2020 ഏപ്രിൽ 27, തിങ്കളാഴ്‌ച

മറുപടിയില്ലെങ്കിലും
നീ കണ്ടുവെന്ന്
അറിയിക്കുന്ന
നീല ചിഹ്നങ്ങളാണ്
ഇന്നെന്റെ
ആശ്വാസം

എനിക്കറിയാം
എല്ലാവരെയും പോലെ
നീയും ഇത് വായിക്കും
അപ്പോൾ
വരികൾക്കിടയിൽ നിന്ന്
ഒരു വാക്ക് മാത്രം
നിന്നെ വന്നു തൊടും
നിന്റെ വിരൽ പിടിച്ചു
ചുവന്ന പൂക്കൾ വീണു കിടക്കുന്ന
ഇടവഴിയിലൂടെ
അത് പിറകിലേക്ക് നടക്കും
കൽപടവുകളിൽ
ചേർന്നിരിക്കും
ഒഴിഞ്ഞ ഇടനാഴിയുടെ ഇരുളിൽ
ഒരുമ്മയിൽ പൂത്ത് 
നിൽക്കും
യാത്ര പറയാതെ
പെട്ടെന്നൊരു കവിതയുടെ
മൗനത്തിൽ പൊതിഞ്ഞു
വീട് വിട്ടുപോകും

കവിത മൗനമാകും.
കവിതയുടെ വഴികൾ

റാസ്‌ അൽ ഖൈമയിലെ
കവിയരങ്ങിന്റെ രാത്രി
ഷാജി കവിത വായിക്കു കയായിരുന്നു

മുറി
അലസമായ ഒരു കോട്ടുവായ ഒതുക്കി
ചാഞ്ഞിരുന്നു
ഉദാസീനമായ മൗനം
ഇടയ്ക്ക്
മൊബൈൽ കിളിയൊച്ചകൾ
സ്വകാര്യ സീൽക്കാരങ്ങൾ
ഒരു നിശ്വാസം

മുറിയുടെ 
സ്വകാര്യതയിലൂടെ
വീഡിയോ ക്യാമറയുടെ
ചാരക്കണ്ണുകൾ

ഇടനാഴിയിൽ
പുകവളയങ്ങൾ
പരിചയകിലുക്കങ്ങൾ
ഒരല്പം
ശൃഗാരം

ചില്ലു ജാലകത്തിനപ്പുറം
നീലരാത്രിയുടെ
ഞരമ്പുകൾ

ക്യാറ്റ് വാക്കിന്റെ ചലനവുമായി
റാമ്പിലിറങ്ങിയ സുന്ദരി
ഷാമ്പൂ ചെയ്ത മുടിയുടെ
സുഗന്ധം
ലിപ്സ്റ്റിക്
"..തണുക്കുന്നൊരീ രാത്രിയിൽ
കവിതയ്ക്കെന്തു കാര്യം."
അലസം ചിരിച്ച്
അവൾ തിരിഞ്ഞു നടക്കുമ്പോൾ
വായിക്കാത്തൊരു കവിതയിൽ
 ഞാനുണർന്നു പോകുന്നു

ചിരിയൊച്ചകൾ
ചില്ലുപാത്രമുടയുന്ന
സ്വരമൂർച്ചകൾ

രസനയിൽ
ലിപ്സ്റ്റിക്കിന്റെ ചവർപ്പ്

മുരടിച്ചൊരീ 
മരങ്ങൾക്കിടയിലൂടെ
പ്രവാസചന്ദ്രികയും
തിണർത്ത  ഞെരമ്പുകളുമായ്
നമുക്കൊന്ന്
നടന്നുവരാം

കവിതയുടെ വഴികൾ
ഇരുളിലെവിടെയോ മുറിഞ്ഞു പോകുന്നു
പ്രണയിക്കുന്നവർ

പ്രണയിക്കുന്നവർ
ഒരു സ്വപ്നം കൊണ്ട്
പരസ്പരം
മുറിപ്പെടുത്തുകയാണ്

നിന്റെ ഹൃദയത്തിനു മീതെ
ഞാനെന്റെ ഹൃദയം
പണയപ്പെടുത്തുകയാണ്
നിന്റെയധരത്തെ
എന്റെയധരങ്ങളാൽ
മുദ്രവെക്കുകയാണ്

