2010, ജൂലൈ 25, ഞായറാഴ്‌ച

നിന്നെ പോലെ

മതിലിനു മീതെ
അയല്‍ക്കാരന്റെ തല
പൂക്കള്‍ക്കും,ഇലകള്‍ക്കും ഇടയില്‍
ഒരു താലത്തില്‍
അരുമയോടെ ആരോ
എടുത്തു തരും പോലെ

കനിവൂറുന്ന കണ്ണുകള്‍
ചുണ്ടിന്‍ കോണിലൂടെ
ഒലിചിറങ്ങുന്ന മന്ദഹാസം
ഇന്നലെ വിളിച
തെറികളും,
പുലയാട്ടുമിലാതെ
വെറിപിടിച ഭാവങ്ങളില്ലാതെ
ശാന്തമായ മുഖം

പറഞ്ഞതൊക്കെയും തെറ്റി
പൊറുക്കണം
അതിരില്‍
കൈയ്യേറി നീ കുഴിചിട്ട
തൈകളൊക്കെയും
നിങ്ങളുടേതു
വടക്കെപ്പുറത്തെ പ്രിയോര്‍
അതിരിലെ മുളംക്കാട്‌
കുളത്തിലേയ്ക്ക്‌
മഴ കൊണ്ടുവരുന്ന മണ്ണു
വെള്ളം
എല്ലാം നിങ്ങളുടേതു

ദൈവമെ
ഒരൊറ്റ രാത്രികൊണ്ടു
മനുഷ്യരിങ്ങനെ മാറുമോ
ക്വട്ടഷന്‍ പ്രേമനു
കൊടുത്ത കാശു വെറുതെയായോ

പശ്ചാത്താപ വിവശതയോടെ നില്‍ക്കെ
മൊബെയിലില്‍ പ്രെമന്‍ ചിലചു

അണ്ണാ
മതിലിന്മേല്‍ വെചിട്ടുണ്ട്‌
രാവിലെ കണികാണാന്‍
ബാക്കിയെത്തിക്കണം,വേഗം
മറക്കേണ്ട

2010, ജൂലൈ 23, വെള്ളിയാഴ്‌ച

ഉടല്‍പ്പാതി

ഉടല്‍പ്പാതി
അന്തിക്കാടിന്റെ
ചെമ്മണ്‍ വഴികളിലൂടെ
ഇടവപ്പാതിയ്ക്കൊപ്പം
ചേബിലചൂടി
പുതുമണ്ണിനെയുണര്‍ത്തി
മറുപാതി
നാല്‍പത്തെട്ടു ഡിഗ്രിയുടെ
പനിചൂടുള്ള
മണല്‍നെഞ്ചില്‍
പോള്ളിതിണര്‍ത്ത
ഒരുടലിന്റെ
നിമ്ന്നോന്നതങ്ങളിലൂടെ
ഉഷ്ണക്കാറ്റുപോലെ

ഒരു പകുതി
കൊലമുറി സമരത്തിന്റെ
വീര്യം നിറഞ്ഞ ഓര്‍മയിലുരുകി
നാട്ടുവഴികളിലൂടെ
സ്വയം കലഹിചു
മറുപകുതി
നവംബെര്‍ വിപ്ലവത്തിന്റെ
ലഹരിയിറങ്ങിയ
മുഴുത്ത മാറില്‍
ഞരബുകളഴിഞ്ഞു,
വോഡ്ക തികട്ടിയ ചുംബനത്തിന്റെ
കയ്പ്പിറക്കി
ദേരയിലെ
പഴയ ഫ്ലാറ്റില്‍

ഒരു പാതി
ലേബര്‍ ക്യാമ്പില്‍ നിന്നും
ചെറിയ പഴുതിലൂടെ
തലനീട്ടി
ആകാശം കണ്ടു,
സൈറ്റിലേയ്ക്കു
മറുപാതി
കണ്ടശ്ശാംകടവിലെ
ഞായറാഴ്ച ചന്തയിലേയ്ക്ക്‌
കൊബുകെട്ടി കൊണ്ടുപോകുന്ന
ഉരുക്കളെകണ്ടു
പെരുംബുഴപ്പാലത്തില്‍

