2020, മാർച്ച് 13, വെള്ളിയാഴ്‌ച

പ്രണയം


നിന്റെ പ്രണയം
എനിക്ക് വേദനയാണ്
വ്യൂഫൈൻഡറിലൂടെ
ഞാനവരെ നോക്കിയില്ല
നരച്ച ഓർമകളുടെ
ശിരോവസ്ത്രക്കീഴിൽ
നനഞ്ഞ മിഴിത്തിളക്കം
ഞാനിഷ്ടപ്പെടുന്നില്ല
ഒന്നിനുമല്ലാതെ
നിനക്കെന്നെ
ഇഷ്ടപ്പെടാമോ
എന്റെ സാമീപ്യത്തിനും
തീ പിടിച്ച ഉടലിനുമല്ലാതെ
നിനക്കെന്നെ
പ്രണയിക്കാമോ
മെലിഞ്ഞ വിരലുകൾക്കിടയിൽ
എന്റെ വിറയ്ക്കുന്ന മൗനം
അവർ പൊതിഞ്ഞു വെച്ചു
അടഞ്ഞ മിഴികൾക്കു മീതെ
നനവുള്ള ഒരു ചുംബനം കൊണ്ട്
പച്ചകുത്തി
നിനക്ക് പ്രണയം
ഒരുപാധിയാണ്
സ്വപ്നങ്ങൾ തിന്നു മടുത്ത
രാത്രികളിൽ
ഏകാന്ത നിദ്രാടനങ്ങളിൽ
കയ്ക്കുന്ന ജീവനും
തപ്തമായ യാത്രകളും
വേട്ടയാടുമ്പോൾ
നീയോടിയൊളിക്കുന്ന
ഒരിടം
പ്രണയം
നിനക്കൊരു
ഒളിച്ചോട്ടം മാത്രമാണ്

2020, മാർച്ച് 3, ചൊവ്വാഴ്ച

അയാളും മരിച്ചു
കവലയിലെ ഫ്ലെക്സിൽ
അയാളുടെ പഴയ ഫോട്ടോ
ഉള്ളിൽ കോറി വലിക്കുന്ന നോട്ടം
കണ്ണുകളിൽ ഇപ്പോഴുമുണ്ട്
ഇന്ന് വൈകീട്ടാണ് ശവമെടുപ്പ്
വേണമെങ്കിൽ പോകാം
നല്ലതും ദുഷ്‌ട്ടും പറയുന്നവർക്കിടയിൽ നിന്ന്
ഒന്നുകൂടി അയാളെ കാണാം
പതം പറഞ്ഞുള്ള കരച്ചിൽ കേൾക്കാം
പൂക്കൾക്കും റീത്തുകൾക്കും
ഇടയിലൂടെ
അടഞ്ഞ കണ്ണിലൂടെ
ഉള്ളുകൊത്തി വലിക്കുന്ന ഒരു നോട്ടം
കാത്തിരിക്കുന്നുണ്ടാവും
ചുണ്ടിന്റെ കോണിൽ
കരച്ചിലിന്റെ തുമ്പിൽ കെട്ടിയ
ഒരു ചിരിയും
വാക്കുകൾ ഇപ്പോഴും
ചിതറിയ മൗനത്തിന്റെ
ചില്ലൊച്ഛകൾ പോലെ
അയാളുടെ പിടിവിട്ടു
എവിടെയൊക്കെയോ
അലയുകയാവും

വേണമെങ്കിൽ പോകാം
കാത്തിരിപ്പിന്റെ ഭാവം
അയാൾക്ക് കാണാൻ വേണ്ടി
കൺകോണിൽ പുരട്ടി
വേണമെങ്കിൽ പോകാം
ഇപ്പോഴെങ്കിലും.
സ്വപ്നം മുറിഞ്ഞു
ജീവിതത്തിലേക്കു ഉണരും
ചില നേരങ്ങളിൽ
സ്വപ്നം മുറിഞ്ഞു
സ്വപ്നങ്ങളിലേക്കും..

