94 മാർച്ച് 20
സുകന്യ..,
കഴിഞ്ഞ വർഷം.,ഇതൊരു ശനിയാഴ്ച ആയിരുന്നു.മീന മാസത്തിലെ ഒരു ദിവസം..പ്രസന്നമായിരുന്നോ പ്രഭാതം.ഓർമയില്ല.മനസ്സ് തീരെ ശൂന്യമായിരുന്നു.അതാവാം.യാത്ര
പറയേണ്ടിയിരുന്നു എനിക്ക്.എല്ലാവരോടും.ഇറയത്ത് എല്ലാവരുമുണ്ടായിരുന്നു.അമ്മ,
കൊ ല്ലാറത്തെ വെല്യമ്മ, അപ്പൻ,അച്ചാച്ഛൻ, അമ്മായി...അങ്ങിനെ എല്ലാവരും.
ചവിട്ടുപടിയിറങ്ങുമ്പോൾ പാതി തിരിഞ്ഞു നിന്നു,എല്ലാവരോടും
ഒന്നുകൂടി തലകുലുക്കി.അത് മതിയായിരുന്നു.വാക്കുകളെക്കാൾ
ഒരു നോട്ടം..ഒരു വിരൽ സ്പർശം..
ഒരു തലകുലുക്കൽ...അതിനുമപ്പുറം
യാത്രാമൊഴികൾ കരച്ചിലിലേയ്ക്ക്
ചിറകറ്റാലോ എന്നൊരു പേടിയുണ്ടായിരുന്നു ഉള്ളിൽ.
അമ്മ ഒപ്പം ഇറങ്ങി
പുലർച്ചയിലെപ്പോഴോ,അന്ന് അമ്മയ്ക്കരികിൽ ചെന്ന് കിടന്നിരുന്നു.വാത്സല്യങ്ങളുടെ കൈവലയത്തിൽ സ്വസ്ഥമായി..
ഇനിയുമീ വാത്സല്യങ്ങൾക്കിടയിൽ
വളർന്നു പോയല്ലോ എന്നൊരു ജാള്യത അകൽച്ചയിടുമോ എന്ന്
ഭയന്ന്.പൊടുന്നനെയുള്ള യാത്രയും,
കാണാതിരിക്കുന്ന നാളുകളിലെ വേപഥുവും അറിയാതെ ഉള്ളിൽ അകൽച്ചയുടെ മഞ്ഞു പൊഴിക്കുമോ എന്ന് ഭയന്നിരുന്നു.
ഇടയ്ക്കുള്ള അവധിക്കാല യാത്രകളിൽ അമ്മയും ,ഇവനേറെ
വളർന്നോ എന്റെ മനസ്സിലെ ബാല്യഭാവങ്ങളിൽ നിന്ന് എന്ന് വെറുതെ ശങ്കിച്ചാലോ എന്ന് ,എത്ര നേരമാണ് അമ്മയുടെ സാന്ത്വനത്തിൽ കിടന്നത്.
എല്ലാം നല്ലതിനാണെന്നു അമ്മ പറഞ്ഞിരുന്നു.മുൻപ് എപ്പോഴോ.
ഈ യാത്രയും വീട് വിട്ടുനിൽക്കലും
എല്ലാം.അല്ല പറഞ്ഞത് അമ്മയല്ല.
കൊല്ലാറത്തെ വെല്യശ്ശൻ.യാത്ര പറയാൻചെന്നതായിരുന്നു.വെല്യശ് ശനെ പ്രേത്യേക ഒരിഷ്ടമായിരുന്നു.,
എന്നും.പലപ്പോഴും നല്ല വഴക്കുകേൾക്കാറുണ്ടെങ്കിലും.അന് ന്
മടങ്ങിവരുമ്പോൾ ഇരുളിൽ പടി വരെ
കൂടെ നടന്ന് വെല്ലിശ്ശൻ ഒരുപാട്
കാര്യങ്ങൾ ഓർമ്മിപ്പിച്ചു..