പാതിയുടല്‍
ചുരമാന്തി
ചങ്ങലയഷിഞ്ഞു
സ്വപ്നസ്കലനത്തിന്റെ
മണല്‍ക്കിടക്കയില്‍
മറുപാതി
ഊറകിട്ട തുകല്‍ പോലെ
വലിഞ്ഞു മുറുകി

പാതി വിവാഹിതനും
മറുപാതി
അവിവാഹിതനുമായ
പ്രവാസമൃഗം

2010, ജൂലൈ 20, ചൊവ്വാഴ്ച

അപരിചിതര്‍

പ്രണയം
യാത്ര പറയും മുന്‍പെ
നിന്റെ ചുണ്ടുകളേറ്റു തിണര്‍ത്ത
ജീവിതം പോലെ
പൊള്ളുന്ന ഒരോര്‍മ
നിലത്തുവീണു ചിതറിയ
കണ്ണാടി പോലെ
നിന്നെ മാത്രം
നെഞ്ചേറ്റി കിടക്കുന്ന
മനസ്സു
എന്നിട്ടും
പറയാത്ത ഒരു വാക്കിന്റെ
പ്രണയമൗനം കൊണ്ടു
നാം
നമുക്ക്‌ അപരിചിതര്‍

പ്രണയത്തിന്റെ ദിശാസൂചികള്‍

ഈ മരുഭൂമിയുടെ വിരസത
വിരഹത്തിന്റെയീ
ശരത്കാലരാത്രി
പ്രണയം
ഒരു ഉന്മാദമാണു
സാന്ത്വനവും
നിന്റെ വാക്കുകള്‍
തീ പിടിച മനസ്സിനുമീതെ
പെരുമഴപ്പെരുക്കങ്ങളാണു
വഴിതെറ്റിയ
നാവികനു
പ്രണയത്തിന്റെ ദിശാസൂചികള്‍

ചിലപ്പോള്‍
മഴ
തിരിചറിയുന്നുണ്ടാവില്ല
അതിന്റെ സ്പര്‍ശങ്ങളില്‍
തണുക്കുന്ന
ഭൂമിയുടെ
ഉള്‍ത്തടങ്ങളെക്കുറിച്‌,
നിന്നെപ്പൊലെ

2010, ജൂലൈ 17, ശനിയാഴ്‌ച

തീരെ ലളിതമല്ലാത്ത ചില കാര്യങ്ങള്‍

ലളിതമായിരുന്നു
അന്നചന്റെ ഉത്തരങ്ങള്‍
തുബി,കിളി,പശു
മരം,മല,കാടു
പുഴ,കടല്‍,ആകാശം

ഉടല്‍ നിറയെ
പൊത്തുകളുള്ള
ഒറ്റത്തടിമരങ്ങളുടെ
നഗരം
തുബികള്‍ പറക്കാത്ത
ആകാശം
മണല്‍ പുഴ
കിളികള്‍ ചേയ്ക്കേറാത്ത
അലങ്കാര വൃക്ഷങ്ങള്‍
റ്റിവിയില്‍
പൊട്ടിതെറിക്കുന്ന
ഒരു മകന്‍
തീപിടിചോടുന്ന ഒരമ്മ

മകനോടെന്തുത്തരം
പറയേണ്ടൂ എന്നറിയാതെ
ഞാന്‍

2010, ജൂലൈ 11, ഞായറാഴ്‌ച

മണല്‍ഘടികാരം

ഏകാന്തമായ
ഒരു ജന്മത്തിനു മീതെ
യാത്രാമൊഴിയുടെ
മഞ്ഞു മാത്രം
ബാക്കിയാവുന്നു
ഓര്‍മകളുടെ
അവശിഷ്ടങ്ങള്‍ക്കിടയില്‍
പ്രണയിചുതീരാത്ത
ഒരു ഹ്രുദയം
പൗരാണികമായൊരു
മൗനത്തിലേയ്ക്കു
ഉപേക്ഷിക്കപെടുന്നു
തിരിഞ്ഞു നോക്കാതെ
നീ യാത്രയാകുന്നു
ഞാന്‍
രന്ധ്രങ്ങള്‍ അടഞ്ഞുപോയ
ഒരു മണല്‍ ഘടികാരം