1993



എന്നും തനിച്ചായിരുന്നു. സൗഹൃദങ്ങൾ ഏറെ ഉണ്ടായിരുന്നപ്പോഴും 
ഏകാകിയാണെന്നൊരു വ്യഥ മനസ്സിലുണ്ടായിരുന്നു,. 
നിന്‍റെ യാത്ര എന്‍റെ ഏകാന്തതയുടെ ആഴം പിന്നെയും കൂട്ടി ,
അതു ഇരുണ്ടതും ആഴമേറിയതുമായി.ഏകാന്തതയ്ക്ക് തിളങ്ങുന്ന  മിഴികളായിരുന്നു ,
ഏതു തിരക്കിൽ നിന്നും ഇരുളിന്‍റെ  ഏതു ആഴങ്ങളിൽ നിന്നും അതെന്നെ വന്നു തൊട്ടു.
 ഏന്നിട്ടും എന്‍റെയെല്ലാ അനാഥത്വങ്ങൾക്കും മീതെ നിന്‍റെ സാമീപ്യം എന്നിലെ വസന്തഋതുവായിരുന്നു. ഞാനേറ്റവും വ്യഥിതനായിരുന്ന കാലങ്ങളിലും നീയടുത്തുണ്ട്‌ എന്നൊരു ഓർമ കൊണ്ടുപോലും 
ഞാൻ സാന്ത്വനപ്പെട്ടിരുന്നു.നീ എപ്പോഴും എന്നെ പിൻതുടരുകയായിരുന്നു 

നിന്നെ  ആദ്യം കണ്ട ബോധിയിലെ ആ ദിവസം മുതൽ. റാഫി മാഷായിരുന്നു,കലാഭവനിലെ വരയുടെ പുതിയ ദിനങ്ങളെക്കുറിച്ചു പറഞ്ഞപ്പോൾ നിന്നെയെനിക്ക്‌ പരിചയപ്പെടുത്തിയത്‌. നീ അപ്പുറത്തെ മുറിയിൽ എന്തോ കുറിപ്പുകൾ എടുക്കുകയായിരുന്നു. ഞാൻ അരികിലെത്തിയിട്ടും നീയെന്നെ നോക്കിയതു പോലുമില്ല. ക്ഷണിക്കാതെയെത്തിയ ഒരാളോടെന്ന പോലെ അപരിചിതത്വം നിറഞ്ഞതായിരുന്നു നിന്‍റെ  ഭാവം. എന്‍റെ  അസ്ഥാനത്തെ പരിചയപെടലിന്‍റെ  ഇഷ്ടക്കേട്‌ നീയോ മറച്ചുവെച്ചതുമില്ല.  

 പിന്നെയെപ്പോഴൊക്കെയോ ആയി നാം തമ്മിൽ കണ്ടു. 
പതിവായൊരു നനുത്ത ചിരിയുടെ മലർമൊട്ടും,ഒഴിവാക്കാനാകാതെ വരുബോൾ മാത്രം ഒരു അഭിവാദനത്തിന്‍റെ  പതിവു വാചകങ്ങളും നമ്മൾ കൈമാറി. അലസം നമ്മുക്കിടയിലൂടെ കാലം കടന്നുപ്പോയി. എന്‍റെ  പതിവ്‌ സ്ഥലങ്ങളും പരിചയങ്ങളും വിട്ട്‌ പിന്നെ ഞാൻ നിങ്ങളുടെ സംഘത്തിലെ അധികപറ്റായി.നിങ്ങളുടെ അരികിലിരിക്കാൻ തുടങ്ങിയ നാളുകൾ. 
പിന്നെ ..പിന്നെ നമുക്കിടയിലെ അപരിചിതത്വത്തിന്‍റെ  മഞ്ഞുരുകുകയും സ്നേഹസാന്ദ്രമായ പരിചയം ഗാഡമാകാൻ തുടങ്ങുകയും ചെയ്തിരുന്നു. എന്‍റെ  അരികിലെ ഇരിപ്പിടം പലപ്പോഴും നിന്‍റെതായി അല്ലെങ്കിൽ നിന്‍റെയരികിലെത്താൻ ഞാൻ ഗൂഡമായി ശ്രമിക്കുകയായിരുന്നോ. 
ഉള്ളിലൊരു സ്നേഹക്കാലം തളിരിടുന്നത്‌ ഞാൻ അറിയാതെയായിരുന്നില്ല. പരിചയങ്ങളൊക്കെ പ്രണയമെന്നു ധരിച്ചിരുന്ന ബാലിശമായ കൗമാരം  ഞാൻ പിന്നിട്ടിരുന്നല്ലോ. ഒരു സൗഹൃദവും അതിരുകൾ ലംഘിക്കുന്നുവെന്നൊരു തോന്നലിൽ വേരറ്റു പോകരുതെന്നു എനിക്കു നിർബന്ധമുണ്ടായിരുന്നു. അതിരുകളൊന്നും ലംഘിക്കാതെ നാം ഏറ്റവുമടുത്ത സുഹൃത്തുക്കളാവുകയായിരുന്നു. 

