2018 മാർച്ച് 24, ശനിയാഴ്‌ച

മറന്നേ പോവുക
നീയെന്റെ പ്രണയത്തിന്റെ
ഇലയറ്റ
ചില്ലകളെ.


നാടുകടത്തപെടുന്നവർ (നെടുംബശ്ശേരി എയർപോർട്ട്‌ )


കൺ വെയർ ബെൽറ്റിലൂടെ
വരിഞ്ഞുകെട്ടിയ കാർബോർഡ്‌ പെട്ടിപോലെ
വരിമുറിയാതെ പോകുന്നവർ
മുലക്കണ്ണിൽ ചുണ്ടമർത്തി
ഉറങ്ങുന്നമക്കളെ മുത്തമിട്ടുണര്‍ത്തി
ഒന്നുകൂടി മുലയൂട്ടി
ഉമ്മയെ ഏൽപിചു
തിരിഞ്ഞു നോക്കാതെ
ചുരന്നോഴുകുന്ന അമ്മമാർ
വിരഹ മെയിലാഞ്ചിയിൽ
ഉരുകിയ പുതുമണവാട്ടികൾ
സുറുമകലങ്ങിയ കണ്ണുകൾ
എന്നെയിവിടെനിന്നും
കൊണ്ടുപോകേണ്ട
കൊണ്ടുപോകേണ്ടന്നു
അചാചന്റെ കയ്യിലെക്ക്
കരഞ്ഞു മടങ്ങുന്ന കുട്ടികൾ
നശിച നാട്ടിൽ നിന്നുമെത്രയും
വേഗമെന്ന് കോട്ടിട്ട ധൃതികൾ
നമ്മുടെ കഷ്ടപ്പാടുകൾക്കൊക്കെ
അറുതിയെന്ന കിനാക്കണ്ണുക്കൾ
ഇനിയുമേറെ ഇനിയുമേറെയെന്ന
അത്യാഗ്രഹ മടക്കങ്ങൾ
എത്രകുനിഞ്ഞിട്ടും
മതിവരാത്തവർ
ഏറെ പഴകിയ കാർബോർഡ്‌
പെട്ടിപോലെ
പിഞ്ഞിപോയവർ
ഇപ്രാവശ്യം കൂടിയെന്നു
പിന്നെയും പിന്നെയും
ജീവിതകയ്പ്പുകളാൽ
ഭാഗ്യപരീക്ഷണത്തിനറങ്ങൂന്നവർ
ചിരിചും കരഞ്ഞും
കരയിപ്പിചും
പെറ്റ നാട്‌
നാടുകടത്തുന്നവർ
പ്രവാസികൾ.
എനിക്കു മനസിലാവുന്നില്ല്യ
ജോലിയിൽ നിന്നും
വിരമിക്കുന്ന
ഒരചന്റെ ആധികൾ
സങ്കടങ്ങൾ
ഒരചനാവുന്നതിനും മുൻപെ
അചന്റെ വേദനകൾ
തിരിചറിയാതിരുന്ന പോലെ
എനിക്കറിയാൻ കഴിയുന്നില്ല്യ
ഒരൊഴിഞ്ഞ വീടിന്റെ
മുഷിഞ്ഞ ആകുലതകൾക്കിടയിൽ
ഏകാന്തനാകുന്ന ഒരചനെ
ഓർമഞ്ഞെരംബിന്റെ
തെറ്റിയ സ്പന്ദനങ്ങളിൽ
പഴയ കാലങ്ങൾ
തെളിഞ്ഞുള്ളം നിറയുന്ന വേളകളെ
പിന്തുടരുവാൻ വയ്യെനിക്ക്‌
പഴയ വഴികളിൽ
പൂമണം തിരഞ്ഞു പോകുന്ന
ക്ഷീണിച പാദങ്ങളെ
കറുകവരബുതേടി
ബാല്യത്തിലേയ്ക്കു
തിരിചോടുന്ന ഒരോർമയെ

2018 മാർച്ച് 23, വെള്ളിയാഴ്‌ച

നാറുന്ന ഓടയിൽ
ഒരു കുഞ്ഞു ജഡം
കിനാവു പൂക്കാത്ത
മിഴികളിലൊന്നു
കൊത്തിപറക്കുന്ന
ബലികാക്ക
വിട്ടുപോന്ന
സ്വർഗത്തെയോർത്തു വിതുബാൻ
വിടർന്ന ചുണ്ടുകൾ
തിരക്കിൽ
തിരിഞ്ഞുനോക്കാതെ
തിരിഞ്ഞു നോക്കാതെ
നോക്കാതെ പോകുന്ന
ഒരമ്മ

