രാത്രിയിലായിരുന്നു അയാൾ വിളിച്ചത്.9 മണി ആയിക്കാണും.
"അച്ഛൻ ഇതുവരെ എത്തിയിട്ടില്ല"
എനിക്ക് പെട്ടെന്ന് ആളെ മനസ്സിലായില്ല.ഞാൻ ബാബുവാണ്
രവിയേട്ടന്റെ റൂം മേറ്റ്..,ഞാൻ വരുമ്പോഴേക്കും കുളി കഴിഞ്ഞു
കിടക്കാറുള്ള ആളാ..ഇന്ന് ഞാൻ
കുറച്ചു നേരതെയാണ്..വന്നപ്പോൾ
മുറ്റത്തു ടാക്സിയും കാണാൻ ഇല്ല.
അതാ നിന്നെ വിളിച്ചത്.."
ഞാൻ വേഗം വരാം ചേട്ടാ..ന്നും പറഞ്ഞു ഫോൺ വെച്ചു. മില്ലറ്റിനെ
വിളിച്ചു കാര്യം പറഞ്ഞു.എനിക്ക്
ഉടൻ റാസ് അൽ ഖൈമയിൽ പോകണം.വണ്ടി വേണം.
കുറച്ചു നേരത്തിനുള്ളിൽ മില്ലെറ്റ് കാറുമായി എത്തി.,കൂടെ വരാനുള്ള
തയ്യാറെടുപ്പിലാണ് മില്ലെറ്റ്.
ഞാനും വരാം..
സാരമില്ല.,ഞാൻ പോയി നോക്കി വരാം.എന്തേലും ആവശ്യമുണ്ടേൽ വിളിക്കാം.
ശനിയാഴ്ച ആയിരുന്നതിനാൽ റാസ് അൽ ഖൈമയിലേക്ക് തിരക്ക് കുറവായിരിക്കും.വീക്കെൻഡിലാണ്
അങ്ങോട്ട് തിരക്ക്.കുറച്ചു ജോലി
തിരക്കായതിനാൽ ഈയാഴ്ച അച്ഛന്റെ അരികിൽ പോയിരുന്നില്ല.
വരുമെന്നു പറഞ്ഞിരുന്നു.പക്ഷെ വിചാരിച്ച പോലെ ജോലി തീർന്നില്ല
വെള്ളിയാഴ്ചയും കൂടി നിൽക്കേണ്ടി
വന്നു.അച്ഛന്റെ അരികിൽ നിന്ന്
വീണ്ടും ഷാർജയിലേക്ക് തന്നെ തിരിച്ചു പോന്നതിനു ശേഷം ഓരോ
വീക്കെൻഡും അച്ഛന്റെ അടുത്തേക്ക്
തന്നെ പോകും.റാസ് അൽ ഖൈമ
എനിക്ക് അപ്പോഴേക്കും അന്തിക്കാട്
പോലെ പ്രിയപ്പെട്ടതായി തീർന്നിരുന്നു
അവിടെ ഉണ്ടായിരുന്ന 5 കൊല്ലവും
അച്ഛന്റെ ഒപ്പം,ഒരേ റൂമിൽ തന്നെ.
മിക്കവാറും ഞങ്ങൾ 2പേരും മാത്രം.
അച്ഛൻ ആരുമായും അത്ര വേഗം അടുക്കില്ല. ഇഷ്ടയാൽ അത് മാറുകയുമില്ല.അതിന് പ്രായ ഭേദമില്ലായിരുന്നു.എന്റെ അടുത്ത സുഹൃത്തുക്കൾ അച്ഛന്റെയും അടുത്ത ചങ്ങാതിമാർ
തന്നെയായിരുന്നു.