പിന്നീടുള്ള ദിവസങ്ങൾ സ്നേഹഭരിതങ്ങളായിരുന്നു. എന്‍റെയുള്ളിൽ നിന്നോടുള്ള ഇഷ്ടത്തിന്‍റെ  വസന്തമായിരുന്നു. എന്‍റെ  മിഴികൾ നിറയെ നിന്നോടുള്ള പ്രണയത്തിന്‍റെ  തിരകളായിരുന്നു. എന്നിട്ടും നാം വാക്കുകൾ അലസങ്ങളാക്കുകയും മിഴികളിലെ പ്രണയഭാവത്തിനു മീതെ തിരശ്ചീലയണിയുകയും ചെയ്തു. കാലത്തിനു ഒരുപാട്‌ വേഗതയെന്നു ഞാൻ ഖേദം പൂണ്ടു. പ്രണയം എത്രമേൽ വശ്യവും,ആർദ്രവുമായിരുന്നു. അതുള്ളിൽ മറഞ്ഞു കിടക്കുകയാണെങ്കിൽ പോലും. നീ അലസമെന്നപോലെ എന്നെ കടന്നു പോയി. അറിയാതെയെന്ന് എന്നെ കാത്തുനിന്നു. ഭയന്നിട്ടെന്ന് എന്‍റെ  വിരൽ പിടിച്ച്‌ നീ തിരക്കേറിയ പാത മുറിച്ചു കടന്നു. മറന്നിട്ടെന്ന പോലെ എന്നെ തിരിഞ്ഞു നോക്കികൊണ്ടിരുന്നു. 

പരീക്ഷാക്കാലം വന്നത്‌ പൊടുന്നനെയായിരുന്നു. മരങ്ങളിലെ ഇലകളൊക്കെ പഴുത്തുതുടങ്ങിയൊരു ശരത്‌കാലം. ദൂരെയായിരുന്നു പരീക്ഷാഹാൾ നമ്മൾ കുറച്ചു സഹപാഠികൾ മാത്രം. ഉച്ചയുടെ ഇടവേളകൾ നമ്മൾ സ്കൂളിനു പിറകിലെ മൈതാനതിന്‍റെ  അരികിലുള്ള ഇത്തിരി മരചുവട്ടിൽ ചിലവഴിച്ചു. മരം നമുക്കു മീതെ ഇലകളും .,സ്മൃതികളും പൊഴിച്ചു. 

നീ ക്ലാസ്സിൽ വരാതായതും പെട്ടെന്ന്. എന്തെയെന്ന എന്‍റെ  ആകാംക്ഷയ്ക്ക്  ഒടുവില്‍ ,ഒരു ദിവസത്തിന്‍റെ  ഇടവേളയില്‍ നീ വന്നു.എന്നെ മറന്നുവോ  എന്ന  നിന്‍റെ  ഖേദത്തിനു മറന്നുതുടങ്ങിയെന്ന് ഞാനുറക്കെ ചിരിച്ചു. ഒരു നിമിഷം നിന്‍റെ  മിഴികളിൽ സങ്കടപ്പരലുകൾ പൂത്തുവെന്നു എനിക്കുതോന്നി. എനിക്കുള്ള നീലത്താളുകളിൽ പിന്നെയെപ്പോഴോ നീ അതിനെക്കുറിച്ച്‌ സങ്കടപ്പെട്ടിരുന്നത്‌ ഞാനോർക്കുന്നു. നീ വരാതായപ്പോൾ സത്യത്തിൽ ഞാൻ നിന്നെ മറന്നുതുടങ്ങിയിരുന്നു. എന്‍റെ  ദിവസങ്ങൾ പതിവു പോലെ ഏകാന്തവും,വിരസവുമായി മാറിയിരുന്നു. എന്നിട്ടും ഇടയ്ക്ക്‌ ദേശാടനക്കിളിയുടെ സ്നേഹസ്മൃതിയുമായ്‌ നീ പാറിയെത്തുബോൾ അടക്കിവെക്കാനാവാത്തൊരാഹ്ലാദത്തിന്‍റെ  നിറവ്‌ ഞാൻ അറിഞ്ഞിരുന്നു. നീ യാത്രയാകുബോൾ പൊടുന്നനെ അനാഥമാകുന്ന ഓർമകളും അറ്റുപോകുന്ന ചിറകൊച്ചയുടെ മുറിഞ്ഞ  താളവും എന്നെ ആതുരപ്പെടുത്തിയിരുന്നു. 

