അപ്പചന്റെതെന്നും
ഓട്ടക്കീശയായിരുന്നു
എന്നിട്ടും
അതില്‍ ചോര്‍ന്നുപോകാതെ
എനിയ്ക്കായി പലതും
ബാക്കിയാവാറുണ്ടായിരുന്നു
ഏലത്തരികള്‍ക്കും
കുരുമുളകുമണികള്‍ക്കുമൊപ്പം
വിയര്‍പ്പു മണക്കുന്ന
നാരങ്ങാ മിട്ടായികള്‍
സഹകരണ സംഘത്തിലെ
പണയപണ്ട രസീത്
പുതിയ കീടനാശിനിയുടെ
കളര്‍ നോട്ടീസ്
കാപ്പിപ്പൂക്കളുടെ
ഉണങ്ങിയ മണം
താഴെ പുഴക്കടവില്‍
വീര്‍ത്തു പൊങ്ങിയ
പേക്കാചി തവളയെ പോലെ
മേരിപെങ്ങളെ കണ്ടനാള്‍
അപ്പചന്‍ പൊട്ടിചെറിഞ്ഞ
കൊന്ത
അപ്പചന്റെ കീശ
നിറഞ്ഞിരുന്ന നേരം കുറവായിരുന്നു
താഴത്തങ്ങാടിയില്‍
കുരുമുളക് വിറ്റുവരുബോഴോ
പന്നിയും,ആനയും തിന്നാതെ
നെല്ലു കൊയ്തു തീര്‍ന്നാലോ
മഴക്കാലത്തെ പുഴ പോലെ
അല്‍പനേരം
അതു നിറഞ്ഞിരുന്നു,
വട്ടിപണയക്കാരുടെ
നോട്ടങ്ങള്‍ക്കു മുന്‍പിലെത്തും വരെ മാത്രം
ഈയിടെയായി
അപ്പചന്റെ കീശ
രസീതുകളും
ബാങ്കു നോട്ടീസുകളും
ലേലക്കുറിപ്പുകളും കൊണ്ടു
നിറഞ്ഞിരുന്നു
അപ്പചന്റെ കീശയിപ്പോള്‍
ഓട്ടക്കീശയല്ലെന്ന
അമ്മചിയുടെ കനല്‍ ചിരിയോടു
അപ്പചനന്നു
കലഹിചില്ല
പിറ്റേന്നു മരിക്കുവാന്‍
നിശ് ചയിചവന്റെ മുഖത്തോടെ
ഒന്നു നോക്കുകയല്ലാതെ
ഫാനില്‍ നിന്നിറക്കി കിടത്തിയ
അപ്പചനു ഉടുപ്പില്ലായിരുന്നു
നരച മാറില്‍
ചരടു പിഞ്ഞിയ
കൊന്ത മാത്രം
രക്ഷിയ്ക്കാനാവാതെ
സ്വയം കുരിശിലേറിയവന്റെ
കുറ്റബോധം നിറഞ്ഞ നോട്ടമുള്ള
പഴയ അതേ കൊന്ത
ചുമരിലെ ആണിയില്‍
കാപ്പിപ്പൂക്കളുടെയും
കീടനാശിനിയില്‍ മുളപ്പിച
പുതിയ നെല്‍ വിത്തുകളുടെയും
മണമുള്ള
ഉടുപ്പിന്റെ കീശയില്‍
ഒഴിയേണ്ട വീടിന്റെയോ
കൊടുത്തു തീര്‍ക്കേണ്ട
കടങ്ങളുടെയോ
വിവരങ്ങള്‍ എഴുതിയിരിയ്ക്കാവുന്ന
നോട്ടുപുസ്തകത്തിലെ,
ജീവിതം പോലെ,
ആര്‍ക്കു വേണമെങ്കിലും
കീറിയെടുക്കാവുന്ന
ഒരു പേജു മാത്രം
വരികള്‍ നന്നായിരിക്കുന്നു...
മറുപടിഇല്ലാതാക്കൂആശംസകള്....
ഞാനും നിങ്ങളുടെ നാട്ടുകാരന് ആണ്.
thanx,jishad.naattil evide aanu
മറുപടിഇല്ലാതാക്കൂ