2020, ഏപ്രിൽ 27, തിങ്കളാഴ്‌ച

നിനക്കോർമ്മയുണ്ടോ
നാം നടക്കാൻ പോയിരുന്ന
വൈകുന്നേരങ്ങൾ
വിരൽ തുമ്പു തേടുന്ന തിരകൾ
കടൽക്കരയിലെ 
ചാവോക്ക് മരങ്ങൾക്കിടയിൽ
കുരുങ്ങിപോയ കടൽക്കാറ്റ്
ആകാശത്തൊരു പട്ടം
കാറ്റിന്റെ തിരകൾക്കിടയിലൂടെ
ഒറ്റയ്ക്ക്
നക്ഷത്രങ്ങൾക്കിടയിലേക്ക്
തുഴഞ്ഞു പോകുന്നത്
അകലെ 
ആകാശം കടലിൽ
അലിഞ്ഞുതീരുന്നത്
ഒറ്റയ്ക്ക് നിൽക്കുന്ന
ഒരു പെൺകുട്ടിയെ നോക്കി നിന്നത്
ഇലകൾക്കടിയിൽ നിന്നും
ഇരുളിന്റെ കെട്ടഴിഞ്ഞ്
ജലച്ചായം പോലെ
ആകാശമാകെ പടരുന്നത്

നിനക്കോർമ്മയുണ്ടോ
നമ്മുടെ
സായാഹ്‌ന യാത്രകൾ
ചുംബിച്ചുതീരാത്ത
തിരയുടെ 
പിൻവാങ്ങൽ
ഉപേക്ഷിക്കപ്പെട്ട വലകൾ
ഉള്ളിലിപ്പോഴും
കൊരുത്തു വലിക്കുന്ന
ചൂണ്ട കൊളുത്തുകൾ
പാതി മണൽ മൂടിത്തീർന്ന
തകർന്ന വള്ളങ്ങൾ

നിനക്കോർമായുണ്ടോ
തിരമുറിച്ചോടിപ്പോയ കാലൊച്ചകൾ
ഒടുവിലത്തെ മഴയ്ക്കും
മുൻപ് പ്രാണനിലേറിപ്പോയവരുടെ
മൊഴിയറ്റ തിരകളെ
മണലിൽ പൂഴ്ന്നു പോയ
ഓർമകളെ
ബലിനിലം പോലെ
ആകെ ചുവന്ന 
ആകാശത്തെ
കടലിനെ
എന്നെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