നമുക്ക്
പ്രതീകങ്ങൾ കൊണ്ട്
വേണമെങ്കിൽ സംസാരിക്കാം
ഒരു ജീവിതം മുഴുവൻ
പറയുന്ന വാക്കുകൾക്ക് പകരം
ഒരൊറ്റ ബിംബം മതിയാകും
ഒരൊറ്റൊരെണ്ണം മാത്രം
ജീവിതത്തെ
വേണമെങ്കിൽ
അങ്ങിനെയും ആറ്റികുറുക്കി എടുക്കാം
നിനക്ക് പെട്ടെന്ന് മനസ്സിലായെന്നു വരില്ല
അതിന്റെ വഴികൾ
അതുള്ളിൽ ഒതുക്കുന്ന മൗനം
വിലാപം
നേർത്തു നേർത്തൊരാ
ശ്വാസം പോലും
പിന്നെ
പൊടുന്നനെ നിനക്കെല്ലാം
മനസിലാകും
കടൽ
അതിന്റ വിശാലത കൊണ്ട്
നിന്നെ നിശ്ശബ്ദനാക്കും
ആഴങ്ങളിലേക്ക്
പിൻവാങ്ങി പോകുന്ന
ഉപേക്ഷിക്കപ്പെട്ടവന്റെ
വേദന
തുഞ്ചത്ത് കുരുങ്ങിപോയ
പട്ടത്തിന്റെ
നിലവിളി തൂങ്ങി കിടക്കുന്ന
ചാവോക്ക് മരങ്ങൾ
നിലയില്ലാത്ത
ആഴങ്ങളെ കുറിച്ച്
തുരുമ്പിച്ചു പോയ
നങ്കൂരങ്ങൾ
ഉപേക്ഷിക്കപ്പെട്ട വല
മണ്ണിൽ വീണ
മീൻപിടച്ചിലുകളെ കുറിച്ചും
അപ്പോഴും
ഏകാന്തത നിന്റെ കണ്ണിൽ
നോക്കിയിരിക്കും
ജീവിതം പ്രതീകങ്ങൾക്കായി
കൊടുത്തു തീർത്ത കവിയെ പോലെ
നിശ്ശബ്ദം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