വിശുദ്ധമായ
നിന്റെ ശരീരം കൊണ്ട്
പാപം നിറഞ്ഞൊരുടലിനെ
സ്നാനപ്പെടുത്തുകയാണ്

പ്രണയിക്കുന്നവർ
പരസ്പരം
തീവ്രമായ വേദനയുടെ
കുരിശിലേറ്റപെടുകയാണ്
നിന്റെ വേദനയുടെ
മഞ്ഞുവീണു നനഞ്ഞ 
വാക്കുകൾ
മൗനം
ഒരു ദീർഘനിശ്വാസം
റ്റെലിഫോണിൽ
നിന്റെയുള്ളിലെ
സങ്കടപെരുങ്കടൽ
എനിക്കാവുന്നില്ല
ഒരു വിരൽസ്പർശത്താൽ
നിന്റെയുള്ളിലെ
കനലുകൾക്കു മീതെ
പെരുമഴപോലെ
കനത്തു പെയ്യാൻ
നിന്റെ വ്യഥകനത്ത
ഹൃദയത്തിനു മീതെ
ഒരാർദ്രമായ ആലിംഗനം കൊണ്ട്
പൂത്തുലയാൻ

ദൂരെയാണ് ഞാൻ
നിന്റെ വ്യഥകളെയറിഞ്ഞു
നിന്റെ ചിരിക്കുപിറകിലെ
നോവുകളറിഞ്ഞു
ഒന്നിനും കഴിയാതെ
ദൂരെ
എവിടെനിന്നാണ്
കവിത വരുന്നത്

ഓരോർമയുടെ
കൂർത്തശിഖരത്തിൽ നിന്നൊ
പ്രണയവിരാമത്തിന്റെ
മഞ്ഞച്ച ഇലകളിൽ നിന്നോ
മരണത്തിന്റെ ശൂന്യമായ 
മൗനത്തിൽ നിന്നൊ

എവിടെ നിന്നാണ്
കവിത വരുന്നത്

കളിപറമ്പുകളിലെ ഒറ്റപ്പെടലുകളിൽ
ചുമൽ ചേർത്ത്
അക്ഷരങ്ങൾക്കും
അറിയാവഴികൾക്കും
വിരൽകോർത്ത ചങ്ങാതിയെ
ഒറ്റുകൊടുത്ത 
അവസാനത്തെ
അത്താഴരാത്രിയിൽ നിന്നൊ

എവിടെ നിന്നാണ്
തിരിമുറിയാ പ്രളയ പെരുമാരിയായി
കവിത പെയ്തൊഴിഞ്ഞത്

കടും ചവർപ്പിന്റ
നീല വെളിച്ചത്തിൽ
നഗരത്തിരക്കിൽ
പ്രണയിച്ചൊപ്പം വന്ന പെണ്ണിനെ
കൂട്ടികൊടുത്തു
കൊടുംവിഷത്തിന്റെ
പാനപാത്രം പങ്കുവെച്ച്
വഴി വിളക്കിന്റെ
അന്ധമിഴികൾക്കു കീഴെ
കുരുതിക്കഴിച്ച
വിലാപരാത്രിയിലോ

എന്റെയെന്റെയെന്നു
എല്ലാമടക്കിപ്പിടിച്ച്‌
ഒന്നുമില്ലായ്മയുടെ
കിനാവിലചൂടി
ഭ്രാന്തിന്റെ
പെരുമഴ നനഞ്ഞു
ഭ്രഷ്ടനായി
നഗ്നനും അനാഥനുമായി
തെരുവിൽ
കുരിശിലേറ്റപ്പെട്ടവന്റെ
മരണരാത്രിയിലോ

എവിടെ നിന്നാണ്
കവിത വരുന്നത്

എണ്ണതീർന്ന
നിലവിളക്കിൽ,സന്ധ്യക്ക്
കരിന്തിരി കത്തും മണം
ചുട്ടുപൊള്ളുന്നൊരു നെഞ്ചിൽ
കണ്ണുനീരിറ്റു വീണുരുകും
മണം
അരിവേവും മണം
അറിയാതെ തിളച്ചുതൂവിയ
പാൽ മണം

കാവികടലാസുറയിൽ
ആഴ്ച്ചതോറുമെത്തും
വേവലാതിനിറഞ്ഞ കത്തിൽ
വേദന വേവും മണം
കാറ്റിൽ
നെഞ്ചിലെ മുറിവിലൂടെ
വ്യഥയുടെ നിശ്വാസമുതിർക്കും
മുളങ്കാട് പൂക്കും മണം
വാകപൂ വീണു തണുത്ത
കുളത്തിലെ
പായൽമണം