ഷെമൽ ഒരു പ്രണയരാത്രിയിൽ



ഷാമിലെക്കുള്ള യാത്രയിൽ
ഷെമൽ
ഒരിടത്താവളമാകണമെന്നില്ല
മലമുകളിൽ 
കാറ്റ്‌ കൊത്തിയ ശിൽപങ്ങൾ
ഷെമലിനും
ഷാമിനും ഒരെ മുഖച്ചായ നൽകുന്നുണ്ട്‌
പ്രാചീനതകളുടെ
മൺചുവരുകളാൽ
ഷെമൽ
മരിചുപോയവരുടെ
വിരലടയാളങ്ങൾ
കാത്തുവെക്കുന്നു
ഷാം
യാത്രകഴിഞ്ഞെത്തുന്നവന്റെ
നിസ്വാശമാണു
ഉപ്പുകാറ്റ്‌ നീറുന്ന ഒരോർമ്മ
കല്ലുകളാൽ
നീയീ ഓർമ്മകളെയും
ഒരിക്കൽ അടയാളപെടുത്തിയേക്കാം

നിന്നെയറിയാതെ പോയ രാത്രിയിൽ
ഒരുമ്മയുടെ പനിമണത്തിൽ
തിരിചു വരുബോൾ
ഒട്ടകത്തിന്റെ കൂനൻ നിഴൽ പോലെ മല
ശിരോവസ്ത്രമിട്ട നിലാവ്‌

ഷെമലിന്റെ
പ്രാചീനമായ രാത്രിവഴികളിൽ
ഒരൊട്ടകം
എന്റെ പാത മുറിചുകടന്നു

2015 ഡിസംബർ 5, ശനിയാഴ്‌ച

വിഷം നിറച്ച
സിറിഞ്ചുകള്‍
തിരഞ്ഞു മടുക്കുന്നു
പണ്ട്
നീയുമ്മവെച്ചു ഉണര്‍ത്തിയ
ഞരബുകള്‍
പച്ച നിറം പടര്‍ന്ന
ജലരാശി പോലെ 
നീ
ആഴങ്ങളില്‍  
പ്രെതിബിംബിക്കുന്നില്ല
ഓരോര്മയും
വേരറ്റ മരം പോലെ 
ഒഴുക്കുകള്‍ 
നിര്‍ണ്ണയിക്കുന്ന ജീവിതം 
ഹതാശമായ  ചിറകുകളോടെ
ഏകാന്തതയുടെ ആകാശം മുറിച് 
ഒരൊറ്റ കിളി 

2015 ഡിസംബർ 3, വ്യാഴാഴ്‌ച

ജലപടവുകളിറങ്ങി
പോകുബോഴും
മീനലകകുകളില്‍
മൂര്‍ച്ചയുള്ള ചിരിയായ്
നീ
പിന്നെയും
പിന്തുടരുന്നുവോ

കൊലക്കത്തിയിലറ്റ്
ഒടുവിലത്തെ പിടച്ചിലിനും
കൊത്തിയരിയപെട്ട ഉടലിനും
അപ്പുറം
നിസ്സംഗത നടിക്കുന്ന
കണ്ണുകളോടെ
ഊഴം കാത്തിരിക്കുന്നുണ്ട്
നമ്മുടെ പെണ്ണുടലുകള്‍
നവമാധ്യമങ്ങളില്‍

2015 സെപ്റ്റംബർ 26, ശനിയാഴ്‌ച

വീട്ടിൽ
തനിച്ചായ
അമ്മയെപോലെ
ഇലതലപ്പുകൾക്കു മീതെ
മഴ
പറഞ്ഞുകൊണ്ടെയിരുന്നു
ഒറ്റയ്ക്കായതിന്റെ
വേദനകൾ

2015 സെപ്റ്റംബർ 8, ചൊവ്വാഴ്ച

ഉപ്പുകാറ്റുകളുടെ കടൽക്കര

വീട്‌
മൗനമെരിയുന്ന ചിത
വിളക്കണഞ്ഞ്‌
വാക്കും ചിരിയും അണഞ്ഞ്‌
അമ്മയില്ലാത്ത രാത്രിയുടെ
ഇരുട്ട്‌ പുതച്ച്‌
ഏകാന്തം