ഇവിടെ അച്ഛനൊപ്പം താമസിക്കാൻ
തുടങ്ങിയപ്പോഴാണ് ഞാനും അച്ഛനെ
തിരിച്ചറിയാൻ തുടങ്ങിയത്.നാട്ടിൽ
വല്ലപ്പോഴും 2 വര്ഷം കൂടുമ്പോൾ
ലീവിനെത്തുന്ന കർക്കശകാരനായ
അച്ഛനെയായിരുന്നു അത് വരെയും
എനിക്ക് പരിചയം.ഇവിടെ പക്ഷെ
എന്നെ കാത്തിരുന്നത് അച്ഛന്റെ മറ്റൊരു മുഖം.ചെറിയ കുട്ടിയെ എന്ന
പോലെ എനിക്ക് പഫാക്കും(ഏറ്റവും ചെറിയ കുഞ്ഞുങ്ങൾ കഴിക്കുന്നത്
ഗൾഫിൽ ഏറ്റവും പ്രചാരമുള്ള
ചിപ്സ്)ചോക്കലേറ്റസ് കൂൾ ഡ്രിങ്ക്സ്
നാട്ടിൽ അതുവരെ കണ്ടിട്ടില്ലാത്ത തരം പഴങ്ങൾ..ഞാൻ സ്കൂളിൽ ഒന്നിൽ ചേരുമ്പോൾ അച്ഛൻ ഇവിടെ
ആയിരുന്നു.അന്ന് അച്ഛന് ചെയ്യാൻ
കഴിയാതിരുന്നതൊക്കെ23വയസ്സിൽ അച്ഛൻ എനിക്കായി വാങ്ങിച്ചു തരികയാണെന്നു എനിക്ക് തോന്നി.
റോഡ് വിജനമായിരുന്നു.ബാബേട്ടൻ
ഉറങ്ങിയിരുന്നില്ല.ചേട്ടൻ ചെറിയ രീതിയിൽ ഒരനേക്ഷണം നടത്തി
കിട്ടിയ കാര്യങ്ങൾ എന്നോട് പറഞ്ഞു
സ്ഥിരമായി 7 മാണി ആകുമ്പോൾ
അച്ഛൻ റൂമിലെത്തും.കുറച്ചു നേരം
ടിവി കാണും.സലാഡ് ഉണ്ടാക്കി കഴിക്കും.പിന്നെ കുളിച്ചു 9 മണി വരെ
പിന്നെയും ടിവി കാണും.കിടക്കും.
ഞാനും ഇവിടെ എത്തിയത് മുതൽ
കാണുന്ന അച്ഛന്റെ ശീലങ്ങൾ ഇതാ.
അതുകൊണ്ടു തന്നെ ഒരു റൂമിൽ
ഞങ്ങൾ മാത്രം.എന്നും ഭക്ഷണം
കഴിക്കാറുള്ള ഹോട്ടലിൽ അച്ഛൻ
വൈകീട്ട് ചെന്നിട്ടുണ്ട്.അവിടെ നിന്ന്
പിന്നെ എങ്ങോട്ട് പോയെന്നറിയില്ല.
പൊതുവെ ആരും ആരെയും കൂടുതൽ ശ്രെദ്ധിക്കാൻ നിൽക്കില്ല.
സമയമില്ല എന്നതാണ് വസ്തുത.
അവരവരുടെ ജോലി.,അതിന്റെ തിരക്കുകൾ,ടെൻഷൻ അതിനിടെ
റൂമിലെത്തുമ്പോൾ മാത്രമാണ് കുറച്ച
നേരം സംസാരിക്കാൻ കിട്ടുന്നത്.ആ
ശീലവും ഇല്ലാത്തവരാകുമ്പോൾ
എത്തിയോ ഇല്ലേ എന്ന് പോലും
ആരും അന്നേക്ഷിക്കാൻ മിനകെടില്ല
ബാബേട്ടനെ പോലെ ഇങ്ങിനെ ഇഷ്ടം കാണിക്കുന്നവരും ഉണ്ട്.
എവിടെ അനേക്ഷിക്കണം എന്നൊരു
പിടിയുമില്ലാതെ ഞാൻ കുറച്ചു നേരം
അവിടെയിരുന്നു.അച്ഛന് അങ്ങിനെ
സൗഹൃദങ്ങളും കുറവാണ്.ഇല്ലെന്നല്ല
പക്ഷെ രാത്രി ചെന്ന് നിൽക്കാൻ
മാത്രം ഒരിടവും ഇല്ല.ഒരിക്കലും
മറ്റൊരു റൂമിൽ ചെന്ന് രാത്രി നിൽക്കുന്നത് ഇത്രേം വർഷങ്ങളിൽ
ഞാൻ കണ്ടിട്ടുമില്ല.എത്ര ദൂരേക്ക്
യാത്ര വന്നാലും 7 മണി കഴിഞ്ഞാൽ
ഒരു കാരണവശാലും പോകില്ല.