മുറ്റം കടന്ന്..,പറിച്ചു നടാൻ
കിളച്ചെടുക്കുമ്പോഴെപ്പോഴോ
വേരിളകി പഴുക്കാൻ തുടങ്ങിയ
ഇലകളുള്ള നിശാഗന്ധികരികിൽ
ഒന്നുകൂടി ഗൃഹാതുരത്വത്തോടെ
തിരിഞ്ഞ് നിന്നപ്പോൾ അമ്മ വേഗം
പിറകെയെത്തി...
അപ്പനോട് യാത്ര പറയണം
പതിഞ്ഞ ഒച്ചയിലാണ് അമ്മ പറഞ്ഞത്.ആരും സംസാരിക്കുന്നില്ലായിരുന്നു.അമ് മായിയുടെ ഒക്കത്തിരുന്നു കെവിൻ
അവ്യക്തമായി എന്തോ പറയുന്നതൊഴിച്ചാൽ.അപ്പനും
നല്ലമ്മയും വേഗം അരികിലെത്തി.
പിന്തിരിഞ്ഞു നടക്കേണ്ടന്നു അമ്മ
പറഞ്ഞിരുന്നു.ഒന്നും പറയാതെ
കൈ പിടിച്ച് അപ്പൻ കുറച്ചു നേരം
നിന്നു. അപ്പന്റെ കണ്ണുകളിൽ അപ്പോഴും ആ ചിരിയുണ്ടായിരുന്നു.
ഒന്നും പറയാനില്ലെന്നു അപ്പനും
അറിയാമായിരുന്നു.
സുനീം., ഉണ്ണീയും.,രാജൂം.,അനൂം ഒക്കെ മുറ്റത്തുണ്ടായിരുന്നു. പ്രതാപനൊന്നും വന്നിരുന്നില്ല.വരേണ്ടെന്നു ഞാൻ
തന്നെ പറഞ്ഞിരുന്നു.
യാത്രയയപ്പിലെ ഔപചാരികതക്കിടയിൽ എപ്പോഴോ
എന്തിനായിരുന്നു യാത്രയയപ്പ്..ഒന്നും
വേണ്ടിയിരുന്നില്ല.അവരോട് കുറെ പറഞ്ഞതാണ്..സതീശനും,ഭുവനേട്ടനും ,പ്രതാപനും ഒരേ നിർബദ്ധം.. ജാള്യതയായിരുന്നു എനിക്കുള്ളിൽ.
ഡിഗ്രിക്ക് ശേഷമുള്ള അന്തർമുഖത്വ ത്തിന്റെയും,ഏകാന്തതയുടെയും
നാളുകളിൽ അവരാണ് നാട്ടിലേയ്ക്ക്
എല്ലാവർക്കും ഇടയിലേക്ക് പിടിച്ചിറക്കിയത്.പിന്നെ മെല്ലെ,എല്ലാം
പഠിക്കുകയായിരുന്നു.സാക്ഷരതയും
പരിഷത്തും.. അറിയാതെ ഒരുപാട്
സൗഹൃദങ്ങൾ നേടുകയായിരുന്നു.
മുൻപേ.,എല്ലാവരോടും യാത്ര പറഞ്ഞിരുന്നു.ബാക്കിയുണ്ടായിരു ന്നത് കലാഭവനിലെ വരയുടെ നാളിലെ
കൂട്ടുകാരായിരുന്നു.അവരോടും
യാത്ര പറഞ്ഞിരുന്നു.
വിവരത്തിന് എല്ലാവര്ക്കും പോസ്റ്റ്
കാർഡയച്ചിരുന്നു. മറക്കാതെ എത്താൻ അവരും സൗമനസ്യം
കാണിച്ചു.കൂട്ടം തേടിയെത്തിയ ഒരു
കുഞ്ഞാടായിരുന്നു അവർക്കിടയിൽ
ഞാൻ.എന്നിട്ടും അവരൊക്കെ
ഏറ്റവും ഹൃദയപൂർവം എന്നെ ഒപ്പം
കൂട്ടി.യാത്ര പറയുകയെന്നത് ഏറെ
വേദനിപ്പിക്കുന്ന ഒരവസ്ഥയാണ്.
