷിച്ചതായിരുന്നു എങ്കിലും.
പാപ്പൻ മിണ്ടാതെ എല്ലാം കേട്ട് കിടന്നു.വേദനിപ്പിക്കുന്ന മൗനം.
ആരെങ്കിലും വെറുതെ ഒന്ന് മിണ്ടിയിരുന്നെങ്കിൽ..വെറുതെ.
ദൈവമേയെന്നെങ്കിലും..തിടം
വെച്ച മൗനം മുറിയിൽ , പിന്നെ വേരുകളാഴ്ത്തി പടർന്നു.

പാപ്പന്റെ കരച്ചിലിൽ,അടക്കിവെച്ച
സങ്കടങ്ങൾ പിന്നെയും കൈവിട്ടു.
ഒരാശ്വാസ വാക്കും എനിക്ക്
പറയാനില്ലായിരുന്നു.ഒന്നുകൂടി
കാണാനാവില്ലെന്ന കരച്ചിൽ
വേദനിപ്പിക്കുന്നത് തന്നെയായിരുന്നു.

മരണം രംഗബോധമില്ലാത്ത കോമാളിയാണെന്നു വെറുതെ
ഓർത്തുകിടന്നു.ഇവിടെ പക്ഷെ അധികം കിടത്തി നരകിപ്പിച്ചില്ലല്ലോ
എന്നൊരു സാന്ത്വനം കൂടെയുണ്ട്.

പരസ്പരം ഒരുപാട്,വേദനിപ്പിക്കലും
കുറ്റപ്പെടുത്തലുകളും ഉണ്ടായിരുന്നു.
എന്നിരിക്കിലും മരണം ഒരു ജീവിതത്തിന് വിരാമ ചിഹ്നമാകുമ്പോ
മനസ്സിൽ കൂട്ടിവെച്ച കാലുഷ്യങ്ങൾ
പെയ്തൊഴിയുന്നു.ഇത്രയേ ഉള്ളൂ
എന്നിരിക്കിലും വെറുതെ എത്രമാത്രം
കന്മഷ്ങ്ങളാൽ മനസ്സിനെ വികലമാക്കുന്നു നാം.അന്യ നാട്ടിൽ
സ്വപ്‌നങ്ങൾ തേടുന്നവരുടെ കണ്ണീർ
ഇന്നറിഞ്ഞു. അവരവിടെ ഉരുകി
തീരുന്നത് നാട്ടിലാരും അറിയുന്നില്ലല്ലോ എന്നും.

പിന്നെ വിഷമം അപ്പൻ തനിച്ചായല്ലോ
എന്നായിരുന്നു.അപ്പനോളം ഈ 
മരണം ഒറ്റപെടുത്തുന്ന മറ്റു ജീവിതങ്ങളില്ല.തനിച്ചാണല്ലോ എന്ന്
എല്ലാവർക്കിടയിലും അപ്പൻ മിണ്ടാതാവും.മുറിയിൽ ഒരു കട്ടിൽ
ശൂന്യമാകുമ്പോൾ .ജീവിതത്തിന്റെ
വ്യർത്ഥതയൊക്കെയും ഓർക്കുമ്പോ
ശൂന്യമാകുന്നത് ഒരു മനസ്സാണ്
മിഴികളിലെ നനുത്ത ചിരിയാണ്...
അപ്പനെ സാന്ത്വനപ്പെടുത്താൻ ആരും ശ്രമിച്ചിരിക്കില്ല.,ഒരു വേള.
പൊള്ളയായ ഏതൊക്കെ വാക്കുകൾ കൊണ്ടാണ് ഉള്ളം പൊള്ളി നിൽക്കുന്ന ഒരു വൃദ്ധനെ
സമാശ്വസിപ്പിക്കുക എന്ന് അവരും
വിഷമിച്ചിരിക്കാം.ജീവിതത്തിന്റെ ഈ
സായംകാലത്ത് ഒഴിഞ്ഞൊരു കട്ടിലിന്റെ സാന്നിധ്യമുള്ള മുറിയിൽ
തനിച്ചാവുക എന്നതിനേക്കാൾ
വേദനിപ്പിക്കുന്നതായി വേറെ എന്താണുള്ളത്.

മരിച്ചവരെക്കാൾ ചിലപ്പോൾ അവർ 
ഒറ്റയ്ക്കാക്കിയ ഒരു ജീവിതമാണ് ഏറെ വേദനിപ്പിക്കുന്നത്.എന്നെ 
അസ്വാസ്ഥ്യപെടുത്തിയത് അതാണ്.
തനിച്ചാണെന്നു അപ്പൻ വേദനിക്കുമ്പോൾ അത് തിരിച്ചറിയാൻ അവർക്കാർക്കും
കഴിഞ്ഞില്ലെങ്കിലോ എന്ന ഭീതി.

അച്ഛൻ,ഇപ്പോൾ ചിതയ്ക്ക് തീ കൊടുത്തുകാണും..നീറിപിടിക്കാൻ 
തുടങ്ങുന്ന ഓർമ്മകൾ.ഒരു പാട് 
വേദനിപ്പിച്ചിട്ടുണ്ടാവാം.,തിരിച്ചറിവില്ലാതെയും,മറിച്ചും.ഇനിയൊന്നും
തിരിച്ചെടുക്കാനാവില്ല എന്നതാണ്
യാത്ര പറഞ്ഞവരോടുള്ള ഖേദം..

കൈക്കുമ്പിളിലെ ഈ തീർത്ഥം ഇനിയും ദാഹം തീരാത്ത ഓർമ്മകൾക്ക്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