അതുകൊണ്ടൊക്കെ തന്നെ വിളിച്ചു
ചോദിക്കാൻ ആരുമില്ല.ഒരു കാര്യം
എനിക്ക് ഉറപ്പായിരുന്നു അച്ഛന് എന്തോ പറ്റിയിട്ടുണ്ട്.എന്തോ ഒരു
അപകടം.പഴയ കൂട്ടുകാരൊക്കെ
അവിടെയുണ്ടെങ്കിലും ആരെയും
വിളിക്കാൻ തോന്നിയില്ല.വിളിച്ചാൽ
അവരെത്തും.പക്ഷെ ഈ രാത്രിയിൽ
അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു
കരുതി.എങ്ങിനെയെങ്കിലും ഒന്ന്
കിടന്നാൽ മതി എന്ന് കരുതി വരുന്ന
അവരുടെ അവസ്ഥ എനിക്കറിയാം.
ഞാൻ കാറുമെടുത്തു അച്ഛൻ സാധാരണ പോകുന്ന വഴികളിലൂടെ
പോയി നോക്കി.ഒഴിഞ്ഞ റോഡുകൾ
ആളൊഴിഞ്ഞ നഖീൽ..വിജനമായ മേരീസിലെ കടൽതീരങ്ങൾ..ഒഴിഞ്ഞ
വഴിയിലൂടെ തിരിച്ചു വരുമ്പോൾ
പിറകിൽ നിന്നും ഫ്ലാഷ് ലൈറ്റ് ചെയ്ത പോലീസ് വണ്ടി എന്നെ കടന്നു കുറുകെ നിർത്തി.ഞാൻ ഇറങ്ങി ചെന്ന്.എന്താ ഇവിടെ ഈ നേരത്തു..റെജിസ്ട്രേഷൻ ദുബായ്
ആയതുകൊണ്ടും കൂടിയാണ്.ഞാൻ
കാര്യം പറഞ്ഞു.അച്ഛനെ നോക്കി
നടക്കാണെന്നും.അവർ അച്ഛന്റെ
ടാക്സി നമ്പറും എന്റെ മൊബൈൽ
നമ്പറും വാങ്ങി..നാളെ രാവിലെ
മുറൂരിൽ (ട്രാഫിക് പോലീസ് )വന്ന്
കാണാനും.അയാളെന്റെ തോളത്തു
തട്ടി..ഒന്നും ഉണ്ടാവില്ല.വിഷമിക്കേണ്ട
പിന്നെ എന്തോ ഓർത്തു തിരിഞ്ഞു
നിന്നു ആശുപത്രിയിൽ തിരക്കിയോ
അതുവരെ ഞാൻ പിടിച്ചു നിർത്തിയ
ധൈര്യം ചോർന്നു.അയാൾ പിന്നെയും അരികിലേക്ക് വന്നു.
ഒന്നും ഉണ്ടാവില്ല..ധൈര്യമായിരിക്കു.
സമയം കുറെ ആയിട്ടുണ്ടായിരുന്നു
എങ്കിലും സാഖ്‌ർ ആശുപത്രിയിൽ മുൻപ് RAK യിൽ ഞാൻ ടാക്സി ഓടിക്കുമ്പോൾ സ്ഥിരം കൊണ്ട്
വിട്ടിരുന്നവരിൽ റാണിയെ വിളിച്ചു.