പ്രത്യേകിച്ചും അത് കലാലയ സൗഹൃദങ്ങളോട് ആകുമ്പോൾ.
ഇനിയും ഒരു വേള പിൻകാലങ്ങളുടെ
വഴിത്താരകളിലൊന്നും നാം കണ്ടുമുട്ടുകയില്ലെന്നു ഓർക്കുമ്പോൾ..ചരിത്രം എപ്പോഴും
യാദൃശ്ചികതയുടേതാണെങ്കിലും.
ഏറ്റവും അഗാധമായി പരസ്പരം
വേരൂന്നി പോകുന്നതാണ് കലാലയ
ജീവിതം.സൗഹൃദങ്ങൾ മാത്രമാണ്
പലപ്പോഴും സമ്പാദ്യമായി അവശേഷിക്കുന്നതും.
എല്ലാവരോടും യാത്ര പറഞ്ഞ അതെ
ലാഘവം നടിച്ച് എനിക്ക് അവളോടും
യാത്ര പറഞ്ഞാൽ മതിയായിരുന്നു...
പക്ഷെ..,അതെ ഒരു വാക്കെഴുതി
നാം അടുത്ത വാക്കിന് തിരയുകയും
ആ രണ്ടു വാക്കുകക്കിടയിൽ
സുഖദമായൊരു മൗനത്തിന്റെ ഇടവേള കടന്നു വരികയും ചെയ്യുമ്പോൾ....,അപ്പോൾ നാമറിയുന്നു.വാക്കുകൾക്കും
പകർത്താനാവാത്ത ഹൃദ്യതയാർന്നതാണ് ആ മൗനമെന്നു
ഒരു വേള അത് അടക്കാനാവാത്ത
ഹൃദയ വേപഥുവായിരിക്കാം..
എങ്കിലും.അതും വാക്കുകൾക്കപ്പുറം
തന്നെയാണ്.
അമ്മ പിന്നെയും ചുമലിൽ തൊട്ടു.
പാപ്പനും., ജിത്തും,ഹിത്തും.. കാത്തു
നിൽക്കുകയാണ്.കണ്ണൻ വണ്ടി
തിരിച്ചിട്ടിരിക്കുന്നു.ഇറയത്ത് ചിന്തുവും,
ബിനേച്ചിയും, വെല്യമ്മയുംപിന്നെയും ആരൊക്കെയോ.ചിത്രങ്ങൾക്ക് തെളിച്ചം കുറയുന്നുണ്ടോ..ഒരു മൂടൽ പരക്കുന്നുവോ
മിഴികൾ കടയുന്നതിനും മുൻപേ തിരിഞ്ഞു
അമ്മയോടും അപ്പനോടും ഒന്നുകൂടി
തലക്കുലുക്കി.ഇവിടെയിനി വാക്കുകൾക്ക്
കാര്യമില്ല.അനാവശ്യമായ ചില വാക്കുകളെ
മനസ്സിലൂറുന്നുമുള്ളൂ..
ഒരിക്കലൂടെ എല്ലാവരോടും തലക്കുലുക്കി
പടിക്കലെത്തി വടക്കോട്ടു കാർ തിരിഞ്ഞപ്പോൾ
പക്ഷെ ..,പിന്നെ തിരിഞ്ഞു നോക്കിയില്ല
പരിചിത ഗന്ധങ്ങളിൽ നിന്നും വണ്ടി ഓടിയകലുമ്പോൾ,മനസ്സിലെ ഏതോ അടരുകളിലൊന്നിൽ ആരോ മന്ദ്രം വിലാപത്തിന്റെ
ശ്രുതി തേടുന്നു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