ഇലപൊഴിഞ്ഞ ജന്മ വൃക്ഷക്കീഴിൽ
എരിഞ്ഞടങ്ങിയൊരു
സ്നേഹ സാമീപ്യം
പട്ടുമൂടിയൊരീ കലശത്തിൽ
ഇനിയീ ശിഥിലാസ്ഥികൾ നിറയ്ക്കുക
കൈവിരൽ മുറിയേണ്ട
സൂക്ഷിക്കുക
വാൽസല്യത്തിൽ
വെന്തൊരീയസ്ഥികൾ
വേദനിപ്പിക്കുമെന്നൊ
മെല്ലെ വിരൽ തൊടുബോൾ
അമ്മയുടെ സങ്കടം പോലെ
പൊടിഞ്ഞു പോകുന്നു.
വ്യഥയുടെ രാത്രികളിൽ
നെറുകയിൽ
താരാട്ടായി തഴുകിയ വിരലുകളാണിത്‌
അടുക്കളക്കരിയും
വാൽസല്യവും പുരണ്ട വിരലുകൾ
അനാഥയാത്രകൾക്കൊടുവിൽ
അഭയമായിരുന്ന മാറിടം
യാത്രയാവുന്നതിനു
തലേരാത്രിയിൽ
നെറുകയിലുമ്മവെച്ചു
ചേർത്തുകിടത്തിയൊരോർമ്മ
ഏതു മണലാരണ്യവും
നിനക്കു മലർവാടിയകട്ടെയെന്ന
പ്രാർതന
ഒരു വശം ചെരിഞ്ഞ അക്ഷരങ്ങളായ്‌
ആഴ്ച്ചകൾ തോറും
അതിരുമാഴിയുമാകാശമൗനവും
കടന്ന്
എന്നെ തിരഞ്ഞെത്തുന്ന
കനിവും കാരുണ്യവും
ചെബട്ടുമൂടിയ കലശങ്ങൾ
നെറുകയിലേറ്റുക
വലം തിരിയുക
പിൻ തിരിയാതെ
പടിയിറങ്ങുക
ഉപ്പുകാറ്റുകാളുടെ കടൽക്കര
രസനയിലമ്മയിറ്റിച്ച
തേനും വയബും
പിന്നെയീ കണ്ണുനീരിനുപ്പും
വരിക വരികെന്നു
തിരമാലകൾ വിളിക്കുന്നു
കുടമുടച്ച്‌
മുങ്ങിനിവരുബോൾ
പൂർവസ്മൃതികളുടെ ജലരാശിയിൽ
നനഞ്ഞ കുങ്കുമവും പൂവും
അമ്മയുടെ തലോടൽ പോലെ
തിരകൾ
നെറുക തലോടുന്നു
തിരിച്ചു കയറി
തിരിഞ്ഞു നോക്കുബോൾ
തിരകൾക്കു മീതെ
ഒരു ചുവന്ന പട്ടുമാത്രം
യാത്ര പറയാനാകാതെ
യാത്ര
പറയാൻ
ആവാതെ.

2015 മേയ് 18, തിങ്കളാഴ്‌ച

ആരായിരുന്നു നീ

ചില നേരങ്ങളിൽ
പൊടുന്നനെ അവർക്കെല്ലാം 
ഓർമ്മ വരും.
നിന്റെ വിരലിൽ തൂങ്ങി നടന്ന ബാല്യം
ചുമലിലിരുന്നു
മുറിച്ചു കടന്ന അരുവികൾ
കയറിയൈറങ്ങിയ
കുന്നുകളും മലകളും
ആൾക്കൂട്ടത്തിന്റെ തലയ്ക്കു മീതെക്കൂടി കണ്ട പൂരം
പനിച്ചൂടിലൊട്ടീക്കിടന്ന രാത്രികൾ
എല്ലാം
പൊടുന്നനെ അവരോർമിക്കും
നീ 
ആരായിരുന്നു
എന്നതൊഴിച്ച്‌
എല്ലാം

2015 മേയ് 7, വ്യാഴാഴ്‌ച

നീ തനിച്ചാക്കി പോയ
ഓർമകളുടെ
പിരിയൻ കോണിപ്പടികൾ
പാട്ടൊഴിയാതെ 
എന്റെ പാനപാത്രം
ഒരു വാക്കിനപ്പുറം
നിന്റെ മൗനം
ഒരു മിടിപ്പിനപ്പുറം
നിശ്ശബ്ധമാകാൻ പോകുന്ന
ജീവിതം