നീ ഓരോ കിനാവിലും
പൂത്തു നിൽക്കും ഇലഞ്ഞിമണം
പെരുവഴിയിലെങ്ങോ പൊഴിഞ്ഞ
കുന്നിമണി
മൈലാഞ്ചി ചുവപ്പുപടർന്ന
വിരലിൻ സാന്ദ്രസ്പർശം
നാവേറു പാടും
പുള്ളുവക്കുടത്തിനീണം
നിന്റെ മിഴിയിൽ പൂത്ത
മുരുക്കിൻ പൂക്കളിൽ
കുരുതി രക്തം
നിന്റെ ചിരിയിൽ
നിലാവിൻ ശൈത്യം
പാതിയിടിഞ്ഞ
കുളക്കൽ പടവിലെ
ദുരന്ത സ്മൃതി നീ
കുങ്കുമം പടർന്ന നെറ്റിത്തടം
രക്താഭമായ ജലസമൃദ്ധി
മുളങ്കാടുകളിൽ ചേക്കേറിയ
നിലവിളി
സ്നേഹിച്ചു തീരാത്ത
ഓർമകളുടെ ഖനിയാണ് നീ
പൊട്ടി തകർന്ന
പളുങ്കു സ്വപ്നങ്ങളുടെ
ഏകാന്ത ശ്മശാനം
അനാഥമായ ജലപ്രവാഹങ്ങളും
ശംഖിന്റെ
വെളുത്ത ചുണ്ണാമ്പ് കൊട്ടാരങ്ങളും
തീർത്ത സമുദ്രം
നീ പിന്നെയും
ഇരുളിലേയ്ക്ക് പിൻവാങ്ങുന്നു
കാത്തിരിക്കുന്ന മനസ്സുകൾക്ക്
സ്മൃതിയുടെ
ഒരു വെയിൽ നാമ്പ്
സുഗന്ധങ്ങളുടെ പൂക്കൂട
ഗുൽമോഹർ പൂക്കളുടെ
ഓർമ്മകൾ ചിതറിയ
ഒഴിഞ്ഞ വഴിത്താര
ഞാൻ കൂടുതൽ ഏകാകിയാകുന്നു
ദുരിത മുനമ്പിലെ
അവസാന സന്ദർശകർ നാം
കടലുകൾക്ക് മീതെ
നിലാവിന്റെ ശവക്കോടി
നിലവിളിച്ചാർക്കുന്ന തിരകൾ
പുലരും മുൻപേ വഴിപിരിയേണ്ട
സഞ്ചാരികൾ
കടൽക്കാറ്റിൽ
നിന്റെ ചുരുൾമുടി
വേർപിരിയാനാകാത്ത പോൽ
പിന്നെയും
പിന്നെയും
എന്നെ ചുറ്റുന്നു
നിന്റെ നാഡികളിൽ
പ്രണയജ്വരം പൂക്കുന്നു വീണ്ടും
സ്ഫടികപാത്രങ്ങളിൽ
എരിയുന്ന ചുംബന ലഹരി
നുരയുന്നു
പൊള്ളുന്ന ആശ്ലേഷങ്ങളിൽ
ഞാൻ
നിന്റെ ഉഷ്ണമാപിനി
കയ്പ്പുള്ള
നിന്റെ കീഴ്ചുണ്ട് പോലെ
ഞാൻ ജീവിതം
രുചിക്കുന്നു
നിലവിളിച്ചു തളർന്ന തിരകൾക്കു മീതെ
നീല രാവാട പൊഴിച്ച്
രാത്രി പിന്നെയും
യാത്രയാകുന്നു
എന്റെ ജാലകത്തിലിപ്പോൾ
വേർപാടിന്റെ
ഒരു നീൾമിഴി മാത്രം
പൊള്ളുന്ന വാക്കുകളുടെ ശയ്യയിൽ
പനിച്ചു കിടക്കും മൗനം
തിരിച്ചെത്തും മുൻപേ
അന്ധനാക്കപ്പെട്ട സഞ്ചാരി
തിരയെണ്ണിയെണ്ണം പിഴച്ച
ഭ്രാന്തൻ ചങ്ങാതി
വെളിച്ചനുറുങ്ങിൻ ഭാണ്ഡവുമായ്
തിരമുറിച്ചകലെക്കൊരാൾ
കുളമ്പടിച്ചു പോകുന്ന
കറുത്ത യാത്രികൻ
ഇരുണ്ട നദിയ്ക്കക്കരെ
കാത്തിരിക്കുന്നവരുടെ നൗക
നിനക്ക് മുൻപേ
എന്റെ വിധിയിലേക്കിറങ്ങട്ടെ
ഞാൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