2015, ഡിസംബർ 5, ശനിയാഴ്‌ച

വിഷം നിറച്ച
സിറിഞ്ചുകള്‍
തിരഞ്ഞു മടുക്കുന്നു
പണ്ട്
നീയുമ്മവെച്ചു ഉണര്‍ത്തിയ
ഞരബുകള്‍
പച്ച നിറം പടര്‍ന്ന
ജലരാശി പോലെ 
നീ
ആഴങ്ങളില്‍  
പ്രെതിബിംബിക്കുന്നില്ല
ഓരോര്മയും
വേരറ്റ മരം പോലെ 
ഒഴുക്കുകള്‍ 
നിര്‍ണ്ണയിക്കുന്ന ജീവിതം 
ഹതാശമായ  ചിറകുകളോടെ
ഏകാന്തതയുടെ ആകാശം മുറിച് 
ഒരൊറ്റ കിളി 

2015, ഡിസംബർ 3, വ്യാഴാഴ്‌ച

ജലപടവുകളിറങ്ങി
പോകുബോഴും
മീനലകകുകളില്‍
മൂര്‍ച്ചയുള്ള ചിരിയായ്
നീ
പിന്നെയും
പിന്തുടരുന്നുവോ

കൊലക്കത്തിയിലറ്റ്
ഒടുവിലത്തെ പിടച്ചിലിനും
കൊത്തിയരിയപെട്ട ഉടലിനും
അപ്പുറം
നിസ്സംഗത നടിക്കുന്ന
കണ്ണുകളോടെ
ഊഴം കാത്തിരിക്കുന്നുണ്ട്
നമ്മുടെ പെണ്ണുടലുകള്‍
നവമാധ്യമങ്ങളില്‍

2015, സെപ്റ്റംബർ 26, ശനിയാഴ്‌ച

വീട്ടിൽ
തനിച്ചായ
അമ്മയെപോലെ
ഇലതലപ്പുകൾക്കു മീതെ
മഴ
പറഞ്ഞുകൊണ്ടെയിരുന്നു
ഒറ്റയ്ക്കായതിന്റെ
വേദനകൾ

2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ഉപ്പുകാറ്റുകളുടെ കടൽക്കര

വീട്‌
മൗനമെരിയുന്ന ചിത
വിളക്കണഞ്ഞ്‌
വാക്കും ചിരിയും അണഞ്ഞ്‌
അമ്മയില്ലാത്ത രാത്രിയുടെ
ഇരുട്ട്‌ പുതച്ച്‌
ഏകാന്തം

ഇലപൊഴിഞ്ഞ ജന്മ വൃക്ഷക്കീഴിൽ
എരിഞ്ഞടങ്ങിയൊരു
സ്നേഹ സാമീപ്യം
പട്ടുമൂടിയൊരീ കലശത്തിൽ
ഇനിയീ ശിഥിലാസ്ഥികൾ നിറയ്ക്കുക
കൈവിരൽ മുറിയേണ്ട
സൂക്ഷിക്കുക
വാൽസല്യത്തിൽ
വെന്തൊരീയസ്ഥികൾ
വേദനിപ്പിക്കുമെന്നൊ
മെല്ലെ വിരൽ തൊടുബോൾ
അമ്മയുടെ സങ്കടം പോലെ
പൊടിഞ്ഞു പോകുന്നു.
വ്യഥയുടെ രാത്രികളിൽ
നെറുകയിൽ
താരാട്ടായി തഴുകിയ വിരലുകളാണിത്‌
അടുക്കളക്കരിയും
വാൽസല്യവും പുരണ്ട വിരലുകൾ
അനാഥയാത്രകൾക്കൊടുവിൽ
അഭയമായിരുന്ന മാറിടം
യാത്രയാവുന്നതിനു
തലേരാത്രിയിൽ
നെറുകയിലുമ്മവെച്ചു
ചേർത്തുകിടത്തിയൊരോർമ്മ
ഏതു മണലാരണ്യവും
നിനക്കു മലർവാടിയകട്ടെയെന്ന
പ്രാർതന
ഒരു വശം ചെരിഞ്ഞ അക്ഷരങ്ങളായ്‌
ആഴ്ച്ചകൾ തോറും
അതിരുമാഴിയുമാകാശമൗനവും
കടന്ന്
എന്നെ തിരഞ്ഞെത്തുന്ന
കനിവും കാരുണ്യവും
ചെബട്ടുമൂടിയ കലശങ്ങൾ
നെറുകയിലേറ്റുക
വലം തിരിയുക
പിൻ തിരിയാതെ
പടിയിറങ്ങുക
ഉപ്പുകാറ്റുകാളുടെ കടൽക്കര
രസനയിലമ്മയിറ്റിച്ച
തേനും വയബും
പിന്നെയീ കണ്ണുനീരിനുപ്പും
വരിക വരികെന്നു
തിരമാലകൾ വിളിക്കുന്നു
കുടമുടച്ച്‌
മുങ്ങിനിവരുബോൾ
പൂർവസ്മൃതികളുടെ ജലരാശിയിൽ
നനഞ്ഞ കുങ്കുമവും പൂവും
അമ്മയുടെ തലോടൽ പോലെ
തിരകൾ
നെറുക തലോടുന്നു
തിരിച്ചു കയറി
തിരിഞ്ഞു നോക്കുബോൾ
തിരകൾക്കു മീതെ
ഒരു ചുവന്ന പട്ടുമാത്രം
യാത്ര പറയാനാകാതെ
യാത്ര
പറയാൻ
ആവാതെ.

