2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

ശീമക്കൊന്ന

ഷാര്‍ജ പാസ്പോര്‍ട്‌ ഓഫീസ്സിന്റെ മതില്‍ കെട്ടിനുള്ളില്‍ കണ്ട,(യു എ യ്‌ യില്‍ അവിടെ മാത്രമെ ഞാന്‍ കണ്ടിട്ടുള്ളൂ)ശീമക്കൊന്ന,ഒരുപ്പാടു കാലത്തിനു ശേഷം കണ്ട ചങ്ങാതിയെ പോലെ എന്നെ ആഹ്ലാദിപ്പിചതിന്റെ ഓര്‍മയ്ക്ക്‌...

പടര്‍ന്ന്
സര്‍വെ കല്ലിന്റെ
നേര്‍ രേഖ ലംഘിച
ചില്ലകളാല്‍
വേരുകളാല്‍
ഇലപൊഴിചലുകളാല്‍
വേലിപ്പത്തലുകളുടെ
ചേര്‍ത്തുകെട്ടിയ കബുകള്‍ക്കിടയിലൂടെ
പാറിയ നോട്ടത്താല്‍
ചിരിയാല്‍
വിരല്‍ സ്പര്‍ശത്താല്‍
വഴക്കുകളുടെ
അതിര്‍ത്തിവരബുകളിലായിരുന്നു
എന്നും

മണമില്ലാത്ത പൂക്കളാല്‍
ഇലകളുടെ
ചന്തമില്ലായ്മയാല്‍
മുറ്റത്തെയ്ക്കടുപ്പിക്കാത്ത
പുറമ്പറംബിലെ
ദലിതത്വം

എന്നിട്ടും
ഇവിടെ
പരിചയം ഭാവിക്കാതെ
ചിരിക്കാതെ
ഒരേ മഴ നനഞ്ഞ ഓര്‍മ
പകുക്കാതെ
കണാത്തമട്ടില്‍ പോകെ
മുന്നിലേയ്ക്ക്‌
മണമില്ലാത്ത പൂക്കൂട താഴ്ത്തി
ചിരിചു നീ
അറിയാത്ത നഗരത്തിരക്കില്‍
മുന്നിലെത്തിയ
കളിചങ്ങാതിയെ
കണ്ട പോലെ

2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

ഉപ്പുപാടങ്ങള്‍്

പ്രണയം
നിലക്കുമ്പോള്‍
നാം
രണ്ട് ഒച്ചകളാകുന്നു
അതുവരെ പറഞ്ഞ വാക്കുകള്‍
തുമ്പികളാകുന്നു
കാലടയാളങ്ങള്‍
കടലെടുക്കുന്നു
കരയില്‍
നാമിരുന്ന തണല്‍
വേരറ്റു വീഴുന്നു
കാറ്റിനു
സുഗന്ധങ്ങള്‍ നഷ്ടമാകുന്നു
പരസ്പരം നിറഞ്ഞതിന്റെ
ശേഷിപ്പുകളാവാം
ഉടലിലുപ്പായ്‌ രുചിക്കുന്നത്‌

കടല്‍ കയറിയതിന്റെ
ഓര്‍മകളുള്ള
ഉപ്പുപാടം പോലെ