2020, ഫെബ്രുവരി 6, വ്യാഴാഴ്‌ച

നഗരം


ഉടൽ നിറയെ
പൊത്തുകളുള്ള
ഒറ്റത്തടി മരങ്ങളുടെ
കാന്താരം

ഒറ്റകണ്ണുള്ള ആകാശം


ഭീരുവിന്റെ മുഖംപോലെ
വിളറിയ പ്രഭാതം
പങ്കുവെക്കപ്പെട്ട പെങ്ങളുടെ
വിലാപം നിറഞ്ഞ പാത
പിന്തുടരുന്ന
ഒരൊറ്റ മിഴി
സാക്ഷിയായെത്തിയത്തിന്
ജീവിതം
പ്രതിഫലമായി നൽകിയ
സുഹൃത്തിന്റെ
ഓർമനാളാണിന്ന്
വിദൂഷകന്റെ ചിരിപോലെ
പൊള്ളയായ കാലം
ഹൃദയത്തോളം താഴ്ത്തിയ
വേൽമുനയിൽ
ദൈവത്തിന്റെ കൈയൊപ്പ്
മിഴിനാളം തെളിച്
കാത്തിരിക്കുന്ന അമ്മ
തിരിച്ചുവരാത്തവന്റെ രാത്രിയിൽ
ഒറ്റക്കണ്ണുള്ള
ആകാശം മാത്രം
കൊഴുത്ത ചേറുമണമുള്ള
പെണ്ണുടൽ
ഞാറ്റുപ്പാട്ട്
ഒരു ഞാറ്റുവേലയിലും
വിതയ്ക്കാതെ
നീ കാത്തുവെച്ച
സ്വപ്നവിത്തുകൾ
ഒരൊറ്റ സ്പർശത്തിലുണരുന്ന
പെണ്ണിനെപോലെ
മഴവിരലേറ്റു തുടുക്കുന്ന
ഭൂമി
ഉഴുതുമറിച്ച വയലിന്റെ
വേർപ്പുമണം
വയലിനു മീതെ
മുറിവേറ്റ പ്രണയം പോലെ
വാൻഗോഗിന്റെ
വെയിൽ മഞ്ഞ
മറ്റൊരു വസന്തത്തിലേക്ക്
യാത്രയാകുന്ന
ദേശാടനപക്ഷികൾ
പതിരായി പോയ വാക്കുകൾ
മൗനം
ചെറിയ
മുണ്ടകപ്പാടങ്ങൾ പോലെ
മഴവില്ലുകളില്ലാതെ
നക്ഷത്രങ്ങളില്ലാതെ
മഴയും
വെയിലും
നിലാവുമില്ലാതെ
നരച്ച
പ്രതീക്ഷകളില്ലാത്ത
വൃദ്ധനേത്രം പോലെ
സ്വപ്നരഹിതമായി
നഗരത്തിന്റെ ആകാശം
പരിചയമോ
പരിഹാസമോ
അസൂയ പോലുമോ ഇല്ലാതെ
ഒരേ നിറവും
ഭാവവുമുള്ള മുഖങ്ങൾ
കണ്ണാടിയിൽ
മറ്റൊരാൾ
കണ്ണുകളിൽ
ഒറ്റുകാരന്റെ
കൗശലത്തിളക്കം
കൂർത്തു വരുന്ന തേറ്റകൾ
നഖങ്ങൾ
പ്രാണന്റെ സിരയിൽ
പല്ലുകളാഴ്ത്താൻ
കുനിഞ്ഞ മുഖത്തിന്
കണ്ടുമറന്ന ഛായ
അത്
നീയായിരുന്നുവോ
മഴ പെയ്യാത്ത വേനലിനുച്ചിയിൽ
അവളുടെ സ്പർശം
തീയായെരിയുന്നു
പ്രണയം നിരസിച്ച പെണ്ണിന്
നീല ഞരമ്പുകളിലെ
ഉന്മാദം മാത്രം
കോൺടാക്റ്റ് ലെൻസ് മാറ്റുമ്പോൾ
അവളുടെ മിഴികളിൽ
കിനാവിന്റെ കടലു വറ്റുന്നു
പാതിരാത്രിയിൽ
പാതവിളക്കിന്റെ മഞ്ഞനിലാവിൽ
തണുത്തൊരുടലിന്റെ
ശവസ്പർശത്തിൽ
പൊട്ടിയൊലിക്കുമ്പോൾ
രാത്രിക്ക്
ജമന്തിപ്പൂമണം
വേച്ചു പോകുന്നൊരു നിഴലിന്റെ
അടിവസ്ത്രമുരിയുമ്പോൾ
കറുത്ത രക്തത്തിന്റെ
വസന്തഗ്രന്ഥി മുറിയുന്നു
തിരിച്ചെത്തുമ്പോൾ
നിനക്ക്
മോർച്ചറിയുടെ ഇരുണ്ട മൗനവും ഗന്ധവും
തുന്നലിടാനാവാത്ത
മുറിവുകൾ നിറഞ്ഞ
ഉടലാണ്
പ്രണയം

നീയുമ്മ വെക്കാതെ പോയ
സങ്കടമാണോ
മരങ്ങളിത്രയും
കരഞ്ഞു തീർക്കുന്നത്

നിന്റെ കീഴ്‌ ചുണ്ടിന്റെ
ചവർപ്പിനൊപ്പം
എന്റെ രസനയിൽ പടരുന്ന
വേദന അറിയിക്കാത്ത
വിഷമാണു
പ്രണയം


ഒരില തണൽ പോലുമില്ലാതെ
ജീവിതം പൊള്ളുമ്പോൾ
നീ അരികിലുണ്ടെന്ന
ഓർമയിൽ
ഉള്ളിലുണരുന്നുണ്ട്
ഒരു പെരുമഴക്കാലം

പ്രണയിക്കുന്നവർ


പ്രണയിക്കുന്നവർ
ഒരു സ്വപ്നം കൊണ്ട്
പരസ്പരം
മുറിപ്പെടുത്തുകയാണ്
നിന്റെ ഹൃദയത്തിനു മീതെ
ഞാനെന്റെ ഹൃദയം
പണയപ്പെടുത്തുകയാണ്
നിന്റെയധരത്തെ
എന്റെയധരങ്ങളാൽ
മുദ്രവെയ്ക്കുകയാണ്
വിശുദ്ധമായ
ഉടലിനാൽ
നീ
പാപം നിറഞ്ഞൊരുടലിനെ
സ്നാനപ്പെടുത്തുകയാണ്