2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

പുതിയ വീട്ടില്‍,അമ്മയില്ലാതെ

പരിചയമില്ലാതെ
പുറം തിരിയുന്ന വാതില്‍
അപരിചിതനാരെന്നു
മുഖപടം മാറ്റിനോക്കും
ചില്ലു ജാലകങ്ങള്‍

ഞാനടുക്കളയിലായിരു-
ന്നലക്കുകയായിരുന്നു
അതിരിലാദ്യം പൂത്ത
മാവിഞ്ചോട്ടില്ലായിരു-
ന്നയല്‍ പക്കത്തായിരുന്നെന്നു
പറഞ്ഞമ്മ വന്നില്ല
വാതില്‍ തുറന്നിങ്ങെത്തിയോ
നീയിതിത്ര വേഗമെന്ന
കണ്‍നിറയും ചിരിയുമായി

ഇതു സ്വീകരണ മുറി-
യിതു പൂജാമുറിയിതു
ഡൈനിംഗ് ഹാളിതടുക്കള
ഇതു ചുറ്റുഗോവണി
ഗ്യാസ്‌,ഓവന്‍
പുതിയ കുക്കിംഗ്‌ റേഞ്ചു
ചുവരലമാരയില്‍
നോണ്‍സ്റ്റിക്ക്‌ പാത്രങ്ങള്‍
കരിപിടിക്കില്ല,കറയും
പുകമണക്കില്ലിനി
പചവിറകെരിഞ്ഞു നീറി
പുകയില്ല കണ്ണുകള്‍

ഇവിടെയുമില്ലമ്മ
പുളിയിട്ടുത്തേചിട്ടും
ക്ലാവുനിറം പോകാത്ത
ചെറിയ നിലവിളക്കില്ല
തിളചുത്തൂവിയ
പാല്‍മണമില്ല
ഇല്ല പാതികരിഞ്ഞ
പരിപ്പിന്‍ മണം
എണ്ണയില്ലാതൊഴിഞ്ഞ കുപ്പികളില്ല
ഇല്ല വേദനയുപ്പിലിട്ടുവെച
ഭരണികള്‍,ഇല്ല കരിപിടിച
പ്രാര്ബ്ധ ചെപ്പുകള്‍

എങ്കിലുമെവിടെയുമുണ്ടമ്മ
പനികിടക്കയില്‍,മൂര്‍ധാവില്‍
അദൃശൃ വിരലോടിച്‌
വൈകിയിട്ടും,അവനെത്തിയില്ലല്ലോയെന്ന
പരിഭ്രമ വഴികണ്ണുമായി
ഇറയത്തിരുട്ടിലൊറ്റ്യ്ക്ക്‌
ആര്‍ദ്രയായിട്ടങ്ങിനെയങ്ങിനെ
അമ്മ തൊട്ടുനില്‍ക്കുന്നിപ്പോഴും
പുതിയ വീട്ടിലരികിലെങ്കിലും
അറിയാ ദൂരെയായി

2 അഭിപ്രായങ്ങൾ:

 1. "എങ്കിലുമെവിടെയുമുണ്ടമ്മ
  പനികിടക്കയില്‍,മൂര്‍ധാവില്‍
  അദൃശൃ വിരലോടിച്‌
  വൈകിയിട്ടും,അവനെത്തിയില്ലല്ലോയെന്ന
  പരിഭ്രമ വഴികണ്ണുമായി
  ഇറയത്തിരുട്ടിലൊറ്റ്യ്ക്ക്‌"

  നല്ല വരികൾ,

  അമ്മ എന്നും കണ്ണുകളെ ഈറനാക്കുന്ന ഒരു കഥപാത്രമാണെനിക്ക്‌.

  എഡിറ്റിങ്ങിന്റെ പ്രശ്നമുണ്ടോന്നോരു സംശയം, വരികൾ മുറിഞ്ഞത്‌ ശരിയായോ?.

  ആശംസകൾ.

  Sulthan | സുൽത്താൻ

  മറുപടിഇല്ലാതാക്കൂ
 2. അമ്മ ഒരിക്കലും ഇല്ലതാകില്ല... നമ്മള്‍ അപ്പൂപ്പനും അമ്മൂമ്മയും ആകുമ്പോഴും മനസ്സിന്റെ കോലായില് നമ്മളേയും കാത്ത്‌ അമ്മ നില്‍പ്പുണ്ടാകും. ആ കാത്തുനില്പ്പിനെക്കുറിചുള്ള ഓര്‍മകള്‍ ആണ് ഏതു സ്വര്‍ഗത്തില്‍ നിന്നും നമ്മെ തിരികെ വിളിക്കുന്നത്‌... ആ പഴയ വീടിന്റെ ഓര്‍മകളിലേക്ക്...

  മറുപടിഇല്ലാതാക്കൂ