എന്‍റെ  ചിത്രദിനങ്ങൾക്കു മീതെ പിന്നെയെപ്പോഴോ മടുപ്പ്‌ നിറയാൻ തുടങ്ങിയിരുന്നു. ഇടക്കു മാത്രമായി എന്‍റെ  വരവുകൾ എന്നിട്ടും നിന്‍റെ  വരവിന്‍റെ  ഉത്സവങ്ങളിലെക്ക്‌ ഞാനറിയാതെ എത്തികൊണ്ടിരുന്നു. വാർഷിക ചിത്ര പ്രദർശനത്തിനു എന്തായാലും വരുമെന്നും അവിടെ ഉണ്ടാവണമെന്നും നീ കുറിപ്പയച്ചിരുന്നു. മറ്റുള്ളവരും എന്നെ അതോർമിപ്പിച്ചിരുന്നു. മാഘമാസത്തിലെ   പ്രസാദിയായ ഒരു ദിവസം. രാവിലെ  തന്നെ നീയെത്തിയിരുന്നു. ഞാൻ വരാനെന്തെ ഇത്രയും വൈകുന്നതെന്ന വഴിക്കണ്ണുമായ്‌ ,പടർന്ന നെല്ലിമരത്തിനു കീഴെ കൂട്ടുകാരുടെ കലപിലയിലും നീ അസ്വസ്ഥയായിരുന്നു. ഞാനെത്തിയതു മുതൽ നീ എനിക്കൊപ്പമായിരുന്നു. ചിത്രങ്ങൾ ഒന്നുകൂടി ക്രമീകരിക്കാനും ഹാളൊരുക്കുന്നതിനും വേണ്ടി, നീ കലപിലയെന്നു എനിക്കൊപ്പം  നിന്നു. ഇടയ്ക്കെപ്പോഴോ മുഖംപൊത്തി  കരയുന്ന പെൺകിടാവിന്‍റെ   ചിത്രത്തെ കുറിച്ച്‌ ഒരൽപം വിമർശനവും. പ്രദർശനത്തിനൊടുവിൽ അതു നീയെടുക്കുമെന്ന ഭീഷണിയും. 

ഞാൻ എതോ കിനാവിന്‍റെ ലോകത്തായിരുന്നു. ഏതോ വസന്തത്തിന്‍റെ  മായികതയിൽ. വശ്യമായൊരു സാന്നിദ്ധ്യത്തിന്‍റെ   സ്വപ്നാടനത്തിൽ. 
സായാഹ്നം.,ഇലകളിൽ പോക്കുവെയിൽ പെയ്തിരുന്നു. മുറ്റത്തെ ചരൽക്കല്ലിൽ മഞ്ഞയുടെ ശ്ലഥചിത്രങ്ങൾ വരിയൊപ്പിച്ചിട്ട കുറച്ചു കസേരകൾ. പൂപ്പാത്രവും വിളക്കും വെച്ച മേശപ്പുറം. അരികിൽ രണ്ടു സ്പീക്കറുകളിൽ ഓയെൻവിക്കവിതകളുടെ ശീലുകൾ. അതിഥികളെ സ്വീകരിക്കാൻ നിൽക്കുകയായിരുന്നു നാം. പിന്നെ കസേരകളൊക്കെ നിറയാൻ തുടങ്ങി. നമ്മുടെ ചങ്ങാതിമാരും സദസ്സിൽ കൂട്ടങ്ങളായി,ഒരു വരി കസേരയുടെ ഏകാകിതയിൽ ഞാനും. നീയെവിടെയെന്നു ഞാൻ കണ്ടിരുന്നില്ല. എന്‍റെ  പിറകിൽ പെൺകിടാങ്ങളുടെ ഒരു നിര. എന്‍റെ  അരികിലെ വരിയിൽ പുതിയ ഒരു സംഘം ആൺക്കുട്ടികൾ എത്തിയിരുന്നു. വരയുടെ ലോകത്തെ പുതിയ തലമുറയാവണം. എന്‍റെയിടതു വശത്തെ കസേരമാത്രം പിന്നെയും ഒഴിഞ്ഞു കിടന്നു. 

സുഹൃത്തുക്കളൊക്കെ സംഘങ്ങളായ്‌  മുൻപെ ഇടം പിടിച്ചിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ എനിക്കായി ഒരിടവും എവിടെയും കണ്ടില്ല. എന്തേ അരികിലേക്ക്‌ കൂട്ടുവേണോ എന്നു പിറകിൽ നിന്ന് മുജീബോ മറ്റോ വിളിച്ചു ചോദിച്ചു. ചടങ്ങുകൾ തുടങ്ങാൻ നേരം പിന്നെയും ഒരുപാടെടുത്തു.പിന്നെ പതിവു പ്രസംഗങ്ങളുടെ  വിരസത. അപ്പോൾ എവിടെയോ നിന്ന് നീ എന്‍റെയരികിലെത്തി.വിസ്മയം പൂക്കുന്ന മിഴികൾ എന്‍റെ  അരികിലെ കസേരയിലേക്ക്‌ നീളുന്നത്‌ നീയോ ഞാനോ ശ്രദ്ധിച്ചതുമില്ല.സംഘം മുറിയാതിരിക്കുന്ന സഹപാഠികൾ,പ്രത്യെകിച്ചും പുതിയവർ തിരിഞ്ഞു നോക്കുന്നതിന്‍റെ  അസഹ്യത നീ ചിരിച്ചെറ്റി. മെല്ലെ നീ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. നീ സംസാരിക്കുബോൾ എനിക്കേറെയും കേൾവിക്കാരന്‍റെ  വേഷം തന്നെ.പല കാലങ്ങളിലേക്കും സ്ഥലങ്ങളിലേക്കും വിഷയങ്ങളിലേക്കും  നീയൊരേ ചാരുതയോടെ പാറിപ്പോയി ഒപ്പം ശലഭച്ചിറകുമായി ഞാനും. ഇണചെരുന്ന ശലഭങ്ങളുടെ ഘനമില്ലായ്മയായിരുന്നു എനിക്കപ്പോൾ. പ്രസംഗങ്ങൾ ഒന്നും നമ്മൾ കേട്ടതെയില്ല. ഇടയക്ക്‌ സാറിന്‍റെ  മിഴികൾ കണ്ണടച്ചില്ലിനു പിറകിൽ നിന്നും സഗൗരവം നമ്മെ വന്നു തൊട്ടു. 
ബിസ്കറ്റും ചായയും പിന്നെ സുന്ദരമായ ഒരുപാട്‌ മൗനവും. നേരം സന്ധ്യയായിട്ടുണ്ടായിരുന്നു. ഇലകള്‍ക്കടിയിൽ നിന്നും ഒളിഞ്ഞിരുന്ന ഇരുളിന്‍റെ  കെട്ടഴിഞ്ഞിരുന്നു. നനഞ്ഞ പേപ്പറിൽ ജലച്ചായം പോലെ പടരാൻ തുടങ്ങുന്ന ഇരുട്ട്‌. 
നീയെന്‍റെ കൈതണ്ടയിൽ തട്ടി.  
എനിക്കു പോകണം. 
അതിനു.
നിനക്കറിഞ്ഞു കൂടെ എന്നെ റോഡ്‌ മുറിച്ച്‌ അപ്പുറത്താക്കി താ.
തിരക്കേറിയ പാതകൾ നിന്നെയെന്നും ഭയപ്പെടുത്തിയിരുന്നു. ഒഴുക്കുകൾ മുറിച്ചു കടക്കാൻ നീയെന്നും എന്‍റെ  ഉടുപ്പിനറ്റമോ കൈവിരൽ തുബോ തേടി. സുഖകരമായ ദൗത്യത്തിന്‍റെ  സംരക്ഷിതഭാവം എനിക്കും ഇഷ്‌ടമായിരുന്നല്ലോ. സന്ധ്യയുടെ തിരക്കിൽ നീയെന്നെ ചേർന്നു നടന്നു. നീയെന്‍റെ  വിരൽതുബിന്‍റെ  സ്പർശം തേടിയിരുന്നു. വഴിയിൽ  മൗനങ്ങളുടെ വരും ദിവസങ്ങളെക്കുറിച്ച്‌ നീയെന്തോ പറഞ്ഞു. നിന്നെ യാത്രയാക്കി വന്നപ്പോൾ ചടങ്ങുകളുടെ ശേഷിപ്പുകളോട്‌,കൂട്ടുകാരൊക്കെ ഉണ്ടായിരുന്നിട്ടും എനിക്കെന്തോ താൽപര്യം തോന്നിയില്ല. 
എനിക്ക്‌ വല്ലാത്ത ഏകാന്തത തോന്നി. 