അവർ ഉറക്കം പിടിച്ചിരുന്നു.ഞാൻ
കാര്യം പറഞ്ഞു. റാണി ന്യൂട്രിഷൻ
ആണ്.അവരാണ് എനിക്ക് രമണി
സിസ്റ്റർടെ നമ്പർ തന്നത്.അവർക്ക്
ഒ. പി.യിലാണ് ഡ്യൂട്ടി.കുറെ നേരം
റിങ് ചെയ്തതിനു ശേഷാണ് അവർ
ഫോൺ എടുത്തത്.ഞാൻ പേര്
പറഞ്ഞു.പിന്നെ അച്ഛന്റെ കാര്യവും.
അങ്ങിനെ പേരിൽ ഒരാൾ അവിടെ അഡ്മിറ്റല്ല.എങ്കിലും ഞാൻ ഒന്ന്
കൂടി നോക്കി സ്മിത്തിനെ തിരിച്ചു
വിളിക്കാം.അവർ ഫോൺ വെച്ചു.
ബാബേട്ടൻ ഉറങ്ങിയിരുന്നു.ഞാൻ
മൊബൈലും മാറിൽ വെച്ച് അച്ഛന്റെ
കട്ടിലിൽ കിടന്നു.ചുറ്റും അച്ഛന്റെ മണം.ഇത്രേം നേരം അടക്കി നിർത്തിയ സങ്കടമെല്ലാം അണപൊട്ടി
എത്ര നേരം എന്നോർമയില്ല.
അതിനിടയിൽ ഒന്ന് മയങ്ങി കാണണം.രമണി സിസ്റ്റർടെ ഫോൺ
ആണ്.അവിടെ അങ്ങിനെയൊരു പേരിൽ ഒരാളെ അഡ്മിറ്റ് ചെയ്തിട്ടില്ല.ഒന്ന് നിർത്തി അവർ
പറഞ്ഞു.. സെയ്ഫിൽ ഒന്ന് വിളിച്ചു
ചോദിക്കായിരുന്നില്ലേ.നഖീലിൽ
ഉള്ള രണ്ടാമത്തെ ആശുപത്രിയാണ്
സെയ്ഫ്.അവിടെ പക്ഷെ അങ്ങിനെ അഡ്മിറ്റ് ആക്കോ.പെട്ടെന്ന് അവർ
ഒരു മറുപടിയും പറഞ്ഞില്ല.തെല്ല്
നേരത്തെ മൗനം.അവിടെയാണ് മോർച്ചറിയുള്ളത്.അവർ ഒട്ടൊരു വിഷമത്തിൽ പറഞ്ഞു വെച്ചു.
ഉള്ളിലൂടെ ഒരു ഇടിത്തീ പാഞ്ഞു..
അങ്ങനെയൊന്നും ഉണ്ടായിട്ടല്ല
എങ്കിലും ഒന്ന് അന്നേക്ഷിക്കണം.
ഞാൻ സജിയെ വിളിച്ചു.ഏതു നേരത്തും വിളിക്കാവുന്ന ഒരു അടുപ്പമുണ്ട് സജിയും ഷിബുവുമായി
രാത്രി ഏറെ വൈകിയിരുന്നു.ഒറ്റ റിങ്ങിൽ അവർ ഫോണെടുത്തു.
വിവരം പറഞ്ഞപ്പോൾ തിരിച്ചു വിളിക്കാമെന്നു പറഞ്ഞു ഫോൺ വെച്ചു.ലോകം നിശ്ചലമെന്നു അതിനു മുൻപ് ഒരിക്കലും എനിക്ക് ഇതു പോലെ ഫീൽ ചെയ്തിട്ടില്ല.
കുറച്ചു കഴിഞ്ഞു സജി വിളിച്ചു
അവിടെ അങ്ങിനെയാരും ഇല്ല..
നേരം വെളുത്തു എന്ന് എനിക്കു
തോന്നിയപ്പോൾ എണീറ്റു.
കാറെടുത്ത് പഴയ വഴികളിൽ
കൂടി ഒന്നുകൂടി പോയി നോക്കി.ഇനി
സുർത്തായിൽ പോകണം.
ആരെങ്കിലും ഒപ്പം വേണം.അപ്പോൾ തോന്നിയത് ചിന്റു കാർത്തിക്കിനെ വിളിക്കാനാണ്.വെൺകുളം മണിയണ്ണന്റെ മകനാണ്.
എന്നേക്കാൾ പ്രായത്തിൽ ഇളയതാണെങ്കിലും ഞങ്ങൾ പെട്ടെന്ന് നല്ല സുഹൃത്തുക്കളായി
മാറിയിരുന്നു.കാര്യങ്ങൾ ഞാൻ പറഞ്ഞപ്പോൾ അവൻ വേഗം റെഡി ആയി.ജൂലാനിൽ പോയി അവനെ
കൂട്ടി നേരെ മെംമുറയിലേക്ക്പോയി
അവിടെയാണ് സബ് ജയിലും.
പോലീസ് സ്റ്റേഷനും ഉള്ളത്.ചിന്റു
കൂടെയുള്ളത് കൊണ്ട് കാര്യങ്ങൾ
ഒന്നുകൂടി എളുപ്പമായി.അവന് ഭാഷ
എന്നെക്കാൾ അറിയാമായിരുന്നു.
പരാതി എഴുതി കൊടുത്തു ഇറങ്ങുമ്പോൾ അടുത്ത് നിന്ന് പോലീസുകാരൻ വിളിച്ചു.അടുത്ത്
ചെന്നപ്പോൾ എന്താ കാര്യമെന്നായി
അവൻ ഒന്നുകൂടി സംഭവം പറഞ്ഞു
അയാൾ എന്നെ കുറച്ചു നേരം
സൂക്ഷിച്ചു നോക്കി.ഇയാളെ പോലെ
ഒരാളെ ഇന്നലെ റംസ് പോലീസ് പിടിച്ചിട്ടുണ്ട്.ഇപ്പോൾ റംസ്പോലീസ്
സ്റ്റേഷനിൽ ആളുണ്ട്.എന്താണ് കാര്യം എന്ന് അയാൾക്കറിയില്ല.
ഞാൻ സുരേഷേട്ടനെയും ദാസേട്ടനെയും വിളിച്ചു കാര്യം പറഞ്ഞു.നീ അങ്ങോട്ട് പൊയ്ക്കോ
ഞാൻ അറബാബിനെ വിളിച്ചു
അങ്ങോട്ട് വരാൻ പറഞ്ഞോളാന്ന് സുരേഷേട്ടൻ പൊലീസിലെ കാര്യങ്ങൾക്ക് തീർപ്പാക്കി. ചിന്റും ഞാനും വേഗം റംസിലേക്ക് തിരിച്ചു.
അച്ഛനെ കണ്ടിട്ട് തിരിച്ചു വിളിക്കാൻ പറഞ്ഞു ദാസേട്ടനും ഫോൺ വെച്ചു.
ഞങ്ങൾ എത്തിയപ്പോഴേക്കും അറബിയും അവിടെയെത്തിരുന്നു
ഞങ്ങൾ നേരെ മുദീറിന്റെ
(ഓഫീസർ)റൂമിൽ പോയി.വളരെ അപൂർവമായ് മാത്രമേ സുർത്തയിൽ പോകേണ്ടി
വരാറുള്ളൂ.പതിവായി പോകുന്ന ഒരിടം ട്രഫിക് പോലീസിൽ ആണ്.
ഇപ്പോഴും അച്ഛന് എന്ത് പറ്റിയെന്ന്
ഒരറിവുമില്ല.
അറബാബിനെ കണ്ടു മുദീർ എണീറ്റ് കൈകൊടുത്തു, സലാം പറഞ്ഞു.അറബി കാര്യം പറഞ്ഞു.അയാൾ എന്നെ നോക്കി അറബിയിൽ എന്തോപറഞ്ഞു.
ചിന്റു പരിഭാഷപ്പെടുത്തി തന്നു.
ഷാമിലേക്കുള്ള ഹൈവെയിലൂടെ കള്ള് കുടിച്ച പോലെ വണ്ടി ഓടിച്ചു പോകായിരുന്നു.പിടിച്ചപ്പോഴും പരസ്പരബന്ധമില്ലാതെ എന്തോ പറഞ്ഞു കൊണ്ടിരുന്നു.അതാണ് സ്റ്റേഷനിൽ കൊണ്ട് വന്നത്
പരിശോധനയിൽ കള്ള് കുടിച്ചെന്ന്
തെളിഞ്ഞതുമില്ല.ഇപ്പോൾ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകാണ്.അയാൾ അറബിയോട് കാര്യങ്ങൾ
വിശദീകരിച്ചു.
