2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

ശവഗന്ധം

വായനയ്ക്കിടയില്‍
മനസ്സില്‍
വെടിയേറ്റു വീണൊരാ
വാക്കിന്‍
തോലുരിചൂ
റയ്ക്കിട്ടുണക്കി
പുതുനൂലിട്ടു
മറ്റൊരുടല്‍ നെയ്യെ
വിരലിലവശേഷിക്കുന്നെത്ര
സോപ്പിട്ടുകഴുകിയിട്ടും
ഡെറ്റോളൊഴിചുരചിട്ടും
പോകാതെയൊരു
ശവഗന്ധം
കൊന്നതാരായിരിക്കാം
ആവാക്കിനെയിനി
ഞാനോ
അതോ

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

നഗരമഴ

മുഖം തിരിചുപോകുന്ന
പൂര്‍വകാമിനി
മിഴികളില്‍
അപരിചിതത്വത്തിന്റെ
ഇരുണ്ട ആകാശചെരിവുകളുള്ള
അയല്‍ക്കാരന്‍
മഴനനയാതെ ഇത്തിരിദൂരം
കുടക്കീഴില്‍ നിന്നു
അപ്പുറം കടന്നോടി പോകുന്ന
പഴയ സഹപാടി
തെരുവിലെ ഇരുട്ടില്‍
മഞ്ഞവെളിചം വീഴാത്ത
മടകളുടെ
അഴുകിയ ക്ഷണത്തിലേയ്ക്കു
ആര്‍ത്തിരബും
മഴപ്പാറ്റകള്‍
വീഴ്ചയുടെ
ആഴങ്ങളോര്‍ക്കാതെ
ഫ്ലാറ്റിന്റെ അറ്റമില്ലാ
ഉയരങ്ങളിലേയ്ക്കു പായുന്ന
വെള്ളിക്കബിയഴികളുള്ള
ലിഫ്റ്റിന്റെ
തടവറ
അരികിലറ്റുവീണ
ഉടല്‍പിടചിലറിഞ്ഞതായി
നടിക്കാതെ
തിരക്കാണേറെ
തിരക്കാണെനിക്കെന്നു
പിന്തിരിഞ്ഞു നോക്കാതെ പോകുന്ന
നഗര സൗഹ്രുദം

2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

വലുതും,ചെറുതും

വലുതാകേണ്ടിയിരുന്നില്ലെന്നു തോന്നും
ചിലപ്പോള്‍,
നമ്മളൊക്കെയും.
പഴയപോലെയിരുന്നാല്‍
മതിയായിരുന്നു.
നീയെത്ര മാറി
ഞാനും
ചുറ്റും
ചെറു ചെറുങ്ങനെ
ചെറുതായി
ലോകമെത്ര
വലുതാക്കി കളഞ്ഞു
നമ്മെ,
ആയിരുന്നതിനേക്കാള്‍
ആശിചിരുന്നതിനേക്കാള്‍
വലുതാവേണ്ടിയിരുന്നില്ലയിത്രയും
നമ്മള്‍
സ്വയമിത്രയും
ചെറുതായിട്ടു

2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

ആരായിരിക്കും

കണ്ണുപൊട്ടിയ
വഴിവിളക്കിന്‍ കീഴെ
മുറിവേറ്റ
ഒരുടലിനോടു
ഇണചേരെ
എനിക്കെന്റെ
രക്തം മണക്കുന്നു
ഇരുളിന്‍
ശിരോ വസ്ത്രകീഴില്‍
ആരായിരിക്കാമിത്‌
നൂറുമക്കളുടെ ഓര്‍മയില്‍
വേവുന്നൊരമ്മയോ
നഗരങ്ങള്‍ തോറും
വിറ്റുപോകുന്ന
പെങ്ങളോ
ഭ്രാന്തിന്റെ
പെരുമഴ നനയുന്ന
മകളോ
ആരായിരിക്കും
ആരായിരിക്കും

2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

മഴ നനഞ്ഞു ഒരാള്‍

പതിനഞ്ചു വര്‍ഷം മുന്‍പുള്ള
ഓര്‍മയില്‍
മഴ നനഞ്ഞു നടക്കെ
പൊടുന്നനെ
തെരുവു
ആളൊഴിയാന്‍ തുടങ്ങി
ഷട്ടര്‍ താഴ്ത്തി,കടക്കാര്‍
തുരുത്തുരാ ഹോണടിച്‌
ഓട്ടോറിക്ഷക്കാര്‍
കടല
കപ്പലണ്ടി വില്‍പനക്കാര്‍
കാല്‍നട യാത്രക്കാര്‍
ധ്രുതി പിടിച ചലനങ്ങളോടെ
എല്ലാവരും
മഴയും