ഒടുവിലെന്നിട്ടും
അമ്മയെയോർക്കുമ്പോൾ
ഉള്ളിൽ
എരിഞ്ഞടങ്ങുന്നൊരു ചിത നിറയുന്നു 
ചുറ്റും 
അമ്മയുടെ മണം പരക്കുന്നു
റാസ്‌ അൽ ഖൈമ സ്കെചെസ്

കാദർ,വയസ്സ് 32
വിവാഹിതൻ 
മൂന്നു കുട്ടികളുടെ ഉപ്പ
കഫ്റ്റീരിയായിൽ അടരുകളാക്കി
കമ്പിയിലടുക്കിയ ഇറച്ചി
ഷവർമയാക്കുബോഴും
പൊരയില്ലാത്ത
പൊല്ലാപ്പുകൾ മാത്രം
മനസ്സിലുള്ളവൻ
ചോരുന്ന വീടിന്റെ മൂലയിൽ
എണീക്കാനാകാത്ത ഉമ്മയെയോർത്തു
കനൽ 
ഉള്ളിൽ നീറി പുകയുന്നവൻ
കണ്ണീരു തോരാത്ത 
പെണ്ണിന്റെ
നനഞ്ഞ അക്ഷരങ്ങൾക്ക് മീതെ
വിരലോടിച്ചു
പാതിരായിൽ തിരിച്ചെത്തിയിട്ടും
ഉറങ്ങാതിരിക്കുന്നവൻ
അക്ഷരങ്ങളിലൂടെ
അതിലെ അറിയാവാക്കിന്റെ 
വേദനയിലൂടെ
പെണ്ണിന്റെ മിഴിനീര് തൊട്ട്
ഉറക്കമില്ലാത്തവളുടെ 
പാതിവെന്ത രാത്രിയിലൂടെ
ഒലിച്ചൊലിച്ചു പോകുന്നവൻ

പ്രവാസിയുടെ മുറി

വ്യത്യസ്ത  ദ്വീപുകളുടെ
സമുദ്രം
അറിയാത്ത പ്രവാഹങ്ങളുടെ
കപ്പൽ പാത
പല ഭാഷകളുടെ
ബാബേൽ
അപരിചിതരുടെ നഗരം
പല അയനങ്ങളിൽ 
കടന്നു പോകുന്ന
ആകാശം
ഓരോ പ്രാവശ്യവും
മാറുന്ന പുഴ
നീ ഓരോ കിനാവിലും
പൂത്തു നിൽക്കും ഇലഞ്ഞിമണം
പെരുവഴിയിലെങ്ങോ പൊഴിഞ്ഞ
കുന്നിമണി
മൈലാഞ്ചി ചുവപ്പുപടർന്ന
വിരലിൻ സാന്ദ്രസ്പർശം
നാവേറു പാടും
പുള്ളുവക്കുടത്തിനീണം

നിന്റെ മിഴിയിൽ പൂത്ത
മുരുക്കിൻ പൂക്കളിൽ
കുരുതി രക്തം
നിന്റെ ചിരിയിൽ
നിലാവിൻ ശൈത്യം
പാതിയിടിഞ്ഞ 
കുളക്കൽ പടവിലെ
ദുരന്ത സ്മൃതി നീ

കുങ്കുമം പടർന്ന നെറ്റിത്തടം
രക്താഭമായ ജലസമൃദ്ധി
മുളങ്കാടുകളിൽ ചേക്കേറിയ
നിലവിളി

സ്നേഹിച്ചു തീരാത്ത
ഓർമകളുടെ ഖനിയാണ് നീ
പൊട്ടി തകർന്ന
പളുങ്കു സ്വപ്നങ്ങളുടെ
ഏകാന്ത ശ്മശാനം
അനാഥമായ ജലപ്രവാഹങ്ങളും
ശംഖിന്റെ 
വെളുത്ത ചുണ്ണാമ്പ് കൊട്ടാരങ്ങളും
തീർത്ത സമുദ്രം 

നീ പിന്നെയും
ഇരുളിലേയ്ക്ക് പിൻവാങ്ങുന്നു

കാത്തിരിക്കുന്ന മനസ്സുകൾക്ക്
സ്മൃതിയുടെ
ഒരു വെയിൽ നാമ്പ്
സുഗന്ധങ്ങളുടെ പൂക്കൂട
ഗുൽമോഹർ പൂക്കളുടെ
ഓർമ്മകൾ ചിതറിയ
ഒഴിഞ്ഞ വഴിത്താര

ഞാൻ കൂടുതൽ ഏകാകിയാകുന്നു

ദുരിത മുനമ്പിലെ
അവസാന സന്ദർശകർ നാം
കടലുകൾക്ക് മീതെ
നിലാവിന്റെ  ശവക്കോടി
നിലവിളിച്ചാർക്കുന്ന തിരകൾ
പുലരും മുൻപേ വഴിപിരിയേണ്ട
സഞ്ചാരികൾ 
കടൽക്കാറ്റിൽ 
നിന്റെ ചുരുൾമുടി
വേർപിരിയാനാകാത്ത പോൽ
പിന്നെയും
പിന്നെയും
എന്നെ ചുറ്റുന്നു

നിന്റെ നാഡികളിൽ
പ്രണയജ്വരം പൂക്കുന്നു വീണ്ടും
സ്ഫടികപാത്രങ്ങളിൽ 
എരിയുന്ന ചുംബന ലഹരി 
നുരയുന്നു
പൊള്ളുന്ന ആശ്ലേഷങ്ങളിൽ
ഞാൻ
നിന്റെ ഉഷ്ണമാപിനി
കയ്പ്പുള്ള 
നിന്റെ കീഴ്ചുണ്ട് പോലെ
ഞാൻ ജീവിതം 
രുചിക്കുന്നു

നിലവിളിച്ചു തളർന്ന തിരകൾക്കു മീതെ
നീല രാവാട പൊഴിച്ച്
രാത്രി പിന്നെയും 
യാത്രയാകുന്നു

എന്റെ ജാലകത്തിലിപ്പോൾ
വേർപാടിന്റെ
ഒരു നീൾമിഴി മാത്രം
പൊള്ളുന്ന വാക്കുകളുടെ ശയ്യയിൽ
പനിച്ചു കിടക്കും മൗനം
തിരിച്ചെത്തും മുൻപേ 
അന്ധനാക്കപ്പെട്ട സഞ്ചാരി
തിരയെണ്ണിയെണ്ണം പിഴച്ച
ഭ്രാന്തൻ ചങ്ങാതി
വെളിച്ചനുറുങ്ങിൻ ഭാണ്ഡവുമായ്
തിരമുറിച്ചകലെക്കൊരാൾ
കുളമ്പടിച്ചു പോകുന്ന 
കറുത്ത യാത്രികൻ
ഇരുണ്ട നദിയ്ക്കക്കരെ
കാത്തിരിക്കുന്നവരുടെ നൗക

നിനക്ക് മുൻപേ
എന്റെ വിധിയിലേക്കിറങ്ങട്ടെ
ഞാൻ.

1
ഇത്ര നാളും അടച്ചിട്ട 
അകങ്ങളിലേയ്ക്ക്
കുറ്റബോധത്തോടെ എന്നവണ്ണം
ഞാൻ കടന്നു വരും

2
ശ്വാസനാളിയിൽ
കുരുങ്ങിയൊരു അവസാന ശ്വാസത്തിന്റ വെപ്രാളത്തോടെ
നീ
അരികിലേക്കോടി വരും

3
പതിനാല് ദിവസം
പട്ടിണികിടന്നവന്റെ ആർത്തിയോടെ
ഞാൻ നിന്നെ 
ഉമ്മവെയ്ക്കും

ഓരോ പ്രാവശ്യവും
അവൻ എനിക്കായി
കവിതകൾ എഴുതുന്നു
ഒരു വാക്കുകൊണ്ട്
എനിക്കൊരു ഊഞ്ഞാൽ കെട്ടുന്നു
സ്വപ്നങ്ങളിൽ നിന്നും
മഴവില്ലു തൊടാൻ
ആയത്തിലെന്നെ
ആട്ടിവിടുന്നു
അവൻ ഒരുമ്മ കൊണ്ട്
ഇല പൊഴിച്ച എന്റെയുടലിൽ
തളിരുകൾ നിറയ്ക്കുന്നു
വരണ്ടു പോയ ഉറവുകൾ
നനഞ്ഞു നിറയുന്നു