2015, മേയ് 18, തിങ്കളാഴ്‌ച

ആരായിരുന്നു നീ

ചില നേരങ്ങളിൽ
പൊടുന്നനെ അവർക്കെല്ലാം 
ഓർമ്മ വരും.
നിന്റെ വിരലിൽ തൂങ്ങി നടന്ന ബാല്യം
ചുമലിലിരുന്നു
മുറിച്ചു കടന്ന അരുവികൾ
കയറിയൈറങ്ങിയ
കുന്നുകളും മലകളും
ആൾക്കൂട്ടത്തിന്റെ തലയ്ക്കു മീതെക്കൂടി കണ്ട പൂരം
പനിച്ചൂടിലൊട്ടീക്കിടന്ന രാത്രികൾ
എല്ലാം
പൊടുന്നനെ അവരോർമിക്കും
നീ 
ആരായിരുന്നു
എന്നതൊഴിച്ച്‌
എല്ലാം

2015, മേയ് 7, വ്യാഴാഴ്‌ച

നീ തനിച്ചാക്കി പോയ
ഓർമകളുടെ
പിരിയൻ കോണിപ്പടികൾ
പാട്ടൊഴിയാതെ 
എന്റെ പാനപാത്രം
ഒരു വാക്കിനപ്പുറം
നിന്റെ മൗനം
ഒരു മിടിപ്പിനപ്പുറം
നിശ്ശബ്ധമാകാൻ പോകുന്ന
ജീവിതം

2015, മേയ് 5, ചൊവ്വാഴ്ച

കൈരേഖകൾ പോലെ
നാട്ടുവഴികൾ നിറഞ്ഞ ഗ്രാമം
മതിലുകൾകൊണ്ടു
പകുത്ത്‌ 
നാം 
ഒരോ രാജ്യമാക്കുന്നു
എന്റെയെന്റെയെന്ന്
അടയാളപ്പെടുത്തിയ
കല്ലുകളാൽ
ശവക്കല്ലറകളുടെ
ഒരു നഗരം
ഒളിഞ്ഞു നോട്ടങ്ങളുടെ 
ജാലകചില്ലുകൾ
അപരിചിതമായ കാലൊച്ചകൾ
ക്ലോസ്ഡ്‌ സർക്യൂട്ട്‌ ക്യാമറയിൽ
തിരഞ്ഞു
ഉറങ്ങാതെ
ശ്വാസം വിടാതെ
നോക്കിയിരിക്കുബോൾ
രാത്രിയിൽ
എട്വോഴിയിലെ കാലൊച്ചയോട്‌
എന്തെ മാധവാ വൈക്യൊന്നു
ഇറയത്തിരുന്നു
ചോദിക്കാൻ
അച്ചാച്ചന്മാരില്ലാത്ത 
ആളനക്കമില്ലാത്ത 
വീടുകളെ കുറിച്ചും പറയരുത്‌

2015, മേയ് 2, ശനിയാഴ്‌ച

വെടി മരുന്നു മണക്കുന്ന
ഓർമയാണെനിക്കു നീ
ഒരു രത്രിയുടെ മാത്രം പരിചയത്തിൽ
മാറിലെ 
ഉണങ്ങിയ ബയണറ്റു മുറിവും
ഉള്ളിലെ ഉണങ്ങാമുറിവും
എന്തിനാണു നീയെനിക്ക്‌
കാണിച്ചു തന്നത്‌.
നിങ്ങൾ തരം പോലെ 
മാറുന്നവരാണെന്നു പറഞ്ഞിട്ടും
പുറത്തെ 
ചാട്ടവാർ ചുഴറ്റ്ലുകൾ
കേൾപ്പിച്ചു തന്നതെന്തിനു
മാറിലെ പൊള്ളലുകൾ
അടിയെറ്റുകലങ്ങിയ വലംക്കണ്ണു
മുറിവേറ്റ പെണ്ണത്തം
പിന്നെയും മുറിവേൽപ്പിച്ചു
പിരിയുബോഴും
ഒരു ചിതറിത്തെറിക്കലിൽ
ഒടുങ്ങാത്ത
പകയുടെ കനൽക്കൊണ്ട്‌
പൊള്ളിച്ചതെന്തിനെന്റെ
അകം പൊള്ളയായ
ആണത്തത്തെ നീ

