ഇരുട്ട് വീണ വഴിയിലൂടെയാണ്
മടക്കയാത്ര
നീ വരുന്നതിനും മുൻപേ
തിരി താഴ്ത്തി നിലാവ്
ഇലയനക്കങ്ങളില്ലാതെ
കറുത്ത മരങ്ങൾ
ഒച്ചയില്ലാതെ കാറ്റ്
അവർ നിന്റെ പിറകിലുണ്ടെന്ന്
ചിവീടുകൾ
വേഗം വേഗമെന്ന്
ഭീതിയോടെ തല ചുറ്റും
തിരിച്ചു നോക്കി
മൂങ്ങകൾ
ഉറയൂരിയിട്ടു
പോവുകയെന്നു പാമ്പുകൾ
നിറം മാറുകയെന്നു ഓന്ത്
ഒച്ചവെക്കല്ലേ
ഒച്ചവെക്കല്ലേയെന്നു
പായൽ മൂടിയ കുളത്തിലെ
തവളകൾ
അഭയാർത്ഥികളെക്കുറിച്ചിനി
മിണ്ടാതിരിക്കെന്നു
കാക്കകൾ രാത്രിയിലേയ്ക്ക്
കൊത്തിയാട്ടിയ
വവ്വാലുകൾ
ഇരുട്ട് കൂടുതൽ
ഇരുട്ടാകുന്നു
പാതകൾ നിലവിളിയുടെ
നിലവിളികളാൽ
നിശ്ശബ്ദമാകുന്നു
മൂർച്ച കൂട്ടി
മൂർച്ച കൂട്ടി
ഒരു വാൾത്തല മാത്രം
ഒച്ചയില്ലാതെ ചിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