അവൻ 
എനിക്കായി വരയ്ക്കുന്നു
മേഘങ്ങൾക്ക് ചിറകുകൾ കിട്ടുന്നു
എനിക്കായി 
മിന്നലിൽ പുറത്തേറി
അവൻ മലനിരകൾ കടക്കുന്നു
ഉടൽ നിറയെ മിഴികളായി
ഞാൻ 
അവനെ തേടുന്നു
പുഴകൊണ്ട് അവൻ എനിക്കൊരു
അരഞ്ഞാണം വരയ്ക്കുന്നു

കാട് പോലെ
അവനെന്നെ കൊതിപ്പിക്കുന്ന
പാട്ടു മൂളുന്നു
അവനെ തേടി ഞാൻ
വഴികൾ മറക്കുന്നു
ഇരുണ്ട ഇലകൾ കൊണ്ട്
എനിക്കവനെ
കാണാതാകുന്നു
കാട്ടുവഴികളിലൂടെ
അവന്റെ മണം
പല ദിക്കുകളിലേയ്ക്ക്
ഒഴുകി പരക്കുന്നു

അവൻ വാക്കാകുന്നു
അവൻ മഴയാകുന്നു
അവൻ പാട്ടാകുന്നു
അവൻ മണമാകുന്നു
അവൻ നിറമാകുന്നു
അവന്റെ ചുറ്റും നിറയുന്ന
ഞാൻ തിരയുന്ന
പ്രണയമാകുന്നു
അവൻ ഞാനാകുന്നു

സ്കൂളിലേയ്ക്കുള്ള ഇടവഴി
മഴയുടേതായിരുന്നു
മൈലാഞ്ചി പടർപ്പുകളുടേതും
കാരപ്പഴങ്ങളുടേതും
ആയിരുന്നു

സ്കൂളിലേക്ക് ഉള്ള ഇടവഴി
നാട് കടത്തിയ പൂച്ചക്കുട്ടികളുടേതും
നായ്ക്കുട്ടികളുടേതും
ആയിരുന്നു

സ്കൂളിലേക്ക് ഉള്ള ഇടവഴി
മുട്ടറ്റം സാരി തെറുത്തു കേറ്റി നടക്കുന്ന
തങ്കേച്ചിയുടെയും
തിരിഞ്ഞു നോക്കി
തിരിഞ്ഞു നോക്കി
മുൻപേ നടക്കുന്ന
ജോസെപ്പേട്ടന്റെയുമായിരുന്നു

സ്കൂളിലേക്ക് ഉള്ള ഇടവഴി
ചത്തു കിടക്കുന്ന
നായ്ക്കുട്ടിയുടെയും
അതിലാർക്കുന്ന
ഈച്ചകളുടെയുമായിരുന്നു

സ്കൂളിലേക്ക് ഉള്ള ഇടവഴി
അരികിലൂടെ ഒഴുകുന്ന
ചെറിയ നീർച്ചാലിൽ
മുങ്ങിച്ചത്ത 
കടലാസ് വഞ്ചികളുടേതായിരുന്നു
ഇലകൾക്ക് മീതെ 
ഒഴുക്കി വിട്ട
പുളിയുറുമ്പുകളുടേതായിരുന്നു

സ്കൂളിലേക്ക് ഉള്ള ഇടവഴി
ഇടവപ്പാതിയിൽ
കുടയില്ലാതെയെന്ന പാട്ടിനൊപ്പം
നനഞ്ഞുതിർന്ന ഗീതയുടെ
മലർന്നു കീഴ്ചുണ്ടിന്റേതായിരുന്നു
ഒരൊറ്റ പുണരലിൽ
നിലം തച്ചുവീണ
കാർത്തിയുടേതായിരുന്നു
വഴിയരികിലെ പൊത്തിൽ
ഒളിപ്പിച്ചു വെച്ച
വെട്ടുകത്തിയുടേതായിരുന്നു

സ്കൂളിലേക്ക് ഉള്ള ഇടവഴി
ഇവ്വിദം
ഓർമകളുടേതായിരുന്നു
ഇനിയൊരിക്കൽ കൂടി
പോകാനാവാത്ത വിധം
ഇടവഴി നിറയെ
പഴയ ഓർമ്മകൾ 
പുതഞ്ഞു കിടന്നിരുന്നു
മൂന്നാം നാൾ
നിന്റെ
ഓർമയിലേക്ക് മാത്രം
ഞാൻ 
ഉയിർത്തെഴുന്നേൽക്കും