ഒമാന്റെ അതിർത്തി വരെ
എത്തുന്നതാണ് ഷാമിലേക്കുള്ള ഹൈവേ.ഖോർകോറിൽ നിന്ന് ഒരുപാട് കണ്ടെയ്നർ ട്രക്കുകൾ ഏതു നേരവും പോകുന്ന റോഡ്.
ഓർമയില്ലാതെ അച്ഛൻ ടാക്സി
ഓടിച്ചു പോയത് ആ റോഡിലൂടെ
ആയിരുന്നു.അപകടം ഒന്നും വരാതിരുന്നത് ഭാഗ്യം.
അച്ഛൻ കുറെ വർഷങ്ങളായി മദ്യപിക്കാറില്ലെന്നു ഞാനും.,
അങ്ങിനെ കണ്ടിട്ടില്ലെന്ന്
അറബിയും പറഞ്ഞപ്പോൾ അവർ
അച്ഛനെ കൊണ്ട് വരാൻ പറഞ്ഞു.
ഒരു പോലീസുകാരൻ പോയി അച്ഛനെ കൂട്ടിക്കൊണ്ടു വന്നു.
അച്ഛൻ ഞങ്ങളെ എല്ലാവരെയും മാറി മാറി നോക്കി.പകച്ചനോട്ടം.
എന്നിട്ട് എന്റെ അരികിൽ വന്നു സ്മിത്ത് വരാമെന്നു പറഞ്ഞിട്ട്
എവിടെ അവനെ കണ്ടില്ലല്ലോന്ന്
പറഞ്ഞു കൊണ്ടിരുന്നു.ഞാൻ
അച്ഛനെ ചുമലിൽ ചേർത്ത് പിടിച്ചു
ഞാനാണ് അച്ഛാ സ്മിത്ത് എന്ന്
പിന്നെയും പറഞ്ഞെങ്കിലും അച്ഛൻ
എല്ലാവരെയും നോക്കി ചോദിച്ചു
കൊണ്ടേ ഇരുന്നു...
സ്മിത്ത് എവിടെ..
കേസുകളൊന്നും എടുക്കാതെ അവർ അച്ഛനെ കൊണ്ട് പോകാൻ
സമ്മതിച്ചു.അറബിയുടെ ഒപ്പം മുദിർ എന്റെ അരികിൽ വന്നു.
സോറി..,എന്റെ ചുമലിൽ തട്ടി അറേബ്യൻ ആക് സെന്റിൽ അയാൾ പിന്നെയും
പറഞ്ഞു വിയാർ വെരി സോറി..ഇത്
പക്ഷെ അവരുടെ കുറ്റമല്ല,എങ്കിലും
ആ ഒരു സന്ദർഭത്തിൽ അയാളിലെ
മനുഷ്യത്വമായിരിക്കണം അങ്ങിനെ
പറയിപ്പിച്ചത്.
ഞങ്ങൾ അച്ഛനെയും
കൊണ്ട് നഖീലിൽ വന്നു.അച്ഛൻ കണ്ടിരുന്ന ഡോക്ടറെ കണ്ടു. ഷുഗർ കൂടിയതാവാം കാരണമെന്ന് അയാൾ പറഞ്ഞു.എനിക്ക് വേണ്ടി
കുറെ പാക്കിസ്ഥാൻ മാമ്പഴംവാങ്ങി
വെച്ച കാര്യം അച്ഛൻ പറഞ്ഞിരുന്നു.
അത് ഞാൻ വരാതിരുന്നതിനാൽ
അച്ഛൻ തന്നെ കഴിച്ചിരിക്കണം..
അച്ഛന്റെ ഓർമ ഞരമ്പുകൾ അന്നു മുതൽ പിന്നെയൊരിക്കലും പഴയ
പോലെ ശരിയായി വന്നില്ല...