2020, ഏപ്രിൽ 27, തിങ്കളാഴ്‌ച

ഡയറി കുറിപ്പുകള്‍ 1

സുകന്യ.,
പുറത്ത് മഴ പെയ്യുകയാണ്...മരുഭൂമിയിൽ ഈ അറേബ്യൻ നാട്ടിൽ എന്റെ ആദ്യ മഴ..ഈ വില്ലയിലിരുന്നാൽ ദൂരെ കടപ്പുറം വരെ കാണാം..പിറകിലുള്ള ഉം അൽ ഖുവൈൻ പോർട്ടിലേക്കുള്ള പാത വർഷത്തിൽ അപൂർവമായി കിട്ടുന്ന മഴ നിശ്ശബ്ദം നനയുന്നുണ്ട്.. മഴയുടെ വെള്ളി തിരശ്ശിലയിലൂടെ നിഴൽ ചിത്രം പോലെ കടപ്പുറം കാണാം.ഒഴിഞ്ഞ റോഡ്...വെള്ളിയാഴ്ചകളിൽ മാത്രമേ ഈ പാത സജീവമായി കാണാറുള്ളൂ...

മഴ ഒരു സൗമ്യ സാന്നിധ്യമായി
ഉള്ളുണർത്തുന്നുണ്ട്..വിട്ടു പോന്ന ഹരിതഗന്ധങ്ങളിൽ നനുനനുതൊരു വിരൽ സ്പർശമായി മഴ പെയ്‌തു നിറയുമ്പോൾ നാട് പിന്നെയും ഓർമകളിൽ നനഞ്ഞു കുതിരുന്നു.

മുൻജന്മങ്ങളുടെ പ്രസന്നബാല്യത്തിലോ..കന്മഷം പുരണ്ട,രതിയുടെ പൊള്ളലേറ്റ കൗമാരത്തിലെ വിഹ്വല രാത്രികളിലെന്നോ ചില്ല് ജാലകങ്ങൾക്ക് പുറത്തു നൃതാന്ത്യത്തിലെ ഉൽഭ്രാന്ത ചുവടുകളിൽ ആടിത്തളർന്ന മഴയുടെ അടക്കിയസീൽക്കാരങ്ങൾ
മഴയൊതുങ്ങുമ്പോൾ,പിന്നെ ഇലതുമ്പുകളിൽ നിന്ന് മരം പെയ്യുമ്പോൾ ഓർമകളുടെ അവശിഷ്ട ചിഹ്നങ്ങളിൽ ആരുടെയോ വിരൽ കമ്പനങ്ങൾ തേടി പിന്നെയും വെറുതെ..,വെറുതെ സ്മൃതികളുടെ
മാറാലവഴികളിലൂടെ ഒരു യാത്ര കൂടി.

കൗമാര പ്രണയങ്ങളുടെ ഉന്മാദമായി പിന്നെ മഴയുടെ പ്രളയകാലം.പാടങ്ങളും., കുളങ്ങളും നിറഞ്ഞു തുളുമ്പുന്ന ജലസമൃദ്ധി.മഴ പ്രണയത്തിന്റെ കൂടി ചിഹ്നമാകുന്നുവോ.മഴ നാം ആരോപിക്കുന്ന ഓരോ വികാരങ്ങളുടെയും  നനഞ്ഞ ചിഹ്നമാകാറുണ്ടെന്നു തോന്നുന്നു,ഇപ്പോൾ.
ഇറയത്തിരിക്കെ മഴയുടെ നേർത്ത തിരശ്ശിലയ്ക്കപ്പുറം നനഞ്ഞൊട്ടുന്ന പാവാടത്തുമ്പ്
ഒരല്പം ചെരിച്ചു പിടിച്ച കുടശീലക്കടിയിലൂടെ പാറി വീഴുന്ന നോട്ടത്തിന്റെ പൂമ്പൊടികൾ.അവയ്ക്ക്
കാത്തിരിക്കുമ്പോൾ മഴ പ്രണയമായിരുന്നു.

ഇവിടെഎത്തിയപ്പോൾ മാത്രമാണ് മഴ ഒരു അപൂർവ
കാഴ്ചയായത്..,അനുഭവമായത്.ഡിസംബർ ജനുവരി മാസങ്ങളിലാണ് ഇവിടെ മഴ പെയ്യുന്നത്.
മരുഭൂമിയിലെ മഴ ഭംഗിയുള്ള ഒരു കാഴ്ചയല്ല..
ഒഴിഞ്ഞ മണൽ പരപ്പിനു മീതെ അത് നിർവികാരം 
പെയ്തൊഴിഞ്ഞു. പക്ഷെ മഴ നനഞ്ഞ ഭൂമിക്ക്
എവിടെയും ഒരേ മണമായിരുന്നു.മദമടങ്ങിയ മണ്ണിനും പെണ്ണിനും ഒരേ മണമായിരുന്നു.ഓരോ സ്പർശിനിയിലൂടെയും,ഓരോ ശ്വാസത്തിലൂടെയും
ഉന്മാദിയാക്കുന്ന മണം.

സ്മിത്ത്
05 jan 94
Umm al quwain

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