2015, ഏപ്രിൽ 29, ബുധനാഴ്‌ച

അതെപ്പോഴും ഞാനായിരുന്നു


ഓരോ പ്രാവശ്യവും
അതങ്ങിനെ തന്നെയായിരുന്നു.
നിന്റെ വേഷം കുറചുകൂടി
മാന്യമാകണെമായിരുന്നു 
അവർക്കു പെട്ടന്നുണരുന്ന
ഞരബുക്കൾ
കാമം
നീ പ്രകോപിപ്പിക്കരുതായിരുന്നു
ഒരു തരത്തിലുമുള്ള  ചേഷ്ടകൾ
നോട്ടം. അമർത്തിയ ചിരി
ഉടലനക്കങ്ങൾ
ഒന്നുമെ പാടില്ലായിരുന്നു
അവർ കണ്ണുകൾ കൊണ്ടു
വസ്ത്രക്ഷേപം നടത്തിയിരിക്കാം
അശ്ലീല തമാശകൾ..
കടന്നുകയറ്റങ്ങൾ
പ്രമാണിത്തം
കേടുകൾ നമുക്കാണെന്നു
ഓർക്കണമായിരുന്നു
മുറിവുകൾ
മാനം
ജീവഭയം
അപഖ്യാതികൾ
ഇര അബല  ചഞ്ചല
ഒക്കെ ഓർക്കണമായിരുന്നു
ഇനി വഴിയൊന്നെയുള്ളൂ
ഒക്കെ മറക്കുക
ഡെറ്റോളോ  സോപ്പോ ഇട്ടു കുളിക്കുക
കുറചു കാശു തരും അവർ
കാണിചുകൊടുക്കുന്നിടത്തു
ഒപ്പു വെചെക്കുക
അല്ലറ ചില്ലറ തട്ടലും മുട്ടലും
മറന്നേക്കുക
മുറിവുകളെ മൂടുക
നടക്കുക
ഭാരതീയ സ്ത്രീത്വത്തിൽ
പ്രതീകമായി
അതെപ്പോഴും നമ്മളായിരുന്നു 

രാമേട്ടൻ വയസ്സ്‌ 50 (അവിവാഹിതൻ)


പുലർച്ചെ
സുബഹിക്കും മുൻപെ
കുളിച്ചിറങ്ങി പോകും
ഇലതണൽ പോലുമില്ലാത്ത
സിഗ്നൽ ചില്ലക്കു കീഴെ
വാഹനക്കിതപ്പില്ലൂടെ
വാർത്തകളുറക്കെ
വിളിച്ചുപറഞ്ഞുപായും
വെയിലാറുബോൾ
നാലുക്കട്ടിലുകൾക്കിടയിൽ
തറയിൽ
പുൽപായയിൽ
വികൃതമായി ആരോ വരഞ്ഞിട്ട്‌
ഒരക്ഷരം പോലെ
ചുരുണ്ടുകിടക്കും
ഉറക്കത്തിലുമുണർച്ചയിലും
മരണവീട്ടിലെന്ന പോലെ
പതിഞ്ഞൊരൊച്ചയിൽ
രാമയണം ചൊല്ലും
നാട്ടിലെ പെങ്ങൾക്കും മക്കൾക്കും
മുടങ്ങാതെ കാശയക്കും
മറന്നു പോയവനെന്നു പറഞ്ഞു
സ്വയം ചിരിച്ച്‌
വേഗമുറങ്ങി പോകും

കളിയിൽ ഒരാൽ തോറ്റു പോകുന്ന വിധങ്ങൾ


ഇന്നലെ രാത്രിയിൽ
എന്റെ ഒരു സുഹ്രുത്തുകൂടി
ആത്മഹത്യ്‌ ചെയ്തു
സന്ധ്യയ്ക്ക്‌
ആത്മഹത്യയെക്കുറിചു
എന്താണഭിപ്രായമെന്ന്
അവൻ ചോദിച്ചിരുന്നു
അവന്റെ കണ്ണുകൾ
എപ്പോഴുമെന്നപോലെ
വിദ്വേഷത്തിന്റെയും
സ്നേഹനിരാസത്തിന്റെയും
നിഴൽ വീണതായിരുന്നു
മറ്റുള്ളവർക്ക്‌
മനസ്സിലാക്കാൻ കഴിയാത്ത
ഏറ്റവും
ബുദ്ധിപൂർവമായ നീക്കം
ഞാൻ പറഞ്ഞു
ചെക്ക്‌
കളിയുടെ അടുത്ത നീക്കം
അവന്റെതായിരുന്നു
എണീക്കുബോൾ
എന്റെ കാൽ തട്ടി
ചെസ്സ്‌ ബോർഡ്‌ മറിഞ്ഞു വീണിരുന്നുവെന്ന്
ഞാനിപ്പോഴോർക്കുന്നു