പിന്നെ മൗനത്തിന്‍റെയും,വിരഹത്തിന്‍റെയും ഒരുപാട്‌ രാത്രികൾ നമ്മുക്കിടയിലൂടെ കടന്നുപ്പോയി.
 ഫാൽഗുനത്തിലെ വിരഹത്തിന്‍റെ ഒരു പകൽ വേള.പറഞ്ഞതിനും മുൻപെ ഞാനെത്തിയിരുന്നു. നീയും വൈകിയില്ല. യാത്രാശംസകളുടെ പതിവു ചടങ്ങുകൾക്കു ശേഷം കൂട്ടുകാരൊക്കെ മടങ്ങി. സാറിന്‍റെ  വീട്ടുവരാന്തയിൽ നമ്മൾ തനിച്ചായി. നീ എന്‍റെ  കസേരകൈയിൽ കൈമുട്ടുകളൂന്നി മിണ്ടാതെയിരിക്കുകയായിരുന്നു. എന്തൊക്കെ പറയണമെന്ന് നമ്മുക്ക്‌ നിശ്ചയമുണ്ടായിരുന്നില്ല. നമ്മുക്കുള്ളിൽ ഇനിയും പറയാതെ വെച്ച പ്രണയം അതിന്‍റെ  ഏറ്റവും തീവ്രമായ ഒരവസ്ഥയിലായിരുന്നു. 

ഇനിയും ഒരു പക്ഷെ കണ്ടിരിക്കാനിടയില്ല എന്ന നേരു മറക്കാനാണു എന്നിട്ടും നാം ശ്രമിചതൊക്കെയും. പരസ്പരം അറിയിക്കാതെ എന്നിട്ടും നമ്മുക്ക്‌ നമ്മെതന്നെ ഒളിപ്പിക്കാനും കഴിഞ്ഞു. എന്‍റെയുള്ളിൽ ഒരുപാട്‌ മോഹങ്ങൾ തിരയടിച്ചിരുന്നു. നിന്‍റെ  മെലിഞ്ഞു നീണ്ട കൈവിരലുകളെടുത്ത്‌ എന്‍റെ  കൈക്കുടന്നയിലാക്കണം എന്നെനിക്ക്‌ തോന്നി. മെല്ലെ അതിലോലം അവയ്ക്ക്കു മീതെ തലോടി വിരഹത്തിന്‍റെ  വേദന നിറഞ്ഞകാലങ്ങളെ ലംഘിക്കാനുള്ള കരുത്തു നിറക്കണമെന്ന് ഞാൻ മോഹിച്ചു. മെല്ലെ പകലിന്‍റെ  യാത്രാകിരണങ്ങൾ മങ്ങുകയും ഇലകളിലെ പോക്കുവെയിൽ മറയാൻ തുടങ്ങുകയും ചെയ്തപ്പോൾ നാം എണീറ്റു. 
നീ ഒരു നിമിഷം കൂടി എന്നെ നോക്കി നിന്നു പിന്നെ മെല്ലെ തിരിഞ്ഞു നടന്നു. തിരക്കേറിയ പാത നിന്നെ അപ്പോൾ പേടിപ്പിച്ചതെയില്ല,ഒന്നു കൂടി തിരിഞ്ഞു നോക്കിയാൽ കാണാമെന്നിരിക്കിലും   നീ തിരിഞ്ഞു നോക്കാതെ,തിരിഞ്ഞു നോക്കാതെ റോഡിലെ തിരക്കിലേക്കിറങ്ങിപ്പോയി.,
എന്നേക്കുമായി.