2015, ഏപ്രിൽ 29, ബുധനാഴ്‌ച

അതെപ്പോഴും ഞാനായിരുന്നു


ഓരോ പ്രാവശ്യവും
അതങ്ങിനെ തന്നെയായിരുന്നു.
നിന്റെ വേഷം കുറചുകൂടി
മാന്യമാകണെമായിരുന്നു 
അവർക്കു പെട്ടന്നുണരുന്ന
ഞരബുക്കൾ
കാമം
നീ പ്രകോപിപ്പിക്കരുതായിരുന്നു
ഒരു തരത്തിലുമുള്ള  ചേഷ്ടകൾ
നോട്ടം. അമർത്തിയ ചിരി
ഉടലനക്കങ്ങൾ
ഒന്നുമെ പാടില്ലായിരുന്നു
അവർ കണ്ണുകൾ കൊണ്ടു
വസ്ത്രക്ഷേപം നടത്തിയിരിക്കാം
അശ്ലീല തമാശകൾ..
കടന്നുകയറ്റങ്ങൾ
പ്രമാണിത്തം
കേടുകൾ നമുക്കാണെന്നു
ഓർക്കണമായിരുന്നു
മുറിവുകൾ
മാനം
ജീവഭയം
അപഖ്യാതികൾ
ഇര അബല  ചഞ്ചല
ഒക്കെ ഓർക്കണമായിരുന്നു
ഇനി വഴിയൊന്നെയുള്ളൂ
ഒക്കെ മറക്കുക
ഡെറ്റോളോ  സോപ്പോ ഇട്ടു കുളിക്കുക
കുറചു കാശു തരും അവർ
കാണിചുകൊടുക്കുന്നിടത്തു
ഒപ്പു വെചെക്കുക
അല്ലറ ചില്ലറ തട്ടലും മുട്ടലും
മറന്നേക്കുക
മുറിവുകളെ മൂടുക
നടക്കുക
ഭാരതീയ സ്ത്രീത്വത്തിൽ
പ്രതീകമായി
അതെപ്പോഴും നമ്മളായിരുന്നു 

രാമേട്ടൻ വയസ്സ്‌ 50 (അവിവാഹിതൻ)


പുലർച്ചെ
സുബഹിക്കും മുൻപെ
കുളിച്ചിറങ്ങി പോകും
ഇലതണൽ പോലുമില്ലാത്ത
സിഗ്നൽ ചില്ലക്കു കീഴെ
വാഹനക്കിതപ്പില്ലൂടെ
വാർത്തകളുറക്കെ
വിളിച്ചുപറഞ്ഞുപായും
വെയിലാറുബോൾ
നാലുക്കട്ടിലുകൾക്കിടയിൽ
തറയിൽ
പുൽപായയിൽ
വികൃതമായി ആരോ വരഞ്ഞിട്ട്‌
ഒരക്ഷരം പോലെ
ചുരുണ്ടുകിടക്കും
ഉറക്കത്തിലുമുണർച്ചയിലും
മരണവീട്ടിലെന്ന പോലെ
പതിഞ്ഞൊരൊച്ചയിൽ
രാമയണം ചൊല്ലും
നാട്ടിലെ പെങ്ങൾക്കും മക്കൾക്കും
മുടങ്ങാതെ കാശയക്കും
മറന്നു പോയവനെന്നു പറഞ്ഞു
സ്വയം ചിരിച്ച്‌
വേഗമുറങ്ങി പോകും

കളിയിൽ ഒരാൽ തോറ്റു പോകുന്ന വിധങ്ങൾ


ഇന്നലെ രാത്രിയിൽ
എന്റെ ഒരു സുഹ്രുത്തുകൂടി
ആത്മഹത്യ്‌ ചെയ്തു
സന്ധ്യയ്ക്ക്‌
ആത്മഹത്യയെക്കുറിചു
എന്താണഭിപ്രായമെന്ന്
അവൻ ചോദിച്ചിരുന്നു
അവന്റെ കണ്ണുകൾ
എപ്പോഴുമെന്നപോലെ
വിദ്വേഷത്തിന്റെയും
സ്നേഹനിരാസത്തിന്റെയും
നിഴൽ വീണതായിരുന്നു
മറ്റുള്ളവർക്ക്‌
മനസ്സിലാക്കാൻ കഴിയാത്ത
ഏറ്റവും
ബുദ്ധിപൂർവമായ നീക്കം
ഞാൻ പറഞ്ഞു
ചെക്ക്‌
കളിയുടെ അടുത്ത നീക്കം
അവന്റെതായിരുന്നു
എണീക്കുബോൾ
എന്റെ കാൽ തട്ടി
ചെസ്സ്‌ ബോർഡ്‌ മറിഞ്ഞു വീണിരുന്നുവെന്ന്
ഞാനിപ്പോഴോർക്കുന്നു