2023, മേയ് 14, ഞായറാഴ്‌ച

 ഏകാന്തമായ കടൽ

അസ്വസ്ഥമായ ആത്മാവാണ്

ഒരു കൂട്ടാളികളുമില്ലാതെ

അത് ഭൂമിയിൽ 

ഏകാകിയാവുന്നു

ഓരോ മാത്രയിലും

അത് സ്നേഹം

തേടുന്നു

ഒരു പുഴയോടും

അത്

പൊരുത്തപ്പെടുന്നില്ല


ഏകാന്തമായ കടൽ

കൈപ്പേറിയ

ഹൃദയമാണ്

അത് ക്രോധത്തോടെ ആകാശത്തേക്ക്

ആഞ്ഞടിക്കുന്നു

അത് മേഘങ്ങളെയും

കൊടുങ്കാറ്റിനെയും കീറിമുറിക്കുന്നു

അത് തിടുക്കത്തിൽ

ജീവിതങ്ങളെ

മുക്കിക്കളയുന്നു

പ്രണയങ്ങളെ

ചുഴറ്റിയെടുക്കുന്നു


അതിനാൽ കടലിനോട് കരുണ കാണിക്കരുത്, 

കാരണം, 

ഏകാന്തമായ അവസ്ഥയിൽ അത്

ഭ്രാന്തമായ

സ്വപ്നങ്ങളുടെ

ജലശയ്യയാകുന്നു

 നീ എവിടെയാണ്

ഞാൻ നിന്നെ തിരയുന്നു,

നമ്മുടെ ഹൃദയത്തിന്റെ

ആഴങ്ങളിൽ

അത് എന്നേക്കുമായി

മൂടിപോയിരിക്കുന്നു

കാലത്തിന്റെ

മണലേറ്റങ്ങളിൽ

അത് മാഞ്ഞു പോയിരിക്കുന്നു

ഒരോർമ്മ മങ്ങുന്നു

രാത്രിയിൽ ഒറ്റയ്ക്ക് 

ദൂരെ 

ആരോ പാടുന്നു

വേദനയുടെ മുളംതണ്ടിൽ

വിരഹാർത്ഥമായ്

ഏകാകിയായ

ഒരു ജീവിതത്തെ കുറിച്ച്

നക്ഷത്രങ്ങൾ

ഹതാശമായി മിന്നുന്നു

ഒരോർമ്മ

മങ്ങുന്നു

എന്റെ സ്വപ്നങ്ങളിൽ

ഞാൻ നിന്നെ

തിരയുന്നു

നീ  എവിടെയാണ്

 നീ ഏകാന്തമായ 

ഒരു മുറിവാണ്

ഏറ്റവും രഹസ്യമായ ഒന്ന്

അത് നിന്നിൽ നിന്ന് എല്ലാവരേയും മറയ്ക്കുന്നു

അല്ലെങ്കിൽ

അവർ നിന്നെ മാത്രം കാണുന്നു

നിന്റെ അളവഴുകുകൾ

നിന്റെ ആഭിചാരം പൂക്കുന്ന മിഴികൾ

നിന്റെ മുലകളുടെ ദൃഡത

പൊക്കിൾ ചുഴി

കാന്തിക പ്രസരങ്ങളുടെ

ഖനിയാഴങ്ങൾ

അവർ നിന്റെ

ഉടലാഴങ്ങളെ കുറിച്ചു

കവിതകൾ എഴുതുന്നു

വർണങ്ങളാൽ

നിന്നെ അലങ്കരിക്കുന്നു

അഴുകുന്ന മുറിവുകൾക്ക് മീതെ

നീ പുരട്ടിയ 

സുഗന്ധ തൈലം 

അവരെ മദിപ്പിക്കുന്നു

അവർ ഒരുടൽ മാത്രം

കാണുന്നു

അതിനുള്ളിൽ

അപമാനം നിറഞ്ഞ

മുറിവുകളുള്ള

ഒരു തടവുകാരിയെ

പക്ഷെ

അവർ തിരിച്ചറിയുന്നെയില്ല

നിന്റെ ഗാനം മാത്രം

അവർ കേൾക്കുന്നു

അതിലെ വ്യഥ അവർക്ക് മനസ്സിലാവില്ല

നിന്റെ സ്വരഭംഗിയെ കുറിച്ചു മാത്രം 

അവർ പറഞ്ഞു കൊണ്ടേയിരിക്കും

നിന്റെ ഉടലുരുകി

തീരും വരെയും


നീ ഏകാന്തമായ

ഒരു മുറിവാണ്

എന്നേക്കും

 നമുക്കിടയിൽ

മൗനത്തിന്റെ

ഒരു കടൽ ദൂരം

തിരയെടുക്കുന്ന

ഓർമ്മകൾ 

മാഞ്ഞു പോയ കാല്പാടുകളുടെ

നിശബ്ദത

നീ തന്നൊരീ

ശംഖിൽ

പണ്ട് 

ഉള്ളിൽ

അലയടിച്ചിരുന്ന

ഒരു കടലിരമ്പം

മാത്രം

 അലഞ്ഞുതിരിയുന്ന

ആത്മാവിന്

പശ്ചാത്താപമോ

ഭയമോ ഇല്ല

അത് 

ഓരോ നിമിഷവും

ആഹ്ലാദതൊടെയും 

പ്രണയത്തോടെയും

ജീവിക്കുന്നു

ഓരോ സന്തോഷത്തിൽ

നിന്നും 

കണ്ണീരിൽ നിന്നും 

അത് പഠിക്കുന്നു

എല്ലാ 

വെല്ലുവിളികളിൽ

നിന്നും 

പ്രണയങ്ങളിൽ നിന്നും

അത് വളരുന്നു


അലഞ്ഞു തിരിയുന്ന

ആത്മാവിന്

അതിരുകളോ ഇല്ല

അത് ലോകത്തിന്റെയും

മനസ്സിന്റെയും അത്ഭുതങ്ങളെ

പര്യവേക്ഷണം ചെയ്യുന്നു

അത് 

ശബ്ദങ്ങളുടെ

സംഗീതം കേൾക്കുന്നു

നിറങ്ങളുടെയും

അടയാളങ്ങളുടെയും

മാന്ത്രികത 

കാണുന്നു


അലഞ്ഞുതിരിയുന്നആത്മാവ് 

ഒരു സഞ്ചാരിയും

അന്വേഷകനുമാണ്

ഓരോ സ്വപ്നാടകനിലും

അത് അതിന്റെ വീട്

കണ്ടെത്തുന്നു


ഞാൻ 

അലഞ്ഞു തിരിയുന്ന

ഒരാത്മാവാണ്


സ്മിത്ത്