സോഡിയം വേപ്പര്‍ ലാമ്പിന്റെ
പിത്തരസം പടര്‍ന്ന റോഡ്‌
പൊടുന്നനെ വിളക്കിന്റെ
ഒറ്റക്കണ്ണടഞ്ഞു
ലൈറ്റിടാതെ ഒരു കാര്‍
ബ്രേയ്ക്കു ഉരചു അരികില്‍ നിന്നു
അതേ ധ്രുതിയില്‍
ടയര്‍ ഉരച്‌ പാഞ്ഞുപോയി


ധ്രുതിയില്‍ മഴ നിന്നു
വെളിച്ചം വന്നു
ചുവപ്പും,മഞ്ഞയും പടരുന്ന
മഴവെള്ളത്തില്‍
പതിനഞ്ഞു വര്‍ഷത്തിനിപ്പുറം പെയ്ത
മഴ
മുഴുവന്‍ നനഞ്ഞ്‌
അയാള്‍ മാത്രം

2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

ഓട്ടക്കീശ

അപ്പചന്റെതെന്നും
ഓട്ടക്കീശയായിരുന്നു
എന്നിട്ടും
അതില്‍ ചോര്‍ന്നുപോകാതെ
എനിയ്ക്കായി പലതും
ബാക്കിയാവാറുണ്ടായിരുന്നു

ഏലത്തരികള്‍ക്കും
കുരുമുളകുമണികള്‍ക്കുമൊപ്പം
വിയര്‍പ്പു മണക്കുന്ന
നാരങ്ങാ മിട്ടായികള്‍
സഹകരണ സംഘത്തിലെ
പണയപണ്ട രസീത്‌
പുതിയ കീടനാശിനിയുടെ
കളര്‍ നോട്ടീസ്‌
കാപ്പിപ്പൂക്കളുടെ
ഉണങ്ങിയ മണം
താഴെ പുഴക്കടവില്‍
വീര്‍ത്തു പൊങ്ങിയ
പേക്കാചി തവളയെ പോലെ
മേരിപെങ്ങളെ കണ്ടനാള്‍
അപ്പചന്‍ പൊട്ടിചെറിഞ്ഞ
കൊന്ത

അപ്പചന്റെ കീശ
നിറഞ്ഞിരുന്ന നേരം കുറവായിരുന്നു
താഴത്തങ്ങാടിയില്‍
കുരുമുളക്‌ വിറ്റുവരുബോഴോ
പന്നിയും,ആനയും തിന്നാതെ
നെല്ലു കൊയ്തു തീര്‍ന്നാലോ
മഴക്കാലത്തെ പുഴ പോലെ
അല്‍പനേരം
അതു നിറഞ്ഞിരുന്നു,
വട്ടിപണയക്കാരുടെ
നോട്ടങ്ങള്‍ക്കു മുന്‍പിലെത്തും വരെ മാത്രം

ഈയിടെയായി
അപ്പചന്റെ കീശ
രസീതുകളും
ബാങ്കു നോട്ടീസുകളും
ലേലക്കുറിപ്പുകളും കൊണ്ടു
നിറഞ്ഞിരുന്നു

അപ്പചന്റെ കീശയിപ്പോള്‍
ഓട്ടക്കീശയല്ലെന്ന
അമ്മചിയുടെ കനല്‍ ചിരിയോടു
അപ്പചനന്നു
കലഹിചില്ല
പിറ്റേന്നു മരിക്കുവാന്‍
നിശ്‌ ചയിചവന്റെ മുഖത്തോടെ
ഒന്നു നോക്കുകയല്ലാതെ

ഫാനില്‍ നിന്നിറക്കി കിടത്തിയ
അപ്പചനു ഉടുപ്പില്ലായിരുന്നു
നരച മാറില്‍
ചരടു പിഞ്ഞിയ
കൊന്ത മാത്രം
രക്ഷിയ്ക്കാനാവാതെ
സ്വയം കുരിശിലേറിയവന്റെ
കുറ്റബോധം നിറഞ്ഞ നോട്ടമുള്ള
പഴയ അതേ കൊന്ത

ചുമരിലെ ആണിയില്‍
കാപ്പിപ്പൂക്കളുടെയും
കീടനാശിനിയില്‍ മുളപ്പിച
പുതിയ നെല്‍ വിത്തുകളുടെയും
മണമുള്ള
ഉടുപ്പിന്റെ കീശയില്‍
ഒഴിയേണ്ട വീടിന്റെയോ
കൊടുത്തു തീര്‍ക്കേണ്ട
കടങ്ങളുടെയോ
വിവരങ്ങള്‍ എഴുതിയിരിയ്ക്കാവുന്ന
നോട്ടുപുസ്തകത്തിലെ,
ജീവിതം പോലെ,
ആര്‍ക്കു വേണമെങ്കിലും
കീറിയെടുക്കാവുന്ന
ഒരു പേജു മാത്രം