2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

ഉപ്പുകാറ്റുകളുടെ കടൽക്കര

വീട്‌
മൗനമെരിയുന്ന ചിത
വിളക്കണഞ്ഞ്‌
വാക്കും ചിരിയും അണഞ്ഞ്‌
അമ്മയില്ലാത്ത രാത്രിയുടെ
ഇരുട്ട്‌ പുതച്ച്‌
ഏകാന്തം

ഇലപൊഴിഞ്ഞ ജന്മ വൃക്ഷക്കീഴിൽ
എരിഞ്ഞടങ്ങിയൊരു
സ്നേഹ സാമീപ്യം
പട്ടുമൂടിയൊരീ കലശത്തിൽ
ഇനിയീ ശിഥിലാസ്ഥികൾ നിറയ്ക്കുക
കൈവിരൽ മുറിയേണ്ട
സൂക്ഷിക്കുക
വാൽസല്യത്തിൽ
വെന്തൊരീയസ്ഥികൾ
വേദനിപ്പിക്കുമെന്നൊ
മെല്ലെ വിരൽ തൊടുബോൾ
അമ്മയുടെ സങ്കടം പോലെ
പൊടിഞ്ഞു പോകുന്നു.
വ്യഥയുടെ രാത്രികളിൽ
നെറുകയിൽ
താരാട്ടായി തഴുകിയ വിരലുകളാണിത്‌
അടുക്കളക്കരിയും
വാൽസല്യവും പുരണ്ട വിരലുകൾ
അനാഥയാത്രകൾക്കൊടുവിൽ
അഭയമായിരുന്ന മാറിടം
യാത്രയാവുന്നതിനു
തലേരാത്രിയിൽ
നെറുകയിലുമ്മവെച്ചു
ചേർത്തുകിടത്തിയൊരോർമ്മ
ഏതു മണലാരണ്യവും
നിനക്കു മലർവാടിയകട്ടെയെന്ന
പ്രാർതന
ഒരു വശം ചെരിഞ്ഞ അക്ഷരങ്ങളായ്‌
ആഴ്ച്ചകൾ തോറും
അതിരുമാഴിയുമാകാശമൗനവും
കടന്ന്
എന്നെ തിരഞ്ഞെത്തുന്ന
കനിവും കാരുണ്യവും
ചെബട്ടുമൂടിയ കലശങ്ങൾ
നെറുകയിലേറ്റുക
വലം തിരിയുക
പിൻ തിരിയാതെ
പടിയിറങ്ങുക
ഉപ്പുകാറ്റുകാളുടെ കടൽക്കര
രസനയിലമ്മയിറ്റിച്ച
തേനും വയബും
പിന്നെയീ കണ്ണുനീരിനുപ്പും
വരിക വരികെന്നു
തിരമാലകൾ വിളിക്കുന്നു
കുടമുടച്ച്‌
മുങ്ങിനിവരുബോൾ
പൂർവസ്മൃതികളുടെ ജലരാശിയിൽ
നനഞ്ഞ കുങ്കുമവും പൂവും
അമ്മയുടെ തലോടൽ പോലെ
തിരകൾ
നെറുക തലോടുന്നു
തിരിച്ചു കയറി
തിരിഞ്ഞു നോക്കുബോൾ
തിരകൾക്കു മീതെ
ഒരു ചുവന്ന പട്ടുമാത്രം
യാത്ര പറയാനാകാതെ
യാത്ര
പറയാൻ
ആവാതെ.

1 അഭിപ്രായം: